ദധിയും അന്നവുംചേര്‍ന്ന നിവേദ്യമാണ് ദദ്ധ്യന്നം. ഭഗവാന്‍ കൃഷ്ണന്റെ പ്രിയ നിവേദ്യം. ധനുമാസം ഒന്നുമുതല്‍ 30 ദിവസവും ഭഗവാനു ദദ്ധ്യന്നം നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് നന്ദിയാറിന്റെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം.
മഹാഭാരതയുദ്ധം നടന്നത് മലയാളത്തിലെ കാലഗണന അനുസരിച്ച് ധനുഒന്നാംതീയതി മുതല്‍ 18 ദിവസമായിരുന്നുവെന്നാണ് സങ്കല്‍പം. മഹാഭാരതയുദ്ധത്തിനുപോകുന്ന കൃഷ്ണന് പാഞ്ചാലി പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം കഴിച്ചു സാരഥിയായി യുദ്ധത്തിനുപോയ കൃഷ്ണന് പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചുവെന്നത് കഥകളുടെ അനുബന്ധം.
സൂര്യോദയത്തിനുമുമ്പാണ് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ദദ്ധ്യന്നം നിവേദിക്കുക. ഉണക്കലരി,പച്ചമുളക്, തൈര്,ഉപ്പുമാങ്ങ,ഇഞ്ചി എന്നിവചേര്‍ത്താണ് ദദ്ധ്യന്നം പാകം ചെയ്യുന്നത്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യമാണിത്. കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് കൃഷ്ണന് ഏറെ സന്തോഷം നല്‍കുന്നു. ബുദ്ധിക്കും ഉദരത്തിനും ഉത്തമമായ ഈ നൈവേദ്യം സന്താനലബ്ധിക്കും ഉത്തമമാണ്. കുറഞ്ഞത് നാഴി ഉണക്കലരികൊണ്ടാണ് ഇവിടെ ദദ്ധ്യന്നം ഉണ്ടാക്കുക. ഈ വര്‍ഷം ധനുമാസത്തില്‍ 29 ദിവസമേ ഉള്ളൂ . അതിനാല്‍ ഇക്കുറി മകരം ഒന്നാംതീയതിവരെ ദദ്ധ്യന്നം ഉണ്ടായിരിക്കും. ഓരോ 6 വര്‍ഷം കൂടുമ്പോഴും ഓത്തൂട്ട് നടക്കുന്ന രണ്ടേരണ്ടുക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പ്രത്യേകത കൂടിയുണ്ട് രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന്. മറ്റൊന്ന് തൃശൂര്‍ജില്ലയിലെത്തന്നെ ചേര്‍പ്പിനടുത്ത് പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രവുമാണ്.
പട്ടുകോണകമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ടുകയ്യിലും വെണ്ണയുമേന്തി ഓടാനായി കാല്‍മടക്കിപ്പിടിച്ചവിധത്തിലുള്ള ഒരു ഉണ്ണിക്കണ്ണനാണ് ഇവിടെ പ്രതിഷ്ഠ. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മൂര്‍ത്തിയാണ് ഇവിടുത്തെ വെണ്ണക്കണ്ണന്‍. ക്ഷേത്രമതില്‍ക്കകത്തുവച്ച് കുട്ടികളെ ആരെങ്കിലു ശകാരിക്കുകയോ ശാസിക്കുകയോചെയ്യുന്നത് ഇവിടെ ഭഗവാന്റെ അനിഷ്ടത്തിന് ഇടയാക്കും. ഏറെ ശ്രദ്ധയോടെയാണ് ഭക്തര്‍ ദര്‍ശനം നടത്തി പ്രദക്ഷിണം ചെയ്യുക. ക്ഷേത്രത്തിലെത്തുന്ന കുട്ടികള്‍ക്ക് ഊട്ടുപുരയില്‍ ഇലയിട്ട് ദദ്ധ്യന്നം നല്‍കുന്നത് പതിവാണ്. കുട്ടികള്‍ക്ക് കുസൃതിയുണ്ടാവാനായി കുന്നിക്കുരു വാരിയിടലും ഇവിടത്തെ പ്രത്യേകതയാണ്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ രാപ്പാള്‍ കടവിലാണ് നടക്കുന്നത്. പണ്ട് എല്ലാവര്‍ഷവും രാപ്പാള്‍ കടവിലായിരുന്നെന്നു പറയപ്പെടുന്നു. ഇന്നേദിവസം ഇവിടെ അര്‍ധരാത്രിയില്‍ പൂജയുണ്ട്. അഷ്ടമിയും രോഹിണിയും ചേര്‍ന്ന് അര്‍ധരാത്രിയിലാണല്ലോ ഭഗവാന്‍ കൃഷ്ണന്‍ ജനിച്ചത്. നന്ദിയാറിന്റെ ഒരുകരയില്‍ രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രവും മറുകരയില്‍ നരിപ്പറ്റ ശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു.
No comments:
Post a Comment