ദ്വന്ദാതീതനും ഗഗനസദൃശനും ഏകനും നിത്യനും വിമലനും അചലനും ഭാവാതീതനും ത്രിഗുണരഹിതനുമായ സാക്ഷ്യമൂലമാണ് ആത്മാവ് എന്ന് ഭാരതീയദര്‍ശനമായ വേദാന്തം പറയുന്നു. രണ്ട് എന്ന അവസ്ഥയില്ലാത്ത ഏകം, അനേകം എന്ന വിഭജനമില്ലാത്ത, ആകാശത്തെപ്പോലെ രൂപഭാവങ്ങള്‍ ഇല്ലാത്ത, നിര്‍ഗുണനും നിരാമയനും മാലിന്യമോ, ബോധമണ്ഡലത്തിന്റെ ത്രിഗുണങ്ങേളാ (ഭൂതം, വര്‍ത്തമാനം, ഭാവി) ഇല്ലാത്തവനും, അതേസമയം എല്ലാ ചരാചരങ്ങളിലും സദാസമയവും പ്രകാശിച്ചുകൊണ്ടിരിക്കുന്നതുമായ മഹാചൈതന്യം-അതാണ് ആത്മാവ്. ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നു: ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ ന ചൈവ ന ഭവിഷ്യാമഃ സര്‍വേ വയമതഃ പരം. (2-12) ഞാന്‍ ഒരിക്കലും ഇല്ലായിരുന്നു എന്നത് ഇല്ലതന്നെ, നീയും ഇല്ലാതിരുന്നിട്ടില്ല. നാമെല്ലാവരും ഇതിനുശേഷം ഉണ്ടാകാതിരിക്കും എന്നുള്ളതും ഇല്ല തന്നെ. (ഈ ശരീരം സ്വീകരിക്കുന്നതിന് മുന്‍പ് ആത്മാവ് നിലനിന്നിരുന്നു, ഇതിനെ ത്യജിച്ച ശേഷവും ഇത് നിലനില്‍ക്കും എന്ന് സാരം). ഐതരേയോപനിഷത്ത് ആദ്യമന്ത്രത്തില്‍തന്നെ ലോകോല്‍പത്തിയുമായി ബന്ധപ്പെടുത്തി ഇങ്ങനെ പറയുന്നു. ഈ ലോകസൃഷ്ടിക്ക് മുന്‍പ് ആത്മാവ് മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. ചലിക്കുന്നതായി യാതൊന്നും ഉണ്ടായിരുന്നില്ല. അവന്‍ (ആത്മാവ്) സങ്കല്‍പിച്ചു. ലോകാനുലോകങ്ങള്‍ സൃഷ്ടിക്കപ്പെടട്ടേ എന്ന്. അങ്ങനെ ഈ ലോകങ്ങള്‍ ഉണ്ടായി. (വേദാന്ത ദര്‍ശനം-പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍). ആത്മാവിനെ ഓരോ ജീവരൂപത്തിന്റേയും അന്തഃസത്തയായിരിക്കുന്ന അന്തര്യാമിയായി ബ്രഹ്മദാരുണ്യകോപനിഷത്ത് പറയുന്നു. ശരീരത്തിന് മാറ്റമുണ്ടാകുമ്പോഴും മാറാതിരിക്കുന്ന സദ്‌വസ്തു എന്ന നിലയില്‍ ആത്മാവിനെ അമുതന്‍ എന്നും അന്തര്യാമി എന്നും ബൃഹദാരണ്യകോപനിഷത്ത് വിശേഷിപ്പിക്കുന്നു. ഒരിക്കലും ശോഷിക്കാതിരിക്കുന്ന ആത്മത്വം ബ്രഹ്മം തന്നെയാണെന്നും പറയുന്നു. (ഗുരു നിത്യചൈതന്യയതി ഭാരതീയ-മനഃശാസ്ത്രം). ഛാന്ദോഗ്യോപനിഷത്തില്‍ ആത്മാവ് തന്നെയാണ് ബ്രഹ്മം എന്നുപറയുന്നുണ്ട്. (ഗുരു നിത്യചൈതന്യയതി-ഭാരതീയമനഃശാസ്ത്രം). വേദാന്തികളെപ്പോലെ തന്നെ പാശ്ചാത്യ തത്വജ്ഞാനികളും ആത്മാവ് എന്ന അദൃശ്യ പ്രതിഭാസത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആത്മാവിനെ അവര്‍ വിളിച്ചത് ഗ്രീക്കു വാക്കായ സൈക്കി എന്നാണ്. സൈക്കി എന്നുവച്ചാല്‍ പ്രാണന്‍, ജീവന്‍, ജീവാത്മാവ്, ആത്മത്വം, ആത്മാവ് എന്നെല്ലാമര്‍ത്ഥമുണ്ട്. ഹോമറും അരിസ്റ്റോട്ടിലും ഈ പേരിലുള്ള അജ്ഞാത സ്വത്വത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അരിസ്റ്റോട്ടില്‍ സൈക്കിയെ കാണുന്നത് ജീവന്റെ ഗതീയശക്തി ആയിട്ടും സാരസത്തയുമായിട്ടുമാണ്. (ഗുരു ചൈതന്യയതി-ഭാരതീയ മനഃശാസ്ത്രം). ഹോമറിന്റെ വീക്ഷണത്തില്‍ ശരീരം ചോദനയുടെ താല്‍ക്കാലിക ആവാസകേന്ദ്രം മാത്രമാണ്. (ഗുരുനിത്യചൈതന്യയതി-ഭാരതീയമനഃശാസ്ത്രം). അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ആത്മാവ് എന്നത് എല്ലാ ജീവജാലത്തിനും കാരണമായ ആദിരൂപമാണ്. സസ്യങ്ങളില്‍ ആത്മാവ് വളര്‍ച്ചയേയും പ്രതിരോധത്തേയും നല്‍കുന്നു. എന്നാല്‍ മൃഗങ്ങളില്‍ അത് ചേതനയായും പ്രവര്‍ത്തന ഊര്‍ജ്ജമായും വംശവര്‍ദ്ധനയായും പ്രവര്‍ത്തിക്കുന്നു. മനുഷ്യരില്‍ ഇതിനെല്ലാമുപരി കാര്യകാരണചിന്തയായി(പ്രജ്ഞ) പ്രവര്‍ത്തിക്കുന്നു. അതേസമയം ആത്മാവ് വ്യക്തിയുടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും മനോവ്യാപാരങ്ങളെയും നിയന്ത്രിക്കുന്ന ഒന്നാണ്. അത് പദാര്‍ത്ഥസ്വഭാവമുള്ള ഒന്നല്ല(അരിസ്റ്റോട്ടില്‍). ശരീരം മരിച്ചാലും ആത്മാവ് മരിക്കുന്നില്ല. അത് വ്യക്തിഗതമല്ലാത്തതും അമൂര്‍ത്തവുമാണ്. ബുദ്ധിപരമായ മേഖലകളില്‍ അത് നിഷ്‌ക്രിയമാണെങ്കിലും ഓര്‍മ്മ, ചിന്ത, സങ്കല്‍പം തുടങ്ങിയ മനോവ്യാപാരങ്ങള്‍ക്ക് ഉറവിടവും വ്യക്തിയുടെ മരണത്തോടെ ശരീരംപോലെ ഇല്ലാതാകുന്നതും അല്ല.
No comments:
Post a Comment