Friday, December 20, 2019

ഒരാളെ ഏതു നേരവും വാക്കുകൊണ്ട് മാനസികമായി പീഡിപ്പിച്ചാൽ അയാൾ ക്രമേണ രോഗിയായി മാറുകതന്നെ ചെയ്യും. ഒപ്പമുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നല്ല ഭക്ഷണവും ധാരാളം ധനവും കൊടുത്തുകൊണ്ടു മാത്രമാകില്ല, നല്ല വാക്കുകളും കൊടുക്കേണ്ടതുണ്ട്. എന്തൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും മനസ്സുഖമുണ്ടെങ്കിൽ അതാണ് ആരോഗ്യദായകമായിരിക്കുക. എന്നതിനാൽ മറ്റുള്ളവരാൽ നാം ദുഃഖിതരാകാതെയും, മറ്റുള്ളവരെ  ദുഃഖത്തിലാഴ്ത്താതെയും ജീവിക്കുക എന്നത് അവനവന്റെ തന്നെ ആരോഗ്യത്തിനും ആനന്ദത്തിനും ആവശ്യമാണ്, ഒപ്പം മറ്റുള്ളവരുടെയും. ഒന്നുകിൽ സ്നേഹത്തോടുകൂടി, അല്ലെങ്കിൽ ഭക്തിയോടുകൂടി കൂടെയുള്ളവരെ പരിപാലിക്കുക. രണ്ടായാലും ഫലം ശാന്തിയാണ്. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങൾക്ക് തീറ്റി കൊത്തിയെടുത്ത് ചുണ്ടിൽ വച്ചുകൊണ്ട് വിളിക്കുന്നതു ശ്രദ്ധിച്ചുനോക്കൂ. അത് ഏതെങ്കിലും ഒരു കുഞ്ഞിനെ തിരഞ്ഞുപിടിച്ച് കൊടുക്കാനായല്ല നിൽക്കുന്നത്. കൊത്തിയെടുത്ത തീറ്റയുമായി അത് അനങ്ങാതെ നിൽക്കുകയേയുള്ളൂ. ഏതു കുഞ്ഞിനു വേണോ ഓടിവന്ന് അത് എടുക്കാവുന്നതാണ്. അതാണ്  അന്നപൂർണ്ണേശ്വരിയായ, ശുദ്ധ മാതൃഭാവം. ആ ഒരു സ്വാതന്ത്ര്യം  നാം മറ്റുള്ളവർക്ക് സ്നേഹത്തിന്റെ കാര്യത്തിൽ നൽകേണ്ടതുണ്ട്. നാം തിരഞ്ഞുപിടിച്ച് ചിലർക്കായ് നൽകുന്നതല്ല സകലതിനും ഒന്നുപോലെ നമ്മിൽനിന്ന് ലഭിക്കുന്നതാണ് സ്നേഹത്തിൻറെ സ്വാതന്ത്ര്യം!  വാക്കുകൊണ്ട് ഒരാളെ സ്നേഹിക്കുകയും മറ്റൊരാളെ ദ്രോഹിക്കുകയും ചെയ്യുമ്പോൾ നാം സമൂഹത്തിൽ രോഗം പരത്തുകയാണ്. സ്നേഹവും ഭക്തിയും കൊണ്ട് പരിശുദ്ധമാകട്ടെ നമ്മുടെ മനസ്സും വാക്കും പ്രവൃത്തിയും! തനിക്ക് പ്രിയപ്പെട്ടതും സുന്ദരമായതുമായ രൂപങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കാൾ, സ്വയം സൗന്ദര്യലഹരിയിൽ ആയിരിക്കുകയാണെങ്കിൽ അതായിരിക്കും അവനവൻറെ സ്വാതന്ത്ര്യം! സ്വതന്ത്രരായിരിക്കുന്നവർ തനിക്കും സമൂഹത്തിനും ഒരിക്കലും രോഗദുരിതങ്ങളെ സമ്മാനിക്കുന്നില്ല, സൗഖ്യവും ശാന്തിയും മാത്രം പ്രദാനം ചെയ്യുന്നു.
ഓം
Krishnakumar kp 

No comments: