Saturday, March 31, 2018

*മഹാഭാരതം കഥാരൂപത്തിൽ - 18*
ബാലനായ ദുര്യോധനൻ യുധിഷ്ഠിരനെ നമസ്കരിക്കാൻ തയ്യാറായില്ല. എന്നാൽ യുധിഷ്ഠിരൻ തന്റെ അനുജനായ ദുര്യോധനനെ ആലിംഗനം ചെയ്തു. ദുര്യോധനൻ വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അവൻ എതിർത്തില്ല....ഭീമനും ദുര്യോധനും സമപ്രായക്കാരായിരുന്നു.പക്ഷേ അവർ തമ്മിൽ എപ്പോഴും വഴക്കും മത്സരവുമായിരുന്നു.
വനത്തിൽ ഇരുന്നു തപസ്സു ചെയ്തിരുന്ന വേദവ്യാസന് ഹസ്തിനപുരിയുടെ ഭാവി മനകണ്ണിൽ കാണാൻ സാധിച്ചു. അത് നല്ലതായിരുന്നില്ല. വരാൻ പോകുന്ന അവസ്ഥ സത്യവതിക്ക് സഹിക്കാനാവുന്നതല്ല എന്ന് തിരിച്ചറിഞ്ഞ വേദവ്യാസൻ ഉടനെ തന്നെ ഹസ്തിനപുരിയിൽ തന്റെ മാതാവായ സത്യവതിയുടെ അടുത്തെത്തി.
വ്യാസൻ : അമ്മേ, ഞാൻ ഹസ്തനപുരിയുടെ ഭാവി കണ്ടു. അത് ഒരിക്കലും അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതല്ല. അത് കൊണ്ട് അമ്മ എന്റെ കൂടെ വനത്തിലേക്ക് വരണം. അംബികയെയും അംബാലികയെയും കൂടി വിളിച്ചോളൂ.
എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത് എന്ന് സത്യവതി എത്ര ചോദിച്ചിട്ടും വേദവ്യാസൻ പറയാൻ തയ്യാറായില്ല. അത് സത്യവതിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന് മാത്രം വീണ്ടും പറഞ്ഞു. ഹസ്തിനപുരിയിൽ സത്യവതിക്കും അംബികയ്ക്കും അംബാലികയ്ക്കും ഇനി ഒന്നും ചെയ്യാനില്ല എന്നും അതുകൊണ്ട് ഇനി സന്യസിക്കാനായി അവർ വ്യാസനോടൊപ്പം വനത്തിലേക്ക് വരണം എന്നും വ്യാസൻ പറഞ്ഞു. സത്യവതി ഗാന്ധാരിയോടും ധൃതരാഷ്ട്രരോടും പറഞ്ഞു,
പാണ്ഡവരെ നോക്കിക്കോണം.അവർ അനാഥരാണ് എന്ന് അവർക്ക് ഒരിക്കലും തോന്നരുത്......
വളർന്നു വലുതാകുമ്പോൾ അവരുടെ അവകാശങ്ങൾ അവർ ചോദിക്കാതെ തന്നെ കൊടുക്കണം. കുന്തിയെയും പ്രത്യേകം ശ്രദ്ധിക്കണം....
അവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയ ധൃതരാഷ്ട്രരെ തടഞ്ഞുകൊണ്ട്‌ വ്യാസൻ പറഞ്ഞു... പ്രശ്നങ്ങളിൽ നിന്നും ഒളിച്ചു ഓടുന്നതിനുള്ളതല്ല സന്യാസം, കഴിയുമെങ്കിൽ ധൃതരാഷ്ട്രർ ഗ്രഹസ്ഥാശ്രമത്തിൽ ഇനിയുള്ള കാലം ജീവിക്കുക എന്നും അറിയിച്ചു. *എന്താണോ തന്റേതല്ലാത്തത്, അത് അതിന്റെ യഥാർത്ഥ അവകാശികൾക്ക് കൊടുക്കുക* എന്നും പോകുന്നതിനു മുൻപ് വേദവ്യാസൻ ധൃതരാഷ്ട്രരെ ഓർമിപ്പിച്ചു. കുരുവംശത്തിലെ ഏറ്റവും മൂത്ത പുത്രൻ യുധിഷ്ഠിരൻ ആണ്, അതുകൊണ്ട് അവനാണ് രാജാവാകാനുള്ള അവകാശം. എന്നു പറഞ്ഞിട്ട് അവർ യാത്രയായി.

No comments: