എം.എന്‍. ശ്രീനിവാസന്‍ തന്റെ സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഹിന്ദുസമൂഹത്തിന്റെ മാനസികാവസ്ഥയുടെ രസകരവും ശ്രദ്ധേയവുമായ ഒരു വശത്തെ വിവരിക്കുന്നുണ്ട്- സാമൂഹ്യമായി താഴ്ന്ന തട്ടില്‍ എന്നു കരുതപ്പെടുന്ന, വനവാസി ഗോത്രം മുതലുള്ള ചെറുതും വലുതുമായ എല്ലാ സമുദായങ്ങളുടെയും ഉള്ളില്‍ തങ്ങള്‍ ദ്വിജന്മാരായിത്തീരണം, ബ്രാഹ്മണവര്‍ണ്ണമായിത്തീരണം, അത്തരത്തില്‍ അംഗീകരിക്കപ്പെടണം എന്ന ശക്തിയായ ഒരു മോഹം വെച്ചുപുലര്‍ത്തുന്നുണ്ട്; അതിലേക്കായി ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കാഴ്ചപ്പാടുകള്‍, ജീവിതരീതി എന്നിവയില്‍ അവശ്യം വേണ്ട മാറ്റം സ്വമേധയാ ക്രമേണ വരുത്തുകയും ചെയ്യുന്നു എന്നതാണത്. ഈ പ്രവണതയ്ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന സാങ്കേതികനാമം സംസ്‌കൃതവല്‍കരണം (സാന്‍സ്‌ക്രിറ്റൈസേഷന്‍) എന്നാണ്.
വൈദികത്തിന്റെ ഈ പ്രാമുഖ്യത്തിനു കാരണങ്ങള്‍ പലതുണ്ട്. എങ്കിലും അവയില്‍ എറ്റവും പ്രധാനപ്പെട്ടത്, ഇതര ഹിന്ദുവിശ്വാസപദ്ധതികളേക്കാള്‍, അതിനു കിട്ടിയ രാജകീയസംരക്ഷണം (റോയല്‍ പേറ്റ്രണേജ്) ആയിരുന്നു. ഋഗ്വേദം തൊട്ടുള്ള വൈദികവാങ്മയത്തിലെമ്പാടും രാജഭരണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും, രാജാവിനെ അവരോധിക്കലുമായി ബന്ധപ്പെട്ട ക്രിയാവിവരണങ്ങളും, രാജനീതിപരമായ നീതി നിയമ ചര്‍ച്ചകളും കാണാം. രാധാകുമുദ് മുക്കര്‍ജി തന്റെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ എന്ന വിഖ്യാതപുസ്തകത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഋഗ്വേദം, അഥര്‍വവേദം, തൈത്തിരീയസംഹിത, മൈത്രായനീസംഹിത, കാഠകസംഹിത, തൈത്തിരീയബ്രാഹ്മണം, ശതപഥബ്രാഹ്മണം, നിരുക്തം, തൈത്തിരീയ ആരണ്യകം, വാജസനേയി സംഹിത, ബൃഹദാരണ്യക ഉപനിഷത്, ഐതരേയബ്രാഹ്മണം, പഞ്ചവിംശദ് ബ്രാഹ്മണം, ഛാന്ദോഗ്യോപനിഷത്, ജൈമിനീയ ഉപനിഷദ് ബ്രാഹ്മണം, കാത്യായന ശ്രൗതസൂത്രം, ആശ്വലായന ശ്രൗതസൂത്രം, സാംഖ്യായന ശ്രൗതസൂത്രം, ശുക്രനീതി, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, കാശീപ്രസാദ് ജയ്‌സ്വാളിന്റെ റിച്വല്‍സ് അറ്റ് ഹിന്ദു കോറൊണേഷന്‍- ഇറ്റ്‌സ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ആസ്‌പെക്റ്റ്‌സ് മുതലായ നിരവധി പ്രാമാണികരേഖകള്‍ മുക്കര്‍ജി ഉദ്ധരിക്കുന്നുമുണ്ട്.
അധിരാജാ. രാജാധിരാജാ, സമ്രാജ്, ഏകരാജാ, സാമന്ത, മാണ്ഡലിക, രാജാ, മഹാരാജാ, വിരാട്, സാര്‍വഭൗമ, രാജ്യ, സാമ്രാജ്യ, ഭൗജ്യ, സ്വാരാജ്യ, വൈരാജ്യ, പാരമേഷ്ഠ്യ, മാഹാരാജ്യ, ആധിപത്യ, വിശ്വരാട്, ചക്രവര്‍ത്തി തുടങ്ങിയ നിരവധി സാങ്കേതികപദങ്ങള്‍ ഓരോരോ തരം രാജപദവിയുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ പുസ്തകങ്ങളില്‍ വിവരിച്ചിരിക്കുന്നതു കാണാം. രാജനീതിയുമായി വൈദികം അത്രമേല്‍ ബന്ധപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് നമുക്ക് മനസ്സിലാക്കാം.
മാത്രമല്ല, ചക്രവര്‍ത്തിമാരുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നിരവധി വൈദികച്ചടങ്ങുകള്‍ ബ്രാഹ്മണങ്ങളിലും മറ്റുംവിവരിക്കുന്നുണ്ട്. രാജസൂയത്തേക്കാള്‍ ഉയര്‍ന്നതാണത്രേ വാജപേയം. രാജസൂയം കേവലം രാജാവിനെ സൂചിപ്പിക്കുമ്പോള്‍ വാജപേയം സമ്രാട്ടിനെ, ചക്രവര്‍ത്തിയെ, ആണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില ഗ്രന്ഥങ്ങള്‍ (ഉദാഹരണം ആശ്വലായന ശ്രൗതസൂത്രം) അനുസരിച്ച് വാജപേയം തുടക്കവും രാജസൂയം പരിസമാപ്തിയുമാണത്രേ.
വൈദികത്തില്‍ വിവരിക്കുന്ന രാജനീതിയനുസരിച്ച് രാജാവിന്റെ ഉപദേഷ്ടാക്കളില്‍ പ്രമുഖസ്ഥാനം രാജപുരോഹിതനുണ്ട്- ഉദാഹരണത്തിന് രാമായണത്തിലെ വസിഷ്ഠന്‍. മനുസ്മൃതിപ്രകാരം ആര്യാവര്‍ത്തം (വിന്ധ്യനും ഹിമവാനും ഇടയില്‍) ആണ് ബ്രാഹ്മണര്‍ക്കു വാസയോഗ്യമായ ശ്രേഷ്ഠഭൂപ്രദേശം. കാരണം ഇവിടെ ആണ് കൃഷ്ണമൃഗം പോലുള്ള യാഗവുമായും മറ്റു വൈദികകര്‍മ്മങ്ങളുമായും ബന്ധപ്പെട്ട സാമഗ്രികള്‍ സുലഭമായിട്ടുള്ളത്. മനുസ്മൃതിയിലെ ഈ സന്ദര്‍ഭത്തെ വ്യാഖ്യാനിക്കുമ്പോള്‍ കുല്ലൂകഭട്ടന്‍- ഇനി ഏതെങ്കിലും ക്ഷത്രിയരാജാവ് ഇതരഭൂപ്രദേശങ്ങള്‍ കീഴടക്കി വാസയോഗ്യം ആക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ക്ക് അവിടെയും പാര്‍ക്കാം- എന്നു പ്രസ്താവിക്കുന്നുണ്ട്.
രാജാക്കന്മാരുടെ സവിശേഷമായ പിന്തുണ കൂടാതെ ജനങ്ങളെ വൈദികത്തിലേക്ക് ആകര്‍ഷിച്ച മറ്റൊന്ന് ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ട വൈദികവിശ്വാസങ്ങളും ചടങ്ങുകളുമാകണം. വിവാഹം, സന്താനജനനം, മരണം എന്നീ മൂന്നു കാര്യങ്ങളും ഇന്നും മനുഷ്യജീവിതത്തിലെ പ്രധാനസംഭവങ്ങള്‍ തന്നെയാണല്ലോ. ഈ മൂന്നും ആയി ബന്ധപ്പെട്ട ചടങ്ങുകള്‍ വൈദികത്തില്‍ പ്രാധാന്യത്തോടെ വിധിച്ചിരിക്കുന്നു. ഇന്നും വൈദികപദ്ധതിയുടെ നിലനില്‍പ്പ് ഈ ചടങ്ങുകള്‍ ഭൂരിഭാഗം ജനങ്ങളും അനുഷ്ഠിക്കുന്നതു കൊണ്ടാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
യാഗങ്ങള്‍ നടന്നിരുന്ന കാലത്ത് അതിന്റെ സാമൂഹ്യമാനം ജനങ്ങളെ ആകര്‍ഷിച്ചിരിക്കണം. ആഴ്ച്ചകളോ, മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന യാഗങ്ങള്‍ ഒരു ഉത്സവപ്രതീതി പകര്‍ന്നിട്ടുണ്ടാവണം. കൂടാതെ അവയ്ക്ക് ഒരു ദൃശ്യ-ശ്രാവ്യമാനവും ഉണ്ടല്ലോ. അതുപോലെ യാഗത്തില്‍ പങ്കു കൊണ്ടാലുള്ള ലൗകികകാര്യസിദ്ധി, പുണ്യസമ്പാദനം എന്നിവയെക്കുറിച്ചുള്ള ധാരണകളും ജനങ്ങളുടെ കണ്ണില്‍ മതിപ്പുളവാക്കിക്കാണണം. പാഞ്ഞാളിലെ യാഗത്തിലും മറ്റും ഇത്തരത്തില്‍ ജനസഞ്ചയത്തിന്റെ പങ്കാളിത്തം നാം കണ്ടതാണ്.
vamanan
No comments:
Post a Comment