Wednesday, March 28, 2018

ഗാന്ധാരി പ്രസവിച്ചത് മാംസപിണ്ഡമാണെന്ന് കണ്ട് ധൃതരാഷ്ട്രരും ഗാന്ധാരിയും നിരാശരായി. ഇതറിഞ്ഞ വ്യാസൻ നിന്റെ അനുഗ്രഹം ഒരിക്കലും പാഴായി പോകില്ല എന്ന് ഗാന്ധാരിയോട് പറയുകയും, ആ മാംസപിണ്ഡത്തെ നൂറു കഷ്ണങ്ങളാക്കി വെണ്ണ തേച്ചു ഭരണിയിൽ അടച്ചു കുഴിച്ചിടാൻ ഗാന്ധാരിയോടു പറഞ്ഞു. അപ്പോൾ ഗാന്ധാരി തനിക്കു ഒരു പുത്രിയെ കൂടി വേണമെന്ന് പറഞ്ഞു. അത് പ്രകാരം മാംസപിണ്ഡത്തെ നൂറ്റി ഒന്ന് കഷണങ്ങളാക്കി മുറിച്ചു. വെണ്ണ തേച്ചു ഭരണിയിലാക്കി കുഴിച്ചിട്ടു. രണ്ടു വർഷം കഴിഞ്ഞു ആ ഭരണികളിൽ ആദ്യത്തേത് തുറന്നപ്പോൾ വന്ന കുട്ടിക്ക് ദുര്യോധനൻ എന്ന് അവർ പേരിട്ടു. രണ്ടാമത്തെതിന് ദുശ്ശാസനൻ എന്നും, ഇവരെ കൂടാതെ 98 ആണ്‍കുട്ടികളെയും നൂറ്റി ഒന്നാമത്തെ ഭരണിയിൽ നിന്നും ഒരു പെണ്‍കുട്ടിയെയും പുറത്തെടുത്തു. പെണ്‍കുട്ടിക്ക് അവർ ദുശ്ശള എന്നും പേര് വെച്ചു. ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും കൂടി ജനിച്ച ഈ 101 മക്കളും അവരെ സഹായിച്ചവരും ആണ് *കൗരവർ* എന്നറിയപെടുന്നത്. അതിനു ശേഷമാണ് കുന്തിക്ക് അടുത്ത പുത്രൻ ജനിക്കുന്നത്.
കുറച്ചു വർഷങ്ങൾക്കു ശേഷം പാണ്ഡുവിന്റെ നിർദേശപ്രകാരം കുന്തി വായുദേവനെ പ്രാർഥിച്ചു വരുത്തി. അദ്ദേഹം കുന്തിക്ക് ഒരു പുത്രനെ സമ്മാനിച്ചു. ആ പുത്രൻ, അറിയാതെ കുന്തിയുടെ കയ്യിൽ നിന്നും താഴെ ഒരു കരിങ്കല്ലിൽ വീണു. കരിങ്കല്ല് തകർന്നു.... അവൻ ഒരു സാധാരണ ആണ്‍ കുട്ടിയല്ല എന്ന് തിരിച്ചറിഞ്ഞ പാണ്ഡു അവനു ഭീമൻ എന്ന് പേരുവച്ചു.
മറ്റൊരു അവസരത്തിൽ പാണ്ഡുവിന്റെ നിർദേശപ്രകാരം കുന്തി ഇന്ദ്രനെ പ്രാർത്ഥിച്ചു വരുത്തുകയും ഇന്ദ്രൻ ഒരു പുത്രനെ നല്കുകയും ചെയ്തു അവനു അർജ്ജുനൻ എന്ന് പേരും വച്ചു.
മാദ്രിക്കും ഒരു കുട്ടി വേണമെന്ന ആഗ്രഹത്തെ മാനിച്ച്, പാണ്ഡുവിന്‍െറ നിര്‍ദ്ദേശപ്രകാരം, കുന്തി മന്ത്രം മാദ്രിക്ക് പറഞ്ഞു കൊടുത്തു. മാദ്രി അശ്വിനി കുമാരന്മാരിൽ നിന്നും ഇരട്ട പുത്രന്മാരെ നേടി അവർക്ക് നകുലൻ എന്നും സഹദേവൻ എന്നും പേര് വെച്ചു. അങ്ങനെ പാണ്ഡു ആവശ്യപെട്ടതുപോലെ അവർ രണ്ടു പേരും കൂടി പാണ്ഡുവിനു അഞ്ചു പുത്രന്മാരെ നല്കി വാക്ക് പാലിച്ചു. പാണ്ഡുവിന്റെ ഈ അഞ്ചു പുത്രന്മാരാണ് *പഞ്ചപാണ്ഡവർ* എന്ന് അറിയപെടുന്നത്.

No comments: