Friday, February 16, 2018

സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രസന്നവും ദീപ്തവുമായ മുഖങ്ങളിലൊന്നാണ് ഐക്യകേരള പ്രസ്ഥാനശില്പികളിൽ പ്രമുഖനായ കെ എ ദാമോദര മേനോന്‍ .പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മന്ത്രി തുടങ്ങി പല നിലകളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച അദ്ദേഹം അന്തരിച്ചതും ഒരു കേരളപ്പിറവി ദിനത്തിലാണ് -1980 നവംബര്‍ ഒന്നിന്..
വടക്കന്‍പറവൂർ കരുമാലൂർ താഴത്തുവീട്ടിൽ അച്യുതൻ പിള്ളയുടെയും കളപ്പുരയ്ക്കൽ നങ്ങു അമ്മയുടെയും മകനായി 1906 ജൂൺ 10-ന് ജനിച്ച ദാമോദരമേനോന്‍ സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി .. മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചശേഷം തിരുവനന്തപുരത്തു കോളജുവിദ്യാഭ്യാസവും പൂർത്തിയാക്കി ബി.എ. ബിരുദം നേടി...
ദേവസ്വം കമ്മിഷണറുടെ ഓഫീസിൽ ഉദ്യോഗത്തിൽ പ്രവേശിച്ച ദാമോദര മേനോൻ മെച്ചപ്പെട്ട ജോലി ലക്ഷ്യമിട്ട് ബർമയിലേക്കു പോയി.അവിടെ അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ ക്ളാർക്കായും മാണ്ഡലേയിലെ കെല്ലി ഹൈസ്കൂളിൽ അധ്യാപകനായും ജോലിചെയ്തു .. റംഗൂൺ സർവകലാശാലയിൽ അധ്യാപക പരിശീലന കോഴ്സില്‍ ബിരുദംനേടി ബർമയിലെ പ്യാപ്പോൺ നഗരത്തിലുള്ള സർക്കാർസ്കൂളിൽ അധ്യാപകനായി ഒരു വർഷം ജോലിനോക്കി. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള ആവേശംമൂലം ജോലി മതിയാക്കി ഇദ്ദേഹം നാട്ടിലേക്കു മടങ്ങി. മടക്കയാത്രയിൽ കൊൽക്കത്ത, ബിഹാർ, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾ ഇദ്ദേഹം നിരീക്ഷിച്ചിരുന്നു.
1930-ൽ പാലക്കാട്ടെത്തിയ ദാമോദര മേനോനെ ബ്രിട്ടീഷ്‌പോലീസ് അറസ്റ്റ് ചെയ്ത് പാലക്കാട് സബ് ജയിലിലും പിന്നീട് കോയമ്പത്തൂരിലെ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന് ബെല്ലാരി ക്യാമ്പ് ജയിലിലേക്കും മാറ്റി. ജയിൽമോചിതനായശേഷം ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയപ്രവര്‍ത്തകനായി..സംഘടനാകാര്യങ്ങളുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എത്തിയ ദാമോദര മേനോനെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്ത് അലിപ്പൂർ ജയിലിൽ പാർപ്പിച്ചു.
ജയില്‍മോചിതനായശേഷം ദാമോദരമേനോൻ പൊതുപ്രവർത്തനം താത്കാലികമായി നിറുത്തിവച്ച് തിരുവനന്തപുരം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നു നിയമബിരുദമെടുത്തശേഷം തിരുവനന്തപുരത്ത് അഭിഭാഷകവൃത്തി സ്വീകരിച്ചു. ഇക്കാലത്ത് സമദർശി എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കുകയും കേസരിയിൽ എഴുതുകയും ചെയ്തിരുന്നു. 
1937-ൽ ദാമോദര മേനോൻ മാതൃഭൂമിയുടെ പത്രാധിപരായി.
പില്ക്കാലത്ത് രാഷ്ട്രീയരംഗത്തു പ്രശസ്തയായ ലീലാ ദാമോദര മേനോനെ വിവാഹംകഴിക്കുന്നത്‌ ഇക്കാലത്താണ് . 
1928 ല്‍ ഏറണാകുളത്തുവെച്ച് നാട്ടുരാജ്യ പ്രജാസമ്മേളനം എന്ന പേരില്‍ സ്വാതന്ത്രസമരസേനാനികളുടെ ഒരു യോഗത്തിലാണ് ഐക്യകേരളം എന്ന ആശയം ഉയരുന്നത് ..ഐക്യകേരളപ്രമേയം എന്നൊരു രേഖ അംഗീകരിച്ചു .തുടര്‍ന്ന് 1948-ൽ ആലുവയിൽ നടന്ന ഐക്യകേരള കൺവെൻഷനിലാണ്, ഐക്യകേരള സമിതിയുടെ പ്രസിഡന്റായി കെ. കേളപ്പനേയും സെക്രട്ടറിയായി ദാമോദര മേനോനേയും തിരഞ്ഞെടുത്തത്. ഐക്യകേരള പ്രസ്ഥാനത്തിന് ശക്തിപ്രാപിച്ചതോടെ 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരുക്കൊച്ചിയും 1956 നവംബര്‍ ഒന്നിന് ഐക്യകേരളവും യാഥാര്ത്യമായി ....
1949-ൽ ദാമോദര മേനോൻ ഇന്ത്യയുടെ ഇടക്കാല പാർലമെന്റിൽ അംഗമായി. 1952-ൽ കേളപ്പജിയുടെ കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കോഴിക്കോട്ടുനിന്ന് പാർലമെന്റംഗമാകുവാൻ ദാമോദര മേനോനു കഴിഞ്ഞു. പിന്നീട് കോൺഗ്രസ്സിൽ തിരിച്ചെത്തി, കെ.പി.സി.സി. സെക്രട്ടറിയായി. 
പിന്നീട് കെ.പി.സി.സി. പ്രസിഡണ്ടും എ.ഐ.സി.സി. മെമ്പറുമായി.. 
1960-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽനിന്നു മത്സരിച്ചു ജയിച്ച ഇദ്ദേഹം തുടർന്നുണ്ടായ കൂട്ടുകക്ഷി മന്ത്രിസഭയിൽ വ്യവസായ വകുപ്പു മന്ത്രിയായി. 1964 വരെ മന്ത്രിസ്ഥാനത്ത് തുടർന്നു. വീണ്ടും മാതൃഭൂമിയിൽ സേവനമനുഷ്ഠിച്ചു. 1978 ജൂണിൽ മാതൃഭൂമിയിൽനിന്നു വിരമിച്ചു...
പത്തോളം കൃതികള്‍ മേനോന്‍ രചിച്ചിട്ടുണ്ട്.
1980 നവംബര്‍ ഒന്നിന് കെ എ ദാമോദരമേനോന്‍ അന്തരിച്ചു 

No comments: