Saturday, March 31, 2018

ജനകന്‍ പറഞ്ഞു: അങ്ങ് പറഞ്ഞതില്‍ സത്യമുണ്ട്. എന്നാല്‍ ഗുരുവായ വ്യാസന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കണമല്ലോ. പിതാവിനെ പിരിഞ്ഞു കാട്ടില്‍പ്പോകാന്‍ നീ ആഗ്രഹിക്കുന്നു. അതും ഒരുവിധത്തില്‍ സംഗം തന്നെ. മൃഗങ്ങളോട് ആണെന്ന് മാത്രം! പഞ്ചഭൂതങ്ങളുമായ സംഗം കൂടാതെ ആര്‍ക്കെങ്കിലും എവിടെയെങ്കിലും വാഴാന്‍ പറ്റുമോ? ഇന്നത്തെ ആഹാരം എവിടെനിന്നുകിട്ടും എന്ന ചിന്തയെങ്കിലും ഇല്ലാതെ പറ്റുമോ? ദണ്ഡും മാന്തോലും കൂടാതെ കഴിയില്ലല്ലോ? അതുപോലെയൊക്കെ മാത്രമേയുള്ളൂ എന്റെ രാജ്യകാര്യവും. രാജ്യചിന്ത എന്നിലുണ്ടായെന്നും ഉണ്ടായില്ലെന്നും വരാം. എന്നാല്‍ ഞാനതില്‍ ഒന്നിലും വ്യാകുലനല്ല. നിന്നില്‍ ശങ്കയും തെറ്റിദ്ധാരണയും നിറഞ്ഞിരിക്കുന്നു. അവ തീര്‍ക്കാനായി നീയിത്ര ദൂരം യാത്ര ചെയ്തു. എന്നാല്‍ എന്നില്‍ അവയില്ല. തീര്‍ത്തും സംശയരഹിതനായാണ് ഞാന്‍ വര്‍ത്തിക്കുന്നത്. ഞാന്‍ സുഖമായി ഉണ്ണുന്നു, ഉറങ്ങുന്നു, ബദ്ധനല്ലെന്ന ഉറപ്പില്‍ എപ്പോഴും സുഖിയായി കഴിയുന്നു. എന്നാല്‍ അങ്ങോ സ്വയം ബദ്ധനാണെന്നുള്ള ചിന്തയില്‍ ദുഖിതനായി കഴിയുന്നു. നിന്നില്‍ നിന്നും ആ ശങ്കയെ ദൂരെക്കളയൂ. ഈ ദേഹം എന്റേതാണ് എന്ന തോന്നലാണ് ബന്ധനം. ദേഹം, രാജ്യം, ധനം ഇവയൊന്നും എന്റേതല്ല എന്ന ഉറച്ച ബോധമാണ് മുക്തി.' സൂതന്‍ തുടര്‍ന്നു: ജനകന്റെ മറുപടി കേട്ട് സംപ്രീതനായ ശുകന്‍ വ്യാസന്റെ അടുത്തേയ്ക്ക് തിരിച്ചു പോയി. പിതാവ് ആലിംഗനത്തോടെ പുത്രനോടു കുശലം ചോദിച്ചു. ജനകരാജാവിന്റെ അവസ്ഥ കണ്ടു സംപ്രീതനായ ശ്രീശുകന്‍ വേദവിത്തായ അച്ഛനുമൊത്ത് ആശ്രമത്തില്‍ കഴിഞ്ഞു. സുന്ദരിയും സുഭഗയുമായ പിബരിയെ ശുകന്‍ സഹധര്‍മ്മിണിയാക്കി. അവളില്‍ കൃഷ്ണന്‍, ഗൌരപ്രഭന്‍, ഭൂരി, ദേവശ്രുതന്‍ എന്നീ പുത്രന്മാരും കീര്‍ത്തി എന്നൊരു പുത്രിയും ഉണ്ടായി. കീര്‍ത്തിയെ വിഭ്രാജന്റെ പുത്രനായ അണുഹനു വിവാഹം ചെയ്തു നല്‍കി. അണുഹന്റെ മകന്‍ ബ്രഹ്മദത്തന്‍ ബ്രഹ്മജ്ഞാനിയും പ്രതാപവാനായ ഒരു രാജാവുമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ നാരദനില്‍ നിന്നും ജ്ഞാനം നേടിയ ബ്രഹ്മദത്തന്‍ പുത്രനെ രാജ്യമേല്പ്പിച്ചു ബദരികാശ്രമത്തിലേക്ക് പോയി. സദാ ജ്ഞാനത്തിന്റെ നിറവില്‍ വിരാജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിതാവിനെ വിട്ടു ശ്രീശുകനും സംഗം ഉപേക്ഷിച്ചു കൈലാസത്തിനു മുകളിലേക്ക് പോയി. അവിടെ മഹാധ്യാനത്തില്‍ മുഴുകവേ ഉല്‍കൃഷ്ടമായ ഏതോ സിദ്ധിയില്‍ അദ്ദേഹം പര്‍വ്വതത്തിനു മുകളിലേയ്ക്ക് ഉയര്‍ന്നുപോയി. രണ്ടാമതൊരു സൂര്യന്‍ ഉദിച്ചപോലെ ആകാശത്ത് അദ്ദേഹം പ്രോജ്വലിച്ചു നിലകൊണ്ടു. ശുകന്റെ കുതിപ്പില്‍ ഗിരിശൃംഖം രണ്ടായി പിളര്‍ന്നുപോയി. രണ്ടാം സൂര്യനായി ആകാശത്ത് ജ്വലിച്ചു നിന്ന ശ്രീശുകനെ കാണാഞ്ഞ് വ്യാസന്‍ വാവിട്ടു കരഞ്ഞുകൊണ്ട് മകനെ വിളിച്ചുകൊണ്ട് ആ ഗിരി ശൃംഖത്തിലേയ്ക്ക്‌പോയി. സര്‍വ്വഭൂതഹൃദയനിവാസിയായ ശുകന്‍ സകല ജീവജാലങ്ങളിലിരുന്നുകൊണ്ടും ആ വിളി കേട്ടു.* 'മകനേ' എന്ന വിളിയവിടെ മാറ്റൊലി കൊണ്ടു. ഇന്നും അവിടെയത് മുഴങ്ങുന്നു. മകനെ വിളിച്ചു മാഴ്കുന്ന വ്യാസനെക്കണ്ട് പരമശിവന്‍ അദ്ദേഹത്തോട് 'ദുഖിക്കരുത്, അങ്ങയുടെ പുത്രന്‍ പരമമായ ഇടം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മജ്ഞാനമില്ലാത്തവര്‍ക്ക് അപ്രാപ്യമാണത്. പുത്രനിലൂടെ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിക്കുന്നു.' അപ്പോള്‍ വ്യാസന്‍ പറഞ്ഞു: 'മഹാദേവാ, എന്നിട്ടും എന്നിലെ ശോകം വിട്ടുപോകുന്നില്ല. പുത്രനെക്കണ്ട് എന്റെ കൊതി തീര്‍ന്നിട്ടില്ല ഇതുവരെ. അവനെ വീണ്ടും കാണാന്‍ എന്നില്‍ ആഗ്രഹം നിറയുകയാണ്.' മഹാദേവന്‍ പറഞ്ഞു: വ്യാസമുനേ, അങ്ങ് എന്റെ പാര്‍ശ്വഭാഗത്ത് പുത്രന്റെ രൂപത്തെ കണ്ടുകൊള്ളുക. അങ്ങിനെയെങ്കിലും അങ്ങിലെ ശോകമടങ്ങട്ടെ.' സൂതന്‍ തുടര്‍ന്നു: വ്യാസനെ അനുഗ്രഹിച്ച് പരമശിവന്‍ അന്തര്‍ധാനം ചെയ്തു. വ്യാസന്‍ അപ്പോഴും പുത്രവിരഹത്താല്‍ ദുഖിതനായിത്തന്നെ സ്വന്തം ആശ്രമത്തിലേയ്ക്ക് മടങ്ങി. * വ്യഷ്ടിദേഹത്തെ സമഷ്ടിയില്‍ വിലയിപ്പിച്ചതിനാല്‍ ശ്രീശുകന്‍ വിളികേട്ടത് സര്‍വ്വവ്യാപകമായ പ്രകൃതിയായാണ് എന്ന് പറയാമെന്നു തോന്നുന്നു.
janmabhumi

No comments: