Thursday, March 29, 2018

ത്രിവിധ കരണവ്യാപാരയുക്തനായ് തദാ ജീവാത്മാ വിശ്വനെന്ന നാമവും കയ്‌ക്കൊണ്ടുടന്‍ സ്ഥൂലവിഗ്രഹം തന്നിലഭിമാനിയായ് ജാഗ്ര- കാലേ മേവുന്നു പിന്നെ സ്വപ്നമാമവസ്ഥയില്‍ തൈജസനെന്ന നാമം കൈക്കൊണ്ടു സൂക്ഷ്മതനു തന്നില്‍ പുക്കഭിമാനിയായിരുന്നനന്തരം കാരണശരീരാഭിമാനിയായ് പ്രജ്ഞാനിയായ് കാരണാനന്ദപ്രാപ്തി ലഭിച്ചു വസിച്ചീടും ജീവാത്മാവേകം മൂന്നുനാമംപൂണ്ടവസ്ഥയില്‍ മേവുന്നനേരം സാക്ഷിഭൂതനായ് മദ്ധ്യസ്ഥനായ് ചൈതന്യസ്വരൂപനായീടുമാത്മാവു സദാ സര്‍വ്വസാക്ഷിയെന്നറിഞ്ഞാലും നീ വരാനനേ! ആശയം:- ഹേ വരാനനേ! മൂന്നുവിധ അവസ്ഥകളില്‍ മൂന്നുവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സ്ഥൂലശരീരത്തില്‍ ആത്മാവിരിക്കുന്നു.ജാഗ്രദവസ്ഥയില്‍ വിശ്വന്‍ എന്ന പേരോടുകൂടി സ്ഥൂലശരീരത്തില്‍ അഭിമാനം കൊണ്ടും, അതില്‍ നടക്കുന്ന വ്യാപാരങ്ങളെല്ലാം താന്‍ ചെയ്യുന്നതാണെന്ന് അഭിമാനിച്ചും അനുഭവിച്ചും ആത്മാവിരിക്കുന്നു. സ്വപ്നാവസ്ഥയില്‍ തൈജസന്‍ എന്ന പേരോടുകൂടി അതേജീവാത്മാവുതന്നെ സൂക്ഷ്മശരീരത്തിലിരുന്ന് അനുഭവിക്കുന്നു. സ്വപ്നാനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കിലും അതുള്ളതായി ഭ്രമിക്കുന്നു. സുഷുപ്ത്യവസ്ഥയില്‍ പ്രാജ്ഞന്‍ എന്ന പേരോടുകൂടി കാരണശരീരത്തിലിരുന്ന് അഭിമാനിക്കുന്നു. അവിടെ ആനന്ദപ്രാപ്തി മാത്രമേയുള്ളു. ആദ്യത്തെ രണ്ടവസ്ഥയിലും അജ്ഞാനം കൊണ്ട് ജീവാത്മാവ് സാക്ഷിമാത്രമാണെന്നറിയാതെ ഭ്രമിക്കുമ്പോള്‍ സുഷുപ്ത്യവസ്ഥയില്‍ കരണങ്ങളൊന്നുമില്ലാത്തതിനാല്‍ ആനന്ദം അനുഭവിക്കുന്നു. ഇങ്ങനെ ഏകനായ ആത്മാവ് മൂന്നു പേരുകളില്‍ മൂന്നവസ്ഥകളില്‍ സാക്ഷിരൂപേണ, മധ്യസ്ഥനായി, ചൈതന്യസ്വരൂപനായി സ്ഥിതിചെയ്യുന്നു എന്നു മനസ്സിലാക്കുക. താന്‍ ഒന്നും അനുഭവിക്കുന്നില്ലായെന്നും എല്ലാറ്റിനും സാക്ഷിമാത്രമാണെന്നും ജീവന് എപ്പോള്‍ ജ്ഞാനം ഉണ്ടാകുന്നുവോ അപ്പോള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ ആത്മാനന്ദം അനുഭവിക്കാം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

No comments: