Friday, February 16, 2018

പതിവ് തെറ്റിക്കാതെ , ശാരീരിക വൈകല്യങ്ങള്‍ വകവെക്കാതെ എല്ലാവര്‍ഷവും ഗുരുവായൂര്‍ കണ്ണന്റെ തിരുസന്നിധിയിലെത്തി സംഗീതാര്‍ച്ചന നടത്തി, കരുണചെയ്‌വാന്‍ താമസംകാട്ടിയ കാര്‍മുഖില്‍ വര്‍ണ്ണനോട് ‘കനിയുമോ കനിവിന്‍ കടലേ’ എന്നു ശ്രീരജ്ഞിനി രാഗത്തില്‍ കണ്ണുനീര്‍പൊഴിച്ച് കരുണ യാചിക്കുമ്പോള്‍ സംഗീതവേദിയില്‍ കണ്‍മണിയുടെ കച്ചേരി കേള്‍ക്കുന്നവവരുടെ കണ്ണുകള്‍ ഈറനണിയും.. 
ജന്മനാ കാലുകള്‍ക്ക് ശേഷിയില്ലാത്ത , ഇരുകൈകളുമില്ലാത്ത ഈ പെണ്‍കുട്ടിയ്ക്ക് പക്ഷെ വേണ്ടത് മറ്റുള്ളവരുടെ സഹതാപമല്ല പ്രോത്സാഹനമാണ് . വിധിയുടെ വികൃതിക്കു മുന്നില്‍ തളരാനാവില്ല. ഒന്നിനോടും തോറ്റുകൊടുക്കാന്‍ ഇഷ്ടവുമില്ല . ദൃഢനിശ്ചയവും ഉറ്റവരുടെ പിന്തുണയുമാണവളുടെ ശക്തി.നാദങ്ങള്‍ക്ക് പുറമേ കാല്‍വിരുതില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നവള്‍. ദൈവം കൈകള്‍ നല്‍കിയില്ലെങ്കിലും നാവില്‍ വാഗ്ദേവതയുടെ കടാക്ഷമുള്ളവള്‍..ആസ്വാദകരുടെ മനസ് നിറച്ച് ശരീരത്തിന്റെ വൈകല്യങ്ങളെ മറന്ന് അവള്‍ പാടുന്നു .ശോഷിച്ച കാലുകള്‍കൊണ്ട് ചിത്രം വരയ്ക്കുന്നു ,കീബോർഡ് വായിക്കുന്നു ..
മാവേലിക്കര അറുന്നൂറ്റി മംഗലം അഷ്ടപദിയിൽ ശശികുമാർ-രേഖ ദമ്പതികളുടെ മകളാണ് കണ്മണി ശശി.. ഇപ്പോള്‍ താമരക്കുളം വിജ്ഞാന വിലാസിനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കണ്മണി ..ജന്മനാ വൈകല്യത്തോടെ ജനിച്ച, മകളുടെ ആദ്യത്തെ കണ്മണിയ്ക്ക് മുത്തച്ഛന്‍ പരമേശ്വരന്‍ പിള്ള നല്‍കിയ പേരാണ് കണ്മണി .കണ്ണിലെ കൃഷ്ണമണിപോലെ ഇവളെ കാത്തുകൊള്ളണമെന്ന ഉപദേശവും .ആ ഉപദേശം അമ്മ ലേഖ എന്നും പാലിച്ചിട്ടുണ്ട് . 
ആദ്യകാലത്ത് അത്ര എളുപ്പമായിരുന്നില്ല കണ്‍മണിയുടെ ജീവിതം. കൈകളില്ലാത്ത കുട്ടിയെ പഠിപ്പിക്കാന്‍ ഒരു സ്കൂളും തയ്യാറായില്ല. പ്രവേശനത്തിനായി പല സ്കൂളുകളില്‍ കയറിയിറങ്ങി. ഒടുവില്‍ താമരക്കുളം വിഎച്ച്എസ് എസ് സ്കൂള്‍ കണ്‍മണിക്കു പ്രവേശനം നല്‍കി.. അവിടത്തെ ടീച്ചര്‍മാരായിരുന്നു കണ്‍മണിയുടെ അഭിരുചികളെയും കലാവാസനകളെയും തിരിച്ചറിഞ്ഞത്. സ്കൂളിലെ അധ്യാപികയായിരുന്ന ലോലമ്മ ടീച്ചറായിരുന്നു ഇതിനു നിമിത്തമായത്. കാലില്‍ ആദ്യമായി പേന പിടിപ്പിച്ചുകൊടുത്ത് എഴുതാന്‍ പ്രേരിപ്പിച്ചത് ലോലമ്മ ടീച്ചറാണ്. സംസ്കൃതം അധ്യാപിക ബിന്ദുടീച്ചറാണ് കലാവാസനകളെ കൂടുതല്‍ പരിപോഷിപ്പിച്ചത്.. 
വര്‍ക്കല സി.എസ്. ജയറാമിന്റെ കീഴില്‍ സംഗീതമഭ്യസിക്കുന്ന ഈ പ്രതിഭ രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കര്‍ണാടക സംഗീത വിഭാഗത്തില്‍ മൂന്നാം സ്ഥാനക്കാരിയാണ്..കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായ കണ്‍മണിയ്ക്ക് വിജയങ്ങളുടെ ചരിത്രമാണുള്ളത്. സംഗീതം മാത്രമല്ല ചിത്രകലയിലും മികവ്തെളിയിച്ച മിടുക്കിയാണ് ഈ പതിനഞ്ചുകാരി.. ഇരുകൈകളുമില്ലാത്ത കൺമണി കാലിലെ രണ്ടു വിരലുകളിൽ ബ്രഷ് പിടിച്ചു നിറങ്ങൾ ചാലിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയുംചെയ്തു കാണികളെ അത്ഭുതപ്പെടുത്തുന്നു .ശാസ്ത്രീയ സംഗീതത്തിന് താളംപകരുന്നത് വളര്‍ച്ചമുരടിച്ച കാലുകളാലും. കുറുകിയ കാലുകളില്‍ ആകെയുള്ള രണ്ട് വിരലുകളില്‍ ബ്രഷ് പിടിച്ച് ചിത്രം വരയ്ക്കുന്ന കണ്‍മണി അത്ഭുതകാഴ്ചതന്നെയാണ്..ചിത്രംവരച്ചും പാടിയും സ്കൂള്‍കലോത്സവങ്ങളില്‍ കണ്മണി എല്ലാവരുടെയും പൊന്‍മണിയായി..വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഇതിനകം പലയിടത്തായി നടത്തിയിട്ടുണ്ട്..
നാലാംക്ലാസ് വരെ സിബിഎസ്‌സിയിലായിരുന്നതിനാല്‍ അഞ്ചാംക്ലാസ് മുതലാണ് സംസ്ഥാന സ്കൂള്‍ മത്സരവേദിയിലെത്തിയത്. മാവേലിക്കര രവിവർമ്മ കോളേജിലെ അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണന്റെ ശിക്ഷണത്തിലാണ് ചിത്രകലാപഠനം.. ലളിതഗാനം, ശാസത്രീയ സംഗീതം, സംസ്കൃത ഗാനാലാപനം, അക്ഷ ശ്ലോകം, അഷ്ടപദി എന്നിവയിലും സ്കൂള്‍ കലോത്സവങ്ങളില്‍ കൺമണി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് .കഴിഞ്ഞ വര്ഷം സംസ്കൃതം ഗാനാലാപനത്തിന് ഒന്നാം സ്ഥാനവും ശാസ്ത്രീയസംഗീതത്തിന് രണ്ടാംസ്ഥാനവും ജലച്ചായ ചിത്രരചനയില്‍ എ ഗ്രേഡോടെ മൂന്നാംസ്ഥാനവും നേടി. അക്ഷരശ്ലോകത്തിന് എ ഗ്രേഡുണ്ട്. ഉപജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടി അഷ്ടപദിയിലും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്വയം ഇടയ്ക്കകൊട്ടാന്‍ കഴിയാത്തതുകൊണ്ട് കലോത്സവത്തില്‍ മത്സരിച്ചില്ല..
ആരെയും വിസ്മയിപ്പിക്കുന്ന സര്‍ഗസിദ്ധിയില്‍ വൈകല്യത്തെ അതിജീവിക്കുന്ന ഇവളെ നയിക്കുന്നത് അഭിമാനബോധവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണ്. ശാസ്ത്രീയ സംഗീത വേദികളില്‍ രാഗവും താളവും പിഴയ്ക്കാതെ ഈ കൊച്ചുമിടുക്കി വിസ്മയപ്രകടനം നടത്തുമ്പോള്‍ വിധി തോറ്റ് കൈകൂപ്പും..പ്രതിസന്ധികളില്‍ തളരാതെ എങ്ങിനെ ജീവിക്കാമെന്ന് ഇവള്‍ നമുക്ക് കാണിച്ചുതരുന്നു..
അച്ഛന്‍ ശശികുമാര്‍ ദുബായില്‍ ജോലി ചെയ്യുതുകൊണ്ട് അമ്മ രേഖയാണ് എല്ലാ പിന്തുണയും നല്‍കുന്നത്..സഹോദരന്‍ മണികണ്ഠന്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്...
പഠിക്കാന്‍ മിടുക്കിയായ കമണിക്ക് നല്ലൊരു ജോലിയോടൊപ്പം അറിയപ്പെടുന്ന ഗായിക ആവുകയെന്നതാണ് ആഗ്രഹം. .എന്താണ് ജീവിതാഭിലാഷമെന്നു ചോദിച്ചാല്‍ മനക്കരുത്തിന്റെ പ്രഭ ചാലിച്ച പുഞ്ചിരിയുടെ അകമ്പടിയോടെ കണ്‍മണി പറയും, സ്വാതിതിരുനാള്‍ സംഗീതകോളജിലെ അധ്യാപികയാവണം...
ലോകമറിയുന്ന ഒരു കലാകാരിയാവട്ടെ ഈ കൊച്ചു മിടുക്കി . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

No comments: