Thursday, March 29, 2018

ഹിന്ദുസമൂഹത്തെ നൂറ്റാണ്ടുകളായി ഗ്രസിച്ചു നില്‍ക്കുന്ന ആചാരപരമായ ഒരു നീരാളി ആണിത്. വൈദികകാഴ്ച്ചപ്പാട് വികലമായപ്പോള്‍ ഉടലെടുത്ത അനാചാരമാണിത്. വൈദേശിക ആക്രമണം ഈ ദുഷിച്ച പ്രവണതയെ വളരെ വര്‍ദ്ധിപ്പിച്ചു എന്നും ധര്‍മ്മരക്ഷാര്‍ത്ഥം ആണ് ഇത്തരം വേലിക്കെട്ടുകളും മതില്‍ക്കെട്ടുകളും ഉണ്ടായതെന്നും ചില പണ്ഡിതര്‍ കരുതുന്നു. 
ബ്രാഹ്മണന്റെ എല്ലാമെല്ലാം അഗ്നി ആണ്. ആദിത്യനിലും തീയിലും വെള്ളത്തില്‍പോലും (യാഗത്തിലെ അവഭൃഥസ്‌നാനത്തില്‍ ഈ സങ്കല്‍പം ഉണ്ടെന്നു കൈതപ്രം പറയുന്നു) ബ്രാഹ്മണന്‍ അഗ്നിയെ ദര്‍ശിക്കുന്നു. ബ്രാഹ്മണ വര്‍ണ്ണത്തിന്റെ നിറം അഗ്നിയുടെ നിറമായ കപിലവര്‍ണ്ണമാണെന്നു നാം കണ്ടു. പിതൃലോകത്തിലെ പ്രധാനിയുടെ പേരും അഗ്നിയുമായി ബന്ധപ്പെട്ടതാണെന്നു (അഗ്നിഷ്വാത്) നാം കണ്ടു. ബ്രഹ്മവര്‍ച്ചസ്സ് എന്നു പറയുന്നത് ആഗ്നേയമായ തേജസ്സ് ആണ്. അഗ്നിസ്വരൂപനാണ് വിധിയാംവണ്ണം ജീവിക്കുന്ന ബ്രാഹ്മണന്‍ എന്നാണ് വൈദികസങ്കല്‍പം.
ഈ ബ്രഹ്മവര്‍ച്ചസ്സ് ഉണ്ടാക്കുക, വര്‍ദ്ധിപ്പിക്കുക, നിലനിര്‍ത്തുക എന്നത് അവരുടെ ആശയും ആവേശവും ആയിരുന്നു. അശുദ്ധി ബാധിച്ചാല്‍ ഈ വര്‍ച്ചസ്സ് കുറയും എന്ന ധാരണയും അവരില്‍ രൂഢമൂലമായിരുന്നു. വെള്ളം, വായു എന്നിവയിലൂടെ, പകര്‍ച്ചവ്യാധികളെപ്പോലെ, അശുദ്ധിയും പകരും എന്നും അവര്‍ കരുതി. തന്മൂലം കുളിക്കാതിരിക്കുക, സ്ത്രീകളുടെ മാസമുറ, വാലായ്മ, പുല മുതലായ- അവര്‍ അശുദ്ധി എന്നു കരുതിയവ, ഉള്ളവരെ, അവര്‍ സ്വജനങ്ങള്‍ ആണെങ്കിലും, ഇഷ്ടജനങ്ങള്‍ ആണെങ്കില്‍ പോലും, ആ അശുദ്ധി മാറുന്നതു വരെ അകറ്റി നിര്‍ത്തുമായിരുന്നു. അവര്‍ തൊട്ട വസ്തുക്കള്‍ (വസ്ത്രം, ഇരിക്കാനുള്ള മരപ്പലക തുടങ്ങിയവ) തൊടുകയില്ല. അവ നനഞ്ഞതും കൂടി ആണെങ്കില്‍ അശുദ്ധി പകരാനുള്ള സാധ്യത വളരെയാണെന്നും കരുതിയിരുന്നു. ശുദ്ധവും വൃത്തിയും ആണ് ബ്രാഹ്മണ്യത്തിന്റെ അടിത്തറ എന്നാണല്ലോ കരുതിവരുന്നത്. 
വിഷ്ണുദാസന്‍ എഴുതിയ കേരളീയ ബ്രാഹ്മണാദി ജാത്യാചാരനിയമം (എ.ഡി. 1915, മലയാളം ആണ്ട് മാസം 1096 മീനം) എന്ന പുസ്തകത്തിന് ഒരു അഭിപ്രായം പുന്നശ്ശേരി നീലകണ്ഠശര്‍മ്മ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു- ദേശഭേദം കൊണ്ടും കാലഭേദം കൊണ്ടും ഗ്രാമഭേദം കൊണ്ടും വളരെ വളരെ ആചാരങ്ങള്‍ വരുന്നു. അന്യോന്യം പുല ഉള്ളവര്‍ക്കു തന്നെ ദേശഭേദം കൊണ്ട് പുലയ്ക്കു ഭേദം വരുന്നു. ചിലേടത്തു പതിനൊന്നു പുല, ചിലേടത്തു പതിനാലു പുല, അതുപോലെ തന്നെ ഭിന്നജാതിക്കാര്‍ തമ്മില്‍ പുല കൊള്ളുന്നു. അത്രയുമല്ല ഒരാള്‍ മരിച്ചാല്‍ ഒരു ക്ഷേത്രത്തിലെ ദേവനും കൂടി പുല ആചരിക്കുന്നു. ഒരു ദിക്കിലെ മൂസ്സന്മാര്‍ക്കു പുലയായാല്‍ ക്ഷേത്രത്തില്‍ ശിവേലിക്ക് പ്രദക്ഷിണം കുറയ്ക്കുന്നു. കര്‍മ്മം കൊണ്ട് ആചാരഭേദം വരുന്നു. ശൂദ്രനു ക്ഷേത്രത്തില്‍ മണിയടിച്ചു തൊഴാനും സാക്ഷിഭോജനത്തിനും അവകാശം ചില കര്‍മ്മവിശേഷത്താല്‍ കിട്ടുന്നു. ചിലര്‍ക്കു പരമ്പരയാ കിട്ടിയിരിക്കുന്നു. ഒരു ശൂദ്രഗൃഹത്തില്‍ കൊല്ലത്തില്‍ ക്‌ളിപ്തമായ ഒരു ദിവസം ക്‌ളിപ്തസമയത്ത് ഉത്തമബ്രാഹ്മണര്‍ക്കുകൂടി നിസ്സങ്കോചം ഇരുന്നു ഭക്ഷിക്കാം. ഇങ്ങനെ വിവരിച്ചു തുടങ്ങിയാല്‍ അനവധി ആചാരവിശേഷങ്ങള്‍ കാണാം. ഇതുകള്‍ക്കു ചില കാരണവിശേഷങ്ങള്‍ അതാതു സമയം ഉണ്ടായിരിക്കാം. ചരിത്രപരിശോധന ചെയ്ത് അതെല്ലാം കണ്ടുപിടിക്കുന്നതു നല്ലതു തന്നെ.
ഇതുപോലെ തീണ്ടല്‍ കല്‍പ്പിച്ചതിനും ചില സൂക്ഷ്മകാരണങ്ങള്‍ ഉണ്ടാകും. വൃത്തിഗുണം ഇല്ലാത്തവരുടെ സംസര്‍ഗം രോഗകാരണം ആണല്ലോ. വൃത്തിഹീനത കൊണ്ടു വായു ദുഷിക്കും. ദുഷിച്ച വായു രോഗത്തെ ഉണ്ടാക്കും. ആ വൃത്തിഹീനതയുടെ ഗുരുലഘുത്വത്തിനനുസരിച്ച് വൃത്തിഹീനന്മാരെ ദൂരെ നിര്‍ത്തേണ്ടി വന്നു- എന്ന് തീണ്ടലിനെ പുന്നശ്ശേരി വിശദീകരിക്കുന്നു. ഈ വൈദികക്രിയാപരമായ വിശുദ്ധി (റിച്ച്വല്‍ പ്യൂരിറ്റി) സങ്കല്‍പ്പം ആണ് അയിത്താചരണത്തിന്റെ മൂലകാരണം എന്ന് എം.എന്‍. ശ്രീനിവാസനെപ്പോലുള്ള ആധുനിക സാമൂഹ്യശാസ്ത്രജ്ഞരും കരുതുന്നു. ചിലര്‍ ആരോപിക്കുന്നതുപോലെ സാമ്പത്തികവും മറ്റുമായ ഭൗതികകാരണങ്ങള്‍ അല്ല ഈ അയിത്താചരണത്തിനു പിന്നില്‍ എന്നു വ്യക്തമാണ്.
ഈ ബ്രഹ്മവര്‍ച്ചസ്സിനെ, ബ്രാഹ്മണ്യത്തെ,  നമുക്ക് മറ്റൊരു തരത്തില്‍ കണ്ടാലോ. അഗ്നി അതിന്റെ പരിധിക്കുള്ളില്‍ വരുന്ന എന്തിനേയും ഭസ്മമാക്കും എന്നത് ഏവര്‍ക്കും അനുഭവവേദ്യമാണല്ലോ. അതായത് അഗ്നിമയമാക്കും, തന്നേപ്പോലെ പരിശുദ്ധമാക്കും എന്നര്‍ത്ഥം. അപ്പോള്‍ ബ്രഹ്മവര്‍ച്ചസ്സ് ഉള്ള ബ്രാഹ്മണന് തന്റെ സാമീപ്യത്താല്‍ എന്തിനേയും ഏതിനേയും വിശുദ്ധമാക്കാന്‍ കഴിയും എന്നു കരുതുന്നതല്ലേ കൂടുതല്‍ യുക്തിസഹം. അത്തരത്തിലുള്ള ആത്മവിശ്വാസം, ഉറച്ച വിശ്വാസം അല്ലേ കൂടുതല്‍ ഭാവാത്മകം. അങ്ങനെ ലോകത്തെ പാവനമാക്കാന്‍, ശ്രേഷ്ഠമാക്കാന്‍, ഈ ഭൂമിയെ സ്വര്‍ഗമാക്കാന്‍ ബ്രഹ്മവര്‍ച്ചസ്സ് നമ്മള്‍ നേടണം, ആദ്യം സ്വന്തം നാട്ടുകാരിലേക്കു പകരണം, പിന്നീട് മാലോകരിലേക്കും എന്നു നിശ്ചയിച്ച് വൈദികാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുകയല്ലേ ശരിയായ വഴി, അതല്ലേ കരണീയം.
ആദ്യകാല വൈദികര്‍ അത്തരത്തിലാണ് ചിന്തിച്ചിരുന്നത്, പ്രവര്‍ത്തിച്ചിരുന്നത്, ജീവിച്ചിരുന്നത് എന്നതിന് വൈദികവാങ്മയം തന്നെ തെളിവുകള്‍ തരുന്നുണ്ടല്ലോ. മത്സ്യഗന്ധിയുടെ മകനാണ് സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്ന ഘടനയില്‍ വേദത്തെ നമുക്ക് വ്യസിച്ചുതന്നത്. ക്ഷത്രിയനായ വിശ്വാമിത്രന്‍ ഗായത്രിയുടെ ദ്രഷ്ടാവ് ആയപ്പോള്‍ ഋഷിപദവി നല്‍കി അന്ന് ആദരിച്ചു. സത്യകാമനേയും ഗാര്‍ഗ്ഗി, മൈത്രേയി തുടങ്ങിയ ബ്രഹ്മവാദിനികളെയും ബ്രഹ്മവര്‍ച്ചസ്സു നേടി അന്ത്യജപദത്തില്‍ നിന്നും അഗ്രജപദവിയിലേക്കുയര്‍ന്ന മറ്റ് വൈദികശ്രേഷ്ഠരേയും നമുക്ക് ഓര്‍ക്കാം. 
വര്‍ണ്ണവ്യത്യാസവും അയിത്തവും അതിന്റെ പേരിലുള്ള ഉച്ചനീചത്തവും എല്ലാം, അപ്പോള്‍, ഇടക്കാലത്ത,് നമ്മുടെ തന്നെ ദൗര്‍ബല്യം മൂലം ഉണ്ടായ അപചയം ആണെന്നു വരുന്നു. ആ പൂര്‍വികരുടെ കൃണ്വന്തോ വിശ്വം ആര്യം എന്ന ഉദാത്തവും ലോകോത്തരവും ആയ ഹിന്ദുവീക്ഷണം നാം കൈവിട്ടതു മൂലം, നമ്മുടെ സാമൂഹ്യശരീരത്തില്‍ ഉണ്ടായ പുഴുക്കുത്താണ് അതെന്നു നിസ്സംശയം തെളിയുന്നു. 
 ഭാരതത്തിന്റെ നാനാഭാഗങ്ങളിലായി, വൈദികത്തിന്റെ അന്തസ്സത്ത അറിഞ്ഞ വൈദികരും, മറ്റു വിഭിന്ന ഹിന്ദുവിശ്വാസപദ്ധതികള്‍ പിന്തുടര്‍ന്ന, ആവിഷ്‌കരിച്ച നിരവധി മഹാത്മാക്കളും, ഒന്നടങ്കം ഈ അപചയത്തെ നിഷേധിച്ചു. അതിനെ ഈ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് നമ്മുടെ ചരിത്രത്തില്‍ കാണാമല്ലോ (നവോത്ഥാനഭാരതം- നായകരും പ്രസ്ഥാനങ്ങളും, ഡോ. കൃഷ്ണഗോപാല്‍).
ഹിന്ദുസമൂഹം സ്വതവേ ഒന്നാണ് എന്ന യാഥാര്‍ത്ഥ്യം, മേല്‍വിവരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, ഇനിയെങ്കിലും നമുക്കുള്‍ക്കൊള്ളാം. മറ്റെന്ത് വീക്ഷണ വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും, നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പു തന്നെ ഇല്ലാതാക്കുന്ന ഏതു തരത്തിലുമുള്ള  വെല്ലുവിളികളേയും വൈദേശികമായ കടന്നുകയറ്റങ്ങളെയും ചെറുക്കാന്‍ അവശ്യം വേണ്ട വയം പഞ്ചാധികം ശതം എന്ന ഉറച്ച നിലപാട് കൈക്കൊള്ളാം.
vamanan

No comments: