Sunday, February 18, 2018

കേരളദേശധര്‍മം, കേരളനാടകം, കേരളപ്പഴമ, കേരളമാഹാത്മ്യം, കേരളോത്പത്തികള്‍ തുടങ്ങിയ പ്രാചീനഗദ്യ-പദ്യകൃതികളില്‍ 'പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്നു സൃഷ്ടിച്ചതാണ് കേരളം' എന്നു പ്രസ്താവിച്ചു കാണുന്നുണ്ട്. ഈ കൃതികളുടെ രചനാകാലത്തെപ്പറ്റിയോ രചയിതാക്കളെപ്പറ്റിയോ വ്യക്തമായ യാതൊരു രേഖയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവയില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ആധികാരികമെന്നു പറയുന്നില്ല. പരശുരാമന് കേരളവുമായുള്ള ബന്ധത്തെക്കുറിക്കുന്ന പുരാണപരാമര്‍ശങ്ങളില്‍പ്പോലും വ്യത്യാസങ്ങള്‍ കാണുന്നതു നിമിത്തം പരശുരാമകഥയും അസ്വീകാര്യമായിത്തന്നെ നിലകൊള്ളുന്നു.
ഭഗീരഥന്‍ നടത്തിയ ഗംഗാവിതരണത്തിന്റെ കഥയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പുരാണപരാമര്‍ശം. ഭാരതത്തില്‍ പതിച്ച ഗംഗ അവിടെ നിന്നൊഴുകി സമുദ്രത്തിലേക്കു കുതിച്ചുപായുകയും സമുദ്രം കരകവിഞ്ഞു രാജ്യത്തിന്റെ പല ഭാഗങ്ങളെയും മുക്കിക്കളയുകയും ചെയ്തു. അക്കൂട്ടത്തില്‍ ഗോകര്‍ണ ക്ഷേത്രവും സമുദ്രജലത്തില്‍ നിമഗ്നമായി. അതു വീണ്ടെടുത്തു തരാന്‍ മഹര്‍ഷിമാര്‍ പരശുരാമനോട് അപേക്ഷിച്ചതിന്റെ ഫലമായി അദ്ദേഹം ഒരു ശൂര്‍പ്പം (മുറം) കടലിലെറിയുകയും അതു വീണഭാഗം വരെയുള്ള സമുദ്രം ഒഴിഞ്ഞുമാറി കര തെളിഞ്ഞുവരികയും ചെയ്തു. ഇതാണത്രെ കേരളം. ഇക്കാരണത്താല്‍ കേരളത്തിനും ഗോകര്‍ണത്തുള്ള ഒരു ക്ഷേത്രത്തിനും 'ശൂര്‍പ്പാരകം' എന്ന പേരും ലഭിച്ചു. ഈ കഥ ബ്രഹ്മാണ്ഡപുരാണത്തിന്റെ 98-99 അധ്യായങ്ങളിലായി കാണുന്നു.
ക്ഷത്രിയനിഗ്രഹം കഴിഞ്ഞു പരശുരാമന്‍ ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്നു എന്ന സങ്കല്പത്തില്‍ കശ്യപനു നല്‍കി. കശ്യപന്റെ ആവശ്യപ്രകാരം അവിടം വിട്ടുപോകേണ്ടിവന്ന പരശുരാമന്‍ തനിക്കു താമസിക്കാന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്ന് കര വീണ്ടെടുത്തു എന്നാണ് മഹാഭാരതത്തില്‍ കേരളോത്പത്തിയെപ്പറ്റി പറയുന്ന കഥ.
"രാമനോടോതിയെന്നാജ്ഞ-
യ്ക്കൂഴിവിട്ടുഗമിക്ക നീ
അവന്‍ കാശ്യപവാക്കാലെ
കടലമ്പെയ്തൊഴിച്ചുടന്‍
കരയാക്കീടിനാന്‍ പിന്നെ
ബ്രാഹ്മണാജ്ഞപ്പടിക്കു താന്‍
മഹേന്ദ്രപര്‍വതത്തിങ്കല്‍
പാര്‍ത്തുകൊണ്ടാനതിന്നുമേല്‍
(ദ്രോണപര്‍വം, അധ്യായം 70, ശ്ലോകം 19, 20)
ദേവീഭാഗവതം അഷ്ടമസ്കന്ധത്തില്‍ സ്വര്‍ഗം, ഭൂമി, പാതാളം എന്നീ ത്രിലോകങ്ങളെ വിവരിക്കുന്നിടത്തു കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണാപഥമാണ് പാതാളമെന്ന് സൂചിപ്പിച്ചിരിക്കുന്നതായി വിചാരിക്കാന്‍ ധാരാളം ന്യായങ്ങളുണ്ട്. ഹിമാലയപര്‍വതം ഉള്‍പ്പെടുന്ന ഉത്തരഭൂവിഭാഗം ദേവലോകവും അവിടെ നിന്ന് തെക്കോട്ട് വിന്ധ്യപര്‍വതം വരെയുള്ള പ്രദേശങ്ങള്‍ ഭൂതലവും വിന്ധ്യനു തെക്കുള്ള സ്ഥലങ്ങള്‍ പാതാളവുമാണെന്ന് ഇതില്‍ പരാമര്‍ശിച്ചുകാണുന്നു. പാതാളം ഭൂമിയുടെ താഴെയുള്ള പ്രദേശങ്ങളാണ്; ദാനവദൈത്യാദികളും നാഗന്മാരും ആണ് ഇവിടത്തെ ആളുകള്‍ എന്നും ചന്ദനം, അകില്‍ തൊട്ടുള്ള സുഗന്ധവസ്തുക്കള്‍ ഇവിടെ സമൃദ്ധിയായി വിളയുന്നു എന്നും ദേവീഭാഗവതകാരന്‍ വര്‍ണിച്ചിട്ടുണ്ട്.
ദേവീഭാഗവതം തൃതീയസ്കന്ധത്തില്‍ കാശിരാജപുത്രിയായ ശശികലയുടെ സ്വയംവരത്തിനു സന്നിഹിതരായിരുന്നവരുടെ കൂട്ടത്തില്‍ 'കേരള'നും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. കാര്‍ത്തവീര്യാര്‍ജുനന്റെ സാമന്തകന്മാരുടെ കൂട്ടത്തില്‍ ചോളകേരളപാണ്ഡ്യ ഭൂപന്മാരുമുള്‍പ്പെട്ടിരുന്നതായി ബ്രഹ്മാണ്ഡപുരാണം (54-ാം അധ്യായം) പരാമര്‍ശിക്കുന്നു. തുര്‍വസുവംശത്തില്‍ പിറന്ന ഗാന്ധാരനെന്ന രാജാവില്‍ നിന്നാണ് കേരളദേശക്കാരുണ്ടായതെന്ന് അഗ്നിപുരാണത്തില്‍ (277-ാം അധ്യായം) പ്രസ്താവിച്ചിട്ടുണ്ട്. രുക്മിണീ സ്വയംവരത്തിനു കേരളനും എത്തിയിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പരാമര്‍ശിച്ചുകാണുന്നു (വംഗനും സിന്ധുരാജന്‍ സൗവീരന്‍ മാത്സ്യന്മാരും ശങ്കരഭക്തന്‍ ചോളന്‍ പാണ്ഡ്യനും കേരളനും).
'കൃതമാലാ മലയാചല പശ്ചിമാംഭോധി മധ്യേ' ആണ് കേരളം സ്ഥിതി ചെയ്യുന്നതെന്ന് മത്സ്യപുരാണത്തിലെ അതിര്‍ത്തിനിര്‍ണയവര്‍ണനയില്‍ നിന്നു മനസ്സിലാക്കാം.
ഇതിഹാസാദികളില്‍. സീതാന്വേഷണത്തിനായി തെക്കന്‍ ദിക്കിലേക്കു പുറപ്പെട്ട വാനരന്മാരോട് അവര്‍ സീതയെ അന്വേഷിക്കേണ്ട പ്രദേശങ്ങളെപ്പറ്റി സുഗ്രീവന്‍ ഇപ്രകാരം പറയുന്നതായി വാല്മീകീരാമായണത്തില്‍ കാണുന്നു.
"നദീം ഗോദാവരീം ചൈവ
സര്‍വമേവാഥ പശ്യത
തഥൈവാന്ധ്രാംശ്ച പൗണ്ഡ്രാംശ്ച
ചോളാന്‍ പാണ്ഡ്യാംശ്ച കേരളാന്‍
(നിങ്ങള്‍ ഗോദാവരി നദിയിലും ആന്ധ്രയിലും പുണ്ഡ്രത്തിലും ചോളത്തിലും കേരളത്തിലും ചെന്ന് നോക്കണം.)
നന്ദിനിയെ അപഹരിക്കാന്‍ വസിഷ്ഠാശ്രമത്തിലെത്തിയ വിശ്വാമിത്രനെ നേരിടാന്‍ ഒരു പശുവിന്റെ നുരയില്‍ നിന്നുണ്ടായ മ്ലേച്ഛന്മാരുടെ കൂട്ടത്തില്‍ 'ചിബുകന്മാര്‍, പുളിന്ദന്മാര്‍, ചീനന്മാര്‍, ഹൂണര്‍, കേരളര്‍' തുടങ്ങിയവരുണ്ടായിരുന്നതായി മഹാഭാരതം ആദിപര്‍വത്തില്‍ (അധ്യായം 17 5, ശ്ളോകം 38) സൂചിപ്പിച്ചിട്ടുണ്ട്.
ധര്‍മപുത്രരുടെ രാജസൂയത്തോടനുബന്ധിച്ച് ദക്ഷിണ ദിഗ്വിജയത്തിനു പോയ സഹദേവന്‍ 'പാണ്ഡ്യദ്രാവിഡരെയും ചോളകേരളരെയും' (അധ്യായം 31, ശ്ലോകം 72) ജയിച്ചു കപ്പം വാങ്ങിയതായി സഭാപര്‍വത്തില്‍ പരാമര്‍ശമുണ്ട്; 'ശൂര്‍പ്പാരകത്തെയും പാട്ടിലാക്കി' (ശ്ലോകം 66) എന്നു പറയുന്നതും കേരളത്തെ സംബന്ധിച്ചാകാനാണു സാധ്യത. കര്‍ണന്റെ ദിഗ്വിജയത്തിലും കേരളനെ വെന്ന് കപ്പം വാങ്ങിയതായി വനപര്‍വത്തില്‍ കാണുന്നുണ്ട് (അധ്യായം 254, ശ്ലോകം 15).
ഇതിഹാസങ്ങളുടെ രചനാകാലത്തുതന്നെ 'കേരളം' എന്ന പേരില്‍ ഒരു രാജ്യം/പ്രദേശം നിലനിന്നിരുന്നുവെന്നതിനു തെളിവായി ഇതുപോലുള്ള പല പരാമര്‍ശങ്ങളും ഇനിയും ലഭ്യമാണ്.
രഘുവംശത്തില്‍ രഘുവിന്റെ ദിഗ്വിജയവര്‍ണനയില്‍ കാളിദാസനും കേരളത്തെ സ്മരിച്ചിട്ടുണ്ട് (സര്‍ഗം 4).
"ഭയോത്സൃഷ്ടവിഭൂഷാണാം
തേന കേരളയോഷിതാം
അളകേഷു ചമൂരേണു-
ശ്ചൂര്‍ണപ്രതിനിധീകൃതഃ (51)
മുരചീമാരുതോദ് ധൂത-
മഗമത് കൈതകം രജഃ
തദ്യോധവാരവാണാനാ-
മയത്ന പടവാസതാം (52)
(പടയോട്ടത്തില്‍ നിന്നുയരുന്ന പൊടി, ഭയംകൊണ്ട് ആഭരണങ്ങള്‍ കൈവെടിഞ്ഞ കേരളസ്ത്രീകളുടെ കുറുനിരകളില്‍ ഗന്ധചൂര്‍ണങ്ങളുടെ സ്ഥാനം വഹിച്ചു. മുരചീനദിയില്‍ (പെരിയാര്‍) നിന്നുള്ള കാറ്റേറ്റ് പ്രസരിച്ച കൈതപ്പൂവിന്റെ പരാഗം പടയാളികളുടെ കുപ്പായങ്ങള്‍ക്ക് അനായാസമായി ലഭിച്ച സുഗന്ധചൂര്‍ണങ്ങളായിത്തീര്‍ന്നു).
പുരാണേതിഹാസങ്ങളുടെ കാലനിര്‍ണയത്തെപ്പറ്റി സാര്‍വത്രികാംഗീകാരം നേടിയ അവസാനവാക്ക് ഇതുവരെ പറയപ്പെട്ടിട്ടില്ല; എന്നാല്‍ ഇവയ്ക്കെല്ലാം ശതാബ്ദങ്ങളോളം പഴക്കമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുമുണ്ട്. കേരളം എന്ന ഭൂവിഭാഗവും അവിടെ നിവസിക്കുന്ന ജനങ്ങളും ഇവയില്‍ പലതിലും പരാമൃഷ്ടമായിരിക്കുന്നതിന്റെ വെളിച്ചത്തില്‍ ചരിത്രാതീതകാലം മുതല്‍ തന്നെ കേരളം എന്ന രാജ്യം നിലനിന്നിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.

No comments: