Friday, February 16, 2018

ഭോപ്പാലില്‍ നിന്നും 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭോജേശ്വരക്ഷേത്രത്തിലെത്താം .
ഭോജപാലന്റെ രാജ്യമാണല്ലോ ഭോപ്പാലായത്. ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സര്‍ഗാത്മകമായ മനസിന്റെ സ്പര്‍ശം രാജ്യത്തുണ്ടാവുക സ്വാഭാവികമാണ്...
ഭോജ്പൂര്‍ ശിവക്ഷേത്രം വെറുമൊരു ക്ഷേത്രമല്ല..പതിനൊന്നാം നൂറ്റാണ്ടിലേക്കുളള ചരിത്രയാത്രയാണത്..ഇസ്ലാമിക ഭരണകാലത്ത് ഡല്‍ഹിപോലെതന്നെ ക്ഷേത്രങ്ങളില്ലാത്ത നഗരമായിരുന്നു ഭോപ്പാലും..ഹിന്ദുക്ഷേത്രങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടിരുന്നുവല്ലോ .അന്ന്ചിലപ്പോള്‍ അവഗണിക്കപ്പെട്ട ക്ഷേത്രമാകാമിത് .
ചെറു കുന്നുപോലെ ഉയര്‍ന്ന വിശാലമായ പാറയുടെ നെറുകയില്‍ അപൂര്‍ണമായ ഒരു ക്ഷേത്രം. അപൂര്‍ണതയാണ് അതിന്റെ സവിശേഷത..ഒറ്റരാത്രികൊണ്ട് ക്ഷേത്രം നിര്‍മിക്കണമെന്ന് ഭോജരാജാവ് ശില്‍പ്പികളോട് ആവശ്യപ്പെട്ടത്രേ. എല്ലാ സന്നാഹങ്ങളുമൊരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും ചന്ദ്രികയും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊര്‍ജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയില്‍ ഉയര്‍ന്നു. വേഗതയുടെ ഏതോ നഷ്ടമുഹൂര്‍ത്തത്തില്‍ പടര്‍ന്നിറങ്ങിയ ആലസ്യത്താലോ അപൂര്‍ണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അമാനുഷികശക്തികള്‍ക്കേ ഇത്തരം ക്ഷേത്രം നിര്‍മിക്കാനാകൂ എന്ന പരമിതയുക്തി പ്രവര്‍ത്തിച്ചിട്ടുണ്ടാകും..
തപ്തിനദിയുടെ കരയിലാണ് ചതുരാകൃതിയിലുളള ഈ ക്ഷേത്രം.. കുന്തി കര്‍ണനെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കി ഉപേക്ഷിച്ചതു ഇവിടെയാണെന്ന് ഐതിഹ്യം . .
ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കൗതുകകരമായ ഒരു കെട്ടുപെട്ടി കാണാം . പ്ലാസ്റ്റിക് ചരടോ തുണിയോ ഉപയോഗിച്ച് ചതുരാകൃതിയിലുളള പെട്ടിയുടെ അഴികളില്‍ കെട്ടുണ്ടാക്കിയിടണം. എന്നിട്ട് ആഗ്രഹം നിറവേറ്റിത്തരാന്‍ ശ്രീപരമേശ്വരനോട് പ്രാര്‍ഥിക്കണം. ആഗ്രഹം നിറവേറിക്കഴിഞ്ഞാല്‍ ഇതേ ക്ഷേത്രത്തില്‍ വന്ന് കെട്ട് അഴിച്ചുകളയണം. മനുഷ്യന്റെ പ്രതീക്ഷകളെ തത്കാലത്തേക്കെങ്കിലും ആശ്വസിപ്പിക്കുന്നതിന് ഇത്തരം വിശ്വാസങ്ങള്‍ സഹായിക്കുന്നുണ്ട് .
ഭോജേശ്വര ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് ഉയര്‍ന്ന മണ്ഡപത്തില്‍ നാഗരാജപ്രതിഷ്ഠകള്‍ . കയറിച്ചെന്ന് പൂജിക്കാന്‍ പടവുകളുണ്ട്. ക്ഷേത്രത്തിനു മുന്നില്‍ ചില ശില്പങ്ങള്‍.. മധ്യപ്രദേശിലുടനീളം കാണുന്ന ശില്പപാരമ്പര്യവുമായി പൊരുത്തപ്പെടുന്നവ..
ക്ഷേത്രത്തിനുള്ളില്‍ ആര്‍ക്കും പ്രവേശിക്കാം..കുപ്പായം ഊരേണ്ട. പാന്റു മാറ്റി മുണ്ടുടുക്കേണ്ട..ആര്‍ക്കും പൂജകള്‍ അര്‍പ്പിക്കാനും അഭിഷേകംനടത്താനും കഴിയും .ഉച്ചനീചത്വങ്ങളോ ജാതിവിവേചനമോ ഇല്ല .
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗമാണ് ക്ഷേത്രത്തിലുളളതെന്നു പറയുന്നു .18 അടി ഉയരവും 5.5 അടി വ്യാസവുമുളളതും ഏകശിലാനിര്‍മിതവുമാണ് ശിവലിംഗം..നിര്‍മ്മാണഘട്ടത്തില്‍ മുകളില്‍നിന്നും അടര്‍ന്നുവീണ വന്‍ ശിലാപാളി അതിനെ രണ്ടായി നെടുകെ പിളര്‍ത്തിയെങ്കിലും തകര്‍ന്നുപോയില്ല.കൂട്ടിചേര്‍ത്ത അതെ രൂപത്തില്‍ത്തന്നെ.
പത്തുമീറ്റര്‍ ഉയരവും അഞ്ചുമീറ്റര്‍ വീതിയുമുളള വാതില്‍ പടികളും ശിലകള്‍ തന്നെ. എഴു മീറ്റര്‍ വശമുളള മൂന്നു ശിലാപീഠങ്ങള്‍ക്കു മേലെയാണ് ലിംഗപ്രതിഷ്ഠ.പുറത്തുനിന്നു നോക്കിയാല്‍ ശിവലിംഗം പൂര്‍ണമായി കാണാന്‍ കഴിയില്ല. സാധാരണ ശിവലിംഗ പ്രതിഷ്ഠയുടെ ഘടന തന്നെയാണിവിടെയും...
ഈ ക്ഷേത്രത്തിന്റെ നിര്‍മിതി അതിശയിപ്പിക്കുന്നതാണ്. 40 അടി ഉയരമുളള നാലു കൂറ്റന്‍ ശിലാസ്തംഭങ്ങള്‍. ശിവ- ശക്തി, ലക്ഷ്മി- നാരായണ, ബ്രഹ്മ-സാവിത്രി , സീത-രാമ എന്നീ യുഗ്മങ്ങള്‍ക്കോരോരോ ശിലാസ്തംഭങ്ങള്‍ . ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയര്‍ത്തി നിറുത്താനായി ചെലവിഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക. 70 ടണ്‍ ഭാരമുളള ശിലാഫലകങ്ങള്‍ ഉയര്‍ത്തി ഗര്‍ഭഗൃഹത്തിന്റെ മേല്‍വിതാനത്തില്‍ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്..മേല്‍വിതാനത്തിലെ കൊത്തുപണികള്‍ കലാപാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്...
അപൂര്‍ണതയുടെ ഈ ക്ഷേത്രം ജിവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം ..ഇന്ത്യയെ അറിയാന്‍ ,അതിന്റെ വൈവിദ്ധ്യങ്ങള്‍ അറിയാന്‍ .

No comments: