ഒരു തെളിഞ്ഞ കണ്ണാടിയില്‍ നിങ്ങളുടെ പ്രതിബിംബം വ്യക്തമായി ദര്‍ശിക്കാന്‍ കഴിയും. പക്ഷേ ആ കണ്ണാടി മുഴുവന്‍ ചായങ്ങളും ചിത്രപ്പണികള്‍കൊണ്ടും നിറച്ചാല്‍ നിങ്ങളുടെ മുഖം അതില്‍ വ്യക്തമായി കാണാന്‍ കഴിയുകയില്ല. യോഗീശ്വരന്മാര്‍ കളങ്കമറ്റ കണ്ണാടിപോലെയാണ്. അവരുടെ സന്നിധിയില്‍ചെന്നാല്‍ നിങ്ങളുടെ അഹന്തയുടെ സ്വരൂപവും മനസ്സിലെ കളങ്കവും തെറ്റുകളും പരാജയങ്ങളും എല്ലാം നിങ്ങള്‍ക്കു സ്വയം ദര്‍ശിക്കാന്‍ കഴിയും.
നിങ്ങളുടെ അഹന്തയുടെ അഥവാ അജ്ഞതയുടെ സ്വരൂപം അതിനെയാണ് അറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതും. ആത്മാവ് അറിയപ്പെടേണ്ടതല്ല,അത് അറിവു തന്നെയാണ്. ഈ അവിദ്യ അഥവാ കല്‍പിതമായ അഹന്ത അനാദികാലം മുതല്‍ക്കേ നിങ്ങളില്‍ അഥവാ നിങ്ങളാകുന്ന ഗൃഹത്തില്‍ കുടിയേറി പാര്‍ക്കുകയാണ്. അതിന്റെ കൂട്ടുകെട്ട് അനന്തമായി നിങ്ങള്‍ സഹിച്ചു. ഇപ്പോള്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍പോലും അതു വിട്ടുപിരിയാന്‍ സമ്മതിക്കുന്നില്ല. ഈശ്വരകാരുണ്യത്തിന്റെ പരമമായ കോടതിയില്‍നിന്നു മാത്രമേ അഹന്തയെ കുടിയിറക്കാനുള്ള ഉത്തരവു സമ്പാദിക്കാന്‍ നിങ്ങള്‍ക്കു കഴിയൂ. ആ ഉത്തരവാകട്ടെ കാര്യങ്ങളെ വിവേചിച്ചറിയാനുള്ള ജ്ഞാനമാണ്.
നിങ്ങളെപ്പറ്റിയുള്ള അഭിനന്ദനത്തിലും അവഹേളനത്തിലും നിങ്ങള്‍ ഉദാസീനരായിരിക്കണം. അഹന്ത തഴക്കുന്നത് പ്രശംസയിലാണ്. ആത്മാര്‍ത്ഥതയുള്ള ഒരു സത്യാന്വേഷിക്ക് പ്രശംസകള്‍ മര്‍മ്മഭേദകങ്ങളാണ്. അയാള്‍ക്ക് അയാള്‍ നിസ്സാരനാണെന്നറിയാം. വിലയില്ലായ്മയും അറിയാം. സമാരാദ്ധ്യമായിട്ടുള്ളത് അമൂല്യ വൈഭവങ്ങളുടെ ആസ്ഥാനമായ ഈശ്വരന്‍ മാത്രമാണെന്ന് അയാള്‍ അറിയുന്നു.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
No comments:
Post a Comment