Saturday, March 31, 2018

അമര്‍നാഥ് ദര്‍ശനത്തിനുപോകുന്നുവോ; എങ്കില്‍ പഹല്‍ഗാംവഴി നടന്നുതന്നെ പോകണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കു കിട്ടുന്ന ദിവ്യമായ പല അനുഭൂതികളും കാഴ്ചകളും ലോകത്തില്‍ മറ്റെങ്ങും ഒരുകാലത്തും കിട്ടുകയില്ലെന്നു ധരിക്കുക. ഹിമവത്ശൃംഗ ഗുഹയില്‍ സ്വയംഭൂവാകുന്ന ഹൈമവതമഹാലിംഗത്തിന്റെ ദര്‍ശനത്തിനായി അനേകായിരങ്ങള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് ഈ ജൂണ്‍ 29-ാം തീയതിമുതല്‍ പ്രയാണമാരംഭിച്ചു. ശ്രാവണ ഋതുവില്‍ സ്വയം പ്രത്യക്ഷപ്പെടുന്ന ഹിമലിംഗത്തിന് ചന്ദ്രകലയുടെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് രൂപമാറ്റംവന്നുകൊണ്ടിരിക്കും. രണ്ടുവഴിക്കാണ് അമര്‍നാഥിലേക്ക് പോകുന്നത്. ഒന്ന്, ശ്രീനഗര്‍വഴി ബാല്‍ത്താള്‍ എന്ന നഗരംവരെ ബസ്സ് യാത്രയായി എത്തിയിട്ട് അവിടെനിന്ന് 14 കി.മീ ദൂരം കാല്‍നടയായി അമര്‍നാഥ് ഗുഹയിലേക്ക് പോകാം. രണ്ട്, ജമ്മുവിലെ ഭഗവതി നഗറിലെ ബേസ്‌ക്യാമ്പില്‍ രാത്രി തങ്ങിയിട്ട് പിറ്റേന്ന് ഏഴുമണിയോടുകൂടി അണിനിരക്കുന്ന കാരവന്‍ ബസ്സുകളില്‍ അടുത്ത ക്യാമ്പായ പഹല്‍ഗാമിലെത്തി, ഏതെങ്കിലുമൊരു കൂടാരത്തില്‍ തങ്ങി, പിറ്റേന്ന് രാവിലെ അവിടെനിന്ന് ചെറുവണ്ടികളില്‍ 16 കി.മീ അകലെയുള്ള ചന്ദന്‍വാഡിയിലേക്ക് വനയാത്രചെയ്ത് തുടര്‍ന്ന് കാല്‍നടയായി 12 കി.മീ അകലെയുള്ള മൂന്നാം ക്യാമ്പായ ശേഷനാഗിലെത്തി രാത്രി അവിടെ കൂടാരങ്ങളില്‍ തങ്ങുക. പിറ്റേന്ന് രാവിലെ വീണ്ടും 11 കി.മീ അകലെയുള്ള പഞ്ചതരണി ക്യാമ്പിലെത്തി കൂടാരത്തില്‍ രാത്രി കഴിച്ചുകൂട്ടി, പിറ്റേന്ന് രാവിലെ യാത്രതിരിച്ചാല്‍ ആറ് കി.മീ അകലെയുള്ള അമര്‍നാഥ് ഗുഹയിലെത്താം. അമര്‍നാഥ്ജിയുടെ  കഥയിങ്ങനെ പുരാണങ്ങളിലെ അമര്‍നാഥ് ഗുഹയെക്കുറിച്ച് ചരിത്രം മറന്നുപോയിരുന്നു. പിന്നീട് ബൂട്ടാ മാലിക് (ഭൂതമാലിക്?) എന്ന ഒരു ആട്ടിടയന്‍ പഞ്ജാല്‍പര്‍വതത്തിന്റെ അടിവാരത്തു വച്ച് ഒരു സന്ന്യാസിയെ കണ്ടുമുട്ടി. അദ്ദേഹം ആ ഇടയന് സഞ്ചിനിറയെ കരിക്കട്ട സമ്മാനിച്ചു. അതുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ശേഷം തുറന്നുനോക്കിയപ്പോള്‍ ആ കരി മുഴുവന്‍ സ്വര്‍ണനാണയങ്ങളായി മാറിയിരിക്കുന്നു. സന്തോഷംകൊണ്ട് നന്ദി അറിയിക്കാന്‍ ആ ഇടയന്‍ അദ്ദേഹത്തെ കണ്ട സ്ഥലത്തേക്ക് പാഞ്ഞുചെന്നു; പക്ഷെ ആളെ കണ്ടെത്താനായില്ല. അദ്ദേഹത്തെ തേടി നടന്ന ഇടയന്‍ ആകസ്മികമായി ഒരു ഗുഹയും അതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാലിംഗവും കണ്ട് അത്ഭുതപരതന്ത്രനായി. തിരിച്ചുവന്ന് ഗ്രാമത്തെ അറിയിക്കുകയും അനന്തരം ജനങ്ങള്‍ കൂട്ടമായി ഗുഹാലിംഗദര്‍ശനത്തിനായി യാത്ര ആരംഭിക്കുകയും ചെയ്തു. ആ ദര്‍ശനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉമയും മഹേശ്വരനും ഉമാദേവി മഹേശ്വരന്റെ അമരത്വത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അത് വളരെ നിഗൂഢമായ രഹസ്യമായതുകൊണ്ട് ദേവിക്ക് ആ തത്വം ഉപദേശിച്ചുകൊടുക്കാനായി വളരെ വിജനവും ജന്തുവര്‍ഗങ്ങളോ കൃമികീടങ്ങളോ പോലുമില്ലാത്ത ഒരിടംതേടി മഹാദേവന്‍ നടന്നുതുടങ്ങി. തന്നോടൊപ്പം വന്നുകൊണ്ടിരുന്ന സന്തതസഹചാരികളായവരെപ്പോലും അകറ്റി ദേവിയെ തീര്‍ത്തും ഏകാന്തയാക്കിയതിനുശേഷമേ തത്വോപദേശം ചെയ്യൂ എന്നുറച്ച മഹാദേവന്‍ പഹല്‍ഗാമിലെത്തിയപ്പോള്‍ നന്ദികേശ്വരനോട് അവിടെ തങ്ങാന്‍ കല്പിച്ചു. ചന്ദന്‍വാടിയിലെത്തിയപ്പോള്‍ ശിരസ്സിലെ ചന്ദ്രനെ അവിടെ ഇറക്കിവിട്ടു. ശേഷനാഗിലെത്തിയപ്പോള്‍ കഴുത്തില്‍ക്കിടന്ന നാഗങ്ങളെ അവിടെ ഇറക്കിവിട്ടു. മഹാഗണേഷ്‌ടോപ്പിലെത്തിയപ്പോള്‍ ഗണേശനെ അവിടെയിരുത്തി. അപ്രകാരം പാര്‍വതീദേവിയെ മാത്രം കൂട്ടത്തില്‍കൂട്ടി ഗുഹയിലെത്തി. കാലാഗ്നിയെക്കൊണ്ട് അവിടം മുഴുവനും തീപിടിപ്പിച്ച് സകലവിധ സൂക്ഷ്മജീവികളെപ്പോലും ദഹിപ്പിച്ചുകളഞ്ഞു. താന്‍ പറഞ്ഞുകൊടുക്കുന്ന പരമരഹസ്യം ഒരു അണുപോലും കേള്‍ക്കരുതെന്ന കഠിനതാല്‍പര്യം ഭഗവാനുണ്ടായിരുന്നു. മഹാദേവന്‍ പാര്‍വതീദേവിയോട് തന്റെ അമരത്വത്തിന്റെ പരമരഹസ്യം ആ ഗുഹയിലിരുന്ന് പറഞ്ഞുകൊടുത്തു. എങ്കിലും മഹാദേവന്റെ ഇരിപ്പിടത്തിനടിയില്‍ രണ്ടു പ്രാവിന്‍മുട്ടകള്‍ കാണപ്പെടാതെ കിടന്നിരുന്നു. അതിനുള്ളിലുണ്ടായിരുന്ന ഭ്രൂണങ്ങള്‍ ആ രഹസ്യം കേട്ടു. അവ കാലാനുസൃതം പിറന്നു. ഭഗവാന്റെ അമരവാണികേട്ട് നിത്യതനേടിയ ആ പ്രാവുകള്‍, അത്ഭുതമെന്നു പറയട്ടെ, കൃമികീടങ്ങള്‍ക്കുപോലും ജീവിക്കാനാകാത്ത ആ ഹിമശൈത്യത്തില്‍ കഴിഞ്ഞുകൂടുന്നു. അമരത്വം നേടി, കാലാന്തരങ്ങളെ അതിശയിച്ച, ആ കപോതങ്ങളെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഇന്നും കാണാം. യാത്ര ആരംഭിക്കാം ജമ്മുവിലെ ഭഗവതി നഗറില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ അപ്പോള്‍ മുതല്‍ സിആര്‍പിഎഫ് എന്ന ഭാരതസേനയുടെ സംരക്ഷണയിലാണ്. നിങ്ങള്‍ ചെല്ലുന്ന ദിവസം ഭഗവതിനഗറില്‍ സൂര്യനസ്തമിക്കാന്‍ എട്ടുമണിവരെയെങ്കിലും കാക്കേണ്ടിവരും. യാത്രാവേളമുഴുവന്‍, തിരിച്ച് ഭഗവതിനഗറില്‍ എത്തുവോളം, നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണമത്രയും സൗജന്യമായി കിട്ടിക്കൊണ്ടിരിക്കും. ഓരോക്യാമ്പിലും മെഡിക്കല്‍ പോസ്റ്റുകളുമുണ്ട്. പിറ്റേന്നു രാവിലെ ഏഴുമണിയോടെ കാത്തുകിടക്കുന്ന യാത്രാവണ്ടികളില്‍ കയറി യാത്ര ആരംഭിക്കാം. നാഷണല്‍ ഹൈവേ 'ഒന്ന് എ' യില്‍ക്കൂടിയുള്ള യാത്രയില്‍ 110 കി.മീ. പിന്നിടുമ്പോള്‍ ചേതനാലാ എന്ന സ്ഥലത്ത് ചൈനീസ് യുദ്ധത്തോടെ ഇന്ത്യ പണികഴിപ്പിച്ച ഇരട്ടസമാന്തര ജവഹര്‍ ടണല്‍ (2.7 കി.മീ. ദൂരം) കടന്ന് മൊത്തം 280 കി.മീ. താണ്ടി പഹല്‍ഗാമില്‍ അടുത്ത സന്ധ്യയോടുകൂടി എത്തിച്ചേരും. ഹിമാലയന്‍ കുന്നുകളും മലനിരകളും അപൂര്‍വമായികാണപ്പെടുന്ന ഗ്രാമങ്ങളും കൃഷിയിടങ്ങളും കണ്ടുകണ്ടുള്ള യാത്ര അനുപമമായ അനുഭൂതി പകരുന്നതാണ്. പഹല്‍ഗാം പഹല്‍ഗാം ക്യാമ്പിനു സമീപത്തുകൂടിയാണ് ലിഡര്‍നദി ഒഴുകുന്നത്. പുരാണങ്ങളില്‍ ലംബോദരിയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള അവള്‍ ആഹ്ലാദത്തിമിര്‍പ്പോടെ എടുത്തുചാടിയും തിളച്ചുമറിഞ്ഞും കോലാഹലമുണ്ടാക്കിക്കൊണ്ട് ഇരുകരകളിലുമുള്ള ചീടുമരങ്ങള്‍ക്ക് ഇടയില്‍ക്കൂടി ഒഴുകിപ്പോകുന്ന കാഴ്ച ഒന്നു വേറെ തന്നെ. രാവിലെതന്നെ തീര്‍ത്ഥാടകര്‍ക്ക് ചന്ദന്‍വാടിയിലേക്ക് യാത്ര ചെയ്യാനുള്ള ചെറുവണ്ടികള്‍ എത്തും. അവയിലേതെങ്കിലും ഒന്നില്‍ കയറി 16 കി.മീ. വനത്തില്‍ക്കൂടി സഞ്ചരിച്ച് നാം ചന്ദന്‍വാടിയിലെത്തിയിട്ട് കാല്‍നടയാത്ര ആരംഭിക്കുകയായി. പിഷു ടോപ് എന്നു പറയപ്പെടുന്ന മല, ദേവന്മാരും രാക്ഷസന്മാരുമായി നടന്ന ഒരു ഘോരയുജദ്ധത്തിന്റെ ഫലമായി വധിക്കപ്പെട്ട രാക്ഷസന്മാരുടെ ശവശരീരങ്ങള്‍ കൂട്ടിയിട്ടുണ്ടായ മലയാണത്രെ. ഈ മലയ്ക്ക് മൂന്നു കി.മീ. ഉയരംവരും. ഈ മലകയറി ഏതാണ്ട് സമതലമെന്നു പറയാവുന്ന നാഗകോടിയെന്ന സ്ഥലത്തെത്താന്‍ രണ്ടരമണിക്കൂറെങ്കിലും വേണ്ടിവരും. നാഗകോടിയില്‍ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാണ്. പിന്നീട് പത്തുകിലോമീറ്ററോളം ചെറുതായ കയറ്റവും ഇറക്കവുമുള്ള തെളിഞ്ഞ വഴിത്താരയാണ്. നാഗകോടിയിലെത്തുമ്പോള്‍ ചന്തന്‍വാടിയില്‍കണ്ട ചീടുമരക്കാടുകള്‍ കാണുകയില്ല. അവിടെയുള്ള ചീടുമരങ്ങള്‍ ബോള്‍സായിമരങ്ങളെപ്പോലെ കുള്ളന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. നാഗകോടികഴിഞ്ഞാല്‍ ഇരുവശങ്ങളിലുംകാണുന്ന മഞ്ഞുമലകള്‍ക്കിടയിലെ താഴ്‌വരയില്‍ ചെറു പുല്ലുകള്‍ മാത്രമേ കാണൂ. ശേഷ്‌നാഗ് സന്ധ്യയോടടുക്കുമ്പോള്‍ ശേഷ്‌നാഗ് എന്ന സ്ഥലത്തെത്താം. മൂന്നാമത്തെ ക്യാമ്പാകുന്ന അവിടെ ധാരാളം ടെന്റുകള്‍ കാണാം. ശേഷസര്‍പ്പത്തിന്റെ തലപോലെ ഏഴുകൊടുമുടികളുടെ താഴ്‌വാരത്തിലായി കടും പച്ചപ്പുകലര്‍ന്ന അഗാധമായതടാകം നിശ്ചലമായി പരന്നുകിടക്കുന്നു. അതിലേക്ക് നോക്കിയാല്‍ ഏതോ നിഗൂഢത അതിന്റെ ഗര്‍ഭത്തിലുണ്ടെന്നു പേടിപ്പെടുത്തുന്ന കാഴ്ച! പൗര്‍ണമിനാളില്‍ അര്‍ദ്ധരാത്രിക്ക് മഹാതേജസ്സോടുകൂടി ശേഷനാഗ് ആ തടാകത്തില്‍ക്കൂടി സഞ്ചരിക്കുമെത്ര. അപ്പോള്‍ അത്ഭുതകരവും സ്വര്‍ണമയവുമായ ദീപപ്രഭയുണ്ടാകും. മണിനാദങ്ങളാല്‍ ആ താഴ്‌വര മുഴുവന്‍ മുഖരിതമാകും. അത്ഭുതകരമായ ആ പ്രഭാസഞ്ചാരത്തെക്കുറിച്ച് കാശ്മീരിലെ മുസ്ലീമുകള്‍പോലും വിശ്വാസഭയഭക്തികളോടെയാണ് സംസാരിക്കുക.മഹാഗണേഷ് ടോപ്പ് പിറ്റേന്ന് രാവിലെതന്നെ മഹാഗണേഷ് ടോപ്പ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുകയാണ്. പിഷുടോപ്പ് കഴിഞ്ഞാല്‍ അതിക്ലേശകരമായ കയറ്റമാണത്. 14,600 അടി ഉയരമുള്ള അവിടെയെത്തുമ്പോള്‍ ചിലപ്പോള്‍ പ്രാണവായുവിന്റെ ലഭ്യത കുറവായിരിക്കും. അതികഠിനമായ യാത്രകഴിഞ്ഞ് പ്രാണവായുവിന്റെ കുറവുമൂലം തളര്‍ന്ന് ഒരു പാറയില്‍ക്കയറി ഇരുന്നുവിശ്രമിക്കവേ അങ്ങ് അകലെ മഹാദേവന്‍ ഒരു അത്ഭുതകരമായ കാഴ്ചയൊരുക്കി അനുഗ്രഹിച്ചു. അകലെക്കണ്ട മൂന്നുകൊടുമുടികളുടെ മദ്ധ്യത്തായി മഞ്ഞുപാളികളില്ലാത്തതുകൊണ്ട് കറുപ്പുനിറംകലര്‍ന്ന പ്രതലത്തില്‍ അതിമനോഹരമായ വടിവില്‍ ഭഗവാന്‍ പ്രണവം എഴുതിക്കാണിച്ചു. അത്ഭുതംകൊണ്ടും അത്യാഹ്ലാദംകൊണ്ടും ഞാന്‍ എല്ലാവരെയും (അപ്പോള്‍ അവിടെ ഏഴോ എട്ടോ തീര്‍ത്ഥാടകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു) വിളിച്ചുകാണിച്ചു; ഞങ്ങള്‍ ഉച്ചത്തില്‍ മഹാദേവനെ സ്തുതിച്ചുകൊണ്ടുനില്‍ക്കെ പത്തിരുപത്‌സെക്കന്റുകള്‍ക്കെകാണ്ട് അതപ്രത്യക്ഷമായി. തീര്‍ത്ഥാടകര്‍ എപ്പോഴും ഓര്‍ക്കുക- ഹിമവന്നിരകള്‍ മുഴുവനും ദേവഭൂമിയാണ്. പാബിബാള്‍, പഞ്ചതരണി ഗണേഷ്‌ടോപ് കഴിഞ്ഞാല്‍ കയറ്റങ്ങളില്ല. മഹാഗണേഷ് ടോപ്പിനു ശേഷം പാബിബാല്‍ എന്ന പ്രദേശത്തെത്തുന്നു. അതിനുശേഷമാണ് ഇറക്കം ആരംഭിക്കുന്നത്. 14,600 അടിയില്‍നിന്ന് 12,769 അടിയിലേക്ക് നാം ഇനി ഇറങ്ങുകയാണ്. വൈദ്യസഹായങ്ങള്‍ ലഭിക്കാന്‍ മെഡിക്കല്‍ പോസ്റ്റുകള്‍ ഗണേഷ്‌ടോപ്പിനു തൊട്ടുമുമ്പും പഞ്ചതരണിയിലുമുണ്ട്. പഞ്ചതരണിയിലേക്കുള്ള നടത്തത്തില്‍ ആയാസവും സുഖവും തോന്നും. 4.6 കി.മീ. ദൂരം പിന്നിടുമ്പോള്‍ പഞ്ചതരണിയിലെ അതിവിശാലമായ ഒരു പീഠഭൂമിയിലേക്കാണ് നാം എത്തിച്ചേരുക. പീഠഭൂമിക്കക്കരെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള കൂടാരങ്ങള്‍ കാണാം. ഭൈരവപര്‍വതത്തിന്റെ ചുവട്ടിലാണ് ഈ പീഠഭൂമി. അതിനുസമീപത്തുകൂടി അഞ്ചു നദികള്‍ ഒഴുകിപ്പോകുന്നതുകൊണ്ട് പഞ്ചതരണി എന്ന പേരുണ്ടായി. മഹാദേവന്റെ ജടയാണ് ഈ അഞ്ചു നദികളെന്ന് സങ്കല്‍പിക്കപ്പെടുന്നു. മൂന്നു കി. മീ. ദൂരം നടന്നാല്‍ പീഠഭൂമി കടന്ന് കൂടാരങ്ങളില്‍ വിശ്രമിക്കാം. ജമ്മു വിട്ടാല്‍ ടെലിഫോണ്‍ ടവറുകളില്ലാത്തതുകൊണ്ട് മൊബൈല്‍ ഫോണുകള്‍ ജമ്മുവില്‍ തിരിച്ചെത്തുവോളം (ആറുദിവസത്തേക്കെങ്കിലും) ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ പഞ്ചതരണിക്യാമ്പില്‍ സിആര്‍പിഎഫ്കാരുടെ കൂടാരത്തില്‍ ഒരുക്കിയിരിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ യാത്രകളുടെ അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കും. സംഗംടോപ്പ് പാബിബാളില്‍നിന്ന് ആറ് കി.മീ കൂടി പിന്നിടുമ്പോള്‍ സംഗം ടോപ്പിലെത്തുന്നു. അമരാവതീനദിയും പഞ്ചതരണീനദിയും കൂടിച്ചേരുന്ന സ്ഥലമായതുകൊണ്ട് സംഗം എന്ന് ഈ ദേശത്തിനു പേരുണ്ടായി. ബാല്‍താള്‍വഴിവരുന്ന യാത്രികരും പഹല്‍ഗാംവഴി വരുന്നവരും കൂടിച്ചേരുന്ന ഇടമായതുകൊണ്ടും സംഗം എന്ന പേര് അന്വര്‍ത്ഥമായിവരുന്നു. സംഗംടോപ്പില്‍നിന്ന് നോക്കിയാല്‍ മൂന്നു കിമീ അകലെയായി അമര്‍നാഥ് ഭഗവാന്റെ ഗുഹ ദൃശ്യമാകും. അമരാവതീനദി കുറുകെക്കടന്ന് ഗുഹയിലേക്ക് അടുക്കാം. അമര്‍നാഥ് ഗുഹ അമരാവതീനദിയില്‍നിന്ന് കുത്തനെ കയറ്റം കയറിയാണ് ഗുഹയിലെത്തുക. പഞ്ജാല്‍ പര്‍വതശൃംഖലയിലാണ് ഗുഹ സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞൊരുക്കിയ മഹാഹിമവല്ലിംഗത്തിന്റെ ദര്‍ശനം അവാച്യമായ ഒരു ദിവ്യാനുഭൂതിയാണ്. അവിടെനിന്ന് മതിയാകുവോളം ദര്‍ശനം നടത്താം. തൊട്ടടുത്തായി ഉരുകിയൊലിക്കുന്ന മെഴുകുപോലെ ജലമയമായിക്കൊണ്ടിരിക്കുന്ന രണ്ടു ഹിമലിംഗങ്ങളും കാണാം. അതിലൊന്ന് പാര്‍വതീദേവിയും മറ്റൊന്ന് ഗണേശനുമാണ്. ലോകത്തിന്റെ നെറുകയില്‍, മഹാകൈലാസശൃംഗം പോലെതന്നെ ഈ മഹാശൃംഗഗുഹയില്‍ ജഗല്‍പിതാക്കളായ പാര്‍വതീപരമേശ്വരന്മാര്‍ തങ്ങളുടെ അരുമക്കിടാവുമൊത്ത് ലോകാനുഗ്രഹാര്‍ത്ഥം കുടികൊള്ളുന്നു. ജീവജാലങ്ങള്‍ പോലുമില്ലാത്തിടത്ത്, ശീതപ്രകൃതിയൊരുക്കിയ മഹാശൃംഗത്തിന്റെ ഗഹ്വരപീഠത്തില്‍ ഹിമംകൊണ്ടു രൂപീകൃതമാകുന്ന ഭഗവല്ലിംഗം ആസേതുഹിമാചലം വ്യാപിച്ചുകിടക്കുന്ന തന്റെ പരകോടി ജനങ്ങള്‍ക്കായി ഭഗവാന്‍ കനിഞ്ഞുനല്‍കിയ ദിവ്യാനുഗ്രഹമായ ദര്‍ശനപുണ്യമല്ലാതെ മറ്റെന്താണ്. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ sri amarnathji എന്ന സൈറ്റില്‍ പ്രവേശിച്ച് യാത്രയെസംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ച് അതേപടി ഒരുക്കങ്ങള്‍ ചെയ്യുക. യാത്രക്കുമുമ്പ് കുറെനാളത്തേക്ക് ദിവസവും നാലഞ്ചു കി.മീ നടത്തം ശീലിച്ചിരിക്കണം. ശ്വസനവ്യായാമങ്ങളും പ്രാണായാമം, യോഗ മുതലായവകളും ശീലിച്ചിരിക്കണം. കുത്തനെയുള്ള മലകള്‍ കയറി ശീലിക്കണം. ആവശ്യമുള്ള മരുന്നുകള്‍, കമ്പിളികൊണ്ടുള്ള പാന്റ്‌സ്, സോക്‌സ്, കൈയുറ, മങ്കിക്യാപ്, ഗ്ലേസിയറില്‍ക്കൂടി നടക്കുമ്പോള്‍ ഉള്ളിലേക്ക് വെള്ളം ഇറങ്ങിച്ചെല്ലാതിരിക്കാനുള്ള പ്രത്യേകതരം ഷൂസ്, ആകസ്മികമായ് ഉണ്ടാകാറുള്ള മഴ നനയാതിരിക്കാന്‍ ഭാരംകുറഞ്ഞ റെയിന്‍കോട്ട്, അത്യാവശ്യംവരുമ്പോള്‍ മാറാനുള്ള ഒരുജോടി ഡ്രസ്, ക്ഷീണിക്കുമ്പോള്‍ ഭക്ഷിക്കാന്‍ ഉണങ്ങിയ ഫലങ്ങള്‍, കേടുവരാതെ സൂക്ഷിക്കാവുന്ന ലഘുഭക്ഷണസാധനങ്ങള്‍, ചോക്കൊലേറ്റുകള്‍, കടലപോലുള്ള ഭക്ഷണസാധനങ്ങള്‍, ടോര്‍ച്ച്, കുടിക്കാനുള്ള വെള്ളക്കുപ്പി എന്നിവ കരുതിയിരിക്കണം. വാസ്ലേയിന്‍, വേദനസംഹാരിയായ ഓയിന്‍മെന്‌റുകള്‍എന്നിവയും ആവശ്യാനുസരണം കരുതിയിരിക്കണം. പുണ്യകരമായ അമര്‍നാഥ്ജീദര്‍ശനം കഴിഞ്ഞ് മനസ്സുനിറയെ ആനന്ദക്കുളിര്‍മയോടെ നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ എത്രനാള്‍കഴിഞ്ഞാലും ആ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഉന്മേഷം പകര്‍ന്നുകൊണ്ടും മനസ്സിന്റെ മംഗളതലങ്ങളില്‍ ശിവചൈതന്യം നിറച്ചുകൊണ്ടും നിലനില്‍ക്കും.    

No comments: