Thursday, December 12, 2019

വിവേകചൂഡാമണി - 3
- സ്വാമി അഭയാനന്ദ

മനുഷ്യജന്മം ദുർലഭം

ജന്തൂനാം നരജന്മ ദുര്‍ലഭമതഃ
പും സ്ത്വം തതോ വിപ്രതാ
തസ്മാദ് വൈദിക ധര്‍മ്മ
മാര്‍ഗപരതാ വിദ്വത്വമസ്മാത്പരം
ആത്മാനാത്മവിവേചനം സ്വനുഭവോ
ബ്രഹ്മാത്മനാ സംസ്ഥിതിഃ
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ
പുണ്യെര്‍വിനാ ലഭ്യതേ

ജീവികള്‍ക്കിടയില്‍ മനുഷ്യ ജന്മം കിട്ടുക എന്നത് വളരെ ചുരുക്കമാണ്. അതില്‍ തന്നെ പുരുഷത്വമുണ്ടാക്കാനും വിപ്രനാകാനും കഴിയുക എന്നത് അതിലും പ്രയാസമാണ്. ബ്രാഹ്മണനായാലും വൈദിക ധര്‍മ്മാനുഷ്ഠാനത്തില്‍ സ്ഥിരമായ താല്‍പ്പര്യമുണ്ടാകലും വളരെ കുറവാണ്. ശാസ്ത്ര ജ്ഞാനത്തില്‍ വിദ്വത്വം നേടുന്നതിന്റെ കാര്യം പിന്നെ പറയേണ്ടതില്ല.

ആത്മ, അനാത്മാവിവേചനം ചെയ്യുന്നതും അതിനെ സ്വന്തം അനുഭവത്തിലാക്കുന്നവരും വളരെയേറെ ചുരുക്കം. താന്‍ ആ  ബ്രഹ്മം തന്നെയെന്ന് ഉറപ്പിച്ചിരിക്കാന്‍ കഴിയുന്നവരുടെ എണ്ണം എത്രയുണ്ടാകും. അനേകകോടി ജന്മങ്ങളിലൂടെ നേടിയ പുണ്യത്തിന്റെ ഫലമായിട്ടല്ലാതെ മുക്തി ലഭിക്കില്ല. ഇവിടെ പറയുന്ന ഓരോന്നും ഓരോ പടി മേല്‍ ശ്രേഷ്ടതയുള്ളതാണ്.

ലോകത്ത് 84 ലക്ഷം യോനികളിലായി ജീവജാലങ്ങള്‍ ഉണ്ട്. ഇവയിലെ ഓരോ വിഭാഗത്തിലും ലക്ഷകണക്കിനോ കോടിക്കണക്കിനോ ജീവികളുണ്ടാകും. ഇങ്ങെനെ നോക്കുമ്പോള്‍ അവയിലെ ഒന്ന് മാത്രമാണ് മനുഷ്യ യോനി. അതില്‍ വന്ന് പിറക്കുക എന്ന് പറഞ്ഞാല്‍ അത് എന്തൊരു സുകൃതമായിരിക്കും.

പുണ്യപാപങ്ങള്‍ തുല്യമാകുമ്പോഴാണ് മനുഷ്യ ജന്മം കിട്ടുക എന്ന് കരുതപ്പെടുന്നു. മനുഷ്യരായി ജനിക്കാന്‍ കഴിഞ്ഞ നമ്മളോരോത്തരും തികച്ചും ഭാഗ്യവാന്‍മാരാണ്.

കല്ലും മണ്ണും ആയി കിടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് പുല്ലും ചെടിയും കൃമി കീടങ്ങളുമൊക്കെ. മരങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കുമൊക്കെ അവയേക്കാള്‍ കേമത്തമുണ്ട് എന്നാല്‍ മനുഷ്യന്റെ നിലവാരത്തിനു മുന്നില്‍ ഇവയ്‌ക്കൊന്നും അടുത്തെത്താനാവില്ല. പരിണാമ ദശയില്‍ ഓരോന്നും ഓരോ സ്ഥാനത്താണ് കിടക്കുന്നത്. എന്നാല്‍ വിവേക ബുദ്ധിയുള്ള മനുഷ്യന്‍ അതിനാല്‍ത്തന്നെ ഇവയേക്കാള്‍ എത്രയോ ഉയരെയാണ്. ഈ മനുഷ്യജന്മം കിട്ടിയിട്ടും നമുക്ക് അതിന്റെ മഹത്വം മനസ്സിലാവുന്നില്ലല്ലോ.

മനുഷ്യന് കല്ല് പോലെയോ മരങ്ങളെപ്പോലെയോ മൃഗങ്ങളെപ്പോലെയോ ആകാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മനുഷ്യനാകുക എന്നത് പ്രധാന കാര്യമാണ്. അവിടെ നിന്നും ഉയര്‍ന്ന് ദേവഭാവം കൈവരിക്കാനും കഴിയും. അതും സാധിച്ചേക്കും.

മനുഷ്യരില്‍ പുരുഷനാവുക അല്ലെങ്കില്‍ പൗരുഷ ഗുണങ്ങളുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. സ്‌ത്രൈണ ഗുണങ്ങളായ ചപലത, ദുര്‍ബലത എന്നിവ ഇല്ലാത്തവരാകണം. മനോബുദ്ധി തലത്തില്‍ സ്‌ത്രൈണ ഭാവങ്ങള്‍ വെടിഞ്ഞവരാകണം. ശാരീരിക യോഗ്യതകളല്ല കണക്കിലെടുക്കേണ്ടത്. മനനം നിദിധ്യാസനം മുതലായവ ചെയ്യാനുള്ള ആന്തരിക പൗരുഷം ഉള്ളവരെയാണ് പുംസ്ത്വം എന്നതുകൊണ്ട് അറിയേണ്ടത്.

സ്ത്രീകള്‍ക്കും ബ്രാഹ്മണരൊഴികെയുള്ള രെതവര്‍ണ്ണികര്‍ക്കും വേദാധികാരം നിഷേധിക്കപ്പെട്ട കാലം ഉണ്ടായിരുന്നു. ഓരോരുത്തരും അവരുടെ ജോലികളില്‍ വ്യാപൃതരായിരുന്നെങ്കിലും വേദപഠനത്തിന് മികവ് നേടിയവര്‍ എല്ലാറ്റിലും ഉണ്ടായിരുന്നു. വേദപാരായണം ചെയ്യാന്‍ അറിയുന്നയാളാണ് വിപ്രന്‍. ബ്രാഹ്മണന്റെ പര്യായ പദം കൂടിയാണ്. അതിനാല്‍ മനുഷ്യരില്‍ വിപ്രനായാല്‍ സ്വാഭാവികമായും ശ്രേഷ്ഠതയുണ്ടാകും. ബ്രാഹ്മണാനാലും ശരി വൈദിക ധര്‍മ്മ മാര്‍ഗ്ഗത്തില്‍ വേണ്ട പോലെ ജീവിക്കാനാവുക എന്നതും വളരെ പ്രധാനമാണ്. ആചാര അനുഷ്ഠാനങ്ങള്‍ ഒട്ടും പിഴയ്ക്കാതെ ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് ശാസ്ത്രം പഠിക്കുകയും അതിനനുസരിച്ച് ചിന്തിക്കുകയും ചെയ്യുക എന്നത്. ശ്രുതിവാക്യങ്ങളുടെ നിഗൂഢ അര്‍ത്ഥങ്ങളെ നന്നായി അറിയാനും വിചിന്തനം ചെയ്യാനും അറിയുന്നവരുടെ എണ്ണം നന്നേ കുറയും. അവരില്‍ തന്നെ വേദാന്ത പദ്ധതിയിലൂടെ ആത്മ, അനാത്മ വിവേചനം നടത്താനും അനുഭവമാക്കാനും കഴിയുന്നവരുടെ എണ്ണമോ വളരെ വളരെ കുറഞ്ഞു പോകും. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മനിഷ്ഠനായി ഇരിക്കുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ല. എത്ര എത്രയോ ജന്മങ്ങളിലൂടെ ആര്‍ജിച്ച പുണ്യം വേണം നമുക്കോരുത്തര്‍ക്കും മുക്തി ലഭിക്കാന്‍.

നാം നമ്മുടെ ജീവതത്തെക്കുറിച്ച് ഇത്തരത്തിലൊന്ന് ആലോചിച്ചാല്‍ ഈ നരജന്മം വെറുതെ പാഴാക്കി കളയില്ല.

No comments: