ജന്മാദിദുഃഖങ്ങളാത്മാവിനുണ്ടാമെന്നൊരു കന്മഷം മനതാരിലുണ്ടായീടരുതെടോ! എന്നതുകൊണ്ടു പറഞ്ഞേനവയെല്ലാമിന്നും സന്ദേഹം തീര്‍ന്നീടുമാറിനിയും കേട്ടുകൊള്‍ക ഐഹികമെന്നും പാരത്രികമെന്നേവം രണ്ടും ദേഹിയാമാത്മാവിനില്ലായ്കയാല്‍ സുഖദുഃഖം വന്നനുഭവിക്കുന്നവാറതെങ്ങനെ പര- മാനന്ദസ്വരൂപനല്ലോ സദാകാലത്തിലും ചിത്തത്തില്‍ വിചാരമില്ലായ്കയാലാത്മാവിനു ദുഃഖമുണ്ടെന്നും സ്വാഭാവികമാകുന്നിതെന്നും ഉല്‍കൃഷ്ടകര്‍മ്മങ്ങളാല്‍ ദുഃഖങ്ങളൊഴിച്ചുടന്‍ മുക്തിപ്രാപിച്ചു സുഖിച്ചിരിക്കാമെന്നുമോരോ ദുശ്ചിന്ത ഭവിക്കയാല്‍ ദുഃഖങ്ങളുണ്ടാകുന്നു. നിത്യനായുള്ള ജീവാത്മാവിനെന്നറികെടോ! ദുഃഖങ്ങളാത്മധര്‍മ്മമാകുന്നതെന്നാലതു- മുല്‍കൃഷ്ടകര്‍മ്മങ്ങളാല്‍ പോകയില്ലെന്നും വരും കര്‍മ്മങ്ങള്‍കൊണ്ടു മുക്തിസൗഖ്യത്തെ വരുത്തിയാല്‍ കര്‍മ്മപുണ്യങ്ങള്‍ നശിക്കുമ്പോള്‍ മുക്തിയും കെടും കര്‍മ്മംകൊണ്ടുണ്ടാകുന്ന മുക്തിക്കു നിത്യത്വവും ജന്മനാശവുമില്ല കര്‍മ്മവുമൊടുങ്ങീടാ. ആശയം- ജനന മരണദുഃഖങ്ങള്‍ ആത്മാവിനുണ്ടെന്ന് ചിന്തിച്ച് മനസ്സിനെ കളങ്കപ്പെടുത്തരുത്. എന്നു വിചാരിച്ചാണ് ഞാന്‍ നിന്നോട് ഇതെല്ലാം പറഞ്ഞത്. നിനക്കുള്ള എല്ലാ സംശയങ്ങളും തീരത്തക്കവണ്ണം ഇനിയും പറയാം. കേട്ടുകൊള്ളുക. ഇഹലോകസുഖ ദുഃഖങ്ങളും പരലോക സുഖമെന്നും പറയുന്ന രണ്ടും ആത്മാവിനില്ല. ആത്മാവ് ആനന്ദം മാത്രമായതിനാല്‍ ഈ ലോകത്തിലെ സുഖ ദുഃഖങ്ങള്‍ ആത്മാവിനെ ബാധിക്കുന്നില്ല. കര്‍മ്മബന്ധം കൊണ്ട് ശരീരം അനുഭവിക്കുന്നതാണ്. പുണ്യം ചെയ്ത് പരലോകത്തുചെന്നു സുഖം അനുഭവിക്കുന്നതും ആത്മാവല്ല. സൂക്ഷ്മശരീരമാണ്. അതിനാല്‍ സദാകാലത്തും പരമാനന്ദമനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മാവിന് ഇഹലോക-പരലോക സുഖ ദുഃഖങ്ങള്‍ ബാധകമാകുന്നതെങ്ങനെ? മനസ്സില്‍ ഈ വിചാരമില്ലാത്തതുകൊണ്ടാണ് ആത്മാവിനു ദുഃഖമുണ്ടെന്നും ദുഃഖം സ്വാഭാവികമാണെന്നും ചിന്തിക്കുന്നത്. ഉത്തമമായ പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ മുക്തിപ്രാപിക്കാമെന്നും സ്വര്‍ഗത്തു ചെന്നു സുഖിച്ചിരിക്കാമെന്നും ഓരോരോ ദുശ്ചിന്തമൂലം ദുഃഖമുണ്ടാകുന്നു. നിത്യനാണ് ജീവാത്മാവെന്ന് മനസ്സിലാക്കുക. കാരണം ജീവാത്മാവും പരമാത്മാവും തമ്മില്‍ ഭേദമില്ല. ദുഃഖങ്ങള്‍ ആത്മധര്‍മ്മമാണെങ്കില്‍ അത് ഉത്തമപുണ്യകര്‍മ്മങ്ങളെക്കൊണ്ട് നശിക്കുകയില്ലല്ലോ. കര്‍മ്മങ്ങള്‍ കൊണ്ട് പുണ്യം സമ്പാദിച്ച് ദുഃഖങ്ങളില്‍ നിന്നു മുക്തികിട്ടുമെങ്കില്‍ ആ കര്‍മ്മപുണ്യം നശിക്കുമ്പോള്‍ മുക്തിയും തീരും. കര്‍മ്മം കൊണ്ടുണ്ടാകുന്ന മുക്തി ശാശ്വതമല്ല. കര്‍മ്മംകൊണ്ട് ജനനമരണങ്ങളില്‍ നിന്നു മോചനവുമില്ല. കര്‍മ്മം ചെയ്താല്‍ ഫലം അനുഭവിക്കണം. പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോയി സുഖം അനുഭവിക്കാം. പുണ്യം തീരുമ്പോള്‍ വിണ്ടും മര്‍ത്യലോകത്തില്‍ മടങ്ങിവരണം. കര്‍മ്മം ചെയ്യുന്നത് ഫലം ഇച്ഛിക്കാതെ വേണം. ഇങ്ങനെ നിഷ്‌കാമകര്‍മ്മം അനുഷ്ഠിച്ചാല്‍ കര്‍മ്മബന്ധനം ഉണ്ടാകാതിരിക്കുമെന്നാണ് ഭഗവാന്‍ ഗീതയില്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത്.
No comments:
Post a Comment