Sunday, February 18, 2018

ക്ഷേത്രഭരണം
മധ്യകാലം മുതല്ക്കുതന്നെ കേരളഗ്രാമങ്ങളിലെ ജനജീവിതത്തിന്റെ കേന്ദ്രം ക്ഷേത്രങ്ങളായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം തന്നെ മലയാള ബ്രാഹ്മണര്‍ക്കു പരമാധികാരമുണ്ടായിരുന്നു. ക്ഷേത്രങ്ങളെ 'സങ്കേത'ങ്ങളായി പരിഗണിച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്. ഏതൊരു പ്രദേശത്തെ ക്ഷേത്രത്തിനോ ബ്രാഹ്മണസമൂഹത്തിനോ അവിടത്തെ ആത്മീയവും ഭൗതികവുമായ അധികാരം സ്വതന്ത്രമായി കൈയാളുവാന്‍ കഴിഞ്ഞിരുന്നുവോ ആ ഭൂപ്രദേശത്തെയാണ് 'സങ്കേതം' എന്നു നിര്‍വചിച്ചിരുന്നത്. ആ പ്രദേശത്തെ ക്ഷേത്രത്തെയോ ബ്രാഹ്മണസമൂഹത്തെയോ അശുദ്ധമാക്കുവാനുള്ള യാതൊരു പ്രവൃത്തിയും അനുവദിച്ചിരുന്നില്ല. 'സങ്കേത'ത്തിനകത്തു കയറി അക്രമപ്രവൃത്തികള്‍ ചെയ്താല്‍ രാജാവിനെപ്പോലും ശിക്ഷിക്കാന്‍ സങ്കേതത്തിന് അധികാരമുണ്ടായിരുന്നു.
ആരംഭത്തില്‍ ക്ഷേത്രഭരണം നടത്തിയിരുന്നത് ഊരാളരോ അഥവാ കാര്യക്കാരോ അല്ലെങ്കില്‍ ഒരു പുരോഹിതവൃന്ദമോ ചേര്‍ന്നായിരുന്നു. കാലാന്തരത്തില്‍ ഈ ദേവസ്വങ്ങള്‍ വലിയ ഭൂവുടമകളും സമ്പത്തുള്ളവയുമായിത്തീരുകയും അവയുടെ കീഴില്‍ ധാരാളം കുടിയാന്മാര്‍ പ്രജകളെപ്പോലെ വര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഈയവസരത്തില്‍ ദേവസ്വംഭരണത്തിനാവശ്യമായ നിയമങ്ങള്‍ ദേവസ്വാധികൃതര്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയതോടെ ദേവസ്വം, രാജാവില്‍നിന്നും സ്വതന്ത്രമായ സ്ഥിതിയിലായിത്തീര്‍ന്നു. ഈ ദേവസ്വത്തിന്റെ കീഴില്‍ കഴിഞ്ഞുകൂടേണ്ടിവന്നവരുടെ ജീവനും സ്വത്തും ദേവസ്വമധികാരികള്‍ക്കു വിധേയമായി. ഇത്തരം സ്വേച്ഛാപ്രവൃത്തികള്‍മൂലം രാജാധികാരം നിഷ്പ്രഭമാകുകയും ദേവസ്വങ്ങള്‍ക്കും ബ്രഹ്മസ്വങ്ങള്‍ക്കുമകത്ത് നടക്കുന്ന കാര്യങ്ങളില്‍ രാജാവിന് താത്പര്യമില്ലാതാവുകയും ചെയ്തു.
മതകാര്യങ്ങള്‍ക്കായി കൊ.വ. 225 (1050)-ല്‍ പദ്മനാഭസ്വാമിക്ഷേത്രത്തോടനുബന്ധിച്ച് രൂപവത്കൃതമായ ഒരു സംഘടനയാണ് എട്ടരയോഗം. ദേവസ്വംഭരണത്തിനായി പ്രത്യേകം സമ്മതിദാനാവകാശമുള്ള എട്ടു ബ്രാഹ്മണരും സാധാരണ വോട്ടുപോലും ചെയ്യുവാന്‍ അര്‍ഹതയില്ലാത്ത അരയംഗത്വം മാത്രമുള്ള രാജാവും കൂടിച്ചേര്‍ന്ന ഒരു സംഘമായിരുന്നു ഇത്. ഇതിന്റെ ഫലമായി, ദേവസ്വംഭരണം ഈ എട്ടു പോറ്റിബ്രാഹ്മണരുടെ അധീനതയിലായി. ഇവര്‍ക്ക് വേണാട്ടിലെ പ്രമുഖ കുടുംബങ്ങളില്‍പ്പെട്ട എട്ടുവീട്ടില്‍പ്പിള്ളമാരുടെ പിന്തുണയുണ്ടായിരുന്നു. രാജാവിന് യാതൊരു തരത്തിലുള്ള അധികാരവും ഈ ദേവസ്വത്തിലുണ്ടായിരുന്നില്ല. ആഘോഷവേളകളില്‍ തന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോള്‍ രാജാവ് പോകുകമാത്രമാണ് ചെയ്തിരുന്നത്. മാത്രമല്ല, ദേവസ്വം കാര്യങ്ങളില്‍ അലംഭാവം കാണിച്ചെന്ന ആരോപണമുന്നയിച്ച് രാജാവിന് പിഴ കല്പിക്കുകയും പതിവായിരുന്നു.
ദേവസ്വത്തിനാകട്ടെ ഒട്ടധികം സ്ഥലം കൈവശമുണ്ടായിരുന്നു. ഇതിനെ ശ്രീപണ്ടാരവക സ്ഥലം എന്നാണ് വിശേഷിപ്പിച്ചുപോന്നത്. ഇത്രയും വിപുലമായ സ്ഥലം കൈകാര്യം ചെയ്തുപോന്നത് യോഗക്കാരായിരുന്നു. കുടിയാന്മാരോടും പാട്ടക്കാരോടും തന്നിഷ്ടം പോലെ പെരുമാറാനുള്ള അധികാരം അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. ദേവസ്വംസ്ഥലങ്ങളില്‍ നിന്ന് കരം പിരിക്കുന്ന ചുമതല എട്ടുവീട്ടില്‍പ്പിള്ളമാരെയാണ് ഏല്പിച്ചിരുന്നത്. മൊത്തം സ്ഥലത്തെ എട്ടായി വിഭജിച്ച് എട്ടുവീട്ടില്‍പ്പെട്ട ഓരോ പിള്ളയെയും അധികാരിയായി നിയമിക്കുകയായിരുന്നു പതിവ്. ഇതിനെയാണ് എട്ട് അധികാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. രാജാവിന് ഇവരുടെ മേല്‍ യാതൊരുവിധ അധികാരങ്ങളും നടത്തുവാന്‍ സാധിക്കാതിരുന്നതിനാല്‍ ഇവര്‍ കാലക്രമേണ ശക്തിയും സ്വാധീനവുമുള്ള മാടമ്പിമാരായി വളര്‍ന്നുവെന്നു മാത്രമല്ല, രാജാവിനോട് കൂറില്ലാത്ത മറ്റു പ്രഭുക്കന്മാരെ തങ്ങളുടെ കൂട്ടുകെട്ടില്‍ കൊണ്ടുവന്ന് രാജവാഴ്ചയെ ചോദ്യം ചെയ്യത്തക്കവിധം ശക്തിപ്രാപിക്കയും ചെയ്തു. മാര്‍ത്താണ്ഡവര്‍മയുടെ കാലംവരെ ഈ ക്രമം തിരുവിതാംകൂറില്‍ തുടര്‍ന്നുകൊണ്ടിരുന്നു.

No comments: