മനസ്സും മനസ്സിന്‍റെ വികാരവിചാരങ്ങളും ശക്തിയോടെ നമ്മെ സ്വാധീനിക്കുന്നത് എപ്പോഴാണെന്നറിയാമോ? പ്രകൃതിയുടെ സാത്വികഭാവമായ പ്രഭാതകാലത്ത് അല്ല, രാജസരുപിണിയായ പകല്‍ നേരത്ത് അല്ല. തമോഗുണം ഉണരുന്ന രാത്രികാലത്താണ്. അതുകൊണ്ടാണ് രാത്രികാലങ്ങളില്‍ കൂടുതല്‍ മനസ്സു തുറന്ന് സംസാരിക്കുന്നത്, പലരഹസ്യങ്ങളും പറഞ്ഞുപോകുന്നത്. പ്രഭാതത്തില്‍ ഉണരുമ്പോള്‍ മനസ്സ് സാത്വികഭാവത്തില്‍ ആയിരിക്കും. അതിനാല്‍ തലേന്ന് രാത്രി പറഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്ത് അയ്യോ! വേണ്ടായിരുന്നു എന്നു തോന്നുന്നു. സത്വഗുണത്താല്‍ ബുദ്ധി തെളിഞ്ഞ് വിവേകത്തോടെ ആയിരിക്കുന്നു എന്നര്‍ത്ഥം. ഉടനേ തന്നെ നാം മറ്റേ ആളെ വിളിച്ച് ഇങ്ങനെ പറയും, ''ഞാന്‍ ഇന്നലെ രാത്രി പറഞ്ഞതൊന്നും ആരോടും പറയരുതേ''. രാത്രികാലങ്ങളില്‍ സ്വന്തം പ്രശ്നങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇവിടെയാണ് നാം മൂന്നുഗുണങ്ങളുടെ (സത്വം, രജസ്സ്, തമസ്സ്) പ്രകൃതിയെ തിരിച്ചറിയണം എന്നുവരുന്നത്. അത് നമ്മുടെ ആന്തരിക പ്രകൃതിയായാലും ശരി ബാഹ്യപ്രകൃതിയായാലും ശരി, അറിഞ്ഞു പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭാരതീയ വേദാന്തഗ്രന്ഥങ്ങള്‍ അതിനു സഹായിക്കുന്നുണ്ട്. സ്ഥലകാലങ്ങള്‍ മനസ്സിന്‍റെ ഗുണത്തെ സ്വാധീനിക്കുന്നുണ്ട്.
രാത്രി മനസ്സിനെ അടക്കാന്‍ പ്രയാസമാണ്, പെട്ടെന്ന് ദുഃഖം ഉണ്ടാകും, ബുദ്ധിയും വിവേകവും മറയും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞ് അങ്ങനെ മനസ്സ് മാറിത്തുടങ്ങും. അതിനാല്‍ സന്ധ്യയ്ക്ക് ശരീരശുദ്ധി വരുത്തി അല്പനേരം പ്രാര്‍ത്ഥിക്കുയോ ധ്യാനിക്കുകയോ സത് ഗ്രന്ഥങ്ങള്‍ വായിക്കുകയോ ചെയ്യുന്നത് നല്ലതാണ്. തമോഗുണത്തിലേയ്ക്ക് പോകുന്ന മനസ്സില്‍ സാത്വിക ഗുണം ശക്തിപ്പെടുത്താന്‍ അത് സഹായിക്കും. യുക്തിവാദമോ പ്രസ്ഥാനമോ അതിനു നമ്മെ അനുവദിക്കുന്നില്ലെങ്കില്‍ രഹസ്യമായിട്ടു ചെയ്താല്‍ മതി. പ്രകൃതിയുടെ ഗുണത്തെയും മനുഷ്യന്‍റെ ഗുണത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് വളരെ ശാസ്ത്രീയമായി നിരീക്ഷിച്ചുപരീക്ഷിച്ച് അറിഞ്ഞിട്ടാണ് ആചാര്യന്മാര്‍ ഓരോ ജീവിതചര്യകള്‍ അനുഷ്ഠാനങ്ങളായി നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. ഋഷിദര്‍ശനങ്ങളുടെ മതം ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്ന് യുക്തിനിഷ്ഠമായി പറഞ്ഞു തരുന്നു എന്നുമാത്രം. സത് ബുദ്ധിയില്‍ അത് മനസ്സിലാകുന്നു.
ഭഗവദ്ഗീത വായിക്കും മുമ്പ് ഗീതാധ്യാനമുണ്ട്. അതില്‍ പറയുന്നുണ്ട് ഈ ഉപനിഷത് സാരാമൃതം സത് ബുദ്ധി ഉള്ളവര്‍ മാത്രമേ ഉള്‍ക്കൊള്ളു എന്ന്. ബുദ്ധിയില്ലാത്തവര്‍ക്ക് മനസ്സിലാകില്ല എന്നു പറഞ്ഞില്ല. മനസ്സിലാകണം എങ്കില്‍ സത് ബുദ്ധി ഉണ്ടാവണം എന്നതാണ് സൂചന. തത്ത്വം അറിയുന്നവര്‍ അത് ജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നു. മനസ്സിലാകാത്തവര്‍ ഗീതോപദേശങ്ങളെയും സാത്വിക കര്‍മ്മങ്ങളെയും കുറ്റം പറഞ്ഞു നടക്കുന്നു. അതിനാല്‍ ലോകേശ്വരി സാത്വികിയായി നമ്മുടെ ബുദ്ധില്‍ പ്രകാശിച്ചു നമ്മെ അനുഗ്രഹിക്കട്ടെ. ഓം..krishankumar
No comments:
Post a Comment