Sunday, December 15, 2019

[15/12, 21:13] Sadashivan Kalarikkal: കുചേല ദിനം
ധനു 02.....ഡിസംബർ 18 ന്

കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഡിസംബർ 18ന് ആണ് കുചേലദിനം.

ശ്രീകൃഷ്ണൻറെ സതീർത്ഥ്യനായ സുദാമാവ് ദാരിദ്ര്യശമനത്തിനായി അവിൽ പൊതിയുമായി ദ്വാരകയിൽ ശ്രീകൃഷ്ണനെ കാണാനെത്തിയതിൻറെ സ്മരണക്കാണ് കുചേല ദിനം ആചരിക്കുന്നത്. സാന്ദീപനി മുനിയുടെ ഗുരുകുലത്തിൽ ഒരുമിച്ചാണ് അവർ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം ശ്രീകൃഷ്ണൻ ദ്വാരകയിലേക്കും കുചേലൻ തൻറെ ദരിദ്ര ഗൃഹത്തിലേക്കും പോയിരുന്നു. ഭിക്ഷയാചിച്ച് കുടുംബം പുലർത്തിയിരുന്ന പൂർവ്വികരുടെ അതേ വഴിതന്നെ കുചേലനും പിന്തുടർന്നു.

കാലാന്തരത്തിൽ വിവാഹിതനാകുകയും സന്താനങ്ങളോടൊപ്പം കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞുപോകുകയുമായിരുന്നു. ദാരിദ്ര്യത്തിൻറെ അവശത അതിൻറെ കൊടുമുടിയിലെത്തി നിൽക്കുന്ന അവസരത്തിൽ ഒരുനാൾ ഭിക്ഷാടനം കഴിഞ്ഞ് ക്ഷീണിതനായി വന്ന് കുടിലിൽ വിശ്രമിക്കുമ്പോൾ തൻറെ പത്നിയോട് ശ്രീകൃഷ്ണനെപ്പറ്റി പറഞ്ഞു. അപ്പോൾ മാത്രമല്ല പല അവസരങ്ങളിലും ശ്രീകൃഷ്ണ ലീലകൾ കുചേലൻ ഭാര്യയോട് വിവരിക്കാറുണ്ടായിരുന്നു.

ഞാൻ പറയുന്നത് അവിവേകമാണെങ്കിൽ ക്ഷമിക്കണം. അങ്ങയുടെ സതീർത്ഥ്യനാണല്ലൊ കൃഷ്ണൻ. പലപ്പോഴും അദ്ദേഹത്തിൻറെ ലീലാവിലാസങ്ങളും കുസൃതികളും മായപ്രകടനവുമൊക്കെ അങ്ങ് വിവരിച്ചിട്ടുണ്ടല്ലോ. നമ്മുടെയീ ദാരിദ്ര്യത്തിന് ഒരറുതി വരുത്താൻ ഒന്നുപോയി കണ്ടുകൂടെ കൃഷ്ണനെ.’‘അദ്ദേഹത്തെ നമ്മുടെ ദാരിദ്ര്യം പറഞ്ഞ് കേൾപ്പിച്ച് ആ മനസുകൂടി വേദനിപ്പിക്കേണ്ടതുണ്ടോ. നമ്മുടെ ദാരിദ്ര്യം നമ്മുടെ വിധിയാണ്. ഞാൻ പോകില്ല, ഇതിനായിട്ട്. മാത്രമല്ല, ഈയുളളവനെ തിരിച്ചറിയുമോ എന്നും സംശയമാണ്.’‘നമ്മുടെ കാര്യം പോട്ടെ, കുട്ടികൾ പട്ടിണികിടന്ന് മരണാവസ്ഥയിലേക്കെത്തി യിരിക്കുന്നു. അങ്ങ് പോയി കാണൂ. നമ്മുടെ കൊടും ദാരിദ്ര്യത്തിൻറെ വിവരമെല്ലാം കൃഷ്ണനെ ധരിപ്പിക്കൂ.

’അത് …..പോകുന്നത് ശരിയാകുമോ? മറ്റൊരാളോട് നമ്മുടെ ജീവിത പരാജയം പറയുക…ശരിയാകുമോ.’‘അതിൽ തെറ്റൊന്നുമില്ല. മറ്റാരോടുമല്ലല്ലോ, തൻറെ സതീർത്ഥ്യനോടല്ലെ. അവിടുന്ന് പോകുകതന്നെ വേണം.’
ഭാര്യയുടെ നിർബന്ധത്താൽ തൻറെ കഷ്ടതകൾക്ക് ഒരു അവസാനമുണ്ടാകുവാൻ എന്തെങ്കിലും പരിഹാര മാർഗ്ഗമുണ്ടാകുമെന്നു കരുതി മനസ്സില്ലാമനസ്സോടെ കുചേലൻ ദ്വാരകയിലേക്ക് യാത്രയായി.

ഭിക്ഷ യാചിച്ചു ലഭിച്ച കല്ലുംമണ്ണും നെല്ലുമടങ്ങിയ അവിൽ ഒരു തുണിക്കിഴിയായി കയ്യിൽ കരുതിയിരുന്നു. കൃഷ്ണൻറെ സ്വഭാവം നന്നായറിയാമല്ലോ കുചേലന്. കാണുമ്പോൾ തന്നെ ”എനിക്കെന്താ കൊണ്ടുവന്നെ” എന്ന് തിരക്കും. ഇതല്ലാതെ മറ്റൊന്നുമില്ലതാനും.
ഏതായാലും കഴിയുന്നതും കൊടുക്കാതിരിക്കാമെന്നു തന്നെ ചിന്തിച്ചാണ് അവിൽ പൊതിയെടുത്തത്. ദ്വാരകയിലെത്തിയ കുചേലനെ കണ്ട് ദ്വാരകാനിവാസികൾ കളിയാക്കി.‘ഹേ, ദരിദ്ര നാരായണ, നീ ഏതു ദേശക്കാരനാണ്? നിൻറെ വേഷഭൂഷാദികൾ ഞങ്ങൾക്ക് ലജ്ജ ജനിപ്പിക്കുന്നു. നീ എന്തിനീ ദ്വാരകയിൽ വന്നു.’

പരിഹാസം കേട്ടു മുന്നോട്ടു നടന്നപ്പോൾ കൃഷ്ണൻറെ കൊട്ടാരം കണ്ട് കുചേലൻ തിരികെ പോകാനൊരുങ്ങുമ്പോൾ വിവരമറിഞ്ഞ് കൃഷ്ണൻ വഴിയിൽ പോയി കുചേലനെ ആദരിച്ച് കൂട്ടിക്കൊണ്ടു വന്നു. എല്ലാവിധ ആതിഥ്യമര്യാദയും നൽകി കൃഷ്ണൻ സഹപാഠിയായ കുചേലനെ ആദരിച്ചു.
കുശല സംഭാഷണത്തിനിടയിൽ കുചേലൻ മറച്ചുപിടിച്ചിരുന്ന അവിൽപ്പൊതി ശ്രീകൃഷ്ണൻറെ ശ്രദ്ധയിൽപ്പെടുകയും അത് നിർബന്ധപൂർവ്വം വാങ്ങി ഒരു പിടി കഴിക്കുകയും വീണ്ടും ഭക്ഷിക്കാനായി തുനിഞ്ഞപ്പോൾ രുഗ്മിണി തടഞ്ഞു. ആദ്യത്തെ പ്രാവിശ്യം ഭക്ഷിച്ചപ്പോൾ തന്നെ കുചേലന് വേണ്ടുന്ന സഹായം ലഭിച്ചുകഴിഞ്ഞിരുന്നു. വീണ്ടും ഭക്ഷിച്ചാൽ സാക്ഷാൽ മഹാലക്ഷ്മി കുചേലൻറെ വീട്ടിലെത്തും. ഇതറിയാവുന്ന രുഗ്മിണി കൃഷ്ണനെ തടയുകയായിരുന്നു.
കുചേലൻ കുശലവും വിശേഷങ്ങളും പറയുകയും ചോദിക്കുകയുമല്ലാതെ ഒരു സഹായവും ചോദിച്ചില്ല. വൈമനസ്യം കാരണവും, വന്നതെന്തിനാണെന്നുളളത് മറന്നുപോയതിനാലും കൃഷ്ണനോടൊപ്പം കഥകളും കാര്യവും പറഞ്ഞ് അവിടെ ഒരു ദിവസം താമസിച്ച് പിറ്റേന്ന് തിരിച്ച് തൻറെ വീട്ടിലേക്ക് പുറപ്പെട്ടു. നടന്നുനടന്ന് വീട്ടിനടുത്ത് എത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി. തൻറെ കുടിൽ കാണുന്നില്ല. അവിടെ ദ്വാരകാപുരിയിലെ കൊട്ടാരം നിൽക്കുന്നതായി കണ്ടു. ”താൻ വഴിതെറ്റി വീണ്ടും ദ്വാരകയിൽ തന്നെ എത്തിച്ചേർന്നോ.”

അമ്പരന്ന് കൊട്ടാര മുറ്റത്തുതന്നെ നിന്ന കുചേലനെ ഭാര്യ കണ്ടു. അവർ ഓടിച്ചെന്ന് കുചേലനെ കൈക്കുപിടിച്ച് കൂട്ടിക്കൊണ്ടു പോയി. വീട്ടിൽ എല്ലാ സൗകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലൻ മനസ്സിലാക്കി.പിന്നീടുള്ള കാലം അവർ സുഖമായി ജീവിച്ചു.

ഇതാണ് കുചേല ദിനം ആചരിക്കുവാനുളള കഥാസാരമായി ഭാഗവതത്തിൽ കാണുന്നത്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തജനങ്ങൾ അവിൽ സമർപ്പിക്കയാണ് പ്രധാന ചടങ്ങ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവിൽ പ്രസാദമായി കൊടുക്കുന്നതും കണ്ടുവരുന്നു. ഗുരുവായൂർ, തൃശ്ശൂരിലെ തിരുവമ്പാടി, കൊല്ലം തേവലക്കര തെക്കൻ ഗുരുവായൂർ എന്നീ ക്ഷേത്രങ്ങളിൽ വിശേഷമായ ചില ചടങ്ങുകളുമുണ്ട്. സുഹൃദ് ബന്ധത്തിൻറെ ആഴവും പരപ്പും നമ്മെ ഓർമ്മിപ്പിക്കുകയാണ് കുചേല ദിനം ചെയ്യുന്നത്.
[16/12, 10:24] Sadashivan Kalarikkal: *മീരയുടെ കഥ 3*

ഒരിക്കല്‍ മീരയുടെ വീടിനു മുന്നിലൂടെ ഒരു വിവാഹപാര്‍ട്ടി പോകുന്നത് യദൃശ്ചികമായി അവളുടെ ശ്രദ്ധയിൽപ്പെട്ടു.   അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ യുവാവും യുവതിയും പുഷ്പമാല്യങ്ങൾ അണിഞ്ഞിരിക്കുന്നു. അവരെ എന്തിനാണ് പല്ലക്കിലേറ്റി  കൊണ്ടുപോകുന്നത്‌?എല്ലാവരും അവരെയാണ് ശ്രദ്ധിക്കുന്നത് എല്ലാ മുഖങ്ങളിലും സന്തോഷം. ഇത്രയും നാള്‍ അച്ഛനമ്മമാരുടെ കൂടെ വളര്‍ന്ന ഇവള്‍ അവരെ വിട്ട് ആരോടൊപ്പമാണ്‌ ഇത്ര സന്തോഷത്തോടെ പോകുന്നത്‌? മീര അമ്മയുടെ അടുത്തെത്തി.
"അമ്മേ അതെന്താണ്? അച്ഛനമ്മമാരെ വിട്ട് ഇവൾ എവിടെ പോകുന്നു? ആരാണ് അവളുടെ കൂടെയുള്ളത്? എന്തിനാണ് അവർ പുഷ്പമാല്യങ്ങൾ ധരിച്ചിരിക്കുന്നത്?"
 മീരയുടെ സംശയങ്ങള്‍ കേട്ട് അമ്മ പറഞ്ഞു,  "മകളേ ഇന്ന് ആ പെൺകുട്ടിയുടെ വിവാഹമാണ്. അച്ഛനമ്മമാര്‍ ഇനിയുള്ള കാലം അവളുടെ സംരക്ഷണം കൂടെയുള്ള യുവാവിനെ ഏല്പിച്ചതാണ്. ഇനി അവനാണ് അവളുടെ എല്ലാമെല്ലാം."
"അച്ഛനമ്മമാരേക്കാൾ സ്നേഹം ആ യുവാവിന് ഉണ്ടാകുമോ?"
അതെ മോളേ. ഇനി അവളുടെ അച്ഛനും അമ്മയും ആ യുവാവിന്റെ അച്ഛനമ്മമാരാണ്.
"എനിക്കും ഇതുപോലെ വിവാഹം കഴിക്കേണ്ടി വരുമോ?"
"ഉവ്വ് .എല്ലാ പെൺകുട്ടികളും വിവാഹിതരാവും."
"ആരാണ് എന്നെ വിവാഹം കഴിക്കുന്നത്?"
അവളുടെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് അമ്മ ചിരിച്ചുകൊണ്ടു തമാശയായി പറഞ്ഞു.
 "നിനക്ക് ഏറ്റവും പ്രിയപ്പെട്ടതും, നിന്നെ  സ്നേഹിക്കുന്നതും നിന്റെ കയ്യിലിരിക്കുന്ന ഈ കൃഷ്ണൻ തന്നെയാണ്."
 മീര കണ്ണനെ നോക്കി.  ഓടക്കുഴലൂതി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കണ്ണൻ അവളെ നോക്കി പ്രേമത്തോടെ ചിരിച്ചതായി അവൾക്ക് തോന്നി.  ശരിയാണ് എന്റെ പതി കൃഷ്ണനാണ്. ആരൊക്കെ കൈവെടിഞ്ഞാലും  ശാശ്വതമായി സ്നേഹിക്കുന്നതും ചേർത്തുനിർത്തുന്നതും കണ്ണൻ മാത്രമാണ്. അവൾ കണ്ണനോടൊത്ത് ആടാനും പാടാനും തുടങ്ങി.
അധികം കഴിയുന്നതിനു മുൻപ്  മീരയുടെ അമ്മ അവളെ വിട്ടുപിരിഞ്ഞു. അച്ഛൻ
ലോകകാര്യങ്ങളില്‍ മുഴുകി ക്കഴിഞ്ഞു . അമ്മ പോയതോടെ തികച്ചും ഒറ്റപ്പെട്ട മീര സദാ കൃഷ്ണനിൽ മുഴുകിക്കഴിഞ്ഞു. മീരയുടെ കളിയും ചിരിയുമൊക്കെ കൃഷ്ണനോടായി. കണ്ണനെ ഒരുക്കും കണ്ണനെ ഊട്ടും കണ്ണനെ ഉറക്കും. മനസ്സുകൊണ്ട് കണ്ണനോടൊത്ത് വൃന്ദാവനത്തിൽ എത്തും  പൂമാല കോര്‍ത്തു കണ്ണന്റെ മാറിലണിയിക്കും.  കണ്ണനായി പാടും കണ്ണനോടൊത്ത് ആടും. ഇങ്ങിനെ കണ്ണനിലലിഞ്ഞ് മീരയുടെ ദിനങ്ങള്‍ കടന്നുപോയി. മീരയ്ക്ക് വിവാഹപ്രായമായി. അവൾ നല്ല പക്വതയുള്ള പെൺകുട്ടിയായി.  അച്ഛന്‍റെ ഇഷ്ടത്തെ അംഗീകരിച്ച് ലോകമര്യാദകൾ മാനിച്ച് മീര രതൻസിംഗിന്റെ ഭാര്യയായി. വിവാഹം കഴിഞ്ഞ് മീര യാത്രയായപ്പോഴും കൃഷ്ണൻ മീരയുടെ കൂടെ ഉണ്ടായിരുന്നു. മീര ഭര്‍ത്താവിനെ ഭക്‌തി മര്യാദകളോടെ പൂജിച്ചു പരിചരിച്ചു.
അച്ഛനെപ്പോലെ പതിയും രാജ്യകാര്യങ്ങളില്‍  കഴിഞ്ഞു.  അവിടേയും മീരയുടെ കൂടെ കൃഷ്ണനേ ഉണ്ടായിരുന്നുള്ളൂ.  അവള്‍  ഏകാന്തതയില്‍ തന്റെ കൃഷ്ണപ്രേമം തുടര്‍ന്നു.
മീരയുടെ അമിതമായ ശ്രീകൃഷ്ണ ഭക്‌തി മീരയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്ക്‌  ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർ ദേഷ്യത്തോടുകൂടി അവളോടു പറഞ്ഞു "നമ്മുടെ കുലദൈവം ദുര്‍ഗ്ഗയാണ്‌. അതുകൊണ്ട് നീ ദുര്‍ഗ്ഗാപൂജ മാത്രമേ ചെയ്യാവൂ"
സദാ സർവ്വത്ര കൂടെയുള്ള കൃഷ്ണനെ ഉപേക്ഷിക്കുന്നത് മീരക്ക് സ്വന്തം പ്രാണൻ ഉപേക്ഷിക്കുന്നതുപോലെ ദുസ്സഹമായിരുന്നു. ഒരു ഭാര്യയുടെയും പുത്രവധുവിന്റേയും ധർമ്മം വിധിപ്രകാരം പരിപാലിച്ചിരുന്ന മീര ഒരിക്കലും കൃഷ്ണനെ ഉപേക്ഷിക്കാൻ തയ്യാറായില്ല.
 മീര ഊണിലും ഉറക്കത്തിലും ശ്രീകൃഷ്ണനെ ഭജിച്ചു, നാമസങ്കീർത്തനങ്ങൾ പാടി. ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി നിത്യം പൂജിച്ചു. 
മീര തങ്ങളുടെ വാക്കുകള്‍ മാനിക്കാതെ
കൃഷ്ണഭക്‌തിയിൽ സര്‍വ്വം മറന്ന്‌ പരമാനന്ദം അനുഭവിക്കുന്നതു കണ്ട് ഭർത്തൃ വീട്ടുകാര്‍ക്ക് കടുത്ത ദേഷ്യം തോന്നി. അവളെ തന്നിഷ്ടക്കാരിയായും മര്‍ക്കടമുഷ്ടിയായും ചിത്രീകരിച്ച് മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാക്കി. അവളില്‍ അന്യായമായ പല ദോഷങ്ങളും പറഞ്ഞ് അവളുടെ  സ്നേഹനിധിയായ പതിയില്‍ നിന്നും അവളെ അകറ്റാനായി  ശ്രമിച്ചു.  മീര ദിവസവും കോവിലില്‍ പോകുന്നത്‌ രഹസ്യ കാമുകനുമായി സന്ധിചെയ്യാനാണ് എന്ന് മീരയുടെ പതിയെ ധരിപ്പിച്ചു.  പക്ഷേ സ്നേഹനിധിയായ അദ്ദേഹം അത് വിശ്വസിച്ചില്ല. പക്ഷേ ഒരു ദിവസം കൃഷ്ണഭക്‌തിയില്‍ സര്‍വ്വം മറന്നിരിക്കുന്ന മീരയോട്‌  "നീ ആരെക്കുറിച്ചാണ് സദാസമയവും ചിന്തിക്കുന്നത്‌? നിന്റെ മനസ്സില്‍ ആരാണ്‌?" എന്നു ചോദിച്ചു.  മീര സന്തോഷത്തോടെ മുറിയിലിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു "  പ്രേമസ്വരൂപനായ എന്റെ കണ്ണനേയാണ് സദാ ഞാൻ ധ്യാനിക്കുന്നത് എന്റെ മനസ്സില്‍ പ്രാണപ്രിയനായ കൃഷ്ണനാണ്"
തുടർന്നുള്ള ഭാഗങ്ങള്‍ അടുത്ത ദിവസം പറയാം.
എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി
രാധേ കൃഷ്ണാ

*Sudarsana Raghunath*

*സുദർശന രഘുനാഥ്*
*വനമാലി*

No comments: