Sunday, March 01, 2020

(74) ശ്രീ ഗുരുവായൂർ അമ്പാടി അണ്ണന്റെ സഹസ്ര കലശ ചടങ്ങുകൾ:-
ഇന്ന് 29-2-20 (ശനി). സഹസ്രകലശ ചടങ്ങുകളുടെ മുന്നാം ദിവസം.

ഇന്ന് ബിംബ ശുദ്ധി. പുലർച്ചെ നാലുമണി മുതൽ ക്ഷേത്രത്തിലെ വടക്കേ വാതിൽമാടത്തിൽ ബിംബ കലശങ്ങളുടെ പൂജ ആരംഭിക്കും.

നാലുമണിക്ക് മുമ്പ് തന്നെ കലശപൂജക്കുള്ള പത്മം ഇട്ട് പീഠം വിരിച്ച് പൂജാദ്രവ്യങ്ങൾ എല്ലാം ഒരുക്കി വെച്ചിരിക്കും.

ഉഷപൂജക്ക് മലർ നിവേദ്യത്തിന് നട അടച്ചാൽ കലശപൂജകൾ ആരംഭിക്കുകയായി.

ചതു ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിങ്ങനെ ക്രമത്തിൽ പൂജിച്ച് രാവിലെ ശിവേലി ക്ക് ശേഷം അഭിഷേകം ചെയ്യുന്നു.

ചതു ശുദ്ധി അതായത് നാല്ലാമരം, പുറ്റ് മണ്ണ് എന്നിവ ഉപയോഗിച്ച ഔഷധ സ്നാനം കഴിഞ്ഞാൽ അമ്പാടികണ്ണന് പിന്നെ ജലധാരയാണ്.

കണ്ണന്റെ ബ്രഹ്മരന്ധ്രത്തിലൂടെ ധാര ധാരാ യായി ഒഴുകി വരുന്ന ധരശേഷ അമൃത തീർത്ഥജലത്തിനായി ഭക്തർ ഉപവാസത്തോടെ കാത്തു നിൽക്കുന്നുണ്ടാകും.

ധാര പൂജക്ക് സ്വസ്തികം പത്മം ഇട്ടു് പീഠം വിരിച്ച് ജലദ്രോണി പൂജക്കായി ഒരു ചെമ്പ് പാത്രം വെക്കുന്നു. ഈ പാത്രത്തിലാണ് കണ്ണന് ധാരക്കുള്ള വാരുണ ജലം നിറക്കുന്നത്.

ധാരക്ക് വാരുണ ജലം നിറക്കുന്ന ചെമ്പ് പാത്രം കുംഭ സംസ്കാരം ചെയ്ത് അലങ്കരിച്ച ശേഷമാണ് ജലാധിപനായ വരുണ ദേവനെ ആവാഹിച്ച് പൂജിക്കുന്നത്.

അതുല്യ ബലവാനാണ് വരുണ ഭഗവാൻ. സർവ്വപ്രാണികളുടേയും, സംരക്ഷകനാണ്.അശുദ്ധികളെ ഇല്ലാതാക്കി പരിശുദ്ധി പ്രദാനം ചെയ്യുന്ന ദേവനാണദ്ദേഹം.

വരുണ പീഠത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്ത് കൃഷ്ണ പാർഷദനായി  ഭക്തജനങ്ങളെ അനുഗ്രഹിച്ചു കൊണ്ട് വരുണ ഭഗവാൻ സ്ഥിരമായി  സാനിദ്ധ്യം ചെയ്ത് പ്രസന്നനായി നിലകൊള്ളുന്നു.

ജലദ്രോണി കുംഭത്തിൽ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ മത്സ്യം, ആമ, താമര വളയം ,എന്നിവ ന്യസിച്ചിരിക്കും. ആലില കുമ്പിളിൽ അരി നിറച്ച് ആലില, മാവില എന്നിവ കൊണ്ടലങ്കരിക്കും.

കലശപൂജ ചെയ്ത് മന്ത്ര പൂരിതമായി വരുണ ഭഗവാനെ ആവാഹിച്ച് പൂജിച്ച വാരുണ ജലം അമ്പാടി കണ്ണന് ധാര ധാരയായി അഭിഷേകം ചെയ്യുന്നു.

ധാരക്ക് ചെറിയ ദ്വാരമുള്ള പ്രത്യേക ധാര കിടാരമുണ്ട്. അതിന്റെ ദ്വാരത്തിൽ സ്വർണ്ണ നാളം വെച്ച് അധോഗ്രമായ കൂർച്ചത്തിൽ കൂടി കണ്ണന്റെ ശിരസ്സിൽ വേദമന്ത്രജപം ചെയ്ത് കൊണ്ട് ധാര ചെയ്യും.

ധാരാക്ക് ശേഷം കണ്ണന് പഞ്ചോപാര പൂജ ചെയ്ത് നിവേദ്യ സമർപ്പണവും വേണം. നീരാജനമുഴിഞ്ഞ് ശിരസ്സിലും പാദത്തിലും അക്ഷത സമർപ്പണം നടത്തിയ ശേഷം കണ്ണന് പഞ്ചഗവ്യാഭി ഷേകം നടത്തുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.

No comments: