മറ്റൊരു ശ്രദ്ധേയമായ കാര്യം യാഗത്തില്‍ പുരോഹിതരെ (ഋത്വിക്ക്) വരിക്കുന്ന സമയത്ത് ഒരു രക്ഷാപുരുഷനേയും വരിക്കുന്നു (കൈതപ്രം - സാഗ്നികം അതിരാത്രം) എന്നതാണ്. ഈ രക്ഷാപുരുഷനാകണം പിന്നീട് ക്ഷത്രിയവര്‍ണ്ണമായി തീര്‍ന്നത് എന്ന് ഈ ലേഖകന്‍ അനുമാനിക്കുന്നു. ക്ഷതത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവനാണ് ക്ഷത്രിയന്‍. ഇതു പിന്നീട് രാജാവിന്റെ പര്യായം ആയി. തന്‍മൂലം പില്‍ക്കാല യാഗങ്ങളില്‍ മേല്‍പ്പറഞ്ഞ രക്ഷാപുരുഷന്‍ രാജാവായി. ഒരാളെ രാജാവാക്കുന്നതിനുള്ള രാജസൂയം, വാജപേയം, അശ്വമേധം മുതലായ യാഗങ്ങള്‍ക്കും പില്‍ക്കാലത്ത് വൈദികര്‍ രൂപം കൊടുത്തല്ലോ.
അതുപോലെ യാഗത്തിനിടയ്ക്ക് സോമക്രയണം (നല്ല ഇനം സോമലത വിലപേശി വാങ്ങല്‍) എന്ന ചടങ്ങ് ഉണ്ടെന്നു നാം കണ്ടു. പലതരം യാഗങ്ങള്‍ രൂപം കൊള്ളുകയും നാടിന്റെ നാനാഭാഗത്തും യാഗങ്ങള്‍ നടത്തപ്പെടുകയും ചെയ്തുവന്നപ്പോള്‍ നല്ലയിനം സോമലത, യാഗോപകരണങ്ങള്‍, അവ ഉണ്ടാക്കാന്‍ വേണ്ട നിശ്ചിതവൃക്ഷങ്ങള്‍, നിശ്ചിതഗുണങ്ങളുള്ള മൃഗങ്ങള്‍ എന്നിവയുടെ ലഭ്യത അനിവാര്യമായി വന്നു. വൈദികമതത്തിലെ വൈശ്യവര്‍ണ്ണത്തിന്റെ ഉല്‍പ്പത്തിബീജം ഈ അനിവാര്യതയാകാം.
യാഗശാലാനിര്‍മ്മാണം മുതലായ കേവലം ശാരീരിക പ്രയത്‌നത്തിനും പ്രത്യേകം ആളുകള്‍ വേണമെന്ന നില വന്നു. ശൂദ്രവര്‍ണ്ണം ഉടലെടുത്തത് ഇങ്ങനെ ആകാം. ജൈമിനിമഹര്‍ഷിയുടെ മീമാംസാസൂത്രം, അതിന്റെ ശാബരഭാഷ്യം എന്നിവ അനുസരിച്ച് ത്രൈവര്‍ണ്ണികര്‍ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍) ക്കും, സ്ത്രീകള്‍ക്കും, രഥകാരനും, നിഷാദസ്ഥപതിക്കും യാഗം ചെയ്യാം; പക്ഷെ ശൂദ്രനു മാത്രം പാടില്ല! അവിടെ പരാമര്‍ശിക്കുന്ന ശൂദ്രന്‍ ഇന്ന് പൊതുവേ പറയുന്ന ശൂദ്രവിഭാഗം തന്നെ ആണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്നു നിലവിലുള്ള സാമൂഹ്യഘടനയും വര്‍ണ്ണമാതൃകയും തമ്മില്‍ പൊരുത്തമില്ല (ഫിറ്റ് ആവുന്നില്ല) എന്നും ശൂദ്രവിഭാഗത്തിന്റെ കാര്യത്തിലാണ് ഈ പൊരുത്തക്കേട് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്നും എം. എന്‍ ശ്രീനിവാസന്‍ പറയുന്നുമുണ്ട്.
മേല്‍ക്കൊടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ ചാതുര്‍വര്‍ണ്ണ്യം പ്രാരംഭത്തില്‍ യാഗസംബന്ധമായി, വൈദികഗോത്രങ്ങളില്‍ രൂപം കൊണ്ട, കേവലം അനുഷ്ഠാനപരമായ തൊഴില്‍വിഭജനം ആയിരുന്നു എന്നും പില്‍ക്കാലത്ത് അത് ജന്മത്തിന്റെ അടിസ്ഥാനത്തില്‍ പരമ്പരയാ ആചരിച്ചുവരികയും ക്രമേണ വൈദികര്‍ക്കു മുന്‍തൂക്കമുള്ള പ്രദേശങ്ങളിലും പിന്നീട് ഭാരതമെമ്പാടും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി മാറുകയും ചെയ്തു എന്നാണ് ഈ ലേഖകന്റെ നിഗമനം. ഇതിന് ഉപോത്ബലകമാണ്് വര്‍ണ്ണസങ്കരവും അതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ജാതി തീര്‍ക്കലും. ഭഗവത്ഗീതയില്‍ അര്‍ജ്ജുനന്‍ ഈ വര്‍ണ്ണസങ്കരത്തെ ഭയപ്പെടുന്നുമുണ്ടല്ലോ. കേരളത്തിലെ അമ്പലവാസി വ്യവസ്ഥയെ ഈ വൈദികചാതുര്‍വര്‍ണ്ണ്യവുമായി താരതമ്യം ചെയ്തു നോക്കുക.
അമരകോശത്തിന്റെ പാരമേശ്വരീ വ്യാഖ്യാനത്തില്‍ (ബ്രഹ്മ, ക്ഷത്രിയ, വൈശ്യ, ശൂദ്രവര്‍ഗങ്ങള്‍) വാചസ്പതി പരമേശ്വരന്‍ മൂസത് വര്‍ണ്ണസങ്കരം കൊണ്ടുണ്ടായ ജാതികളെ വിസ്തരിച്ചു പറയുന്നുണ്ട്- വര്‍ണ്ണം എന്നാല്‍ സ്വധര്‍മ്മത്തില്‍ പ്രേരിപ്പിക്കപ്പെടുന്നത് (വര്‍ണ്ണ പ്രേരണേ- ഘഞ്). ബ്രാഹ്മണന്‍ കപിലവര്‍ണ്ണവും, ക്ഷത്രിയന്‍ അരുണവര്‍ണ്ണവും വൈശ്യന്‍ പീതവര്‍ണ്ണവും ശൂദ്രന്‍ കൃഷ്ണവര്‍ണ്ണവും ആണെന്ന് വിഷ്ണുപുരാണം. ശൂദ്രന്‍ എന്നാല്‍ ഞങ്ങള്‍ ഈവിധം അന്ത്യവര്‍ണ്ണം ആയിപ്പോയല്ലോ എന്നു വെച്ചു ദു:ഖിക്കുന്നവര്‍ എന്നര്‍ത്ഥം. അംബഷ്ഠന്‍, കരണന്‍ തുടങ്ങി ചണ്ഡാലപര്യന്തം ഉള്ളവര്‍ എല്ലാം സങ്കീര്‍ണ്ണന്മാരാകുന്നു.
സങ്കീര്‍ണ്ണന്മാര്‍ എന്നാല്‍ പ്രതിലോമ-അനുലോമേന കൂടിക്കലര്‍ന്നവര്‍ എന്നര്‍ത്ഥം. അതായത് മേലേമേലേ ജാതിക്കാര്‍ക്ക് താഴെതാഴെ ജാതിയില്‍ സന്തതി ഉണ്ടാകുന്നത് അനുലോമം. നേരേ മറിച്ച് താഴെ ജാതിക്കാര്‍ക്ക് തന്നേക്കാള്‍ മേലേയുള്ള ജാതിയില്‍ സന്തതി ഉണ്ടാകുന്നത് പ്രതിലോമം. ആദ്യത്തില്‍ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാര്‍ എന്നിങ്ങനെ നാലു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മേല്‍വിവരിച്ചപ്രകാരം പ്രതിലോമമായും അനുലോമമായും അനേകം ജാതികള്‍ ഉല്‍ഭവിച്ചു. അങ്ങിനെ ഉണ്ടായ ജാതികള്‍ക്കു പൊതുവില്‍ സങ്കീര്‍ണ്ണന്മാര്‍ എന്നു പേര്‍ പറയും. അവരെ ചുരുക്കത്തില്‍ പതിനൊന്നായി ഭാഗിച്ചിട്ടുണ്ട്.
(1) കരണന്‍ (ശൂദ്രസ്ത്രീയില്‍ വൈശ്യനു പിറന്ന പുത്രന്‍- തൊഴില്‍ ലേഖനം), (2) അംബഷ്ഠന്‍ (വൈശ്യസ്ത്രീയില്‍ ബ്രാഹ്മണനുണ്ടായ പുത്രന്‍- തൊഴില്‍ ചികിത്സ), (3) ഉഗ്രന്‍ ( ശൂദ്രസ്ത്രീയില്‍ ക്ഷത്രിയന് ഉണ്ടായ പുത്രന്‍- തൊഴില്‍ ശസ്ത്രം അതായത് ആയുധം) , (4) മാഗധന്‍ (ക്ഷത്രിയ സ്ത്രീയില്‍ വൈശ്യന് ഉണ്ടായ പുത്രന്‍- തൊഴില്‍ രാജാക്കന്മാര്‍ പ്രഭുക്കള്‍ എന്നിവരുടെ സ്തുതിപാഠകര്‍. മാഗധരാജ്യത്ത് ആണത്രേ ഇവര്‍ കൂടുതലുള്ളത്), (5) മാഹിഷ്യന്‍ (വൈശ്യ സ്ത്രീയില്‍ ക്ഷത്രിയനുണ്ടായ പുത്രന്‍- തൊഴില്‍ ജ്യോതിഷം, ശകുനശാസ്ത്രം, സ്വരശാസ്ത്രം ഇവ കൊണ്ട് ഉപജീവനം), (6) ക്ഷത്താവ് (ക്ഷത്രിയ സ്ത്രീയില്‍ ശൂദ്രനുണ്ടായ പുത്രന്‍- തൊഴില്‍ ദ്വാരപാലകന്‍), (7) സൂതന്‍ (ബ്രാഹ്മണ സ്ത്രീയില്‍ ക്ഷത്രിയനുണ്ടായ പുത്രന്‍- ആനയെ തളയ്ക്കുക, തേര്‍ കൊണ്ടു നടക്കുക മുതലായവ വഴി ഉപജീവനം), (8) വൈദേഹകന്‍ ( ബ്രാഹ്മണ സ്ത്രീയില്‍ വൈശ്യനുണ്ടായ പുത്രന്‍- തൊഴില്‍ 64 കലാവിദ്യകള്‍), (9) രഥകാരന്‍ (മേല്‍പ്പറഞ്ഞ കരണിസ്ത്രീയില്‍ മാഹിഷ്യനുണ്ടായ പുത്രന്‍- തൊഴില്‍ തേര്‍പണിയും വിറകുകച്ചവടവും), (10) പാരശവന്‍ (ശൂദ്രസ്ത്രീയില്‍ ബ്രാഹ്മണനുണ്ടായ പുത്രന്‍- ആയുധം കൊണ്ട് ഉപജീവനം എന്നു ചിലര്‍. മഹാഭാരതത്തിലെ വിദുരര്‍ പാരശവനാണത്രെ), (11) ചണ്ഡാലന്‍ (ബ്രാഹ്മണ സ്ത്രീയില്‍ ശൂദ്രനുണ്ടായ പുത്രന്‍- ശവത്തിന്മേല്‍ നിന്നെടുത്ത വസ്ത്രം ഉടുക്കുകയും നിന്ദ്യങ്ങളായ മാംസങ്ങളെ ഭക്ഷിക്കുകയും ശ്മശാനത്തില്‍ അധിവസിക്കുകയും ചെയ്യുന്നു) എന്നിങ്ങനെ പതിനൊന്നു ജാതികള്‍.
വൈജയന്തിയില്‍ മനുഷ്യാധ്യായത്തില്‍ ബ്രാഹ്മണാദി നാലു വര്‍ണ്ണങ്ങളെ പറഞ്ഞശേഷം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവര്‍ക്ക് ഇതരസ്ത്രീകളില്‍ ഉണ്ടാകുന്ന സന്തതികളെക്കുറിച്ചും മറ്റു സങ്കരജാതികളെപ്പറ്റിയും വളരെ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട് എന്ന് മൂസ്സത് പറയുന്നു. മനുസ്മൃതി, അതിനു കുല്ലൂകഭട്ടന്‍ എഴുതിയ വ്യാഖ്യാനം മുതലായവയിലും ഈ വിഷയം വിസ്തരിക്കുന്നുണ്ട്.
vamanan
No comments:
Post a Comment