Wednesday, March 28, 2018

വൈദികത്തിന്റെ വിവിധ വശങ്ങള്‍
അമരകോശത്തില്‍ തച്ചന്‍, നെയ്ത്തുകാരന്‍, ക്ഷൗരക്കാരന്‍, അലക്കുകാരന്‍, തോല്‍പണിക്കാരന്‍, കുടമുണ്ടാക്കുന്ന ആള്‍, ആയുധം മൂര്‍ച്ചകൂട്ടുന്നവന്‍, സ്വര്‍ണ്ണപ്പണിക്കാരന്‍, ചിത്രകാരന്‍, ഇരുമ്പുപണിക്കാരന്‍ തുടങ്ങിയ നിരവധി സ്വാഭാവികതൊഴിലുകള്‍ ചെയ്യുന്നവരെക്കുറിച്ച് ശൂദ്രവര്‍ഗത്തില്‍ വിവരിക്കുന്നു. ഇവയില്‍ പേരുകൊണ്ടും തൊഴില്‍ കൊണ്ടും ചില സങ്കരവിഭാഗങ്ങള്‍ക്കു സാദൃശ്യം കാണുന്നു. ഉദാഹരണത്തിന് രഥകാരനെന്ന പേര് രണ്ടിലും കാണാം. ചാരണന്‍ എന്ന വിഭാഗത്തിന് സ്തുതിപാടല്‍ ആണ് ഉപജീവനമാര്‍ഗ്ഗം. സങ്കരവര്‍ണ്ണമായ മാഗധനും ഇതേ തൊഴില്‍ വിധിച്ചിരിക്കുന്നു. അതായത് ഈ സങ്കരവര്‍ണ്ണങ്ങളെ സ്വാഭാവികജാതിയില്‍ പെടുത്തിയിരിക്കുന്നു എന്നു കാണാം.
എം. എന്‍. ശ്രീനിവാസന്‍ പറയുന്ന ചില കാര്യങ്ങളും ഈ കാഴ്ച്ചപ്പാട് ശരിവെക്കുന്നു- വൈദികസമൂഹത്തില്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നീ ത്രൈവര്‍ണ്ണികര്‍ക്ക് ഉപനയനം എന്ന കര്‍മ്മം ഉണ്ട്. ഇതുവഴി അവര്‍ രണ്ടാം ജന്മമെടുക്കുന്നു എന്നു കരുതിവരുന്നു. തന്മൂലം അവരെ ദ്വിജന്മാര്‍ എന്നു വിളിക്കുന്നു. ഈ ദ്വിജന്മാരില്‍ ബ്രാഹ്മണരാണ് ചടങ്ങുകളോട് ഏറ്റവും കൂടുതല്‍ പ്രതിബദ്ധതയും അവയില്‍ നിഷ്ഠയും പുലര്‍ത്തുന്നത്. അതുകൊണ്ട് ബ്രാഹ്മണമാതൃക ആണ് മറ്റു രണ്ടു മാതൃക (ക്ഷത്രിയ, വൈശ്യ)കളേക്കാള്‍ കൂടുതല്‍ ശ്രദ്ധേയം. ഓരോ വര്‍ണ്ണത്തിന്റെയും സാംസ്‌കാരിക ഉള്ളടക്കം ദേശം തോറും, കാലംതോറും വ്യത്യാസപ്പെട്ടാണ് കാണപ്പെടുന്നത്. വര്‍ണ്ണശ്രേണിയുടെ താഴത്തെ തട്ടുകളിലാണ് മേല്‍ത്തട്ടിനേക്കാള്‍ ഈ വൈവിധ്യം പുലര്‍ന്നു കാണുന്നത്. 
ഒരു പ്രദേശത്തു താമസിക്കുന്ന പല തട്ടുകളിലുള്ളവര്‍ തമ്മില്‍ ചില കാര്യങ്ങളില്‍ സമാനത ഉണ്ട്. ഉദാഹരണത്തിന് ബ്രാഹ്മണനും ഹരിജനും (തീണ്ടലുള്ളവര്‍) ഒരേ ഭാഷ സംസാരിക്കുന്നു. അവര്‍ക്കെല്ലാം പൊതുവായി ചില ആഘോഷങ്ങളും പ്രാദേശിക ദേവതകളും വിശ്വാസങ്ങളും ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യശ്രേണിയില്‍ ലംബപ്രതിബദ്ധത (വെര്‍ട്ടിക്കല്‍ സോളിഡാരിറ്റി)/തിരശ്ചീനപ്രതിബദ്ധത (ഹൊറിസോണ്ടല്‍ സോളിഡാരിറ്റി) എന്ന ഒരു വിഭജനം ശ്രീനിവാസന്‍ നടത്തുന്നു. മേല്‍ക്കൊടുത്ത പൊതുക്കാര്യങ്ങള്‍ ആദ്യത്തേതിലും ഏതെങ്കിലും ഒരു വര്‍ണ്ണത്തിനുള്ളില്‍ മാത്രം ഉള്ള പൊതുവിഷയങ്ങള്‍ രണ്ടാമത്തേതിലും പെടുന്നു.
 പൊതുവേ, ക്ഷത്രിയ, വൈശ്യ, ശൂദ്രവര്‍ണ്ണങ്ങള്‍ ആണ് ബ്രാഹ്മണരേക്കാള്‍ പ്രാദേശിക സംസ്‌കാരങ്ങള്‍ സ്വീകരിച്ചുകാണുന്നത്. തന്മൂലം തങ്ങള്‍ ക്ഷത്രിയ, വൈശ്യവിഭാഗങ്ങളാണ് എന്നു പറയുന്നവരുടെ ഇടയില്‍ വലിയ വ്യത്യാസങ്ങള്‍ കാണാം. ബ്രാഹ്മണര്‍ ആര്, അസ്പൃശ്യര്‍ ആര് എന്ന് അഖിലഭാരതീയ അടിസ്ഥാനത്തില്‍ ഒരു പൊതുനിര്‍വ്വചനം സാധ്യം ആണെങ്കിലും  ക്ഷത്രിയ, വൈശ്യവിഭാഗങ്ങളെ സംബന്ധിച്ച് അത്തരമൊരു ലക്ഷണം പറയല്‍ സാധ്യമല്ല. പടയാളികളുടെയും കച്ചവടക്കാരുടെയും പാരമ്പര്യം പേറുന്നവരാണ് പൊതുവേ ക്ഷത്രിയരും വൈശ്യരുമെന്ന് അവകാശപ്പെടുന്നത്. ഈ രണ്ടു വിഭാഗങ്ങള്‍ക്കും അഖിലഭാരതീയ അടിസ്ഥാനത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഒരു പൊതുചട്ടക്കൂട് ചൂണ്ടിക്കാണിക്കാനില്ല; എന്നു മാത്രമല്ല പലരും ദ്വിജന്മാരാകാന്‍ അവശ്യം വേണ്ട ക്രിയ (സംസ്‌കാരം) കള്‍ പോലും അനുവര്‍ത്തിക്കുന്നില്ല. ശൂദ്രവിഭാഗത്തില്‍ നിന്നും ധാരാളം രാജകുടുംബങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്ന  ചരിത്രകാരനായ കെ. എം. പണിക്കരുടെ അഭിപ്രായവും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു. ഹിരണ്യഗര്‍ഭം എന്ന ക്രിയയിലൂടെ ഇതരജാതികളില്‍ നിന്നും ക്ഷത്രിയരെ സൃഷ്ടിക്കാന്‍ ബ്രാഹ്മണര്‍ക്കു വിധിയുണ്ടെന്നു പഴമക്കാര്‍ പറയുന്നു.
ഇങ്ങനെ, ഉള്ള ജാതിയില്‍ ചേര്‍ക്കുകയോ, അല്ലെങ്കില്‍ പുതിയ ജാതി സൃഷ്ടിച്ച് കടമകളും അവകാശങ്ങളും ഉപജീവനമാര്‍ഗ്ഗങ്ങളും കല്‍പ്പിച്ച് സമൂഹത്തിന്റെ ഭാഗം ആക്കുകയോ, ചെയ്യുന്നത് ഇവിടെ പതിവായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കേരളം എന്ന കൃതിയില്‍ അടികള്‍ എന്നൊരു ജാതി തീര്‍ത്തതായി പറയുന്നുണ്ട്. ആറാട്ടുപുഴ പൂരം പോലുള്ള ആഘോഷങ്ങള്‍, കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ പൊതുച്ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളില്‍ അതതുപ്രദേശത്തെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി കടമയും അവകാശവും നിശ്ചയിച്ചിരിക്കുന്നതു കാണാം. 
 ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ പ്രത്യേകതയായി ഇതിനെ പണ്ഡിതന്മാര്‍ കാണുന്നു- വിദേശങ്ങളിലേപ്പോലെ ആട്ടിപ്പായിക്കുകയോ ഉന്മൂലനാശം വരുത്തുകയോ അല്ല മറിച്ച് സ്വാംശീകരിക്കുകയാണ് ഇവിടെ ചെയ്തുപോന്നത്- (വാഡിയാ & മെര്‍ച്ചന്റ്, പേജ് 30). വിദേശീയ സമൂഹങ്ങളെപ്പോലും നമ്മുടെ പൂര്‍വികര്‍ ഇത്തരത്തില്‍ സ്വീകരിച്ചതിന്, സ്വാംശീകരിച്ചതിന് ചരിത്രം സാക്ഷിയാണല്ലോ.
ചുരുക്കത്തില്‍, ഹിന്ദുക്കള്‍ക്കിടയില്‍ ഉടലെടുത്ത സ്വാഭാവിക തൊഴില്‍വിഭജന ഘടനയില്‍ പില്‍ക്കാലത്ത് ഹിന്ദുവൈദികഗോത്രങ്ങളിലുണ്ടായ വര്‍ണ്ണങ്ങളും സങ്കരവര്‍ണ്ണങ്ങളും അവര്‍ക്കു നിശ്ചയിക്കപ്പെട്ട തൊഴിലുകളും ആരോപിക്കപ്പെട്ടു, ഇഴ ചേര്‍ക്കപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളിലും ഇത്തരത്തില്‍ മിശ്രണം ഇന്ന് പ്രകടമാണല്ലോ. അങ്ങനെ ഇന്നു നാം കാണുന്ന, ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമായ, ജാതി- വര്‍ണ്ണ- സങ്കരവര്‍ണ്ണസമ്മിശ്രം ആയ സാമൂഹ്യഘടന ഹിന്ദുസമൂഹത്തില്‍ സംജാതമായി...vamanan

No comments: