Wednesday, March 28, 2018

സിദ്ഥാർത്ഥൻ ബുദ്ധനായി മാറി.. യുവരാജാവായി വാഴ്ന്നിരുന്ന അദേഹം തന്റെ സർവ്വ സുഖങ്ങളും ത്യജിച്ചാണ് സന്യാസിയായി മാറിയത്. മുന്തിയ കുതിരകളും പട്ടുവസ്ത്രങ്ങളും, കൊട്ടാരവും പദവിയും പണവും സേവകരും ആഢംബരവും എല്ലാം ത്യജിച്ച് ഇറങ്ങിയ മഹാനായ ത്യാഗി ആയിരുന്നു ബുദ്ധ ഭഗവാൻ... വെറും കാഷായ വേഷം ധരിച്ച് തല മുണ്ഡനം ചെയ്ത് കാട്ടിൽ വസിച്ച് ഭിഷയാജിച്ച് അദേഹം സന്യാസിയായി ജീവിച്ചു.
ലോകത്തിന്റെ ശൂന്യത തിരിച്ചറിഞ്ഞ ബുദ്ധൻ ധ്യാനത്തിന്റെ വിസ്മയകരമായ അഗാധതയിലേയ്ക്ക് ഊള്ളിയിട്ട്, നിശബ്ദതയുടെ സംഗീതം ആസ്വദിച്ച്.. ബോധത്തിന്റെ ഉറവിടത്തിൽ എത്തി ചേർന്ന് ബോധോദയത്തിന്റെ അമൃത് പാനം ചെയ്ത് . ധ്യാന സമാധിയിൽ ലയിച്ചിരുന്ന അദേഹം ലോകനന്മയ്ക്കായി ധ്യാനത്തിന്റെ വിസ്മയം ലോകത്തിന് കാട്ടികൊടുക്കാൻ കണ്ണുകൾ തുറന്ന് ലോകത്തിലേയ്ക്ക് ഇറങ്ങി വന്നത് അദേഹത്തിന്റെ മഹത്തായ ത്യാഗമായിരുന്നു.. ആന്തരിക യാത്രയുടെ ദിവ്യാനുഭവം ലോകർക്ക് പകർന്നു കൊടുത്ത് കൊണ്ട് അദേഹത്തിന്റെ ജീവിതം ധന്യമാക്കി..
നോക്കൂ ബുദ്ധനെ കുറിച്ചുള്ള രണ്ടു കാഴ്ചപ്പാടുകൾ, ആദ്യത്തെതിൽ അദേഹം ത്യജിച്ചതിനെക്കുറിച്ച് മാത്രം പറഞ്ഞു കൊണ്ട് ബുദ്ധനെ സ്മരിക്കുന്നു. രണ്ടാമത്തെതിൽ അദേഹം നേടിയതിനെക്കുറിച്ച് പറഞ്ഞു കൊണ്ട് അദേഹത്തിനെ സ്മരിക്കുന്നു.. നോക്കൂ വ്യക്തിയുടെ മനസ്സ് ഏതിനാണോ പ്രധാന്യം കൊടുക്കുന്നത് അയാളുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം. ഭൗതികതക്ക് പ്രധാന്യം കൽപ്പിക്കുന്ന വ്യക്തിക്ക് ആദ്യത്തെ പ്രയോഗം ആയിരിക്കും സുഖിക്കുക.. എന്നാൽ അത്മജ്ഞാനത്തിന് പ്രാധാന്യം കൊടുക്കുന്നവൻ രണ്ടാമത്തെ പ്രയോഗത്തിലൂടെ ബുദ്ധനെ ഓർക്കുന്നു.

No comments: