Sunday, March 01, 2020

വിവേകചൂഡാമണി-86
||||||||||☆|||||||🅱|||||||☆|||||||||
ദുർവാരസംസാരദവാഗ്നിതപ്തം 
ദോധൂയമാനം ദുരദൃഷ്ടവാതൈഃ
ഭീതം പ്രപന്നം പരിപാഹിമൃത്യോഃ
ശരണ്യമന്യത് യദഹം ന ജാനേ.
                                                (36)
     
     തടുക്കാനാവാത്ത സംസാരക്കാട്ടുതീയിൽപ്പെട്ട് ഞാൻ എരിപൊരികൊള്ളുകയാണ്; നിർഭാഗ്യമാകുന്ന ചുഴലിക്കാറ്റിൽപ്പെട്ടുഴലുകയാണ്. ഭയചകിതനായ ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. മൃത്യുവിൽനിന്ന് രക്ഷിക്കണേ. അങ്ങല്ലാതെ എനിക്ക് വേറെ ഗതിയില്ല.

    ശ്രീശങ്കരന്റെ കവിതാചാതുരിയെ പ്രഖ്യാപിക്കുന്നു ഈ ശ്ലോകവും. പ്രശാന്തസുന്ദരവും ശ്രുതിമധുരവുമായ പ്രവാഹത്താൽ
ഹൃദയത്തിലെ തടസ്സങ്ങൾ നീക്കി ഭക്തിസാന്ദ്രമായ അർപ്പണഭാവത്തിന് വഴിതെളിയിക്കുകയാണ് കഴിഞ്ഞ ശ്ലോകത്തിൽ, ഇതിലാകട്ടെ, ദ്രുതഗതിയിലുള്ള താളശബ്ദങ്ങളാൽ അടക്കാനാവാത്ത അക്ഷമയും തിടുക്കവും പ്രകടമാക്കുന്നു.

     ഇതിലെ ആദ്യവരി, സാധകന്റെ ബാഹ്യലോകത്തിലെ ഭയാനകവിപത്തുകളെ സൂചിപ്പിക്കുന്നു; രണ്ടാമത്തെ വരി, അയാളെ അലട്ടിക്കൊണ്ടിരിക്കുന്ന ആന്തരികദുരിതങ്ങളേയും, ബാഹ്യലോകവുമായുള്ള സമ്പർക്കത്തിന്റെ ഫലമായി, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന
സംസാരദുഃഖങ്ങളിൽപ്പെട്ട് ജീവൻ വീർപ്പുമുട്ടുന്നതിനെ കാണിക്കുന്നു. ആന്തരികമായി, രാഗദ്വേഷങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, അടങ്ങാത്ത കൊടുങ്കാറ്റുപോലെ തന്നെ അലട്ടിക്കൊണ്ടിരിക്കുന്നതായും
അയാൾ കാണുന്നു. വിജ്ഞാനമന്ദിരത്തിലേയ്ക്ക് കാൽകുത്തുന്നതിനുമുമ്പായി -- സദ്ഗുരുവിനെ ശരണം പ്രാപിക്കുന്നതുവരെയും -- ഓരോ സാധകനും അനുഭവിക്കേണ്ടിവരുന്ന സംസാരാനുഭവങ്ങളുടെ സംക്ഷിപ്തചിത്രം ഈ വരികളിൽ കാണാം.
|||||||☆|||||||||🅱||||||||☆|||||||| 

No comments: