Saturday, May 02, 2020

*തോർത്ത് പുരാണം*
🙏🌹🌺🌸💐🌹🙏
രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. ജാള്യതയും നാണക്കേടുമൊക്കെ തോന്നിയാൽ തോർത്ത് തല വഴി മൂടിയും നടക്കാമത്രേ..

മലയാളിയുടെ പ്രിയപ്പെട്ട മേൽമുണ്ടായ തോർത്തിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്.

തോർത്ത് തലയിൽ വട്ടം കെട്ടിയാൽ ചട്ടമ്പിയാകാം.
അരയിൽ കെട്ടിയാൽ വിധേയനും.

തോർത്ത് തലക്കെട്ടാക്കിയാൽ മുതലാളിയാകാം.
ഉടുവസ്ത്രമാക്കിയാൽ തൊഴിലാളിയും .

തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ആദരവ് പ്രകടിപ്പിക്കാം.
അരയിൽ ഉടുത്ത തോർത്തഴിച്ച് അശ്ലീലവും.

തോർത്ത് രണ്ടു തരം ഉണ്ടെന്നാണ് പ്രശസ്ത തോർത്തോളജിസ്റ്റുകൾ പറയുന്നത്.
രണ്ടു നൂലുകൾ ചേർത്ത് നെയ്യുന്ന ഈ രേഴ തോർത്തും ഒറ്റ നൂൽ മാത്രം ഉപയോഗിച്ചു ചെയ്യുന്ന സാധാരണ തോർത്തും.
(പാണ്ടി തോർത്ത് എന്നൊരിനമുണ്ടെന്നൊരു വാദവുമുണ്ട്)

തോർത്ത്  തെങ്ങിലും കമുകിലും കയറാനുള്ള താൽക്കാലിക തളപ്പാക്കാം. ചുമടെടുക്കുമ്പോൾ തലയിൽ താങ്ങാക്കാം.
ഈരേഴ തോർത്തുകൊണ്ട് വേണമെങ്കിൽ പരൽ മീനെ പിടിച്ചും കളിക്കാം.

തോർത്ത് കുളിക്കാനും മുഖം തുടയ്ക്കാനും ഉപയോഗിക്കാം. കുളി കഴിഞ്ഞ് മുടിയിലെ വെള്ളം വാർന്നു പോവാനായി തലയിൽ തോർത്തു ചുറ്റിക്കെട്ടി ചായയുമായി വന്നു വിളിക്കുന്ന പെമ്പ്രന്നോരെ വേണേൽ ഒന്നു സ്വപ്നോം കാണാം.

ശാന്തിക്കാരനും പാചകക്കാരനും പിച്ചക്കാരനും പൊറോട്ടാ അടിക്കാരനും ഒഴിച്ചുകൂടാനാവാത്ത ഒരു മേൽമുണ്ടു കൂടിയാണ് തോർത്ത്.

തോർത്ത്, പാചകം ചെയ്യുമ്പോൾ വസ്ത്രത്തിനു മുകളിൽ ഏപ്രണായി ഉപയോഗിക്കാം. ബിജുവിനെപ്പോലുള്ളവർക്ക് തോർത്തിൽ തേങ്ങ കെട്ടി കുറ്റവാളികളുടെ നടുവിനടിച്ച് വേദന മാറ്റാം.
ആയുർവേദ സുഖചികിത്സക്കും മറ്റും പോകുന്നവർക്ക് ഒരു ഡസൻ മുന്തിയ ഇനം ബാഗിൽ കരുതുകയും ചെയ്യാം.

തൽക്കാലം ഒരു ശ്ലോകം കഴിച്ച്  തോർത്തു പുരാണം നിർത്താം..

ലക്ഷ്മണനോ തോർത്തില്ല
രാമനോ മുണ്ടില്ല.

( ലക്ഷ്മണൻ അതോർത്തില്ല. രാമൻ മിണ്ടീല.. എന്ന് അച്ചടിഭാഷ)
-ജയൻ ചിങ്ങോലി.                          🙏🌹🌺🌸💐🌹🙏

No comments: