Wednesday, February 14, 2018


മഹാപണ്ഡിതന്മാരെ അനുസ്മരിക്കുന്നതും ഗുരുസ്മരണ നടത്തുന്നതും സംസ്‌കൃതിയുടെ ഭാഗമാണ്. പണ്ഡിത നിരയിലുള്‍പ്പെട്ട ഒരു ജ്ഞാനതാപസനെ അനുസ്മരിക്കുന്നതിനുള്ള അവസരമാണ് വന്നിരിക്കുന്നത്. 
പ്രൊഫ. ആര്‍. രാമവര്‍മ്മത്തമ്പുരാനെന്നാണ് അദ്ദേഹത്തിന്റെ പേര്. ആലപ്പുഴ സനാതനധര്‍മ്മ കോളെജില്‍ ദീര്‍ഘകാലം സംസ്‌കൃതം, മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ച, ആലപ്പുഴയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായ ഗുരുനാഥന്‍. തമ്പുരാന്‍സാറെന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം, പഠിപ്പിച്ചവരുടെ മാത്രമല്ല, ഒരു സമൂഹത്തിന്റെയോ ജനപദത്തിന്റെയോ പോലും ഗുരുനാഥനായിരുന്നു. ആദ്ധ്യാത്മിക, സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പാണ്ഡിത്യത്തിന്റെയും ദര്‍ശനങ്ങളുടെയും വാങ്മയങ്ങളായിരുന്നു. പക്ഷേ, പ്രശസ്തിയോ അംഗീകാരമോ ആഗ്രഹിക്കാതെ കര്‍മ്മശുദ്ധിയോടെ പ്രവര്‍ത്തിച്ചു ജീവിച്ച അദ്ദേഹം അതുകൊണ്ടുതന്നെ ആലപ്പുഴയുടെ ചുറ്റുവട്ടത്ത് ഒതുങ്ങിപ്പോയെന്നതാണ് സത്യം. സ്ഥിതപ്രജ്ഞനായിരുന്ന ആ മഹദ്‌വ്യക്തിത്വത്തെ അടുത്തറിഞ്ഞവര്‍ ചുരുക്കം.
അയിരൂര്‍ രാജവംശാംഗം ഗൗരിബായിത്തമ്പുരാട്ടിയുടെയും ഒറവങ്കരയില്ലത്ത് രാമന്‍ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും മകനായിരുന്നു. മതിലകം കാഞ്ഞിരപ്പള്ളി ആശാന്‍ പള്ളിക്കൂടത്തിലും ഇല്ലംവക പ്രൈമറി സ്‌കൂളിലും നഗരത്തിലെ വെര്‍ണാക്കുലര്‍ ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. തോലച്ചേരി ഗുരുകുലത്തിലും തിരുവനന്തപുരം മഹാരാജാസ് കോളെജിലും വിശ്വഭാരതിയിലുമായി സംസ്‌കൃത പഠനം. യുണിവേഴ്‌സിറ്റി കോളെജില്‍നിന്ന് വേദാന്തവും മീമാംസയുമെടുത്ത് ഓണേഴ്‌സില്‍ ഒന്നാം റാങ്കോടെ വിജയിച്ചു. പിന്നീട് മലയാളം എംഎ ബിരുദവും നേടി. വിദ്യാഭ്യാസത്തിനു ശേഷം ഭാരതം മുഴുവന്‍ പര്യടനം നടത്തി, മടങ്ങിയെത്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് കുറേക്കാലം ജയില്‍വാസവും അനുഭവിച്ചു.
ആറന്മുള സംസ്‌കൃതകോളെജ് പ്രിന്‍സിപ്പലായി നിയമതിനായ തമ്പുരാന്‍ പിന്നീട് ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാലയത്തില്‍ അദ്ധ്യാപകനായി, ശേഷം സനാതനധര്‍മ്മ കോളെജില്‍ സംസ്‌കൃതം-മലയാളം ലക്ചറര്‍ ആയി. യഥാര്‍ത്ഥ ഗുരുകുലവിദ്യാഭ്യാസ രീതിയിലുള്ള അദ്ധ്യാപനത്തിലൂടെ സര്‍വ്വാദരണീയനായി അദ്ദേഹം. 
തമ്പുരാന്‍സാറിന്റെ സാഹിത്യ ജീവിതം ഏറെ നിശ്ശബ്ദമായിരുന്നു. പ്രൗഢമായ പാണ്ഡിത്യത്തിന്റെയും സഹൃദയത്വത്തിന്റെയും നിറവുപൊലിപ്പിച്ച പഠനങ്ങളിലായിരുന്നു ശ്രദ്ധ. അദ്വൈത ദര്‍ശനമെന്ന കൃതിക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. ശ്രീനാരായണ ദര്‍ശനങ്ങളെയും ഗായത്രി മന്ത്രത്തെയും വേദോപനിഷത്തുകളെയും കുറിച്ചുള്ള ആഴമേറിയ പഠനങ്ങളാണതില്‍. അയിരൂര്‍ രാജവംശം, സാംസ്‌കാരിക കേരളം എന്നിവ ചരിത്ര ഗ്രന്ഥങ്ങള്‍. ആത്മാരാമം മികച്ച കവിതാസമാഹാരമാണ്. 
ബ്രഹ്മര്‍ഷിദേവന്‍, ഷോഡശ സംസ്‌കാരം, കര്‍ണ്ണഭാരം, ആരാധന, രഘുവംശം, വാല്‍മീകി രാമായണം (ഇംഗ്ലീഷ് പരിഭാഷ), ഹരിനാമകീര്‍ത്തനം, ശ്രീമദ്ഭാഗവതം തുടങ്ങിയ കൃതികള്‍ക്കുള്ള വ്യാഖ്യാനവും പഠനങ്ങളുമടക്കം വിപുലമായ സാഹിത്യ ലോകത്തിന്റെ അധിപനായിരുന്നു അദ്ദേഹം. 
എന്നാല്‍, മേല്‍പ്പുത്തൂരിന്റെ നാരായണീയത്തിന് തയ്യാറാക്കിയ വിശദവ്യാഖ്യാന പഠനമാണ് തമ്പുരാന്റെ സാഹിത്യ പരിശ്രമങ്ങളില്‍ ഏറ്റവും വിലപ്പെട്ടത്. ഭാരതീയ ദര്‍ശന വിചാരത്തിലൂന്നിനിന്നുകൊണ്ടുള്ള അദ്വൈത ചിന്താപദ്ധതിയിലൂടെ ഭഗവദര്‍പ്പിതമായ ഒരു കര്‍മ്മകാണ്ഡത്തിന്റെ പ്രകാശനമാണ് നാരായണീയത്തിലൂടെ അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത്. 
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം കേരള ഘടകം പണ്ഡിതരത്‌നം ബിരുദം നല്‍കി തമ്പുരാനെ ആദരിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഗംഗാപ്രവാഹം പോലെയായിരുന്നു. രാജപണ്ഡിതന്മാരെയും പണ്ഡിതരാജന്മാരെയും കുറിച്ച് നാം പറയാറുണ്ട് തമ്പുരാന്‍ അതുരണ്ടുമായിരുന്നുവെന്നതാണ് വാസ്തവം.
1998 ലാണ് തമ്പുരാന്‍ അന്തരിച്ചത്. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നൂറു തികഞ്ഞേനെ. തിരുവനന്തപുരം സ്വദേശി എം. പൊന്നമ്മയായിരുന്നു സഹധര്‍മ്മിണി. രണ്ടാണ്‍മക്കളും മൂന്ന് പെണ്‍മക്കളും. മൂത്തമകന്‍ ആര്‍. ജിതേന്ദ്രവര്‍മ്മ അച്ഛന്‍ പഠിപ്പിച്ചിരുന്ന എസ്.ഡി കോളെജില്‍ പ്രിന്‍സിപ്പലായും രണ്ടാമത്തെ മകന്‍ ആര്‍. രാമരാജവര്‍മ്മ സംസ്‌കൃതം പ്രൊഫസറായും വിരമിച്ചു. ഗിരിജ, ശൈലജ, ദേവിക പെണ്‍മക്കള്‍. ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ ഇന്ന് വൈകിട്ട് നാലുമണിക്ക് രാമവര്‍മ്മത്തമ്പുരാന്‍ ജന്മശതാബ്ദി അനുസ്മരണം നടക്കും. കൊളത്തൂര്‍ അദ്വൈതാശ്രമാധിപന്‍ സ്വാമി ചിദാനന്ദപുരി അനുസ്മരണ പ്രഭാഷണം നടത്തും.

No comments: