Tuesday, March 27, 2018

കേരളത്തിന്റെ ചരിത്രത്തിലെ ആദ്യമന്ത്രിസഭയെ പുറത്താക്കിയതിനു പ്രധാന കാരണമായത് ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബില്ലായിരുന്നു. എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ സര്‍ക്കാര്‍വഴിയാക്കുക എന്നതായിരുന്നു അതിലെ ഒരാവശ്യം. അതോടെ ഹാലിളകിയ മതമാനേജുമെന്റുകൂട്ടങ്ങള്‍ ഒരുക്കിയ കെണിയായിരുന്നു പിന്നീട് വിമോചനസമരമായി മാറിയത്.
എന്തായാലും അന്നുമുതല്‍ കേരളത്തിലെ എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ കൊടുത്തുതുടങ്ങി. നിയമനാധികാരം അതത് മാനേജുമെന്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ ആയെങ്കിലും ആ രീതിക്ക് ഒരു മാറ്റവും വന്നിട്ടില്ല. നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന അവസ്ഥയില്‍ നിലനില്‍ക്കുന്ന സ്വകാര്യസ്ഥാപനങ്ങളാണ് ഇന്ന് ഓരോ എയിഡഡ്സ്കൂളുകളും.
എയിഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന ടീച്ചര്‍മാരുടെ എണ്ണമെടുത്താല്‍ അത് ഒരുലക്ഷത്തി മുപ്പതിനായിരത്തോളം വരും. സര്‍ക്കാര്‍മേഖലയിലെ അധ്യാപകര്‍ ഇതിന്റെ പകുതിപോലും വരില്ല. ഈ 130000 ടീച്ചര്‍മാരെയും നിയമിച്ചത് അതത് മാനേജര്‍മാരാണ്. അവരുടെ സാലറി പക്ഷേ നമ്മുടെ നികുതിപ്പണത്തില്‍നിന്നും കൊടുക്കുകയും ചെയ്യും.
സര്‍ക്കാര്‍ശമ്പളം കിട്ടുന്ന ഒരു ജോലിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളവരാണ് മലയാളികള്‍. എയിഡഡ്‍മാനേജര്‍മാര്‍ ഈ അവസ്ഥയെ കൈക്കൂലിക്കുള്ള അവസരമായി മാറ്റിത്തീര്‍ത്തു. ഓരോ നിയമനത്തിനും വാങ്ങുന്നത് ദശലക്ഷങ്ങളാണ് എന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ടീച്ചറുടെ കഴിവോ യോഗ്യതയോ ഒന്നും എയിഡഡ് നിയമനങ്ങളില്‍ ഒരു മാനദണ്ഡമേ ആകുന്നില്ല എന്നിടത്താണ് ഏറ്റവും വലിയ അപകടം ഇരിക്കുന്നത്. വെറും കൈക്കൂലിയുടെ ബലത്തില്‍, പണത്തിന്റെ അഹങ്കാരത്തില്‍ ടീച്ചറാവാം എന്നതാണ് സ്ഥിതി.
ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അരക്കോടി രൂപവരെ കൈക്കൂലി കൊടുക്കാന്‍പോലും ടീച്ചര്‍മാരുണ്ടത്രേ. എല്‍ പി സ്കൂള്‍ ടീച്ചറാവാന്‍പോലും കൊടുക്കണം ദശലക്ഷങ്ങള്‍. ഒരു ഉദ്ദേശക്കണക്കുവച്ചു നോക്കിയാല്‍ ഏതാണ്ട് ഇരുപതുലക്ഷം രൂപയെങ്കിലും വരും ശരാശരി കൈക്കൂലി.
അതായത്,
ഒരുലക്ഷത്തി മുപ്പതിനായിരം ടീച്ചര്‍മാര്‍ x ഇരുപതുലക്ഷം രൂപ = ഇരുപത്താറായിരംകോടി രൂപ!!!
അതെ. ഇരുപത്താറായിരംകോടി രൂപയ്ക്കുമേല്‍ കൈക്കൂലി വാങ്ങാനുള്ള സാധ്യതയാണ് എയിഡഡ്‍സ്കൂള്‍കോളേജ് നിയമനങ്ങള്‍ ഒരുക്കിവയ്ക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്തുന്നതില്‍ എയിഡഡ് മാനേജ്‍മെന്റുകള്‍ വഹിച്ച പങ്കിനെ ചെറുതാക്കി കാണേണ്ടതില്ല. പക്ഷേ ആ പങ്കിനുവേണ്ടി എയിഡഡ് മാനേജുമെന്റുകള്‍ ഇന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത് കോടിക്കണക്കിനുരൂപയാണ് എന്നുമാത്രം.
ഇന്ന് പൊതുവിദ്യാലയങ്ങളുടെ പട്ടികയിലാണ് എയിഡഡ്സ്കൂളുകളുടെ സ്ഥാനം. സര്‍‌ക്കാര്‍സ്കൂളുകള്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും എയിഡഡ്സ്കൂളുകള്‍ക്കും കിട്ടുന്നുണ്ട്. എയിഡഡ് മേഖലയിലെ കുട്ടികളുടെ കാര്യം ആലോചിക്കുമ്പോള്‍ സ്കൂളുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ എണ്ണത്തില്‍ എയിഡഡ് സ്കൂളുകളുടെ പകുതിപോലും വരാത്ത, യഥാര്‍ത്ഥ പൊതുവിദ്യാലയങ്ങളായ സര്‍ക്കാര്‍സ്കൂളുകള്‍ക്കുതന്നെയാവണം നാം മുന്‍ഗണന നല്‍കേണ്ടത്.
പൊതുവിദ്യാലയങ്ങള്‍ എന്ന ഗണത്തില്‍പ്പെടുത്തി എയിഡഡ് സ്കൂളുകള്‍ക്ക് സാമ്പത്തികസഹായം ഉള്‍പ്പടെ നല്‍കുമ്പോള്‍ കേരളസമൂഹം ഉറക്കെ ആവശ്യപ്പെടേണ്ട ഒരു കാര്യമുണ്ട്. എയിഡഡ്‍മേഖലയിലെ ഒന്നരലക്ഷത്തോളം (അധ്യാപകരും അനദ്ധ്യാപകരും കൂട്ടി) വരുന്ന നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ശമ്പളം പറ്റുന്ന ആകെ ജീവനക്കാരുടെ മൂന്നിലൊന്നോളം വരും എയിഡഡ്‍മേഖലയിലെ ജീവനക്കാര്‍. അതായത് പൊതുഖജനാവില്‍നിന്നും ചിലവഴിക്കുന്ന പണം അതിന്റെ യഥാര്‍ത്ഥ അവകാശികളിലേക്കല്ല പോകുന്നത് എന്നര്‍ത്ഥം.
ഒരു ടീച്ചറാവാനുള്ള എല്ലാ വിദ്യാഭ്യാസയോഗ്യതകളുമായി കാത്തിരിക്കുന്ന ലക്ഷങ്ങളുണ്ട് കേരളത്തില്‍. അണ്‍എയിഡഡ് മേഖലയില്‍ ബിഎഡ് കോളേജുകള്‍ കുന്നുകൂടിയതോടെ ടീച്ചര്‍ ആകാന്‍ യോഗ്യത നേടിയവരുടെ എണ്ണവും കൂടി. ഇതിന്റെ പ്രയോജനം സര്‍ക്കാര്‍സ്കൂളുകള്‍ക്ക് ആയിരുന്നില്ല. മറിച്ച് എയിഡഡ് മാനേജുമെന്റുകള്‍ക്കായിരുന്നു. കൈക്കൂലിക്കു വിലപേശാന്‍ കൂടുതല്‍പേരെ കിട്ടി എന്നതുമാത്രമാണ് അണ്‍എയിഡഡ് ബിഎഡ്‍കോളേജുകള്‍ക്ക് അനുമതി കൊടുത്തതുകൊണ്ടുണ്ടായ മാറ്റം.
അങ്ങനെ ലക്ഷങ്ങള്‍ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് വെറും പണക്കൊഴുപ്പിന്റെ അടിസ്ഥാനത്തില്‍ എയിഡഡ് മേഖലയില്‍ നിയമനം നല്‍കുന്നത്.
യാതൊരുവിധ സംവരണമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ നിയമനങ്ങള്‍ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. എയിഡഡ്‍മേഖലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അധ്യാപകരുടെ എണ്ണം വിരലിലെണ്ണാവുന്നതേയുള്ളൂ. സ്വതവേ സാമ്പത്തികമായിക്കൂടി പിന്നാക്കവസ്ഥയിലാണ് പട്ടികജാതിപട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍. ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കാനൊന്നും അവര്‍ക്കു കഴിയുകയും ഇല്ല. ദാരിദ്ര്യവും കേരളത്തിലെ പൊതുബോധത്തിന്റെ ജാതിചിന്തയുംകൂടിയാകുമ്പോള്‍ ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ എന്നെന്നേയ്ക്കുമായി എയിഡഡ്‍മേഖലയില്‍നിന്നും പുറത്താവുന്നു. ജാതിമതപരമായി ജനസംഖ്യാനുപാതികമായ നിരക്കിലല്ല എയിഡഡ് മേഖലയില്‍ അധ്യാപകര്‍ ഉള്ളത് എന്നര്‍ത്ഥം. വളരെയധികം ഗൌരവത്തോടെ കേരളസമൂഹം ചര്‍ച്ച ചെയ്യേണ്ട സാമൂഹ്യ അനീതിയാണ് ഈ വിവേചനം. അവിടെ പഠിക്കുന്ന കുട്ടികളെക്കൂടി ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ കീഴിലുള്ള അധ്യാപകര്‍ ഒരു സ്കൂളില്‍ അധികമാവുക എന്നത് ജനാധിപത്യസംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല.
എന്നിട്ടുപോലും കുട്ടികളുടെ ഭാവിയെക്കരുതി എയിഡഡ് സ്കൂളുകളെ നാം പൊതുവിദ്യാലയത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ പണിയാനും ഭൌതികസൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി ഫണ്ടുകള്‍ അനുവദിക്കുന്നു. എംഎല്‍എ ഫണ്ടുപോലും എയിഡഡ്‍സ്കൂളുകളിലെ കെട്ടിടങ്ങള്‍ പണിയാന്‍ ഉപയോഗിക്കാം എന്നു വന്നിരിക്കുന്നു. അതുംപോരാഞ്ഞ് ചലഞ്ച്ഫണ്ടുകളും ലഭ്യമാണ്.
ഇതെല്ലാം നല്ലതുതന്നെ. വേണ്ടെന്നു വയ്ക്കേണ്ടതില്ല. പക്ഷേ അതോടൊപ്പം അതീവഗൌരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ് എയിഡഡ് നിയമനങ്ങളുടെ കാര്യം. സംവരണതത്വങ്ങള്‍ പാലിച്ച്, അവ പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. അരലക്ഷത്തോളം മാത്രം വരുന്ന സര്‍ക്കാര്‍ടീച്ചര്‍മാരുടെ ഒഴിവുകളിലേക്ക്പോലും എയിഡഡ് മേഖലയിലെ അധ്യാപകരെ പ്രൊട്ടക്ഷന്‍ എന്ന ഓമനപ്പേരില്‍ സംരക്ഷിച്ചുനിര്‍ത്തുന്നു. സര്‍ക്കാര്‍മേഖലയില്‍ സാധാരണക്കാര്‍ക്കു കിട്ടേണ്ട ഒഴിവുകളാണ് ഇതിലൂടെ തടയപ്പെടുന്നത്.
അതിനാല്‍ ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. എയിഡഡ് മേഖലയിലെ നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. ഒന്നരലക്ഷത്തോളം ഒഴിവുകളിലേക്ക് പി എസ് സി വഴി സാധാരണക്കാര്‍ കയറട്ടെ. കൈക്കൂലികൊടുത്ത് കുട്ടികളെ പഠിപ്പിക്കാനുള്ള ടീച്ചറാവാം എന്ന അവസ്ഥ ഇനിയെങ്കിലും ഇല്ലാതാവട്ടെ

No comments: