Saturday, October 18, 2025

പ്രജാഗരപര്‍വ്വം പ്രജാഗരം - ഉറക്കം വരാതിരിക്കല്‍ ( ഉണര്‍ന്നിരിക്കല്‍ ) 33. വിദുരഹിതവാക്യം - വൈശമ്പായനൻ പറഞ്ഞു: സഞ്ജയന്‍ പോയതിന് ശേഷം പ്രാജ്ഞനായ്‌ ധൃതരാഷ്ട്ര രാജാവ്‌ ദ്വാസ്ഥനെ വിളിച്ച്‌ ഉടനെ തന്നെ വിദുരനെ വിളിച്ചു കൊണ്ടു വരുവാന്‍ ആജ്ഞാപിച്ചു. ദ്വാസ്ഥന്‍ വിദുരനെ ചെന്നു കണ്ടു പറഞ്ഞു; രാജാവ്‌ ഭവാനെ കാണുവാന്‍ കാത്തിരിക്കുന്നു. ഉടനെ എത്തണം. വിദുരന്‍ ഉടനെ തന്നെ പുറപ്പെട്ടു. രാജമന്ദിരത്തിന്റെ വാതില്‍ക്കല്‍ എത്തിയ വിദുരന്‍ ദ്വാസ്ഥനോടു പറഞ്ഞു: "വിദുരന്‍ ഇതാ വന്നിരിക്കുന്നു എന്ന് രാജാവിനോട്‌ ഉണര്‍ത്തുക". ദ്വാസ്ഥന്‍ പറഞ്ഞു; രാജാവേ, ഇതാ വിദുരന്‍ അങ്ങയുടെ കല്പനപ്രകാരം വന്നു നിൽക്കുന്നു! തൃപ്താദങ്ങളെ ദര്‍ശിക്കുവാന്‍ കാത്തുനിൽക്കുന്നു! എന്തു വേണം എന്ന്‌ ആജ്ഞാപിച്ചാലും. ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇങ്ങോട്ടു കടത്തുക. ആ മഹാപ്രാജ്ഞനും ദീര്‍ഘദര്‍ശിയുമായ വിദുരന് എന്നെ കാണുവാന്‍ സമയം നോക്കേണ്ടതില്ല. എപ്പോഴും എന്റെ അടുത്ത്‌ വരാം. ദ്വാസ്ഥന്‍ പറഞ്ഞു: ഹേ, വിദുരാ! ഭവാന്‍ ധീമാനായ മഹാരാജാവിന്റെ അന്തഃപുരത്തില്‍ കയറിയാലും. ഭവാന്‍ രാജാവിനെ കാണുവാന്‍ സമയം നോക്കേണ്ടതില്ലെന്ന്‌ അദ്ദേഹം പറഞ്ഞിരിക്കുന്നു. വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ ധൃതരാഷ്ട്രന്റെ മന്ദിരത്തിലേക്കു പ്രവേശിച്ചു. ചിന്തയില്‍ മുഴുകിയിരിക്കുന്ന രാജാവിനെ തൊഴുതു കൊണ്ട്‌ പറഞ്ഞു: വിദുരന്‍ ഇതാ നിൽക്കുന്നു. മഹാപ്രാജ്ഞാ, ഭവാന്റെ കല്പനപ്രകാരം ഇതാ ഞാന്‍ എത്തിയിരിക്കുന്നു, വല്ലതും ചെയ്യുവാൻ ഉണ്ടെങ്കില്‍ എന്നോട്‌ ആജ്ഞാപിച്ചാലും. ധൃതരാഷ്ട്രന്‍ പഠഞ്ഞു: ക്ഷത്താവേ, സഞ്ജയന്‍ വന്ന് എന്നെ കുറെ അധിക്ഷേപിച്ചു പോയിരിക്കുന്നു. അജാതശത്രു പറഞ്ഞ വാക്കുകള്‍ നാളെ പ്രഭാതത്തില്‍ സഭയില്‍ വെച്ചു പറയുന്നതാണ്‌. ഇപ്പോള്‍ ആ കുരുകുലവീരന്റെ വാക്ക്‌ എന്തെന്ന് അറിയാത്തതു കൊണ്ട്‌ എന്റെ ദേഹം ചുട്ടു നീറുന്നു. ഉറക്കം വരുന്നുമില്ല. ഉറക്കം വരാതെ ഉള്ളു ചുടുന്ന എന്നെ നീ കാണുന്നില്ലേ? ധര്‍മ്മാര്‍ത്ഥ കോവിദനായ ഭവാന്‍ എന്റെ ശ്രേയസ്സിനായി വേണ്ടതെന്തെന്നു പറഞ്ഞാലും. സഞ്ജയന്‍ പാണ്ഡവ സദസ്സില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ എന്റെ മനസ്സിന് ലേശവും ശാന്തി ലഭിക്കുന്നില്ല. ഇന്ദ്രിയങ്ങളൊന്നും നിലയ്ക്കു നിൽക്കുന്നില്ല. അവന്‍ എന്താണാവോ പറയുവാന്‍ പോകുന്നത്‌ എന്ന വിചാരം എന്നെ അസ്വസ്ഥനാക്കുന്നു. വിദുരന്‍ പറഞ്ഞു: ബലവാനോട്‌ ഇടഞ്ഞവനും, ഉപജീവനത്തിന് വകയില്ലാത്തവനും, ധനം നഷ്ടപ്പെട്ടവനും, ബലഹീനനും, കാമിക്കും, ചോരനും ഉറക്കം വരികയില്ല. ഈ മഹാദോഷങ്ങളില്‍ ഒന്നും ഭവാനെ ബാധിച്ചിട്ടില്ലല്ലോ? പരധനത്തില്‍ ദുരാശമൂത്ത്‌ ഭവാന്‍ പരിതപിക്കുന്നില്ലല്ലോ? ധൃതരാഷ്ട്രന്‍ പറഞ്ഞു: നിന്റെ വാക്ക്‌ ധര്‍മ്മാനുസരണവും നന്മ വരുത്തുന്നതുമാണ്‌. അത്‌ കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഈ രാജര്‍ഷി കുലത്തില്‍ ജനിച്ചവരില്‍ വെച്ച്‌ ഏറ്റവും യോഗ്യനായ വിദ്വാന്‍ നീ ഒരാള്‍ മാത്രമാണ്‌. വിദുരന്‍ പറഞ്ഞു: ലക്ഷണയുക്തനായ രാജാവ്‌ മൂന്നു ലോകത്തിന്റേയും അധീശനായി ഭവിക്കും. ഭവാന്‍ ധര്‍മ്മാത്മാവാണെങ്കിലും ഭവാനു വിധേയനായ യുധിഷ്ഠിരനെ കാട്ടിലേക്കയയ്ക്കുക കൊണ്ടും ആ കുമാരന്റെ രാജ്യാംശത്തെ സമ്മതിക്കാത്തതു കൊണ്ടും നേത്രരശ്മിയുടെ കുറവു കൊണ്ടും രാജലക്ഷണം ഭവാനില്‍ ഏറ്റവും വിപരീതമായിട്ടാണ്‌ കാണുന്നത്‌. അക്രൗര്യം, ദയാലുത്വം, ധര്‍മ്മം, സത്യം, പരാക്രമം, ഭവാനിലുള്ള ഗുരുത്വം എന്നിവയാലാണ്‌ യുധിഷ്ഠിരന്‍ ഈ ക്ലേശമൊക്കെ പൊറുക്കുന്നത്‌. ദുര്യോധനന്‍, ശകുനി, കര്‍ണ്ണന്‍, ദുശ്ശാസനന്‍ എന്നിവരില്‍ ധനമൊക്കെ സമര്‍പ്പിച്ചിട്ട്‌ പിന്നെ ഭൂതിക്കു വേണ്ടി ഇച്ഛിക്കുകയാണോ? പണ്ഡിതന്മാരേയും അപണ്ഡിതന്മാരേയും ഭവാന്‍ ആദ്യമായി തിരിച്ചറിയണം. ആത്മജ്ഞാനം, മഹോത്സാഹം, തിതിക്ഷ (ക്ഷമ), ധര്‍മ്മനിതൃത എന്നിവയോടു കൂടി അര്‍ത്ഥം വിടാതെ സംരക്ഷിക്കുന്നവനാണ്‌ പണ്ഡിതന്‍. ക്രോധം, ഹര്‍ഷം, ദര്‍പ്പം, ലജ്ജ, സ്തംഭം, മാന്യരെ മാനിക്കല്‍ ഇവയോടെ അര്‍ത്ഥത്തിന് നാശം വരുത്താതെ വര്‍ത്തിക്കുന്നവനെ പണ്ഡിതന്‍ എന്നു പറയുന്നു. ചെയ്തു കഴിഞ്ഞ കര്‍മ്മമല്ലാതെ ചെയ്യുവാന്‍ പോകുന്ന കാര്യമോ അതിനെ കുറിച്ചുള്ള തന്ത്രങ്ങളോ മറ്റാരേയും അറിയിക്കാതെയും ചെയ്തു കഴിഞ്ഞല്ലാതെ മറ്റാരും കൃത്യം അറിയാത്ത വിധത്തിലും കാര്യം നടത്തുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍. തണുപ്പ്‌, ചൂട്‌, ഭയം, രതി, സമൃദ്ധി, ദാരിദ്ര്യം എന്നിവയാല്‍ കാര്യത്തിനു വിഘ്നം ബാധിക്കാതെ ആ വക തടസ്സങ്ങളെ അവഗണിച്ചു തള്ളി ഉത്സാഹത്തോടെ കാര്യം നടത്തുന്നത്‌ ആരോ അവനാണ്‌ പണ്ഡിതന്‍. ധര്‍മ്മാര്‍ത്ഥങ്ങളില്‍ പ്രജ്ഞ വ്യാപിച്ചു നിൽക്കുകയും കാമത്താല്‍ അര്‍ത്ഥം നേടുകയും ചെയ്യുന്നത്‌ ഏവനാണോ അവനാണ്‌ ശരിയായ പണ്ഡിതന്‍. ഉത്സാഹിക്കുകയും യഥാശക്തി പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ട്‌ ഒന്നിനേയും നിസ്സാരമാക്കി തള്ളാതെ ബുദ്ധി ധര്‍മ്മാര്‍ത്ഥങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടു വര്‍ത്തിക്കുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍. ക്ഷണത്തില്‍ കാര്യം ധരിക്കുകയും, നല്ല പോലെ ചെവികൊടുത്ത്‌ കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും, അര്‍ത്ഥം കൈക്കൊള്ളുകയും, നിഷ്കാമമായി ദാനം ചെയ്യുകയും ചെയ്യുക എന്നത്‌ പണ്ഡി തന്റെ പ്രധാനമായ ലക്ഷണമാണ്‌. കിട്ടാത്ത വസ്തുക്കളില്‍ ആശ വെക്കാതെയും നഷ്ടപ്പെട്ടതിനെപ്പറ്റി ദുഃഖിക്കാതെയും ആപത്തുകളില്‍ മോഹിക്കാതെയും ഇരിക്കുന്നത്‌ ആരോ അവനാണ്‌ പണ്ഡിതന്‍. നല്ലതു പോലെ ചിന്തിച്ചുറച്ചതിന് ശേഷമേ കാര്യങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ; തുടങ്ങിയ കാര്യം ഇടയ്ക്കു വെച്ചു നിര്‍ത്തുകയുമില്ല. സമയം വെറുതെ പാഴാക്കി കളയുകയില്ല. ഇങ്ങനെ ഏതൊരുത്തന്‍ പ്രവര്‍ത്തിക്കുന്നുവോ അവനാണ്‌ പണ്ഡിതന്‍. ശ്രേഷ്ഠമായ കര്‍മ്മത്തിന് ചേരുന്ന ഐശ്വര്യകരമായ കര്‍മ്മങ്ങള്‍ ചെയ്യുകയും തനിക്കു നന്മ വരുവാന്‍ ആഗ്രഹിക്കുന്ന ഹിതന്മാരായവരില്‍ അസൂയപ്പെടാതിരിക്കുകയും ചെയ്യുന്നത്‌ പണ്ഡിതന്റെ ലക്ഷണമാണ്‌. തനിക്കു വന്നു ചേരുന്ന ശ്രേയസ്സിലും മാനങ്ങളിലും അത്യധികം ഹര്‍ഷിക്കാതിരിക്കുകയും അവമാനകാര്യങ്ങള്‍ വന്നു പെട്ടാല്‍ ദുഃഖിക്കാതിരിക്കുകയും ഗംഗയുടെ കയം പോലെ അചഞ്ചല മാനസനായി നിൽക്കുകയും ചെയ്യുന്നത്‌ ഏതൊരുത്തനോ അവനാണ്‌ പണ്ഡിതന്‍. സര്‍വ്വജീവികളുടേയും സ്വഭാവത്തെപ്പറ്റി അറിയുന്നവനായി, സർവ്വയോഗങ്ങളും അറിഞ്ഞവനായി, യഥാകാലം മനുഷ്യരുടേയും മറ്റ്‌ ഭൂതങ്ങളുടേയും സ്വഭാവവും, പ്രകൃതിയും, ഉപായവും സന്ദര്‍ഭാനുസരേണ മനസ്സിലാക്കുന്നവനായി ആരാണ്‌ കാണുന്നത്‌ അവനാണ്‌ പണ്ഡിതന്‍. ഭംഗിയായി സംസാരിക്കുകയും, താന്‍ ഏറ്റ കര്‍ത്തവൃത്തെ വിസ്മരിക്കാതെ പ്രവര്‍ത്തിക്കുകയും ഗ്രന്ഥാര്‍ത്ഥങ്ങളെ അറിയാത്തവര്‍ക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍. പ്രജ്ഞയ്ക്കനുസരിച്ച്‌ ശാസ്ത്രജ്ഞാനവും ശാസ്ത്രാനുസാരമായ പ്രജ്ഞയും ചേര്‍ന്ന്‌ ലോക മര്യാദ വിടാതെ പ്രവര്‍ത്തിക്കുന്നത്‌ ഏവനോ അവനാണ്‌ പണ്ഡിതന്‍. മൂഢന്മാര്‍ ഈ പറഞ്ഞതില്‍ നിന്നൊക്കെ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവർ ആയിരിക്കും. അറിവില്ലെങ്കിലും അറിവുണ്ടെന്നു ഗര്‍വ്വിക്കുകയും, ശാസ്ത്രബോധമില്ലെങ്കിലും എല്ലാം അറിയാമെന്ന്‌ ഭാവിക്കുകയും കയ്യില്‍ ഒന്നുമില്ലെങ്കിലും എല്ലാം തനിക്കാണ്‌ എന്നുള്ള തൃഷ്ണ വര്‍ദ്ധിച്ച്‌ അതില്‍ ആശ വെക്കുകയും പണിയൊനും എടുക്കാതെ വേതനം ലഭിക്കുവാന്‍ ആഗ്രഹിക്കുകയും ഇതൊക്കെ മൂഢന്റെ ലക്ഷണമാണ്‌ എന്നു വിദ്വാന്മാര്‍ പറയുന്നു. സ്വന്തം അര്‍ത്ഥത്തെ കൈവെടിഞ്ഞും അന്യന്റെ അര്‍ത്ഥത്തില്‍ ആശ വെക്കുക, മിത്രങ്ങളെ സമ്പാദിക്കുവാന്‍ പാഴ്വേലകള്‍ ചെയ്തു കൊണ്ടിരിക്കുക ഇവ മൂഢന്റെ സ്വഭാവമാണ്‌. തന്നില്‍ പ്രേമമില്ലാത്തവരെ പ്രേമിച്ച്‌ പിന്നാലെ നടക്കുകയും തന്നില്‍ പ്രേമമുള്ളവരെ ഉപേക്ഷിക്കുകയും ചെയ്യുക, ബലവാന്മാരില്‍ വിദ്വേഷം ഇളക്കി വിടുക, ഇത്‌ മൂഢന്റെ ലക്ഷണമാണ്‌. ശത്രുവായവനെ മിത്രമായി കരുതി കൊണ്ടു നടക്കുക. മിത്രങ്ങളെ ദ്വേഷിക്കുക, വളരെ ദുഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യുക, അങ്ങനെ ഉള്ളവന്‍ മൂഢബുദ്ധിയാകുന്നു. ചെയ്യേണ്ട കര്‍മ്മങ്ങളിലെല്ലാം സംശയിച്ചു നിൽക്കുക, എങ്ങും ആരിലും സംശയിക്കുക, ഉടനെ ചെയ്യേണ്ട കാര്യങ്ങളില്‍ അമാന്തിച്ചു ചെയ്യുക, ഇത്‌ മൂഢന്റെ സ്വഭാവമാണ്‌. പിതൃക്കള്‍ക്കു ശ്രാദ്ധം നല്കാതിരിക്കുക, ദേവതകളെ അര്‍ച്ചിക്കാതിരിക്കുക, സുഹൃത്തുക്കളായ മിത്രങ്ങളെ നേടാതിരിക്കുക, ഇത്‌ മൂഢന്റെ സ്വഭാവമാണ്‌. അന്യന്റെ വീട്ടില്‍ വിളിക്കാതെ കയറി ചെല്ലുക, തന്നോടുചോദിക്കാതെ തന്നെ ഇടയില്‍ കയറി ധാരാളം സംസാരിക്കുക, വിശ്വസിക്ക വയ്യാത്തവരെ വിശ്വസിക്കുക, ഇത്‌ ജളന്റെ സ്വഭാവമാണ്‌. അന്യന്റെ കുറ്റങ്ങളെപ്പറ്റി പറയുക, തന്നിലുള്ള അതേ കുറ്റത്തെപ്പറ്റി ചിന്തിക്കാതിരിക്കുക, പറഞ്ഞാല്‍ കാരണം ചിന്തിക്കാതെ ക്രോധിക്കുക ഇത്‌ മൂഢന്മാരുടെ ലക്ഷണമാണ്‌, തന്റെ ബലം എത്രയുണ്ടെന്നു താന്‍ ധരിക്കാതെ ഓരോ കാര്യത്തിൽ ഇടപെടുക, ധര്‍മ്മാര്‍ത്ഥങ്ങളെ വര്‍ജ്ജിച്ച്‌ അലഭ്യമായ കാര്യങ്ങള്‍ പ്രയത്നം കൂടാതെ എളുപ്പത്തില്‍ സൂത്രവഴിക്ക്‌ കിട്ടുവാന്‍ ആഹ്രിക്കുക ഇത്‌ മൂഢന്റെ സ്വഭാവമാണ്‌. ശിഷ്യൻ അല്ലാത്തവനെ ശാസിക്കുക, ദാതാവല്ലാത്തവനെ ചെന്നു സേവിക്കുക, പിശുക്കന്മാരെ ഭജിക്കുക ഇങ്ങനെ ജീവിക്കുന്നവന്‍ മൂഢബുദ്ധിയാണ്‌. ഇത്തരം മൂഢാത്മാക്കളെ അകറ്റി വിടേണ്ടതാണ്‌. വളരെ ധനവും, വളരെ പഠിപ്പും നേടി വലിയ ഐശ്വര്യത്തോടു കൂടിയ ഒരുത്തന്‍ ഗര്‍വ്വു ഭാവിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന്‍ പണ്ഡിതനാണെന്നു ധരിച്ചോളൂ! സുഖമായ ഭക്ഷണഭോജ്യങ്ങള്‍, കൊതിച്ചു നിൽക്കുന്ന ആശ്രിതര്‍ക്ക്‌ ഒട്ടും കൊടുക്കാതെ താന്‍ തന്നെ ഭക്ഷിക്കുകയും, നല്ല വസ്ത്രം ആശ്രിതര്‍ക്കു നല്കാതെ താന്‍ തന്നെ ചമഞ്ഞ്‌ മോടിയില്‍ നടക്കുകയും ചെയ്യുന്നവനെ പോലെ നൃശംസനായി മറ്റാരുണ്ട്‌? ഒരുത്തന്‍ പാപകര്‍മ്മം ചെയ്താല്‍ ആ പാപകര്‍മ്മത്തിന്റെ ഫലം പരക്കെയുള്ള മഹാജനങ്ങളില്‍ ഏൽക്കുന്നു. കാലത്താല്‍ ഏൽക്കുന്നവന്‍ ഒഴിവാകും; ചെയ്തവന് അതിന്റെ ഫലം കിട്ടാതെ പോവുകയില്ല. വില്ലാളി എയ്തു വിടുന്ന ശരം ഒരാളെ കൊന്നുവെന്നും കൊന്നില്ലെന്നു വരാം. എന്നാൽ ബുദ്ധിമാന്‍ വിടുന്ന ബുദ്ധിയാകുന്ന ശരം ഭൂമണ്ഡലത്തെ മുടിച്ചു വിടും. ഭവാന്‍ ഒന്നിനാല്‍ രണ്ടിനെ അറിഞ്ഞ്‌ അതില്‍ ഉറച്ച്‌ നാലിനാല്‍ മൂന്നിനെ അടക്കി അഞ്ചിനെ ജയിച്ചിട്ട്‌ ഏഴു വിട്ട്‌ സുഖിച്ചാലും. ************ ഒന്ന്‌ - ബുദ്ധി. രണ്ട്‌ - കാര്യാകാര്യങ്ങള്‍. നാല്‌ - സാമം, ദാനം, ഭേദം, ദണ്ഡം. അഞ്ച്‌ - പഞ്ചേന്ദ്രിയങ്ങള്‍. ആറ്‌ - സന്ധിവിഗ്രഹാദി ആറ്‌ ഉപായങ്ങള്‍. ഏഴ് - സ്ത്രീ, ദ്യൂതം, മൃഗയാ, പാനം, വാക് പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥദൂഷണം. **************** വിഷദ്രാവകം ഒരുത്തനെ കൊല്ലും, ശസ്ത്രം ഒരുത്തനെ കൊല്ലും, നാട്ടുകാര്‍ വിപ്ലവത്തിന് ഒരുങ്ങിയാല്‍ രാജാവടക്കമുള്ള നാടു മുഴുവന്‍ മുടിച്ചു കളയും. മധുരാന്നം അന്യന് നല്കാതെ ഒറ്റയ്ക്ക്‌ ഇരുന്ന്‌ അനുഭവിക്കരുത്‌. കാര്യങ്ങള്‍ ഒറ്റയ്ക്കു മാത്രം ചിന്തിച്ച്‌ തീരുമാനത്തിൽ എത്തരുത്‌. ഏകനായി വഴിയാത്ര പോകരുത്‌. എല്ലാവരും ഉറങ്ങുമ്പോള്‍ ഒരുത്തന്‍ മാത്രം ഉണര്‍ന്നിരിക്കരുത്‌. രാജാവേ, ഭവാന് ഒന്നല്ലാതെ രണ്ടില്ല. (ഏക ഏവ അദ്വിതീയം ) എന്നാണെങ്കില്‍ ഭവാന് പാണ്ഡവന്മാരും കൗരവന്മാരും ഒരു പോലെയല്ലേ? ഭവാന്‍ സത്യത്തെ മറക്കരുത്‌. സത്യം സ്വര്‍ഗ്ഗത്തിലേക്കുള്ള സോപാനമാണ്‌. സത്യം സമുദ്രത്തില്‍ തോണി പോലെ മനുഷ്യനെ ആപത്തില്‍ നിന്നു കയറ്റി വിടും. സത്യം പോലെ വിശിഷ്ടമാണ്‌ ക്ഷമയും. ഒരു ദോഷത്തെ ക്ഷമിച്ചു കഴിഞ്ഞാല്‍ അവന് രണ്ടാമത്തെ ദോഷം കാണായ് വരികയില്ല. ക്ഷമാശീലനെ ചിലര്‍ അശക്തനാണെന്നു കരുതും. അതില്‍ അവന് ദോഷമൊന്നും ഭവിക്കുകയില്ല. ക്ഷമയാണ്‌ പരമമായ ധനം. ക്ഷമ അശക്തര്‍ക്കു ഗുണവും ശക്തന്മാര്‍ക്കു ഭൂഷണവുമാണ്‌. ലോകത്തെ മുഴുവന്‍ വശീകരിക്കുവാന്‍ ക്ഷമയ്ക്കു കഴിയും. ക്ഷമയ്ക്കു സാധിക്കാത്തതായി ഒന്നും തന്നെയില്ല. ശാന്തിയാകുന്ന ഖഡ്ഗം കയ്യിലെടുത്തവനെ ദുര്‍ജ്ജനത്തിന് എന്തു കാട്ടുവാന്‍ കഴിയും? ഉണക്കപ്പുല്ലു ഇല്ലാത്തിടത്തു തീ വീണാല്‍ അതു തന്നെത്താനെ കെട്ടുപോവുക തന്നെ ചെയ്യുന്നില്ല? ക്ഷമാഹീനന്‍ വലിയ ദോഷം തന്നില്‍ തന്നെ ചേര്‍ക്കുന്നു. ഏകമായ ധര്‍മ്മം പരമശ്രേയസ്സെന്ന പോലെ ഏകമായ ക്ഷമ ഉത്തമമായ ശാന്തിയാണ്‌. അതു പോലെ ഏകമായ വിദ്യ പരമതൃപ്തിയേയും ഏകമായ അഹിംസ പരമസുഖത്തേയും നല്കുന്നു. ഇനി ഈ രണ്ടായി നിൽക്കുന്ന ഗുണദോഷങ്ങളെ ചൂണ്ടിക്കാണിക്കാം. ശത്രുനിഗ്രഹം ചെയ്യാത്ത രാജാവ്‌, ദേശാടനം ചെയ്യാത്ത ബ്രാഹ്മണന്‍ എന്നീ രണ്ടു കൂട്ടരേയും സര്‍പ്പം എലിയെ എന്ന പോലെ ഭൂമി വിഴുങ്ങിക്കളയും. ഒരിക്കലും പരുഷവാക്കു പറയാതിരിക്കുക, ഒന്നു കൊണ്ടും ദുര്‍ജ്ജനത്തെ പൂജിക്കാതിരിക്കുക. ഈ കര്‍മ്മങ്ങള്‍ രണ്ടു കൊണ്ടും മാത്രം മനുഷ്യന്‍ ഈ ലോകത്തില്‍ പ്രശോഭിക്കും. കാമികളെ കാമിക്കുന്ന സ്ത്രീകള്‍, പൂജ്യരെ പൂജിക്കുന്ന ലോകര്‍, എന്നീ ഇരുവരാണ്‌ പരവിശ്വാസകാരികള്‍. അധമന്റെ കാമം, അപ്രഭുവിന്റെ കോപം, ഇതു രണ്ടും ശരീര ശോഷകമായ തീക്ഷ്ണ കണ്ടകങ്ങളാണ്‌. സ്വത്തില്ലാത്ത കാമുകനും, സ്വാതന്ത്ര്യമില്ലാത്ത കോപിയും ഈ രണ്ടുപേരും വിപരീത പ്രവൃത്തികളാല്‍ പ്രസാദിക്കുകയില്ല.. പ്രവൃത്തിയൊന്നും ചെയ്യാന്‍ തയ്യാറില്ലാത്ത ഗൃഹസ്ഥനും, കാര്യങ്ങളില്‍ വ്യാപൃതനായ ഭിക്ഷുവും വിപരീത കര്‍മ്മാക്കളായ നിഷ്പ്രഭന്മാരാണ്‌; സ്വര്‍ഗ്ഗ ഭ്രഷ്ടന്മാരാണ്‌. ക്ഷമാവാനായ പ്രഭുവും, ദാനശീലനായ ദരിദ്രനും ഈ രണ്ടു പേരും സ്വര്‍ഗ്ഗത്തിനും ഉപരിയായി നില കൊള്ളുന്നു. അപാത്രത്തിലെ ദാനവും, ശരിയായ പാത്രത്തില്‍ ദാനം ചെയ്യാതിരിക്കലും ഇതു രണ്ടും ന്യായമായി നേടിയ ദ്രവൃത്തിന് അതിക്രമം ആയിട്ടാണു വരിക. അദ്ധ്വാനിക്കാന്‍ തയ്യാറില്ലാത്ത ദരിദ്രനേയും, ദാനം ചെയ്യാത്ത ധനികനേയും, ഇവരെ രണ്ടു പേരേയും വലിയ കരിങ്കല്ലു കഴുത്തില്‍ കെട്ടി അഗാധ ജലത്തില്‍ താഴ്ത്തി വിടണം. ഹേ, പുരുഷവ്യാഘ്രാ, രണ്ടുപേര്‍ സൂരൃബിംബത്തേയും പിളര്‍ന്നു പൊങ്ങുന്ന മഹാത്മാക്കളാണ്‌,; ഒന്ന്‌ യോഗയുക്തനായ സന്ന്യാസി; മറ്റേത്‌ യുദ്ധരംഗത്തില്‍ പോരാടി മരിച്ച വീരയോദ്ധാവ്‌. കമനീയന്മാര്‍, മദ്ധ്യമന്മാർ, ശ്രേഷ്ഠന്മാര്‍ എന്നീ മൂന്നു തരത്തിലാണ് മനുഷ്യന്‍. ഉത്തമന്‍, അധമന്‍, മദ്ധ്യമന്‍ ഇങ്ങനെ ഈ മൂന്നു വിധം ആള്‍ക്കാരെ മൂന്നു വിധം തൊഴിലുകളില്‍ ഏര്‍പ്പെടുത്തണം. ഭാര്യ, ദാസന്‍, പുത്രന്‍ എന്നീ മൂന്ന് പേർ നിര്‍ദ്ധനന്മാരാണ്‌. അവര്‍ സമ്പാദിക്കുന്ന സ്വത്ത്‌, അവര്‍ ആരുടെയാണോ അവര്‍ക്കുള്ളതാണ്‌. ഭയങ്കരമായ മൂന്നു ദോഷങ്ങള്‍ പറയാം. പരന്റെ ദ്രവ്യം അപഹരിക്കുക, പരന്റെ ഭാര്യയില്‍ പ്രവേശിക്കുക, സുഹൃത്തുക്കളെ പരിത്യജിക്കുക. ഇവ മൂന്നും ഭയങ്കരമായ ദോഷങ്ങളാണ്‌.. ആത്മനാശകമായ മൂന്ന്‌ നരക മാര്‍ഗ്ഗങ്ങള്‍ പറയാം. കാമം, ക്രോധം, ലോഭം ഇവയാണ്‌. അതു കൊണ്ട് ഇവ മൂന്നും തൃജിക്കണം. ഭക്തിയുള്ളവനേയും ഭജിക്കുന്നവനേയും, ഞാന്‍ ഭവാന്റെ ആളാണ്‌ എന്നു പറയുന്നവനേയും, തന്നെ ആശ്രയിക്കുമ്പോള്‍ ആപത്തില്‍ നിന്നു രക്ഷിക്കണം. ഉപേക്ഷിക്കരുത്‌. വരദാനം, രാജ്യാഭിലാഷം, പുത്രജന്മം എന്നീ മൂന്നുലാഭവും ശത്രുവിനെ സങ്കടത്തില്‍ നിന്നു രക്ഷിക്കുക എന്ന ഒരേ ഒരു പ്രവൃത്തിയോടു തുല്യമാണ്‌. ഇനി കാര്യാലോചന ചെയ്യരുതാത്തവര്‍ ആരൊക്കെയാണെന്നു പറയാം. അല്പജ്ഞന്‍, ദീര്‍ഘസുൂത്രക്കാരന്‍, ഹര്‍ഷതരളന്‍, മുഖസ്തുതിക്കാരന്‍ ഈ നാലുപേര്‍ മന്ത്രാലോചനയ്ക്കു കൊള്ളാവുന്നവരല്ല. ഗൃഹസ്ഥധര്‍മ്മത്തില്‍ ശ്രീമാനായി വര്‍ത്തിക്കുവാന്‍ കാംക്ഷിക്കുന്നവര്‍ ഈ പറയുന്ന നാലുപേരെ വീട്ടില്‍ പാര്‍പ്പിക്കണം. വൃദ്ധനായ ജ്ഞാനി, ദരിദ്രനായ കുലീനന്‍, ഇഷ്ടം ചെയ്യുന്ന ദരിദ്രന്‍, പുത്രനില്ലാത്ത സഹോദരി ഇവരാണ്‌ ആ നാലുപേര്‍. പണ്ടു ബൃഹസ്പതി ഇന്ദ്രനോടു പറഞ്ഞ നാലെണ്ണമാണ്‌ ക്ഷണത്തില്‍ ഫലം നല്‍കുന്നവ. ദേവന്മാരുടെ സങ്കല്പം, ധീമാന്മാരുടെ വൈഭവം, പഠിപ്പുള്ളവരുടെ വിനയം, പാപം ചെയ്യുന്നവരുടെ നാശം. ഇവയാണു നാലെണ്ണം. ഇവ വേഗത്തില്‍ ഫലം നല്കും. ഭയം നീക്കുന്നതിന് നാലു വിധം കര്‍മ്മങ്ങള്‍ ഉണ്ട്‌. അവ ഏതെന്നു പറയാം. അഗ്നിഹോത്രം, മൗനം, അദ്ധ്യയനം, യജ്ഞം എന്നിവയാണ്‌. എന്നാൽ ഇവ മാനത്തിന് വേണ്ടി ചെയ്യുകയാണെങ്കിലോ അതിന്റെ ഫലം ഭയജനകമായിരിക്കും. മനുഷ്യര്‍ക്കു പൂജിക്കേണ്ടതായ അഞ്ച്‌ അഗ്നികളുണ്ട്‌. അവയെ പണിപ്പെട്ടു