Saturday, February 10, 2018

ശിവരാത്രി ജ്ഞാനത്തിന്റെയും വൈരാഗ്യത്തിന്റെയും തത്വമാണ്. ഈശ്വരസ്മരണയോടെ ദിവസം മുഴുവന്‍ ഉപവസിക്കുന്നതും രാത്രി ഉറക്കമൊഴിച്ചിരിക്കുന്നതുമാണ് ശിവരാത്രിവ്രതത്തിന്റെ മുഖ്യഭാഗം. 'ഉണര്‍ന്നിരിക്കുക' എന്നാല്‍ ഉറക്കമിളച്ചിരിക്കുക എന്നു മാത്രമല്ല. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ബോധമുണര്‍ത്തുക എന്നു കൂടി അതിനര്‍ത്ഥമുണ്ട്. അതാണ് ശരിയായ ഉണര്‍വ്വ്. ഇപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ അര്‍ധസ്വപ്‌നത്തിലെന്നപോലെയാണ്. ബോധപൂര്‍വ്വമല്ല എന്നര്‍ത്ഥം. സ്വപ്‌നത്തിലെന്നപോലെ, അല്ലെങ്കില്‍, വിവേകമില്ലാതെ കര്‍മ്മം ചെയ്യുന്നതും മനോനിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്നതുമാണ് അജ്ഞാനം. അതാണ് യഥാര്‍ത്ഥ അന്ധകാരം. സൂര്യനുദിക്കുമ്പോള്‍ രാത്രി മറഞ്ഞ് പകലാകുന്നതുപോലെ ഉള്ളില്‍ ബോധം ഉദിക്കുമ്പോള്‍ മാത്രമേ അജ്ഞാനം അകലുകയുള്ളു. 
'ഉപവാസം' എന്ന വാക്കിന് ഭക്ഷണം കഴിക്കാതിരിക്കുക എന്നതിലുപരി ഈശ്വരസമീപം വസിക്കുക എന്നാണ് അര്‍ത്ഥം. ലൗകികചിന്തകളും ആഗ്രഹങ്ങളും വെടിഞ്ഞ് ഈശ്വരനില്‍ത്തന്നെ മനസ്സുറപ്പിച്ച് കഴിയുകയാണ് ശരിയായ ഉപവാസം. നമ്മോട് ഏറ്റവും അടുത്തിരിക്കുന്നത് 'നാം' തന്നെയാണ്. 'ഞാന്‍' എന്ന ബോധമാണ്. ആ ബോധമാണ് ഈശ്വരന്‍. ഒരോ ജീവന്റെയും ഉള്ളിലടങ്ങിയിരിക്കുന്ന ഈശ്വരതത്വത്തെ ധ്യാനിച്ചിരിക്കുക അതാണ് ശരിയായ ഉപവാസം 
ശിവം എന്ന വാക്കിന് 'മംഗളം' 'ശുഭം' എന്നൊക്കെയാണ് അര്‍ത്ഥം. ശുഭകരമായ സകലതിന്റെയും ഇരിപ്പിടം ഈശ്വരനാണ്. ഈശ്വരചിന്തയുള്ളിടത്താണ് നന്മയും ഐശ്വര്യവും സ്ഥിരമായുണ്ടാകുന്നത്. ശിവസ്വരൂപനായ, ശുഭദായകനായ ഈശ്വരന്റെ സ്മരണയ്ക്കായി അര്‍പ്പിക്കപ്പെട്ട രാത്രിയാണ് ശിവരാത്രി. ചരാചരങ്ങളെല്ലാം അജ്ഞാനമാകുന്ന നിദ്രയിലാണ്ടിരിക്കുമ്പോള്‍ ഊണും ഉറക്കവും വെടിഞ്ഞ് ഈശ്വരസ്മരണയില്‍ കഴിയുന്ന ഒരാള്‍ക്ക് എന്നും എപ്പോഴും ശിവരാത്രി തന്നെയാണ്. തീവ്രമായ വിവേകവും ഈശ്വരാര്‍പ്പണബുദ്ധിയും എല്ലാവര്‍ക്കും ഇല്ലാത്തതുകൊണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അതിനെ കുറിച്ചോര്‍മ്മിപ്പിക്കാനാണ് ശിവരാത്രി ആഘോഷിക്കുന്നത്. ''അല്ലയോ ഭഗവാനേ വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും നീ ഞങ്ങളെ പരിപാലിക്കുന്നു. എന്നാല്‍, ഞങ്ങള്‍ നിന്നെ മറന്നു ജീവിക്കുന്നു. വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും നിന്റെ സ്മരണയില്‍ ഉണര്‍ന്നിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയേണമേ...'' എന്ന പ്രാര്‍ത്ഥനാപൂര്‍ണ്ണമായ മനസ് ശിവരാത്രിവേളയില്‍ നമുക്ക് ഉണ്ടാകണം.
ഊണും ഉറക്കവും നമുക്ക് ഏറ്റവും പ്രധാനമാണ്. അതുരണ്ടും ഉപേക്ഷിക്കാന്‍ പലരും തയ്യാറാവുകയില്ല. അതിനേക്കാള്‍ പ്രിയം ഈശ്വരചിന്തയോടുണ്ടാകുമ്പോള്‍ മാത്രമേ, നമ്മള്‍ ഉപവസിക്കാനും ഉറക്കം ഉപേക്ഷിക്കാനും തയ്യാറാകുകയുള്ളൂ. ഉത്സവത്തിനു പോയാല്‍ ഇന്ന പരിപാടികളൊക്കെ കാണാം കേള്‍ക്കാം എന്നു ചിന്തിക്കുമ്പോള്‍ നമുക്ക് സ്വാഭാവികമായ ഒരു ഉത്സാഹവും ഉന്മേഷവും തോന്നും. ഉത്സവപ്പറമ്പിലെ തിക്കും തിരക്കും മറ്റു ബുദ്ധിമുട്ടുകളും നിസ്സാരമായി തോന്നും. ഒരു പരിധിവരെ നമുക്കു യുക്തികൊണ്ടും ബുദ്ധികൊണ്ടും മനസ്സിനെ അടക്കാന്‍ കഴിയും. എന്നാല്‍ നമ്മുടെയെല്ലാം മനസ്സ് പൂര്‍ണ്ണമായി അടങ്ങുന്നത് പ്രേമം വരുമ്പോഴാണ്. ആ പ്രേമം ഉണര്‍ത്തിയെടുക്കാനുള്ള അവസരങ്ങളാണ് ശിവരാത്രി പോലുള്ള ആഘോഷങ്ങള്‍. 
ശിവരാത്രിയ്ക്കു പിന്നില്‍ ഒരു ഐതിഹ്യം നിലവിലുണ്ട്. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് മന്ഥരപര്‍വ്വതത്തെ കടകോലും വാസുകിയെ കയറുമാക്കി പാലാഴിമഥനം ആരംഭിച്ചു. ഇടയ്ക്കുവെച്ച് നാഗരാജാവായ വാസുകി കാളകൂടം ഛര്‍ദ്ദിച്ചു. ആ ഘോരവിഷം പുറത്തേക്കു വ്യാപിച്ചാല്‍ ലോകം മുഴുവന്‍ നശിക്കും. അപ്പോള്‍ ലോകരക്ഷയ്ക്കായി കാരുണ്യപൂര്‍വ്വം ശിവന്‍ ആ വിഷമെടുത്ത് സ്വയം പാനം ചെയ്തു. വിഷം തൊണ്ടയ്ക്കു താഴെ ഇറങ്ങാതിരിക്കാനായി പാര്‍വ്വതീദേവി ശിവന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചു. വിഷം പുറത്തുവരാതിരിക്കാന്‍ വിഷ്ണു ശിവന്റെ വായ് അടച്ചു പിടിച്ചു. ആ സമയത്ത് ശിവന്‍ ധ്യാനമഗ്‌നനായി. വിഷം തൊണ്ടയില്‍ തന്നെ നിന്നു. അങ്ങനെ ശിവന്റെ കഴുത്ത് സുന്ദരമായ നീലവര്‍ണ്ണമായി. മഥനം പൂര്‍ത്തിയായതോടെ അമൃത് ലഭിച്ച് ദേവന്മാര്‍ അമരന്മാരായി. 
ഇങ്ങനെയുള്ള അനുഭവങ്ങള്‍ നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി ഇടപെടുമ്പോള്‍ പലപ്പോഴും നമ്മള്‍ പ്രകോപിതരാകാറുണ്ട്. സ്വാഭാവികമായും ഇതു സംഘര്‍ഷത്തിനു കാരണമാകും. ആ സമയം നമ്മുടെ ഉള്ളിലും ഇതുപോലുള്ള മഥനം നടക്കാറുണ്ട്. ആദ്യം നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്നത് ദേഷ്യമായിരിക്കും, വിഷമായിരിക്കും. അല്പം ക്ഷമയോടെ അതിനെ നിയന്ത്രിച്ചാല്‍ നമുക്ക് ഉള്ളിലെ അമൃതിനെ പുറത്തുകൊണ്ടുവരാം. നമ്മളില്‍ വിവേകബോധം വരുമ്പോള്‍ ഉള്ളിലെ വിഷത്തിനെ മാറ്റി അമൃതിനെ കരസ്ഥമാക്കാമെന്നാണ് ഇതിന്റെ അര്‍ത്ഥം. ജീവന്റെ ഈ പ്രയത്‌നത്തിന് തുണയായി നില്‍ക്കുന്നത് ഈശ്വരകൃപയാണ്. ആ കൃപയുടെ പ്രതീകമാണ് ശിവന്‍.
ശിവന്‍ മറ്റുള്ളവരുടെ നന്മയ്ക്കായി വിഷം കുടിക്കാന്‍ തയ്യാറായി. അതുപോലെ നമുക്കോരുത്തര്‍ക്കും മറ്റുള്ളവര്‍ക്കുവേണ്ടി ക്ഷമയോടും ത്യാഗത്തോടും ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമ്പോളാണ് ലോകമംഗളം ഉണ്ടാവുന്നത്.

No comments: