Wednesday, February 14, 2018

മനുഷ്യസമൂഹത്തിന്റെ ഉത്ഭവം, അതിന്റെ പല വിഭാഗങ്ങള്‍, നാടോടി നായാടിയും ഫലമൂലാദികള്‍ ശേഖരിച്ചും കഴിഞ്ഞ ജീവിതശൈലിയില്‍ നിന്നും കാര്‍ഷികവൃത്തിയിലേക്കും മറ്റും ഉണ്ടായ മാറ്റം മുതലായവയെക്കുറിച്ചും നാം മനസ്സിലാക്കി. നരവംശശാസ്ത്രം പറയുന്നത് നാടോടി ജീവിച്ചിരുന്നപ്പോള്‍ തന്നെ മനുഷ്യര്‍ ആചാരാനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തി കഴിഞ്ഞിരുന്നു എന്നാണ്. ഏതാണ്ട് 70,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹോമോസാപ്പിയന്‍ എന്ന ആധുനികമനുഷ്യരില്‍ അറിവിന്റെ വിപ്ലവം  ഉണ്ടായി എന്നു നാം കണ്ടു. പിന്നത്തെ 40,000 വര്‍ഷം, അതായത് ഏകദേശം 30,000 വര്‍ഷം മുമ്പുവരെയുള്ള കാലഘട്ടത്തില്‍ ഇവര്‍ വഞ്ചി, എണ്ണവിളക്ക്, സൂചി, അമ്പും വില്ലും മുതലായവ നിര്‍മ്മിക്കാന്‍ തുടങ്ങി. ഈ കാലത്ത്  നാടോടി ജീവിതമായിരുന്നു. നായാടിയും ഫലമൂലാദികള്‍ ശേഖരിച്ചുമാണ് അവര്‍ കഴിഞ്ഞിരുന്നത്. ഈ കാലത്തുതന്നെ മതം, കച്ചവടം, സമൂഹത്തില്‍ പല തട്ടുകള്‍ രൂപപ്പെടല്‍ എന്നിവ ജീവിതത്തിന്റെ ഭാഗമായി എന്നു നരവംശശാസ്ത്രജ്ഞര്‍ പറയുന്നു.  
  ജര്‍മ്മനിയിലെ സ്റ്റാഡില്‍ ഗുഹയില്‍ നിന്നും 32,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഉടലും സിംഹത്തിന്റെ മുഖവും ഉള്ള ഒരു രൂപം കണ്ടെത്തി. ഇത് കലാവാസനയും മതവിശ്വാസവും അന്നത്തെ സമൂഹത്തില്‍ ഉണ്ടായിരുന്നു എന്നതിനു തെളിവായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഏീയലസഹശ ഠലുല എന്ന സ്ഥലത്ത് ഉല്‍ഖനനം നടത്തിയപ്പോള്‍ ചിത്രങ്ങള്‍ കൊത്തിവെച്ച വലിയ തൂണുകളോടു കൂടിയ ചില കല്‍ക്കെട്ടുകള്‍ (9500 ബി. സി) കണ്ടെത്തുകയുണ്ടായി. ഇതും മതാനുഷ്ഠാനവുമായി ബന്ധപ്പെട്ടതാണെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. സ്ഥിരവാസവും കൃഷിയും മറ്റും തുടങ്ങിയപ്പോള്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ തുടര്‍ന്നു എന്നു മാത്രമല്ല അവ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറുകയും ചെയ്തു.
 അനിമിസം ആണ് മതത്തിന്റെ ആദ്യരൂപം എന്ന് പല പണ്ഡിതന്‍മാരും കരുതുന്നു. അനിമാ (സ്പിരിറ്റ്) എന്ന ലാറ്റിന്‍പദത്തില്‍ നിന്നാണ് ഈ പേരു വന്നത്. സ്ഥലം, പര്‍വതം, നീരൊഴുക്കുകള്‍, വൃക്ഷലതാദികള്‍, മൃഗങ്ങള്‍, ഇടിമിന്നല്‍, മഴ മുതലായ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ എന്നിവയ്‌ക്കെല്ലാം മനുഷ്യരെപ്പോലെ ജീവനും വികാരവിചാരങ്ങളും ഉണ്ടെന്നും മനുഷ്യരുമായി ഇവ ആശയവിനിമയം നടത്തുമെന്നും മറ്റുമുള്ള ധാരണ ആദിമ മനുഷ്യര്‍ വെച്ചുപുലര്‍ത്തിയിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍, മനുഷ്യരേക്കാള്‍ താണ തലത്തിലുള്ള (സബ്ഹ്യൂമന്‍) ഭൂതപ്രേത പിശാചുക്കള്‍, വനദേവതകള്‍ എന്നിവ എല്ലാം ഈ ശക്തികളില്‍പ്പെടും. ഇവിടുത്തെ ജ്യോതിഷ- മന്ത്രവാദഗ്രന്ഥങ്ങളിലും ഇത്തരം കല്‍പനകള്‍ കാണാം. ശ്രീനാരായണഗുരുദേവനും ദൈവചിന്തനത്തില്‍ ഇവയെ പരാമര്‍ശിക്കുന്നണ്ട്. അത്തരം ശക്തികളെ ആടിയും പാടിയും ബലികൊടുത്തും മറ്റും പ്രീണിപ്പിച്ചാല്‍ രോഗം മുതലായ ദു:ഖമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും മോചനം കിട്ടുമെന്നും മറ്റും അവര്‍ കരുതി. അതിനായി വിചിത്രങ്ങളായ പലതരം ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവര്‍ രൂപം കൊടുത്തു എന്നും ഈ കാഴ്ചപ്പാടിന്റെ വക്താക്കള്‍ കരുതുന്നു.
ഓരോ ഗോത്രങ്ങളിലും ഈ ആചാരാനുഷ്ഠാനങ്ങളുടെ ചുമതല ഷാമന്‍ (പുരോഹിതന്‍, മന്ത്രവാദി) എന്നു വിളിക്കുന്ന ആളിനായിരുന്നു. ചില ഗോത്രങ്ങളില്‍ ഗോത്രത്തലവന്‍ തന്നെ ആയിരുന്നു ഈ പദവി വഹിച്ചിരുന്നത്. മാതൃദായം പിന്തുടര്‍ന്ന ചില ഗോത്രങ്ങളില്‍ സ്ത്രീകളും ഈ ചുമതല നിറവേറ്റിയിരുന്നു. കൂടാതെ ഓരോ ഗോത്രത്തിനും ആ ഗോത്രത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ച് ചില ധാരണകളുണ്ട്. ഈ ഐതിഹ്യങ്ങളെ പണ്ഡിതന്മാര്‍ ഇന്ന് മിത്തുകള്‍ എന്നു വിളിപ്പേരുള്ള കെട്ടുകഥകളായി കരുതിവരുന്നു. ഗോത്രമിത്തുകളില്‍ പറയുന്ന മനുഷ്യര്‍ ആ ഗോത്രജനത മാത്രമാണ്; മനുഷ്യരെ കൊല്ലരുത് എന്ന ഗോത്രനിയമത്തിന് ആ ഗോത്രത്തിലുള്ളവരെ കൊല്ലരുതെന്നു മാത്രമേ അര്‍ത്ഥമുള്ളു എന്നും ഡാക്കിന്‍സ് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ചില മിത്തുകളെ റിച്ചാര്‍ഡ് ഡാകിന്‍സ് (ദി മാജിക് ഓഫ് റിയാലിറ്റി) വിവരിക്കുന്നുണ്ട്. ടാസ്‌മേനിയന്‍ ഗോത്രക്കാരുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള മിത്ത് ഇപ്രകാരമാണ്. പണ്ട് മൊയ്‌നീ, ഡ്രോമെര്‍ഡീനര്‍ എന്നിങ്ങനെ രണ്ടു ദൈവങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ പരസ്പരം ശത്രുക്കളായിരുന്നു. ഒരിക്കല്‍ ഇരുവരും തമ്മില്‍ ആകാശത്തുവെച്ച് ഘോരയുദ്ധം നടന്നു. മൊയ്‌നീ പരാജയപ്പെട്ടു താഴെ ഭൂമിയിലേക്കു വീണു. ടാസ്‌മേനിയയിലാണു വീണത്. മരിക്കുന്നതിനു മുമ്പ് തന്റെ മരണസ്ഥലത്തെ അനുഗ്രഹിക്കണമെന്നു തോന്നി. അവിടെ മനുഷ്യരെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മരണവെപ്രാളത്തില്‍ ഈ മനുഷ്യര്‍ക്ക് കാല്‍മുട്ടുകള്‍ നല്‍കാന്‍ മറന്നുപോയി. മാത്രമല്ല, കംഗാരുക്കള്‍ക്കുള്ളതുപോലെ വലിയവാലുകള്‍ ഇവര്‍ക്കു കൊടുക്കുകയും ചെയ്തു. തന്മൂലം ഈ മനുഷ്യര്‍ക്ക് നിലത്തിരിക്കാന്‍ കഴിയാതെ വന്നു. മൊയ്‌നീ മരിക്കുകയും ചെയ്തു. ഈ മനുഷ്യര്‍ വളരെ വിഷമിച്ചു. ആകാശത്തേക്കു നോക്കി പ്രാര്‍ത്ഥിച്ചു. ശക്തനായ മറ്റേ ദൈവം, ഡ്രോമെര്‍ഡീനര്‍, അപ്പോള്‍ ആകാശത്ത് അട്ടഹസിച്ചുകൊണ്ട് ജൈത്രയാത്ര നടത്തുകയായിരുന്നു. ഇവരുടെ നിലവിളി അദ്ദേഹം കേട്ടു. കാര്യമെന്തെന്നറിയാന്‍ താഴെ ടാസ്‌മേനിയയിലേക്കിറങ്ങി വന്നു. അവരുടെ സ്ഥിതി കണ്ട് കരുണ തോന്നി മടക്കാവുന്ന കാല്‍മുട്ടുകള്‍ കൊടുക്കുകയും അവരുടെ അസൗകര്യമുണ്ടാക്കുന്ന കംഗാരുവാലുകള്‍ മുറിച്ചു കളയുകയും ചെയ്തു. അങ്ങനെ അവര്‍ക്കിരിക്കാന്‍ കഴിഞ്ഞു. അതിനു ശേഷം ആ ടാസ്‌മേനിയന്‍ ഗോത്രക്കാര്‍ സന്തോഷത്തോടെ കഴിഞ്ഞു. vamanan

No comments: