Saturday, March 31, 2018

''ഭക്താ ഏകാന്തിനോ മുഖ്യാഃ''
ഭക്തന്മാരില്‍ ഏകാന്തികള്‍ക്ക് പ്രധാന്യമുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ശീലിച്ചവരായതുകൊണ്ട് ഇവര്‍ക്ക് അധികമൊന്നും പറയാനില്ല. അങ്ങനെയവര്‍ മൗനികളായി.
ഇവര്‍ക്ക് ആകെ പറയാനുള്ളത് അവരുടെ ഉപാസനാ ദേവതയെക്കുറിച്ചാണ്. ആ ഉപസനാദേവതയുടെ മാഹാത്മ്യത്തെക്കുറിച്ചാണ്. അതുപറയുമ്പോള്‍ അവരുടെ മനസ്സു കുളിരുന്നു. ആ കുളിര്‍മ അവരറിയാതെ തന്നെ പ്രകടമായേക്കാം.
തന്റെ ഉപസനാ ദേവതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ അവര്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു. അതുകൊണ്ടുതന്നെ അത് അനുഭൂതിയായി മാറുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന അവസ്ഥ.
ഇവര്‍ക്ക് ഉപാസനാ ദേവതയോട് എന്തെങ്കിലും ചോദിക്കാനോ ആവശ്യപ്പെടാനോ ഇല്ല. പ്രത്യേകം ആവശ്യങ്ങളുമില്ല. ഇവരുടെ കാര്യങ്ങള്‍ പ്രകൃതി സ്വയം നടത്തിക്കൊടുക്കുകയാണ്. ഇവര്‍ക്ക് ലഭിക്കുന്നതെല്ലാം ഉപസനാ ദേവത നേടിക്കൊടുക്കുന്നതാണ്.
ഇവരുടെതായി എന്തെങ്കിലും നേട്ടങ്ങള്‍ ഇവര്‍ അവകാശപ്പെടുന്നുമില്ല. തനിക്കായി ഒന്നുമില്ല, എന്ന് വിശ്വസിക്കുന്നതവരാണിവര്‍. എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് ഭഗവാന്റേതാണ്. കോട്ടങ്ങളെക്കുറിച്ച്  അവര്‍ ചിന്തിക്കുന്നതേയില്ല.
മറ്റാരോടും ഇവര്‍ക്ക് പ്രത്യേകിച്ച് മമതകളില്ല. അതുകൊണ്ടുതന്നെ ശത്രുതയുമില്ല. അതിനാലാണ് അവര്‍ ഏകാകികളായി നടക്കുന്നത്. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ഉപദേശം നല്‍കാന്‍ മടിയുമില്ല. അതും ഭഗവത് പ്രസാദം മാത്രമായാണ് അവര്‍ കാണുന്നത്.
ദത്താത്രേയ മഹര്‍ഷിയെപ്പോലെയോ ഋഷഭദേവനെപ്പോലെയോ വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരക്കാരുണ്ടാവുക. എണ്ണത്തില്‍ കോടികളിലൊരാള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൂടുമ്പോള്‍ ഒരിക്കല്‍, വൃന്ദാവനത്തിലെ രാധയിലും നമ്മുടെ ചട്ടമ്പി സ്വാമികളിലും ഗുരുജി ഗോള്‍വല്‍ക്കറിലും മാധവ്ജിയിലുമെല്ലാം ഇത്തരക്കാരെ കാണാം. ഇവരാരും ഇവര്‍ക്കായി മാത്രം എന്തെങ്കിലും നേട്ടങ്ങള്‍ കൊയ്തിട്ടില്ല. അതിനു ശ്രമിച്ചിട്ടുമില്ല.ഭഗവാനെക്കുറിച്ച് മാത്രം ചിന്തിച്ച് ഭഗവാനിലൂടെ ഒഴുകി നടക്കുന്നവരാണിവര്‍.
janmabhumi

No comments: