Thursday, March 29, 2018

ദൈവം നിങ്ങള്‍ക്ക് ഈ ലോകത്തില്‍കൊച്ചു കൊച്ചു ആനന്ദങ്ങളെല്ലാം പ്രദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, പരമാനന്ദം മാത്രം അദ്ദേഹം തനിക്കു സ്വന്തമായി പിടിച്ചുവച്ചിരിക്കുന്നു! പരമാനന്ദം നേടാന്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അടുത്തേയ്ക്കുതന്നെ പോകണം. ദൈവത്തിനടുത്ത് വല്ലാതങ്ങു മിടുക്കനാകാന്‍ നോക്കരുത്; അദ്ദേഹത്തെ പരീക്ഷിക്കാനും, വിഡ്ഢിയാക്കാനും മുതിരരുത്. നിങ്ങളുടെ പ്രാര്‍ത്ഥനകളും, അനുഷ്ഠാനങ്ങളും ഏറിയ പങ്കും ദൈവത്തെ പറ്റിക്കാന്‍ മാത്രമുള്ള കൗശലങ്ങളാണ്. അല്പം വല്ലതും കൊടുത്തു ദൈവത്തില്‍നിന്ന് ഏറ്റവുമധികം നേടാനാണ് നിങ്ങളുടെ ശ്രമം. അദ്ദേഹമത് നന്നായി മനസ്സിലാക്കുന്നുണ്ട്! തന്ത്രശാലിയായ ബിസിനസ്സുകാരനാണ് അദ്ദേഹം. അദ്ദേഹം നിങ്ങളെ കൂടുതല്‍ പറ്റിക്കും! നിങ്ങള്‍ കാര്‍പെറ്റിനടിയില്‍ ഒളിച്ചാല്‍ അദ്ദേഹം നിലത്തിനടിയില്‍ ഒളിക്കും! ആത്മാര്‍ത്ഥതയോടെ കാര്യങ്ങള്‍ നീക്കൂ. ദൈവത്തോടു ദുസ്സാമര്‍ത്ഥ്യത്തിനു പുറപ്പെടരുത്. ഒരിക്കല്‍ പരമാനന്ദം ലഭിച്ചാല്‍ പിന്നെയെല്ലാം ആഹ്ലാദമയംതന്നെ. പരമാനന്ദമില്ലാതെ ലോകത്തില്‍ ഏതു വസ്തുവില്‍നിന്നുമുള്ള ആഹ്ലാദത്തിനും ദീര്‍ഘായുസ്സില്ല. ഏതുസമയമാണ് നിങ്ങള്‍ ദൈവത്തിനുവേണ്ടി നീക്കിവെയ്ക്കുന്നത്. തിരക്കൊഴിഞ്ഞു കിട്ടുന്ന അധികസമയമാണ് സാധാരണയായി നിങ്ങള്‍ ദൈവത്തിനുവേണ്ടി കരുതിവെയ്ക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍, അതിഥികള്‍ ആരും വരാനില്ലാത്തപ്പോള്‍, സല്‍ക്കാരങ്ങള്‍ക്ക് എങ്ങും പോകാനില്ലാത്തപ്പോള്‍, നല്ല ചിത്രമൊന്നും കാണാനില്ലാത്തപ്പോള്‍, വിവാഹങ്ങളില്‍ സംബന്ധിക്കാനില്ലാത്തപ്പോള്‍.... പൂര്‍ണ്ണ ശ്രദ്ധയോടെ വിനിയോഗിക്കുന്ന ഉത്കൃഷ്ട സമയമല്ല അത്. അത്യുത്കൃഷ്ടമായ സമയം ദൈവത്തിനു നല്‍കൂ. അതിനു പ്രതിഫലം ലഭിക്കാതിരിക്കില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉദ്ദിഷ്ടഫലം ലഭിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം ശ്രേഷ്ഠമായ സമയമല്ല ദൈവത്തിനു നല്‍കിയത് എന്നാണ്. സത്സംഗിനും ധ്യാനത്തിനും ഉയര്‍ന്ന പരിഗണന നല്‍കൂ. ദൈവത്തിന് ഏറ്റവും മികച്ച സമയം നീക്കിവയ്ക്കു. തീര്‍ച്ചയാണ്, നിങ്ങള്‍ക്ക് പ്രതിഫലം കിട്ടും. നിങ്ങള്‍ ദൈവത്തിലേയ്ക്കു പോകുന്നു എന്നു സങ്കല്‍പ്പിക്കൂ. നിങ്ങള്‍ക്ക് അനുഗ്രഹം കിട്ടുന്നു. പിന്നെ, നിങ്ങള്‍ വൈകിക്കുന്നില്ല; സ്ഥലം വിടുന്നു. അനുഗ്രഹം ലഭിക്കുക മാത്രമാണ് ഇംഗിതമെങ്കില്‍, നിങ്ങള്‍ ഏറെ തിരക്കിലായിരിക്കും. ദൈവം സ്വന്തമാണെന്നു കരുതുന്ന മറ്റൊരു വ്യക്തി ഒന്നിനുവേണ്ടിയും തിരക്കുപിടിക്കുന്നില്ല. അപാരമായ ക്ഷമാശീലം അയാളില്‍ ഉയര്‍ന്നുനില്‍ക്കുന്നു. സ്വന്തമാണു ദൈവം എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും നേടിയെടുക്കാന്‍ നിങ്ങള്‍ തിരക്കുകൂട്ടുന്നില്ല. എന്തെങ്കിലും നേടാനുള്ള തിടുക്കം നിങ്ങളുടെ സമനില തെറ്റിക്കുന്നു. നിങ്ങളെ തീരെ ചെറുതാക്കുന്നു. അതിരില്ലാത്ത ക്ഷമാശീലം പരിശീലിക്കൂ- ശാശ്വതമായ കാത്തിരിപ്പ്. അപ്പോള്‍ ബോധ്യപ്പെടും ദൈവം നിങ്ങള്‍ക്കു സ്വന്തമായിരിക്കുന്നു എന്ന്. അവബോധത്തിലൂടെ അല്ലെങ്കില്‍ അനുഷ്ഠാനങ്ങളിലൂടെ നിങ്ങള്‍ കൃത്യസ്ഥാനത്തെത്തുന്നു. ദൈവികത നിങ്ങള്‍ക്കു സ്വന്തമായിരിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് തിരക്കുപിടിച്ചു സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് കുതിക്കുന്നതുപോലല്ല അത്. എല്ലാ പലചരക്കുകളും വീട്ടില്‍ത്തന്നെയുണ്ട് എന്നു മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ അവ വാങ്ങാന്‍ തത്രപ്പെടില്ല. നിങ്ങള്‍ തികച്ചും ആശ്വാസത്തിലായിരിക്കും. ക്ഷമാശീലം പോഷിപ്പിക്കാന്‍ നിങ്ങള്‍ ചിന്തളെയും വികാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കൂ. അവയെചൊല്ലി തപിക്കാതിരിക്കൂ. നിങ്ങള്‍ ദൈവികമായ ആസൂത്രണത്തിന്റെ ഭാഗമാണ് എന്നറിയുമ്പോള്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത് നിര്‍ത്തുന്നു. എല്ലാം നിങ്ങള്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നു എന്ന് അപ്പോള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ പരിപൂര്‍ണ സംരക്ഷണത്തിലാണ്. സാധാരണയായി മറ്റു വഴിക്കാണ് നാമതു ചെയ്യുന്നത്. മനസ്സില്‍ ധൃതിപിടിക്കുന്നു. പ്രവൃത്തിയില്‍ മെല്ലെപ്പോക്കു സ്വീകരിക്കുന്നു. അക്ഷമയ്ക്ക് മനസ്സിന്റെ തിടുക്കം എന്നാണര്‍ത്ഥം. ജാഢ്യമെന്നാല്‍ പ്രവൃത്തിമാന്ദ്യവും. മനസ്സില്‍, ക്ഷമ പ്രവൃത്തിയില്‍ ഊര്‍ജ്ജസ്വലത ഇതാണു ശരിയായ സൂത്രവാക്യം. ദൈവം നിങ്ങളെ പരീക്ഷിക്കുന്നില്ല. പരീക്ഷണം അജ്ഞതയുടെ അംശമാണ്. ആരാണ് പരീക്ഷിക്കുന്നത്? ശരിയല്ലേ? ദൈവത്തിനു നിങ്ങളുടെ ത്രാണി മനസ്സിലായിട്ടുണ്ട്. പിന്നെ, എന്തിനദ്ദേഹം നിങ്ങളെ പരീക്ഷിക്കണം. അപ്പോള്‍ ദുരിതങ്ങള്‍ എന്തുകൊണ്ട്? നിങ്ങളിലുള്ള തിതിക്ഷയെ പുറത്തുകൊണ്ടുവരാനുള്ള ഉപായമാണത്. പ്രാര്‍ത്ഥനാപൂര്‍ണമായ ശരണാഗതികൊണ്ടോ ക്ഷമയുടെ ഊര്‍ജ്ജസ്വലമായ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടോ സഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. കര്‍മ്മത്തിന്റെ വഴികള്‍ വിചിത്രമാണ്. ഇതു മനസ്സിലാക്കുന്തോറും നിങ്ങള്‍ കൂടുതല്‍ അത്ഭുതാധീനരായിത്തീരുന്നു. അതു ജനങ്ങളെ ഏകോപിപ്പിക്കുന്നു. ചിലരെ ദുര്‍ബലരാക്കാനും മറ്റു ചിലരെ ബലിഷ്ഠരാക്കാനും അതു ഹേതുവായിത്തീരുന്നു. ചിലരെ ധനികനും ചിലരെ ദരിദ്രരും ആക്കുന്നു. ലോകത്തിലുള്ള പോരാട്ടങ്ങളെല്ലാം, അവ ഏതുതന്നെആയാലും, കര്‍മ്മബന്ധമാണ്. അത് എല്ലാ യുക്തിചിന്തകളെയും ന്യായവാദങ്ങളെയും കുറുകെ ഛേദിക്കുന്നു. ഈ ധാരണ സംഭവങ്ങളിലും വ്യക്തികളിലും ഉടക്കി നില്‍ക്കുന്നതില്‍നിന്നു നിങ്ങളെ ഉദ്ധരിക്കും; ആത്മവിശ്വാസത്തിലേക്കുള്ള പ്രയാണത്തില്‍ നിങ്ങളെ സഹായിക്കും. 'മോഷണം എന്റെ കര്‍മ്മമാണ്' എന്നു മോഷ്ടാവിനു പറയാമല്ലോ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. അപ്പോള്‍, അവനെ പിടിക്കുന്നതു പോലീസിന്റെയും കര്‍മമാണ്. കര്‍മ്മവിമുക്തി നേടാനുള്ള കഴിവ് മനുഷ്യജീവിതത്തിനു മാത്രമുള്ളതാണ്. മനുഷ്യരില്‍ത്തന്നെ ഏതാനും ആയിരങ്ങള്‍ മാത്രമാണ് അതു ലക്ഷ്യമാക്കുന്നത്. അനുഗ്രഹങ്ങളിലൂടെ മാത്രം കര്‍മ്മബന്ധങ്ങള്‍ എരിച്ചുകളയാന്‍ കഴിയും. വെറുതെ പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രം സാധിക്കാവുന്നതല്ല കര്‍മ്മമോക്ഷം. ചില കര്‍മ്മങ്ങള്‍ പരിവര്‍ത്തനവിധേയമാണ്. മറ്റുചിലത് അങ്ങനെയല്ല. ഹല്‍വ തയ്യാറാക്കുമ്പോള്‍ പഞ്ചസാരയോ നെയ്യോ ആവശ്യമുള്ളത്ര ഇല്ലെങ്കില്‍, അഥവാ ജലം ആവശ്യത്തില്‍ കൂടുതലാണെങ്കില്‍ അവയെല്ലാം പിന്നീടു ക്രമീകരിക്കാന്‍ കഴിയും. എന്നാല്‍ പാകം ചെയ്തുകഴിഞ്ഞാല്‍ പിന്നെയതു പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ആവില്ല. മോരിനു പുളി കൂടുതലാണെങ്കില്‍ അല്പം പാല്‍ ചേര്‍ക്കാം. എന്നാല്‍, അതിനെ തിരിച്ചു പാല്‍തന്നെയാക്കാന്‍ ഒരിക്കലും സാധ്യമല്ല. പ്രാരാബ്ധകര്‍മ്മങ്ങള്‍ പരിണാമവിധേയങ്ങളല്ല; സഞ്ചിത കര്‍മ്മങ്ങളാണെങ്കില്‍ ആത്മീയാനുഷ്ഠാനങ്ങളിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. സത്സംഗ് സമസ്ത നിഷേധങ്ങളുടെയും ബീജങ്ങളെ എരിയിച്ചുകളയുന്നു. ഒരാളെ പുകഴ്ത്തുമ്പോള്‍ നാം അയാളുടെ സത്കര്‍മ്മങ്ങളെ ഏറ്റെടുക്കുന്നു. ഒരാളെ ഇകഴ്ത്തുമ്പോള്‍ നാം അയാളുടെ ദുഷ്‌കര്‍മ്മങ്ങളെ സ്വീകരിക്കുന്നു. ഇതു മനസ്സിലാക്കൂ. സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും രണ്ടും ദൈവത്തിന് സമര്‍പ്പിക്കൂ. അങ്ങനെ അവയില്‍നിന്നു മുക്തനാകൂ. ബന്ധങ്ങള്‍ ജ്വരാര്‍ത്തമായ നിശ്വാസങ്ങള്‍ക്കു നിമിത്തമാകുന്നു. ഈ നിശ്വാസം മനശ്ശാന്തിയെ ഹനിക്കുന്നു. അപ്പോള്‍, നിങ്ങള്‍ ദുരിതങ്ങള്‍ക്ക് ഇരയായിത്തീരുന്നു. കൂടുതല്‍ ഛിന്നഭിന്നമാകുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം സ്വരൂക്കൂട്ടിയെടുക്കൂ. അങ്ങനെ ജ്വരാര്‍ത്തനനിശ്വാസത്തെ സമര്‍പ്പണത്തിലൂടെ, സാധനയിലൂടെ, ഒഴിച്ചു വിടു. ദൗര്‍ഭാഗ്യവശാല്‍, പലരും വളരെ വൈകുന്നതുവരെ ഇതു ശ്രദ്ധിക്കുന്നില്ല. കര്‍മ്മബന്ധങ്ങളുടെ മഹാസാഗരത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങുമ്പോള്‍, രക്ഷിക്കാന്‍ ആളെത്തുന്നതുവരെ, ധരിക്കാവുന്ന ജീവരക്ഷാകവചമാണ് സമര്‍പ്പണം. കെട്ടുപാടുകളോടു പടയ്‌ക്കൊരുങ്ങാതെ ജ്വരാകുല വിശ്വാസങ്ങളെ നിരീക്ഷിക്കൂ. ഉള്ളിലുള്ള സുഖശീതളമായ മൗനമുദ്രിതമേഖലയിലേയ്ക്കു നീങ്ങൂ. ഈ ദിശയിലുള്ള ആദ്യത്തെ ചുവടുവെയ്പുതന്നെ നിങ്ങളുടെ ബന്ധനങ്ങളെ ജ്ഞാനത്തിലേയ്ക്ക്, ഈശ്വരനിലേയ്ക്ക് തിരിച്ചുവിടലാണ്. ഐഹികപദാര്‍ത്ഥങ്ങളോടുള്ള നിസ്സംഗത്വമാണ് നിങ്ങളുടെ മന്ത്രമുഗ്ദ്ധമായ വശ്യശക്തി. ദൈവത്തോടുള്ള ആത്മബന്ധമാണ് നിങ്ങളുടെ സൗന്ദര്യം. നിങ്ങളുടെ മസ്തിഷ്‌കം കുറെ വര്‍ഷങ്ങളായി ചേറ്റില്‍ പൂഴ്ന്നു കിടന്നിരിക്കും. എന്നുവെച്ച്, മസ്തിഷ്‌കത്തില്‍ ചേറു കോരിയിടരുത്, ജീവനോടെയിരിക്കുമ്പോള്‍ തന്നെ! നിങ്ങള്‍ സുഖത്തിന്റെ പിറകെ പോയാല്‍ ദുരിതം നിങ്ങളുടെ പിറകെയെത്തും. ജ്ഞാനത്തെയാണു പിന്തുടരുന്നതെങ്കിലോ, സുഖം നിങ്ങളുടെ പിറകെയെത്തും.

No comments: