Wednesday, December 04, 2019

ഡോക്ടര്‍ സയ്യദ്’ ഭഗവാനോടീ വിധം ചോദിച്ചു. “ലോകം മുഴുവന്‍ ആത്മ സ്വരൂപമാണെന്ന് ഭഗവാനരുള്‍ ചെയ്യുന്നു. എന്നിട്ടും ഈ ലോകത്തില്‍ എന്താണിത്ര ധാരാളം കഷ്ടപ്പാടുകള്‍ ? ” ഭഗവാന്‍ പ്രസന്നവദനരായ് “അതാണ് ‘മായ’ എന്ന് പറയുന്നത്. വേദാന്തചിന്താമണിയില്‍ ആ മായയെ അഞ്ചു വിധത്തില്‍ പറഞ്ഞിരിക്കുന്നു. ആ ഗ്രന്ഥം കര്‍ണാടക ഭാഷയില്‍ “നിജഗുണയോഗി” എന്നവര്‍ എഴുതിയിരിക്കുന്നു. അതീന്നു തമിഴില്‍ അനുവാദം ഉണ്ട്. തമസ്സ്, മായ, മോഹം, അവിദ്യ, അനിത്യം, എന്ന് മായക്ക്‌ അഞ്ചു പേരുകളുണ്ട് . ജീവ ചൈതന്യത്തെ മറച്ചു വെക്കുന്നത് ‘തമസ്സ്’ ജഗദ്രൂപമായ തന്‍ വേറെ ആണെന്ന് തോന്നിക്കുന്നതു ‘മായ’, അങ്ങിനെ തോന്നിപ്പിക്കുന്ന ജഗത്തിന് ശുക്തിരജത, ഭ്രാന്തിയുണ്ടാക്കുന്നത് മോഹം, വിദ്യയെ നശിപ്പിക്കയാല്‍ അവിദ്യ, സദ്രൂപതിന്നു അന്യമായത് കൊണ്ട് അനിത്യം, എന്നും പറയപ്പെടുന്നു. ഈ പഞ്ച വിധമായ മായയെക്കൊണ്ട് സിനിമ രംഗത്തിലെന്ന പോലെ ആത്മാവില്‍ ഈ കല്ലോല ജാലങ്ങള്‍ ഗോചരിക്കുന്നു. ഈ മായയെ കളയുവാന്‍ വേണ്ടി പ്രപഞ്ചം ‘മിഥ്യ’ യാണെന്ന് പറയുന്നു. ആത്മാവ് തെര പോലെയും, വന്നു പൊയ്ക്കൊണ്ടിരിക്കുന്ന ചിത്ര പടങ്ങള്‍ തെരയെ ആശ്രയിച്ചതായല്ലാതെ വേറെ അല്ല എന്ന് അറിയുക തന്നെ വേണം. ‘ആത്മാവ് ലോകനദൃഷ്ടി യുളവായി’ ദൃശ്യ പ്രപഞ്ചം ആത്മാവിന്നു ഭിന്നമല്ല എന്നറിയുന്നത് വരേയ്ക്കും, ഈ കാണപ്പെടുന്നതെല്ലാം ‘മിഥ്യ’ എന്ന് പറയാമെന്നല്ലാതെ, ദൃഷ്ടി മാറിയാല്‍, ആത്മാവ് ഏകമായി തോന്നിക്കും. ആകയാല്‍ ‘മിഥ്യ’ എന്ന് പറഞ്ഞവര്‍ തന്നെ തിരിച്ചു എല്ലാം ആത്മ സ്വരൂപമാണെന്ന് പറയും, ‘ദൃഷ്ടിയല്ലയോ പ്രാധാന്യം ? ദൃഷ്ടി മാറിയാല്‍ സൃഷ്ടിയിലുള്ള കല്ലോല ജാലങ്ങളെല്ലാം നമ്മെ ബാധിക്കയില്ല. സമുദ്രത്തിലെ അലകള്‍ ഭിന്നമാണോ ? സമുദ്രത്തില്‍ അലകള്‍ എന്തിനുണ്ടാകുന്നു എന്ന് ചോദിച്ചാല്‍ എന്താണ് ഉത്തരം പറയേണ്ടത്. സൃഷ്ടിയിലെ കല്ലോല ജലങ്ങളും അത്ര മാത്രമാണ്. അലകളായി വരുന്നു പോകുന്നു. ഈ പ്രപഞ്ചം ആത്മാവില്‍ നിന്ന് ഭിന്നമല്ല എന്ന് അറിഞ്ഞു ഇരുന്നാല്‍ ഈ പ്രകടനമൊന്നും ഉണ്ടാകയില്ല. ”

“ഭഗവാന്‍ എത്ര തവണ ബോധിപ്പിച്ചാലും എനിക്ക് മനസിലാകുന്നില്ലല്ലോ ” എന്ന് പറഞ്ഞു ‘ഡോക്ടര്‍ സയ്യദ്” ദീന സ്വരത്തില്‍ “സര്‍വത്ര നിറഞ്ഞിരിക്കുന്ന ആത്മാവിനെ അറിയുവാന്‍ കഴിയുന്നില്ലെന്ന് പറയുന്നു, എന്താണ് ചെയ്യേണ്ടത് ? ‘ഞാന്‍’ ഉണ്ട്, ഞാന്‍ ചെയ്യുന്നു, ഇത് എന്റേത് എന്നൊക്കെ ചെറു ബാലന്മാര്‍ കൂടി പറയുന്നു. ആകയാല്‍ ‘ഞാന്‍’ എന്നത് എപ്പോഴും ഉള്ളതാണെന്ന് എല്ലാവരും അറിഞ്ഞു തന്നെയിരിക്കുന്നു. ആ ഞാന്‍ ഉണ്ടായതില്‍ പിന്നെ നീ എന്നും, ശരീരമെന്നും ഇത്യാദികള്‍ ഉണ്ടാകുന്നു . ഇങ്ങിനെ മുമ്പില്‍ തന്നെ പ്രത്യക്ഷമായ് നില്‍ക്കുന്ന തന്നെ താനാണെന്ന് അറിയുവാന്‍ വിലക്കെടുത്തു തിരയെണമോ ? തനിക്കു ഭിന്നമല്ലാത്ത ആത്മ സ്വരൂപത്തെ ഇനിക്കറിയുന്നില്ലല്ലോ എന്ന് പറയുന്നത് എനിക്ക് ഞാന്‍ ആരാണെന്ന് അറിയുന്നില്ല എന്നത് പോലെയും ഞാനെന്നെ അറിയുന്നില്ലെന്നത് പോലെയുമാണ്. ”

No comments: