Tuesday, March 03, 2020

ദേവി തത്ത്വം- 76

ശ്രീരാമകൃഷ്ണ ദേവൻ പറയാറുണ്ട് എല്ലാ സ്ത്രീകളും ജഗദീശ്വരിയുടെ സ്വരൂപമാണ്. അദ്ദേഹത്തിന് ശാരദാ ദേവിയോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്ന ഒരുപാട് കഥകളുണ്ട്. ഒരിക്കൽ അറിയാതെ നീ എന്ന് വിളിച്ച് പോയതിന് രണ്ട് ദിവസം വിഷമിച്ചുവത്രേ. ഭാര്യയാണെന്ന് ഓർക്കണം.  സാധാരണയായി ഇംഗ്ലീഷ് അക്ഷരങ്ങളിലെ നാലാമത്തെ അക്ഷരം കൊണ്ടാണല്ലോ ഭർത്താക്കൻമാർ അധികവും ഭാര്യയെ സംബോധന ചെയ്യാറുള്ളത്.

ശ്രീരാമകൃഷ്ണൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ആരെങ്കിലും കൊണ്ട് വരുന്നതൊന്നും കഴിക്കില്ല. ആരെങ്കിലും പാചകം ചെയ്ത ഭക്ഷണവും കഴിക്കില്ല. നമ്മൾ ധരിക്കും ജ്ഞാനികൾക്ക് എല്ലാരും സമൻമാരാണെന്ന് .അത് പക്ഷേ വ്യവഹാരത്തിലല്ല. ഇപ്പോഴത്തെ വേദാന്തികൾ എല്ലാം ബ്രഹ്മമാണെന്ന് പറഞ്ഞ് ഏത് ഹോട്ടലിലും കയറി ഭക്ഷിക്കുമല്ലോ. അങ്ങിനെ എവിടെയും പോയി എന്തും ഭക്ഷിക്കാം എന്ന് പറയുന്നവൻ്റെ ശരീരം എനിക്കും എന്തും കാണിക്കാം എന്നുള്ള ചേഷ്ടകൾ കാട്ടി തുടങ്ങും. വ്യവഹാര തലത്തിൽ ജ്ഞാനികൾ വളരെ സെലക്റ്റീവാണ്. Highly sensitive ആണവർ. ശ്രീരാമകൃഷ്ണൻ ചില ആളുകളെ കാണാൻ പോലും വിസമ്മതിക്കുമായിരുന്നു.  ഇവിടെ സമദർശി എന്ന പദം ലൗകികമല്ല എന്ന് മനസ്സിലാക്കണം. ഭക്ഷണം ആരാണ് കൊണ്ട് വന്നത് എന്നറിയണമെന്നില്ല. അല്ലാതെ തന്നെ അദ്ദേഹം ചോദിക്കുമായിരുന്നു ഇതാരാ കൊണ്ട് വന്നത് അടുത്ത് പോലും പോകാൻ കഴിയുന്നില്ലല്ലോ എന്ന്. മാത്രമല്ല ശിഷ്യൻമാരേയും ആ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിലക്കുമായിരുന്നു.

ഒരിക്കൽ ഒരു വ്യാപാരി ശ്രീരാമകൃഷ്ണന് കുറേ മധുര പലഹാരങ്ങൾ കൊണ്ട് വന്ന് കൊടുത്തു. ശ്രീരാമകൃഷ്ണൻ അത് തൊട്ടതേയില്ല. വ്യാപാരി ആ വട്ടിയെടുത്ത് ശാരദാ ദേവിയുടെ അടുക്കൽ കൊണ്ട് വച്ചിട്ട് കരഞ്ഞു. ഠാകുർ ഇതിൽ എന്തെങ്കിലുമൊക്കെ കഴിക്കുമായിരിക്കും എന്ന് കരുതിയാണ് ഞാനിത് കൊണ്ട് വന്നത്. എന്നാൽ അദ്ദേഹം ഒന്നും തൊട്ടതേയില്ല. ശാരദാ ദേവി ആ വട്ടിയുമെടുത്ത് ശ്രീരാമകൃഷ്ണൻ്റെ അടുത്തേയ്ക്ക് പോയി. അങ്ങ് ഇതിൽ നിന്ന് എന്തെങ്കിലുമൊക്കെ എടുത്ത് കഴിക്കണം എന്ന് പറഞ്ഞു. ശ്രീരാമകൃഷ്ണൻ അല്പം ഗൗരവത്തോട്  കൂടി പറഞ്ഞു ഇവരൊക്കെ എങ്ങിനെയാ പണം സമ്പാദിക്കുന്നതെന്ന് അറിയില്ല. പല വിധത്തിലും വരുന്ന ധനമാണ്. ആ ധനം കൊണ്ടുണ്ടാക്കി കൊണ്ട് വരുന്ന ഭക്ഷണം നമ്മൾ ഭക്ഷിച്ചാൽ അത് ഒരിക്കലും നമുക്ക് നല്ലതാകില്ല. അതു കൊണ്ട് ഭവതി ഇതൊന്നും സ്വീകരിക്കരുത് എന്ന് വളരെ കാര്യമായിട്ട് തന്നെ പറഞ്ഞു. ശാരദാ ദേവി കണ്ണീരോടെ പറഞ്ഞു അവരെങ്ങനെയൊക്കെ ഉണ്ടാക്കിയതാണെങ്കിലും എൻ്റെ അടുത്ത് വന്ന് അമ്മാ ഇത് ഠാകുറിന് നല്കു എന്ന് അപേക്ഷിച്ച് കരഞ്ഞാൽ എന്ത് ചെയ്യാനാണ്? അങ്ങ് ഇതിൽ എന്തെങ്കിലും ഒന്ന് തൊട്ടാൽ പോലും അതവർക്ക് വലിയ അനുഗ്രഹമായേനേ. അവരുടെ തിന്മയൊക്കെ അതോടെ ഭസ്മമായി പോയേനേ. അത്രയ്ക്ക് ഭക്തിയോടെയാണ് അവരിത് കൊണ്ട് വന്നിരിക്കുന്നത്. അങ്ങ് കഴിച്ചില്ലല്ലോ എന്ന് പറഞ്ഞ് ശാരദാ ദേവി കരഞ്ഞ് കൊണ്ട് അവിടുന്നോടി. ഇത് കണ്ട് ശ്രീരാമകൃഷ്ണൻ ആകെ വിരണ്ട് പോയി. അദ്ദേഹത്തിൻ്റെ ബന്ധുവായ രാംലാലിനെ വിളിച്ച് അദ്ദേഹം പറഞ്ഞു. അവരെ വിളിച്ച് കൊണ്ട് വരൂ. അവരുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ നിലത്ത് വീണാൽ ഞാൻ പന്ത്രണ്ട് വർഷം ചെയ്ത തപസ്സൊക്കെ ഭസ്മമാകും. അദ്ദേഹം ശാരദാ ദേവിയോട് ക്ഷമ ചോദിച്ചു എന്നാണ് കഥ.രാമകൃഷ്ണാശ്രമത്തിലെ ഒരു സ്വാമി പറഞ്ഞ കഥയാണിത്.

Nochurji🙏🙏
Malini dipu 

No comments: