Tuesday, March 27, 2018

ശ്രീ.പണ്ഡിറ്റ്‌ പി.ഗോപാലൻനായർ.(1869-1968)
അനുഗ്രഹീതനായ ഒരു കവിയും ഉചിതജ്ഞനായ ഒരു വ്യാഖ്യാതാവുമായിരുന്നു ശ്രീ.പണ്ഡിറ്റ്‌ പി.ഗോപാലൻനായർ. ഈശ്വരാർപ്പിതമായ ഒരു മുക്തതേജസ്സായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക ജ്ഞാനസർവ്വസ്വമാണ്‌ അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും. മലയാളം-സംസ്‌കൃതം എന്നീ ഭാഷകളിൽ അഗാധജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹം രചിച്ചിട്ടുളളതെല്ലാം തികഞ്ഞ ഗൗരവബുദ്ധിയോടെയായിരുന്നു. വൃഥാ വിനോദമായി എഴുതിയ ഒരു വരിപോലും അദ്ദേഹത്തിന്റെ ഗ്രന്ഥസഞ്ചയത്തിൽനിന്നും കണ്ടെത്താൻ കഴിയില്ല.ഏതു വിഷയത്തെ കുറിച്ചായാലും ഉപരിപ്ലവമായി പറഞ്ഞുപോകുന്ന ഏർപ്പാട്‌ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ എന്ന സ്ഥലത്ത്‌ പുത്തൻവീട്ടിൽ മീനാക്ഷി അമ്മയുടെയും അനന്തനാരായണ പട്ടരുടെയും മകനായി 1869 ഏപ്രിൽ 18ന്‌ ഗോപാലൻനായർ ജനിച്ചു. കൊല്ലങ്കോട്ടെ എഴുത്തു പളളിക്കൂടത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. രാവുണ്യാരത്ത്‌ കണ്ണൻമേനോന്റെ ഇംഗ്ലീഷ്‌ സ്‌കൂളിലും, കാരാട്ട്‌ നാരായണമേനോന്റെ (ഇദ്ദേഹം മഹാനായ ബ്രഹ്‌മാനന്ദസ്വാമി ശിവയോഗിയുടെ അനന്തിരവൻ ആണ്‌.) കീഴിൽ രണ്ടുകൊല്ലം സംസ്‌കൃതവും പഠിച്ചു. 1886-ൽ ഗോപാലൻനായർ കൊല്ലങ്കോട്ടെ പാഠശാലയിൽ പ്രധാന അധ്യാപകനും മാനേജരുമായി.
ഭഗവത്‌ഗീതയുടെ ഒന്നാം പതിപ്പിനെഴുതിയ അവതാരികയിൽ ശ്രീ.പി.ശേഷാദ്രി ഇങ്ങനെ രേഖപ്പെടുത്തിഃ-''ഭാഗവതം കരതലാമലകംപോലെ ഗ്രഹിച്ച്‌ അന്യർക്കും സുഗമവും സുലഭവുമാക്കിത്തീർത്തിരിക്കുന്ന ഈ മഹാത്മാവിനേക്കാൾ ഗീതയെ വ്യാഖ്യാനിക്കാൻ യോഗ്യരായി വേറെ ആരുമില്ലെന്ന്‌ നിസ്സംശയം പറയാം. വ്യാഖ്യാനരീതി മനോജ്ഞവും ഹൃദ്യവും മധുരവും പല സ്ഥലങ്ങളിലും അപൂർവ്വവുമായിരിക്കുന്നു.“
ഭാഗവതം, അദ്ധ്യാത്മരാമായണം, പഞ്ചദശി, ഭഗവത്‌ഗീത, ഹരിമീഡേസ്‌തോത്രം, ശിവഗീതാഭാഷാഗാനം, ശ്രീബദരീശസ്‌തോത്രം, ശ്രീദേവീസൂക്തം, ശ്രീദുർഗ്ഗാസ്‌തോത്രം, ശ്രീസനത്‌കുമാരസ്‌തോത്രം, ദക്ഷിണാമൂർത്തിസ്‌തോത്രം, ബ്രഹ്‌മസൂത്രം, വാല്‌മീകിരാമായണം(സുന്ദരകാണ്ഡം), സുധോദയം, ശതശ്ലോകി തുടങ്ങി പതിനേഴു വ്യാഖ്യാനങ്ങളും സനാതനധർമ്മം, ശാശ്വതധർമ്മം, അഹിംസാപരമോ ധർമ്മഃ, ധർമ്മസ്വരൂപനിരൂപണം, ശ്രീകാശ്യപക്ഷേത്രമാഹാത്മ്യം, തപോവന സ്വാമികളുടെ ജീവചരിത്രം എന്നീ ആറു സ്വതന്ത്രകൃതികളുമടക്കം ഇരുപത്തിമൂന്നു ഗ്രന്ഥങ്ങൾ കൈരളിക്കു സമർപ്പിച്ചുകൊണ്ട്‌ അദ്ദേഹം തന്റെ യശസ്സിനെ ശാശ്വതമാക്കി.

No comments: