Monday, March 09, 2020

*മരണാനന്തര ക്രിയകൾ*

*"ജാതസ്യഹി ധ്രുവോർ മൃത്യു ധ്രുവം ജന്മ മൃതസ്യ ച .."*

ജനിച്ചുകഴിഞ്ഞാൽ മരണം ഉറപ്പാണ്.  നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ  ആ ഒരു സത്യത്തെ നേരിടുകതന്നെ വേണം . മൃത്യുവിനെക്കുറിച്ച് അറിയാതിരിക്കുമ്പോൾ മരണത്തെ ഭയക്കുന്നു . എന്നാൽ , മരണത്തെ പരിചയപ്പെടുമ്പോൾ അടുത്തറിയുമ്പോൾ അതു  നമ്മുടെ സുഹൃത്തായി മാറുന്നു , ബോധപൂർവ്വം മരണത്തെ പുൽകാൻ , സീകരിക്കാൻ ഇതിലൂടെ കഴിയും . അതിലൂടെ മരണത്തിനപ്പുറം കടക്കാൻ സാധിക്കുന്നു .

 *മൃത്യോർമാ അമൃതം ഗമയ*

*മരണ ലക്ഷണങ്ങൾ*

നമ്മുടെ ജീവിതം പലതരത്തിൽ കാണുന്നത്  പോലെ മരണവും പലതരത്തിൽ കാണാവുന്നതാണ് . ചിലർ സ്വച്ഛന്ദ മൃത്യു വരിക്കുമ്പോൾ ചിലർക്ക് ക്ലേശമൃതിയും മോഹമൃതിയും സംഭവിക്കുന്നു , കൂടാതെ ബാല മൃതി, രോഗമൃതി,  അപകട മൃതി തുടങ്ങി ധാരാളം തരത്തിൽ മരണം സംഭവിക്കുന്നു . ക്ഷുദ്രകൻ , ഛിന്നൻ , തമകൻ , മഹാൻ , ഊർദ്ധ്വൻ എന്നീ അഞ്ച് ശ്വാസങ്ങളുടെ ഗതിവിഗതികൾ ശ്രദ്ധിച്ചാൽ നമ്മുടെ തന്നെയോ മറെറാരാളുടേയോ മരണസമയം നേരത്തേ  അറിയാൻ കഴിയും.  നമ്മുടെ പൂർവ്വീകർ മരണത്തെ നേരത്തെ പ്രവചിച്ചത് ശ്രദ്ധിക്കുമല്ലോ .

*മരണാസന്നകാല പരിചരണം*

മരണകാലത്ത് , മരിക്കുന്ന ആളിന് തന്റെ കർത്തവ്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം ഉണ്ടായിരിക്കുകയില്ല . അതിനാൽ നമ്മൾ അത് വേണ്ടതുപോലെ കൈകാര്യം ചെയ്യണം . നിലവിളിച്ച് അർത്ഥമോ ഫലമോ ഇല്ലാതെ പ്രക്ഷുബ്ധമായ വൈകാരിക രംഗങ്ങൾ സൃഷ്ടിച്ച് മരിക്കാൻ കിടക്കുന്നയാൾക്ക് ശാന്തിയും സ്വസ്ഥതയും ജീവന്റെ സദ്ഗതിയും തടസ്സപ്പെടുത്തരുത് .

വളരെ അടുത്ത ബന്ധുക്കളുടെയും , മിത്രങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ് . എല്ലാവരും ചേർന്ന്വളരെ സന്തോഷത്തോടെ നാരായണ നാമം ജപിച്ച് അദ്ദേഹത്തെ യാത്രയാക്കണം . അവസാന നിമിഷത്തിൽ ശക്തമായി നില നിൽക്കുന്ന ചിന്തയാണ് അടുത്ത ജന്മത്തെ നിർണ്ണയിക്കുന്നത് .

ഉയർന്ന ശബ്ദത്തിൽ വിഷ്ണുസഹസ്രനാമം , രാമായണം തുടങ്ങിയവ ജപിച്ച് വളരെ അർത്ഥവത്തായ രീതിയിൽ നാമം ജപിച്ച് എല്ലാവരും പുണ്യതീർത്ഥങ്ങൾ കൊടുക്കണം .

*ചെവിയിലോത്ത്*

മരണം സംഭവിക്കുന്നതിന് മുമ്പ് നടത്താൻ പറ്റിയിട്ടില്ലെ ങ്കിൽ നിർബന്ധമായും മരണം നടന്ന് 2 നാഴിക കഴിയുന്നതിന് മുമ്പെങ്കിലും ഇത് ചെയ്യണം . നമ്മോടുകൂടെ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും നന്ദി ചൊല്ലുന്നതാണ് ഈ മന്ത്രത്തിന്റെ സാരം . എല്ലാവരെയും ശാന്തമാക്കി അവരെ സന്തോഷ ത്തോടെ പറഞ്ഞയക്കണം . മൂത്തമകൻ അല്ലെങ്കിൽ ശേഷക്രിയ ചെയ്യുന്നവർ ദർഭപുല്ലുകൊണ്ട് ആദ്യം വലതു ചെവിയിലും  പിന്നീട് ഇടതുചെവിയിലും തൊട്ട് ഇത് ഉറക്കെച്ചൊല്ലണം ,

“ ആയുഷഃ പ്രാണം സന്തനു സന്തനു
പ്രാണദപാനം സന്തനു സന്തനു
അപാനാദ്  വ്യാനം സന്തനു സന്തനു
വ്യാനാച്ചക്ഷുഃ സന്തനു സന്തനു

ചക്ഷുഷ : ശ്രോത്രം സന്തനു സന്തനു
ശ്രോതാന്മന: സന്തനു സന്തനു
മനസോവാചാം സന്തനു സന്തനു
വാച ആത്മാനം സന്തനു സന്തനു

ആത്മനഃ പൃഥിവീം സന്തനു സന്തനു
പൃഥിവ്യാ അന്തരീക്ഷം സന്തനു സന്തനു
അന്തരിക്ഷാദ്ദിവം സന്തനു സന്തനു
ദിവഃ സുവ സന്തനു സന്തനു ”
( തൈത്തിരീയ ബ്രാഹ്മണം  അഷ്ടകം 1 - അനുവാകം 7 )

. *മൃതദേഹപരിചരണം*

എല്ലാ വിസർജ്ജന അവയവങ്ങളും വൃത്തിയാക്കി നല്ല വസ്ത്രം ധരിപ്പിച്ച് തെക്ക് തലവരുംവിധം നിലത്ത് മണലും ദർഭയും വിരിച്ച് അതിൽ കിടത്തുക .

ഒരാളെങ്കിലും ദർഭപുല്ലുകൊണ്ട് മൃതശരീരം തൊട്ട് നാമം ജപിച്ച് ഇരിക്കണം ( ഒരു കാരണവശാലും മൃതദേഹത്തെ കെട്ടിപിടിക്കാനോ തൊടാനോ ആരെയും അനുവദിക്കരുത് ) -

ദേഹം മരവിക്കുന്നതിനു മുൻപുതന്നെ വായും കൈകാ ലുകളും നേരെയാക്കി വെയ്ക്കണം . ഒറ്റ വസ്ത്രംകൊണ്ട് മുഖമൊഴികെ എല്ലാ അവയവങ്ങളും മറയ്ക്കണം .

 ശവത്തിനു ചുറ്റിലും അക്ഷതം ( നെലും ഉണക്കല്ലരിയും ) വിതറണം . ( ഉറുമ്പരിക്കാതിരിക്കാൻ ) തലക്കൽ ഒരു നിലവിളക്ക് കൊളുത്തി വെയ്ക്കണം . കാൽക്കലും തലക്കലും നാളികേരമുടച്ച് മുറിയിൽ നെയ്യൊഴിച്ച് അതിൽ തിരിഇട്ട് കത്തിച്ച് വെയ്ക്കണം . ( ശരീരം തണുക്കുമ്പോൾ രോഗാണുക്കൾ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കാതെ അന്തരീക്ഷത്തെ ശുദ്ധമാക്കാനാണ് ഇത് ചെയ്യുന്നത് . )

ഒരാൾ എപ്പോഴും നാരായണ മന്ത്രമോ , രാമായണപാരാ യണമോ ചെയ്ത് ശവം ദർഭപുല്ലുകൊണ്ട് തൊട്ടിരിക്കണം . -

 നവദ്വാരങ്ങളിൽ സ്വർണം / തുളസി നെയ്യ് വെയ്ക്കണം .

 *കുളിപ്പിക്കുക*

മരിച്ച് 6 മണിക്കുറിനകം ശവം ദഹിപ്പിക്കണം എന്നതിനാൽ 4 മണിക്കൂർ ദർശനത്തിന് വെച്ചശേഷം മൃതദേഹം ആവാഹിത ജലത്തിൽ കുളിപ്പിക്കണം .

*പൃഥിവ്യാംയാനിതീർത്ഥാനി*
*ചത്വാരിസാഗരസ്തഥാ*
*പ്രേതസ്യാസ്യ വിശുദ്ധാർത്ഥ്യം*
*അസ്മിൻതോയേ വിശന്തുവൈ*

 മൃതദേഹത്തെ ഒരു തൂശൻ വാഴ ഇലയിൽ കിടത്തി നന്നായി കുളിപ്പിച്ച ശേഷം കൗപീനവും വസ്ത്രവും ഭസ്മവും ധരിപ്പിച്ച് സിന്ദുരവും ചന്ദനവും തൊടുവിച്ച്  ഘൃത ലേപനം നടത്തി പുഷ്പം തുളസിമാലകൾ ചാർത്തി അലങ്കരിക്കുക . ശേഷം അത്തികോണി ( മുളകൊണ്ടുണ്ടാക്കിയാലും മതി ) യിൽ മൃതദേഹം വെച്ച് ദർഭ , വഴുക കൊണ്ട് നന്നായി വരിഞ്ഞുകെട്ടി ഒരു കോടികൊണ്ട് മുഖമൊഴികെ നന്നായി പൊതിഞ്ഞ് വേണമെങ്കിൽ കുറച്ചു സമയം മുറ്റത്ത് കിടത്തി എല്ലാവരും പ്രദക്ഷിണം വെച്ച് നമസ്കരിച്ച് അന്തിമോപചാരം അർപ്പിച്ച് കഴിഞ്ഞാൽ ചിതയിലേക്കെടുക്കാം .

 മൂത്തമകൻ മുമ്പിലായി മൃതദേഹത്തിന്റെ  തലമുമ്പിലായി നാമജപങ്ങളോടെ എല്ലാവർക്കും വാഹനത്തിലോ നടന്നോ ചിതയിലേക്ക് പോവാം ചിതയിലേയ്ക്കുള്ള സാധനങ്ങൾ മുമ്പിൽ കൊണ്ടു പോവണം .

*ചിതാഹുതി സംസ്കാരം*

നമ്മൾ ഒരു കാരണവശാലും മൃതദേഹം ഭൂമിയിൽ അടക്കം ചെയ്യരുത് . ദഹിപ്പിക്കാൻ മാത്രമേ പാടുള്ളൂ . സനാതനധർമ്മമനുസരിച്ച് നമ്മൾക്ക് ശ്മശാനം ഇല്ല . കൃഷിഭൂമി മാത്രമേയുള്ളൂ . അതിനാൽ ഭൂമിദേവിയോട് കുറച്ച് ഭൂമി സംസ്കരണത്തിന് ആവശ്യപ്പെട്ട് അനുവാദം വാങ്ങി ഉപയോഗിക്കുക.

ഡോ: ശ്രീനാഥ് കാരയാട്ട്.
ആചാര്യൻ

No comments: