മനുഷ്യദേഹം സ്വീകരിച്ച ജീവാത്മാവ്, സത്ത്വഗുണം നിറഞ്ഞ സമയത്താണ് മരണം പ്രാപിക്കുന്നതെങ്കില്‍, ഉത്തമജ്ഞാനം സിദ്ധിച്ചവരുടെ ലോകങ്ങളില്‍ എത്തിച്ചേരും. ഇന്ദ്രന്‍ തുടങ്ങി, സത്യലോകത്തിലെ ബ്രഹ്മാവ് വരെയുള്ള ദേവന്മാരും തപസ്വികളും അഷ്ടാംഗയോഗ സിദ്ധന്മാരും ദിവ്യസുഖം അനുഭവിക്കുന്ന സ്വര്‍ഗ്ഗലോകം, മഹര്‍ലോകം, ജനലോകം, തപോലോകം സത്യലോകം എന്നീ ലോകങ്ങളില്‍ എത്തിച്ചേരുന്നു. അവരെല്ലാം ഉത്തമ ജ്ഞാനം നേടിയവരുമാണ്. ആ ലോകങ്ങള്‍ അമലങ്ങള്‍-രജോഗുണത്തിന്റെയും തമോഗുണത്തിന്റെയും സ്പര്‍ശം പോലുമില്ലാത്തവയാണ് എന്നും ഓര്‍ക്കുക.
അപ്പോള്‍ ഒരു സംശയം വരാം- പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും അനുസരിച്ചാണ് മനുഷ്യന്റെ പരലോക പ്രാപ്തി എന്നാണല്ലോ വേദം പറയുന്നത്.
''യത് കര്‍മ്മ കുരുതേ
തദഭി സമ്പദ്യതേ'' എന്ന് വേദ വചനം. സത്ത്വഗുണ പരിപൂര്‍ത്തിയാണ് പരലോകഗതിക്ക് ഹേതു എന്ന് ഭഗവാന്‍ പറയുന്നത് ശ്രുതിവാക്യത്തിനു വിരുദ്ധമാവില്ലേ?
ഇല്ല. മനുഷ്യരുടെ മരണകാലത്ത്, കഴിഞ്ഞ ജന്മങ്ങളിലെ പുണ്യവും അപുണ്യവും ആയ കര്‍മ്മങ്ങളെ ആശ്രയിച്ചാണ്, സത്ത്വഗുണം വര്‍ധിക്കുന്നത്. അതിനനുസരിച്ചാണ്, സത്ത്വഗുണപൂര്‍ണ കര്‍മ്മങ്ങള്‍ അനുസരിച്ചാണ്, ബ്രഹ്മാദികളുടെ ലോകങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് ഭഗവാന്‍ പറയുന്നത് ശ്രുതികള്‍ക്കോ സ്മൃതികള്‍ക്കോ വിരുദ്ധമായ എന്ന് ആചാര്യന്മാര്‍ പറയുന്നു.
രജോഗുണ പൂര്‍ണന്റെയും തമോഗുണപൂര്‍ണന്റെയും പരലോകഗതികള്‍ (14-15)
മരണസമയത്ത് മനുഷ്യന്റെ മനസ്സ് രജോഗുണം നിറഞ്ഞതാണെങ്കില്‍,
കര്‍മ്മസംഗിഷ്ഠജായതേ- വേദങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ളതോ, നിഷേധിച്ചിട്ടുള്ളതോ ആയ കര്‍മ്മങ്ങള്‍ ചെയ്യാന്‍ യോഗ്യതയുള്ള മനുഷ്യരായി ജനിക്കും. പിന്നീട് സ്വര്‍ഗ്ഗാദി ലോകങ്ങള്‍ ലഭിക്കാന്‍ വേണ്ടിയോ, മനുഷ്യലോകത്തിലെ ഉന്നതിക്കുവേണ്ടിയോ വീണ്ടും കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യും.
മരണസമയത്ത് മനുഷ്യന്റെ മനസ്സ് തമോഗുണം നിറഞ്ഞതാണെങ്കില്‍
മൂഢമായോ നിഷ്ഠ ജായതേ
ഒരിക്കലും ജ്ഞാനം ലഭിക്കാന്‍ സൗകര്യമില്ലാത്ത നാല്‍ക്കാലികള്‍, പക്ഷികള്‍, പുഴുക്കള്‍ മുതലായവയുടെ ദേഹം സ്വീകരിച്ച് ജനിക്കുന്നു. ഇങ്ങനെ സത്വഗുണ സമ്പന്നന്മാര്‍ ബ്രഹ്മലോകം മുതലായ ലോകങ്ങളില്‍ ദേവന്മാരായിട്ടും രജോഗുണസമ്പന്നന്മാര്‍ ഭൂലോകത്തില്‍ മനുഷ്യരായിട്ടും, തമോഗുണ സമ്പന്നന്മാര്‍ മൃഗപക്ഷി വൃക്ഷലതാദികളായിട്ടോ ജന്മമെടുക്കുമെന്ന് സാരം. മനുഷ്യന്‍ വീണ്ടും മനുഷ്യനായി തന്നെ ജനിക്കും എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല എന്ന് താല്‍പ്പര്യം....kanapram
No comments:
Post a Comment