Sunday, February 18, 2018

യോഗക്ഷേമസഭ. 1908-ല്‍ പ്രവര്‍ത്തനം ആരംഭിച്ച നമ്പൂതിരി യോഗക്ഷേമസഭയായിരുന്നു നവോത്ഥാന കാലഘട്ടത്തില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നമ്പൂതിരി സമുദായത്തെ സമൂലമായ പരിഷ്കരണത്തിന് വിധേയമാക്കിയത്. അക്കാലത്ത് നമ്പൂതിരിമാര്‍ക്കിടയില്‍ നിരവധി അനാചാരങ്ങള്‍ നിലനിന്നിരുന്നു. സ്ത്രീകളെ അടിമകളായി കാണുന്ന രീതിയിലുള്ള മനോഭാവമാണ് അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്നത്. വൃദ്ധവിവാഹം, ബഹുഭാര്യാത്വം എന്നിവയ്ക്കുപുറമേ ജന്മിത്വം സൃഷ്ടിച്ച ജീര്‍ണതകളും സമുദായത്തെ മലീമസമാക്കിയിരുന്നു. ഈ കാലഘട്ടത്തിലാണ് ഉത്പതിഷ്ണുക്കളായ ഒരു സംഘം നമ്പൂതിരി യുവാക്കള്‍ ആലുവയില്‍ സമ്മേളിച്ച് സമുദായപരിഷ്കരണപ്രസ്ഥാനമായ യോഗക്ഷേമസഭയ്ക്ക് രൂപം നല്‍കുന്നത്. ദേശമംഗലം ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു അധ്യക്ഷന്‍. സഭ ആരംഭിക്കുമ്പോള്‍ ആധുനിക വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് അതിന്റെ പ്രവര്‍ത്തനത്തില്‍ പ്രാമുഖ്യം നല്‍കിയത്. തുടര്‍ന്ന് ബഹുഭാര്യാത്വത്തെ നിരോധിക്കുക, വൃദ്ധവിവാഹം തടയുക, വിധവാവിവാഹം പ്രോത്സാഹിപ്പിക്കുക, ഒരു കുടുംബത്തിലെ മൂത്തമകന്‍ മാത്രം വിവാഹം കഴിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക എന്നിവയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1911-ല്‍ സഭയുടെ മുഖപത്രമായ യോഗക്ഷേമസഭ പ്രസിദ്ധീകരണം ആരംഭിച്ചു. 1915-ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നമ്പൂതിരിമാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ നിവേദനം നല്‍കി. 1920-കളില്‍ ദേശീയപ്രസ്ഥാനം ശക്തിയാര്‍ജിച്ചതോടെ യോഗക്ഷേമസഭയ്ക്കുള്ളില്‍ പുരോഗമനവാദികളായ യുവാക്കളുടെ ഒരു ചേരി രൂപപ്പെടുകയും ഇവരുടെ നേതൃത്വത്തില്‍ ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. 1920-കളുടെ അവസാനത്തോടെ ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട്, മൂത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പുരോഗമന വാദികളായ യുവാക്കള്‍ സഭയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉണ്ണിനമ്പൂതിരി നമ്പൂതിരി സമുദായത്തിനുള്ളിലെ പരിഷ്കരണവാദികളുടെ ജിഹ്വയായി മാറി. 1945-ല്‍ ഓങ്ങല്ലൂരില്‍ നടന്ന യോഗക്ഷേമസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയ 'നമ്പൂതിരിയെ മനുഷ്യനാക്കാന്‍' എന്ന പ്രക്ഷോഭജനകമായ പ്രസംഗം 1930-കളില്‍ നമ്പൂതിരി സമുദായത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തന പ്രക്രിയയുടെ ശക്തി പ്രകടമാക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

No comments: