Thursday, March 29, 2018

മാനസോപരി വാഴുമാത്മാവെത്തിരിയാതെ മാനിയായ് വസിക്കുന്നു മാനസമതുമൂലം ജ്ഞാനമാകുന്ന വസ്തുവെന്തെന്നുമറിയാതെ മാനുഷരജ്ഞാനികളായിട്ടു ഭവിക്കുന്നു. ദേഹാഭിമാനങ്ങളാലുള്ളോരു കര്‍മ്മബന്ധംദേഹിയാമാത്മാവിനുമുണ്ടാക്കിച്ചമയ്ക്കുന്നു കര്‍മ്മബദ്ധനെന്നാക്കി ദുഃഖവുമുണ്ടാക്കുന്നു.കര്‍മ്മികളായോരവിവേകികളറികെടോ! മംഗലശീലേ! നീയും നിന്നുടെ മനസ്സിനാല്‍ കര്‍മ്മങ്ങളെല്ലാം ദേഹധര്‍മ്മമെന്നറിഞ്ഞാലും ദേഹധര്‍മ്മങ്ങളൊന്നുമാത്മധര്‍മ്മമല്ലെന്നും ദേഹിയാമാത്മാ നിരുപാധികന്‍ നിത്യന്‍ പരന്‍നിര്‍മ്മലന്‍ നിരുപമന്‍ സ്വതന്ത്രന്‍ പരിപൂര്‍ണ്ണന്‍ ജന്മാദിഹീനന്‍ സദൈവാനന്ദന്‍ മായാപരന്‍ നിത്യനദ്വയനഖിലാധാരന്‍ നിരാധാരന്‍ സത്യമാകുന്ന വസ്തുവെന്നറിഞ്ഞാലും ബാലേ! അവസ്തുഭൂതമായ ഭ്രാന്തികളെല്ലാമേവ-മവശ്യമസത്യമെന്നറിഞ്ഞു ത്യജിച്ചാലും. ആശയം- മനസ്സിനു വിഷയമല്ലാത്തതായ ആത്മാവിനെ അറിയാതെ മനുഷ്യന്‍ അഭിമാനിച്ചും അഹങ്കരിച്ചും നടക്കുന്നു. ഞാന്‍ സ്ഥാനി, ഞാന്‍ അധികാരി, ഞാന്‍ ആചാര്യന്‍, ഞാന്‍ മാന്യന്‍ എന്നൊക്കെ അഹങ്കരിച്ചു ജീവിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണു ജ്ഞാനം എന്നറിയാതെ മനുഷ്യര്‍ അജ്ഞാനികളായി ജീവിക്കുന്നു. ശരീരാഭിമാനം കൊണ്ടു ചെയ്യുന്ന കര്‍മ്മങ്ങലെല്ലാം ദേഹിയായിരിക്കുന്ന ആത്മാവ് ചെയ്യുന്നതാണെന്നു തെറ്റിദ്ധരിക്കുന്നു. ആത്മാവ് കര്‍മ്മബദ്ധനാണ് എന്നു പറഞ്ഞ് ദുഃഖിക്കുന്നു. ആത്മാവ് പരിശുദ്ധമാണ്. അതില്‍ ഗുണങ്ങളില്ലാത്തതിനാല്‍ കര്‍മ്മങ്ങളുമില്ല. മായാഗുണങ്ങള്‍ കൊണ്ട് ശരീരം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം ആത്മാവിനെ ബാധിക്കുന്നുമില്ല. എന്നാല്‍ ശരീരവുമായി ആത്മാവ് താദാത്മ്യം  പ്രാപിക്കുന്നത് അജ്ഞാനം നിമിത്തം. കര്‍മ്മഫലങ്ങളൊന്നും ബാധിക്കാത്ത ആത്മാവ് സ്വതന്ത്രനാണ്, എങ്കിലും നാം ബദ്ധനാണെന്നു ചിന്തിച്ച് ദുഃഖിക്കുന്നു. ഇതിന്റെ പേരാണ് അജ്ഞാനം. ഹേ മംഗലശീലേ, നീയും നിന്റെ മനസ്സുകൊണ്ടു ചിന്തിച്ച് കര്‍മ്മങ്ങലെല്ലാം ശരീരധര്‍മ്മം മാത്രമാണെന്ന് ധരിക്കുക. ശരീരധര്‍മ്മങ്ങളൊന്നും ആത്മധര്‍മ്മമല്ലെന്നും മനസ്സിലാക്കുക. ദേഹി വേറെ ദേഹം വേറെ. ദേഹത്തിനുള്ളില്‍ ദേഹിയാകുന്ന ആത്മാവിരിക്കുന്നു. അത് ഉപാധികളൊന്നുമില്ലാത്തവനും, നിത്യനും, പരനും, നിര്‍മ്മലനും, ഉപമയില്ലാത്തവനുമാണ്. ആത്മാവ് സ്വതന്ത്രനും, പരിപൂര്‍ണ്ണനും, ജനനമരണാദികളില്ലാത്തവനുമാണ്. മായയില്‍ നിന്ന് അന്യനായതിനാല്‍ ദൈവത്തോടുകൂടി ആനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് ശാശ്വതനാണ്, അദ്വൈതനാണ്, എല്ലാറ്റിനും ആധാരമായിരിക്കുന്നതിനാല്‍ മറ്റൊരു ആധാരമില്ലാത്തവനുമാണ്. ഹേ ബാലേ, സത്യമാകുന്ന വസ്തുവാണ് ആത്മാവെന്ന് അറിയുമ്പോള്‍ മായകൊണ്ട് നിനക്കുണ്ടായിട്ടുള്ള ഭ്രമമൊക്കെ അസത്യമാണെന്നുറച്ച് ദൂരെ ത്യജിക്കുക.അവശ്യം അറിയേണ്ട ആത്മാവില്‍ മാത്രം മനസ്സുറപ്പിക്കുക. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ 

No comments: