Thursday, March 29, 2018

വിദുര മൈത്രേയ സംവാദത്തില്‍ തുടക്കം മുതല്‍ പഠിക്കാനുള്ള ഒരു കാര്യം ഗുരു ശിഷ്യന്മാരുടെ പരസ്പര ബഹുമാനമാണ്. ശിഷ്യന് ഗുരുവിനോട് തോന്നുന്ന ആരാധനാഭാവം സ്വാഭാവികം. എന്നാല്‍ ഗുരു ശിഷ്യനെ അങ്ങേയറ്റം ബഹുമാനിക്കുന്നത് അപൂര്‍വം. ഇത് കണ്ടു പഠിക്കേണ്ടതായ ഒരു നയമാണ്.
ഹേ സാധോ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മൈത്രൈയ മഹര്‍ഷി എന്ന ഗുരു ശിഷ്യനായ വിദുരരെ വിളിക്കുന്നത്. അങ്ങയുടെ ചോദ്യങ്ങളെല്ലാം ലോകോപകാരത്തിനുവേണ്ടിയാണെന്ന് അനുമോദിക്കുകയും ചെയ്യുന്നു. അങ്ങ് യമദേവന്റെ അവതാരം തന്നെയാണ്. ഭഗവാന്‍ വേദവ്യാസന്റെ, എന്റെ ഗുരുവിന്റെ പുത്രനാണ്. ഭഗവാന്‍ ശ്രീകൃഷ്ണന് എന്നും ഇഷ്ടനായിരുന്നു. അങ്ങക്ക് ജ്ഞാനോപദേശം നല്‍കാന്‍ ഭഗവാന്‍ എന്നെ നിയോഗിച്ചത് എന്റെ ഭാഗ്യം.
''സത് സേവനീയോ ബത പൂരുവംശോ
യല്ലോകപാലോ ഭഗവത്പ്രധാനഃ
ബഹുവിധേഹാജിത കീര്‍ത്തിമാലാം
പദേ പദേ നൂതനയസ്യഭീക്ഷ്ണം''
ലോകപാലന്മാരിലൊരാളായ ധര്‍മദേവന്‍ ഭഗവദ് ഭക്തനായിത്തന്നെ തിരുവവതാരം ചെയ്യാനുള്ള ഭാഗ്യം ലഭിച്ച പൂരുവംശം ധന്യമാണ്. എന്നെന്നും നൂതനമായിത്തന്നെ അനുഭവപ്പെടുന്ന ചോദ്യങ്ങളാണ് അങ്ങയില്‍നിന്നും ഉയരുന്നത്. അവക്ക് ഉത്തരം പറയാന്‍ അവസരം കിട്ടിയ ഞാന്‍ ഭാഗ്യവാനാണ്.
എന്നാല്‍ ഹേ വിദുരമഹാശയാ, എനിക്കായി ഒന്നും പറയാനില്ല എന്നതാണ് സത്യം. പണ്ട്, സങ്കര്‍ഷമൂര്‍ത്തി, സാക്ഷാല്‍ ആദിശേഷന്‍, അനന്തന്‍  സനത് കുമാരാദി ഋഷിമാര്‍ക്ക് പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. സാക്ഷാല്‍ ശ്രീമഹാവിഷ്ണു വിധാതാവായ ബ്രഹ്മദേവന് പറഞ്ഞുകൊടുത്ത ഭാഗവതകാര്യങ്ങള്‍ തന്നെയാണ് ഞാനും പറയുന്നത്. അങ്ങയുടെ ചോദ്യങ്ങള്‍ നിത്യനൂതനമാണെങ്കിലും ഉത്തരങ്ങള്‍ ചിരപുരാതനം തന്നെ.
ഹേ പ്രഭോ, അങ്ങ് കുരുവംശത്തിന്റെ ഇളയച്ഛനാണെങ്കിലും സാക്ഷാല്‍ ധര്‍മദേവന്‍ തന്നെയെങ്കിലും നാരായണ തുല്യനാണെങ്കിലും ചോദിച്ച സ്ഥിതിക്ക് ഞാന്‍ ചിലതു സൂചിപ്പിക്കുന്നു.
പരമാത്മാവിന് കാലവ്യതിയാനത്താല്‍ ഗുണഭേദം വന്ന മഹത് എന്ന പ്രകൃതിവികാരമുണ്ടായി. മഹത് അഹങ്കാരത്തോടൊത്ത് പഞ്ചതന്മാത്രകളേയും പഞ്ചഭൂതങ്ങളെയും അവയെത്തിരിച്ചറിയാനുള്ള പഞ്ചേന്ദ്രിയങ്ങളെയും സൃഷ്ടിച്ചു. ഇന്ദ്രിയസ്ഥനായി മനസ്സും സൃഷ്ടിക്കപ്പെട്ടു. ഇന്ദ്രിയങ്ങള്‍ക്ക് ആഹരിക്കാനുള്ള  ആഹാരങ്ങളെയും ഉണ്ടാക്കി, വനസ്പതികള്‍, ഔഷധികള്‍, ലതകള്‍, തൊലിക്കടുപ്പമുള്ളവ, ചെറുചെടികള്‍, വൃക്ഷങ്ങള്‍ ഇവ സൃഷ്ടിച്ചു. പിന്നെ മൃഗങ്ങളെയും ജലചരങ്ങളെയും പക്ഷികളെയും മറ്റും സൃഷ്ടിച്ചു. പിന്നീടാണ് മനുഷ്യസൃഷ്ടി. ഭഗവാന്‍ തന്നെ പല  രൂപത്തിലായി സ്വയം അവതരിക്കുകയായിരുന്നു. ഹേ സത്തമാ, ഇതൊക്കെയാണ് ഭഗവാന്റെ സൃഷ്ടിരീതികള്‍.സത്തുക്കളില്‍ ശ്രേഷ്ഠനായ സത്ബുദ്ധിയായ അങ്ങേക്ക് ഇതെല്ലാം അറിയാവുന്നതാണല്ലോ.
ഇതാണ് മൈത്രേയഗുരു ശിഷ്യനായ വിദുരരോടു പെരുമാറുന്ന രീതി. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം. വിദ്യ എന്നത് ഏകജാലകപാതയല്ല. മറിച്ച് ദ്വിമാന ചാലകപാതയാണ് എന്ന് തെളിയിക്കുന്നു. ഉത്തമശിഷ്യന്റെ സംശയങ്ങള്‍ ഗുരുവിനെയും വളര്‍ത്തും. ഗുരുവിന്റെ ചിന്താശേഷിയേയും അന്വേഷണ പാടവത്തെയും എല്ലാം പോഷിപ്പിക്കും.
ഗുരുവിനെ മുറിയില്‍ പൂട്ടിയിടുകയും ഗുരുവിന്റെ കോലം കത്തിക്കുകയുമെല്ലാം ചെയ്യുന്ന ഇന്നത്തെ ലോകം ഗുരുശിഷ്യബന്ധമെന്തെന്ന് നോക്കിപ്പഠിക്കാന്‍ ഭാഗവതത്തിലെ വിദുരമൈത്രേയ സംവാദം വായിച്ചിരിക്കുന്നത് ഉചിതം......jayasankar

No comments: