ഓം ഭദ്രം കര്‍ണ്ണോഭിഃ ശൃണുയാമദേവാഃ....എന്ന ശാന്തിമന്ത്രത്തോടെയാണ് അഥര്‍വവേദശാഖയില്‍പ്പെട്ട മാണ്ഡൂക്യവും ആരംഭിക്കുന്നത്. കാതുകളെക്കൊണ്ട് നല്ലത് കേള്‍ക്കട്ടെ, കണ്ണുകളെക്കൊണ്ട് നല്ലതു കാണട്ടെ, നല്ല അവയവങ്ങളോടുകൂടിയ ശരീരത്തോടെ സ്തുതിക്കാനാവട്ടെ. ആയുസ്സിനെ ദേവഹിതമായ ഉപയോഗിക്കാനാവട്ടെ. ഇന്ദ്രനും പൂഷാവും ഗരുഡനും ബൃഹസ്പതിയുമൊക്കെ നമുക്ക് സ്വസ്തിയെ നല്‍കട്ടെ. താപത്രയങ്ങളില്‍നിന്നും ശാന്തിയുണ്ടാകട്ടെ എന്നിങ്ങനെയുള്ള ശാന്തിപാദത്തോടെ മാണ്ഡൂക്യോപനിഷത്ത് ആരംഭിക്കുന്നു.
മാണ്ഡൂക്യോപനിഷത്തിനും ഗൗഡപാദകാരികകള്‍ക്കും ഭാഷ്യം എഴുതിയ ആചാര്യസ്വാമികള്‍ രണ്ട് മംഗളശ്ലോകങ്ങളോടെയാണ് ആരംഭിക്കുന്നത്. മറ്റ് ഉപനിഷത്ത് ഭാഷ്യങ്ങളിലൊന്നും ഇല്ലാത്ത പ്രത്യേകതയാണിത്. ഉപനിഷത്തിന്റെ അവസാനം പ്രണാമ ശ്ലോകങ്ങളും എഴുതിയിട്ടുണ്ട്. മാണ്ഡൂക്യ ഉപനിഷത്തിന്റെ പ്രാധാന്യത്തേയും ആശയത്തിന്റെ മഹത്വത്തേയും ഇത് കാണിക്കുന്നു. ഉപനിഷത്തിലും കാരികയിലുമുള്ള കാര്യത്തെ ചുരുക്കിയാണ് ആദ്യത്തെ രണ്ട് മംഗളശ്ലോകങ്ങളും തയ്യാറാക്കിയിട്ടുള്ളത്. അവയെ പരിചയപ്പെട്ടശേഷം നമുക്ക് ഉപനിഷത്തിലേക്ക് കടക്കാം.
''പ്രജ്ഞാനാംശു പ്രതാനൈഃ സ്ഥിരചരനികര വ്യാപിഭിര്‍വ്യാപ്യലോകാന്‍
ഭുക്ത്വാ ഭോഗാന്‍ സ്ഥവിഷ്ഠാന്‍
പുനരധിധിഷണോദ്ഭാസിതാന്‍
കാമജന്യാ
പീത്വാ സര്‍വ്വാന്‍ വിശേഷാല്‍
സ്വപിതിമധുരഭുങ്മായയാ ഭോജയന്നോ
മായാസംഖ്യാതുരീയം
പരമമൃതമജം ബ്രഹ്മയത്തന്നതോളസ്മി''
ചരാചരങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്ന പ്രജ്ഞാനത്തിന്റെ രശ്മികളാല്‍ വിഷയങ്ങളിലെല്ലാം നിറഞ്ഞ്, ജാഗ്രത്തില്‍ സ്ഥൂലവും സ്വപ്‌നത്തില്‍ സൂക്ഷ്മവുമായ വിഷയങ്ങളെ അനുഭവിച്ച്, സുഷുപ്തിയില്‍ എല്ലാം ലയിപ്പിച്ച്, കാരണരൂപത്തില്‍ ആനന്ദമനുഭവിച്ചും, മൂന്ന് അവസ്ഥകളിലും മായകൊണ്ട് അഹംബുദ്ധിയുണ്ടാക്കി അനുഭവിപ്പിക്കുന്നതും മായാകല്‍പിതസംഖ്യകൊണ്ട് നാലാമത്തേതായി പരവും അമൃതവും അജവുമായ ബ്രഹ്മത്തെ ഞാന്‍ നമസ്‌കരിക്കുന്നു.
''യോ വിശ്വാത്മാ വിധിജ
വിഷയാന്‍ പ്രാശ്യഭോഗാന്‍ സ്ഥവിഷ്ഠാന്‍
പശ്ചാച്ചാന്യാന്‍ സ്വമതി വിഭവാന്‍
ജ്യോതിഷസ്വേന സൂക്ഷ്മാന്‍
സര്‍വ്വാനേതാന്‍ പുനരപിശനൈഃ
സ്വത്മിനി സ്ഥാപയിത്വാ
ഹിത്വാ സര്‍വ്വാന്‍ വിശേഷാന്‍
വിഗതഗുണഗണഃ പാത്വസൗഹസ്തൂരിയ
വിശ്വനായി വിഷയഭോഗങ്ങളെ ഭുജിക്കുന്നവനും തൈജന്യനായി സൂക്ഷ്മഭോഗങ്ങളെ അനുഭവിക്കുന്നവനും പ്രാജ്ഞനായി സ്ഥൂല സൂക്ഷ്മഭോഗങ്ങളെല്ലാം തന്നില്‍ ലയിപ്പിക്കുന്നവനും പിന്നെ എല്ലാ വിശേഷങ്ങളെയും വെടിഞ്ഞ് ഗുണഗണങ്ങള്‍ ഒന്നുമില്ലാത്തവനായി വിളങ്ങുന്നവനുമായ തുരീയന്‍ നമ്മെ രക്ഷിക്കട്ടെ.
ഈ രണ്ട് മംഗളശ്ലോകങ്ങളെക്കൊണ്ട് നമ്മുടെ മൂന്ന് അവസ്ഥകളേയും വിശകലനം ചെയ്ത് അതിനൊക്കെ ആധാരമായി വിളങ്ങുന്ന പരംപൊരുളിനെ വേണ്ടവിധം അറിയുക എന്ന ആചാര്യ അനുഗ്രഹത്തോടെയാണ് ഉപനിഷത്തിനെ വിവരിക്കുന്നത്.
കാരികയിലെ ഒന്നാം പ്രകരണമായ ആഗമപ്രകരണം ആത്മതത്ത്വജ്ഞാനത്തിനുള്ള ഉപായത്തെ കുറിക്കുന്നു. ദ്വൈതം വസ്തവത്തിലുള്ളതല്ല എന്ന് രണ്ടാമത്തെ വൈതഥ്യ പ്രകരണത്തില്‍ പറയുന്നു. അദ്വൈതത്തെ യുക്തികൊണ്ട് സമര്‍ത്ഥിക്കുന്നു മൂന്നാം പ്രകരണമായ അദ്വൈതത്തില്‍. അദ്വൈതത്തെ എതിര്‍ക്കുന്ന അവൈദികങ്ങളും അന്യോന്യവിരുദ്ധങ്ങളുമായ വാദങ്ങളെ നിരാകരിക്കുകയാണ് നാലാമത്തെ അലാതശാന്തി പ്രകരണംകൊണ്ട് ചെയ്യുന്നത്.
ഹരിഃ ഓം. ഓമിത്യേതദക്ഷരമിദം
സര്‍വ്വാ തസ്യോപവ്യാഖ്യാനം
ദൂതം ഭവത് ഭവിഷ്യദിതി സര്‍വ്വമോങ്കാര
ഏവ യച്ചാന്യത്
ത്രികലാതീതം തദപ്യോങ്കാര ഏവ
ഇതെല്ലാം ഓം എന്ന അക്ഷരമാകുന്നു. അതിന്റെ ഏറ്റവും അടുത്ത വിവരണം ഇതാണ്. കഴിഞ്ഞുപോയതും ഇപ്പോഴുമുള്ളതും വരാന്‍ പോകുന്നതും തുടങ്ങി എല്ലാം ഓങ്കാരംതന്നെയാണ്. മൂന്നു കാലത്തേയും മറികടന്നിരിക്കുന്ന എന്തൊക്കെയുണ്ടോ അതും ഓങ്കാരംതന്നെയാകുന്നു.
ഓങ്കാരവും ബ്രഹ്മവും തമ്മിലുള്ള അഭേദ്യമായ ബന്ധവും ബ്രഹ്മത്തെ നേടാനുള്ള ഉപായങ്ങളില്‍ ഓങ്കാരത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്താണ് ഓങ്കാരത്തെ വിവരിച്ചുകൊണ്ട് മാണ്ഡൂകേ്യാപനിഷത്ത് ആരംഭിക്കുന്നത്. 'ഓം' എന്നത് എല്ലാ അക്ഷരങ്ങളുടേയും ഭാഷയുടേയും മൂലമായി പ്രതീകമായി കണക്കാക്കുന്നതാണ്. എല്ലാ അക്ഷരങ്ങളുടെയും ആധാരം ആദ്യമുണ്ടായ ശബ്ദം പ്രണവം ആയ ഓം ആണ്. ഇത് എല്ലാ ദൃശ്യപ്രപപഞ്ചത്തിന്റെയും ആധാരമായി നില്‍ക്കുന്ന ബ്രഹ്മത്തെപ്പോലെയാണ്. ഓങ്കാരത്തെ വിവരിച്ച് നമുക്ക് ബ്രഹ്മത്തെ മനസ്സിലാക്കി തരികയാണ് ശ്രുതി ഇതിലൂടെ ചെയ്യുന്നത്.
നമ്മള്‍ പറയുന്നതായ ഓരോ അക്ഷരത്തിന്റെയും വാക്കിന്റെയും മൂലം ശബ്ദമാണ്. നാഭിയില്‍നിന്നുമുള്ള വായു കഴുത്ത് മുതല്‍ ചുണ്ടുവരെ വിവിധ സ്ഥലങ്ങളില്‍ തട്ടിയാണ് അക്ഷരങ്ങളായി പുറത്തുവരുന്നത്. ഓം എന്ന് ഉച്ചരിക്കുമ്പോള്‍ അതിലെ ശബ്ദം അകാരത്തിന്റെ സ്ഥാനമായ കണ്ഠത്തില്‍തട്ടി എല്ലാ സ്ഥാനങ്ങളേയും കടന്ന് മകാരത്തിന്റെ സ്ഥാനമായ ചുണ്ടില്‍ തട്ടിയാണ് പുറത്ത് എത്തുന്നത്. ഇതിനാല്‍ എല്ലാ അക്ഷരങ്ങളുടേയും മൂലമായി ഒാങ്കാരത്തെ കണക്കാക്കുന്നു. അര്‍ത്ഥം നല്‍കുന്ന ഓരോ വാക്കിനും ആധാരമായ ശബ്ദമായി അഭിധാനം എന്ന നിലയില്‍ ഓങ്കാരത്തെ പറയുന്നു. അഭിധേയം എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്മവും അപ്പോള്‍ ഓങ്കാരമാണ്. ഈ നിലയില്‍ പരിശോധിക്കുമ്പോള്‍ എല്ലാം ഓങ്കാരം മാത്രമാണ്. അത് ബ്രഹ്മത്തിന്റെ ഉപവ്യാഖ്യാനവും കഴിഞ്ഞതും ഇപ്പോഴുള്ളതും വരാന്‍ പോകുന്നതും ത്രികാലാതീതമായതും എല്ലാം ഒംകാരം തന്നെയാണ്.
No comments:
Post a Comment