സേവിക്കേണ്ടതാണ്‌. അച്ഛന്‍, അമ്മ, അഗ്നി, ആത്മാവ്‌, ഗുരു എന്നിവയാണ്‌ ആ പഞ്ചാഗ്നികള്‍. അഞ്ചു പേരെ പൂജിച്ചാല്‍ പ്രസിദ്ധി നേടാം. പിതൃക്കള്‍, ദേവന്മാര്‍, ഋഷികള്‍, ഭിക്ഷുക്കള്‍, പാന്ഥര്‍ ഇവരാണ്‌ ആ അഞ്ചു പേര്‍. എവിടെ ചെല്ലുമ്പോഴും അഞ്ചു പേര്‍ അനുഗമിക്കും. അവര്‍ മിത്രങ്ങള്‍; അമിത്രങ്ങള്‍, മദ്ധ്യസ്ഥര്‍, ഗുരുക്കന്മാർ, ഭൃത്യന്മാര്‍ എന്നിവരാണ്‌. മനുഷ്യനുള്ള അഞ്ച്‌ ഇന്ദ്രിയങ്ങളില്‍ ഒന്നു ഛിദ്രമായെങ്കില്‍ ബുദ്ധി ആ മാര്‍ഗ്ഗത്തിലൂടെ കുടത്തിന്റെ ദ്വാരത്തിലൂടെ ജലമെന്ന പോലെ, ഒഴുകിപ്പോകുന്നു. ഐശ്വര്യവും അഭിവൃദ്ധിയും ഇച്ഛിക്കുന്ന പുരുഷന്‍ ആറു ദോഷങ്ങളെ ഉപേക്ഷിക്കണം. നിദ്ര, തളര്‍ച്ച, ഭയം, കോപം, ആലസ്യം, ദീര്‍ഘസൂത്രത. കടലില്‍ ചീത്തയായ. തോണിയെന്ന പോലെ ഒഴുക്കി വിടേണ്ടവരായി ആറു പേരുണ്ട്‌. കാര്യം പറയാത്ത ആചാരൃന്‍, വേദം പഠിക്കാത്ത വൈദികന്‍, രക്ഷിക്കാത്ത രാജാവ്‌, ഇഷ്ടം പറയാത്ത ഭാര്യ, നാട്ടില്‍ പാര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇടയന്‍, കാട്ടില്‍ പാര്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ക്ഷൗരക്കാരന്‍ ഇവരെ ഉപേക്ഷിക്കുക തന്നെ വേണം. മനുഷ്യന്‍ കൈവിടുവാന്‍ പാടില്ലാത്ത ആറ്‌ ഗുണങ്ങളുണ്ട്‌. സത്യം, ദാനം, അനാലസ്യം, അനസൂയ, ധൈര്യം, ക്ഷമ. രാജാവേ, ഈ ലോക ജീവിതത്തില്‍ സുഖം നല്കുന്ന ആറു കൂട്ടം കാര്യങ്ങള്‍ ഇനി ഞാന്‍ പറയാം. എപ്പോഴും അര്‍ത്ഥാഗമം, രോഗമില്ലായ്മ, പ്രിയം പറയുന്ന പ്രിയപ്പെട്ട ഭാര്യ, പറഞ്ഞ പോലെ അനുസരിച്ചു നടക്കുന്ന പുത്രന്‍, അര്‍ത്ഥകരമായ വിദ്യ ഇവയാറുമാകുന്നു ജീവിതത്തില്‍ സുഖം നല്കുന്നവ. കാമം, ക്രോധം, ശോകം, മോഹം, മദം, മാനം എന്നീ ആറിനേയും ഉള്ളില്‍ അടക്കുന്നവന്‍ ഐശ്വര്യത്തെ പ്രാപിക്കും. അങ്ങനെയുള്ള ജിത്രേന്ദിയനെ പാപങ്ങളോ അനര്‍ത്ഥങ്ങളോ ബാധിക്കയില്ല. പ്രമത്തന്മാരെ കൊണ്ട്‌ ചോരന്മാരും, വ്യാധിഗ്രസ്തന്മാരെ കൊണ്ട്‌ വൈദ്യന്മാരും, കാമികളെ കൊണ്ട്‌ കാമിനിമാരും, യജമാനന്മാരെ കൊണ്ട്‌ ( യാഗംചെയ്യുന്നവര്‍ ) യാജകന്മാരും, വിവാദമാനന്മാരെ കൊണ്ട്‌ രാജാവും (നിയമജഞന്മാരും) മൂര്‍ഖന്മാരെ കൊണ്ട്‌ പണ്ഡിതന്മാരും ജീവിക്കുന്നു. ഈ ആറു പേരൊഴികെ ഏഴാമത് ഒരാള്‍ ഇത്തരക്കാരെ കൊണ്ട്‌ ജീവിക്കുന്നില്ല. ആറു കാര്യങ്ങള്‍ നശിക്കുന്നതു പറയാം. പശുക്കള്‍, സേവ, കൃഷി, ഭാര്യ, വിദ്യ, ശൂദ്രന്റെ സംഗമം, എന്നീ ആറും ഒരു നിമിഷം പോലും നോക്കാതിരുന്നാല്‍ നശിച്ചു പോകും. മുമ്പെ ഉപകാരം ചെയ്തു രക്ഷിച്ചവരെ അവഗണിക്കുന്നവരായി ആറു പേരുണ്ട്‌. പഠിച്ച ശിഷ്യന്‍ ഗുരുവിനെ, വേളി കഴിഞ്ഞ പുത്രന്‍ അമ്മയെ, കാമം തീര്‍ന്നവന്‍ കാമിനിയെ, ധനം ലഭിച്ചവന്‍ സഹായിയെ, കാട്ടില്‍ ചെന്നവര്‍ തോണിയെ, രോഗം മാറിയവന്‍ വൈദ്യനെ. ഈ ആറു പേര്‍ തന്നെ സഹായിച്ചവരെ വിസ്മരിക്കുന്നതായി കാണുന്നു. രോഗമില്ലായ്മ, കടമില്ലായ്മ, വിദേശ സഞ്ചാരം വേണ്ടായ്ക, സജ്ജന സംസര്‍ഗ്ലം, സ്വന്തം വിശ്വാസത്തിന് ചേര്‍ന്ന ജീവിതവൃത്തി, നിര്‍ഭയമായ വാസം ഇവ ആറും ജീവലോക സുഖങ്ങളാണ്‌. ഈര്‍ഷ്യയേറിയവന്‍, നാണം കൂടിയവന്‍, അസന്തുഷ്ടന്‍, ക്രോധി, നിതൃശങ്കിതന്‍, പരഭാഗ്യം കൊണ്ട്‌ ഉപജീവിക്കുന്നവന്‍ എന്നീ ആറു കൂട്ടര്‍ നിതൃ ദഃഖിതരാണ്‌. രാജാക്കന്മാര്‍ തീരെ ഉപേക്ഷിക്കേണ്ടതും, വേരുറച്ചു പോയാല്‍ ദേവന്മാരെപ്പോലും നശിപ്പിക്കുന്നതുമായ സപ്തദോഷങ്ങള്‍ പറയാം: സ്ത്രീസേവ, ചൂതാട്ടം, നായാട്ട്‌, മദ്യപാനം, വാക് പാരുഷ്യം, കടുത്ത ശിക്ഷ, പരദൂഷണം, ഇവ ഏഴും നശിക്കുവാന്‍ പോകുന്ന മനുഷ്യന്റെ പൂര്‍വ്വചിഹ്നങ്ങളാകുന്നു. ബ്രാഹ്മണ ദ്വേഷം, ബ്രാഹ്മണവിരോധം, ബ്രഹ്മസ്വഹരണം, ബ്രഹ്മഹിംസ, ബ്രാഹ്മണനിന്ദാപ്രിയം, ബ്രാഹ്മണസ്തോത്ര നീരസം, ക്രിയകളില്‍ ബ്രാഹ്മണ വിസ്മരണം, ബ്രാഹ്മണ യാചനയില്‍ കുറ്റം പറയല്‍, ഈ ദോഷങ്ങള്‍ ബുദ്ധിമാന്‍ കാണുകയും അവയെ വിട്ടൊഴിയുകയും ചെയ്യണം. ഹര്‍ഷത്തില്‍ സത്തായിട്ട്‌ എട്ടെണ്ണമുണ്ട്. അവയെ ആത്മസുഖമായി കാണുന്നു. ഇഷ്ടജനങ്ങളുമായുള്ള സംസര്‍ഗ്ഗം, വലിയ ധനാഗമം, പുത്രാലിംഗനം, മൈഥുനയോഗം, യഥാസമയം പ്രിയം പറയുക, സ്വജനങ്ങളുടെ ഉയര്‍ച്ച, അഭീഷ്ടസിദ്ധി, സഭയില്‍ ബഹുമാന്യത ഇവയാകുന്നു. മനുഷ്യന് ശോഭ നല്കുന്ന എട്ടു ഗുണങ്ങള്‍ പറയാം. ബുദ്ധി, വംശശുദ്ധി, ദമം, പഠിപ്പ്‌, പരാക്രമം, വേണ്ടതു പറയുക, യഥാശക്തി ദാനം, കൃതജ്ഞത ഇവയാണ്‌. ഈ വീട്‌ ഒമ്പതു ദ്വാരങ്ങള്‍ ( വാതിലുകള്‍ ) ഉള്ളതാണ്‌. അതിന് മൂന്ന്‌ തുണുണ്ട്‌, അഞ്ചു സാക്ഷിയുണ്ട്‌. ക്ഷേത്രജ്ഞന്‍ വാഴുന്ന ഈ ഗൃഹത്തെ അറിയുന്നവന്‍ ആരോ അവനാണ്‌ വിദ്വാനായ മഹാകവി. ഒമ്പത്‌ ദ്വാരങ്ങള്‍ - പഞ്ചേന്ദ്രിയങ്ങൾ അഞ്ചും, മനസ്സ്‌ ബുദ്ധി, അഹങ്കാരം, സ്ഥൂലശരീരം എന്നീ നാലും. മൂന്നു തൂണുകള്‍ - അവിദ്യ, കാമം കര്‍മ്മം. അഞ്ചു സാക്ഷികള്‍ - ശബ്ദം, സ്പര്‍ശം, രസം, ഗന്ധം, രൂപം. വീട്‌ - ശരീരം വാഴുന്നവന്‍ - ചിദാത്മാവ്‌. "നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഗീതയില്‍ ( 5.13 ) പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ആത്മാവായി ( ക്ഷേത്രജ്ഞൻ ), അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാര നാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ഹേ, ധൃതരാഷ്ട്രാ! പത്തു പേര്‍ ധര്‍മ്മം അറിയാത്തവരാണ്‌. മദ്യാദിയാല്‍ മത്തന്‍, വിഷയാസക്തിയാല്‍ പ്രമത്തന്‍, ശ്രാന്തന്‍, കോപിച്ചിരിക്കുന്നവന്‍, വിശന്നവന്‍, വെമ്പലുള്ളവന്‍, ലോഭി, ഭയാക്രാന്തന്‍, ഉന്മത്തന്‍ ( ഭ്രാന്തന്‍ ) ഈ പത്തു പേരുമായി ഇടപെടുവാന്‍ പാടില്ല. ഇതിന് ഉദാഹരണമായി സുധാമന്യു പുത്രന് വേണ്ടി പറഞ്ഞ ഒരു കഥ ഞാന്‍ പിന്നെ പറയുന്നതാണ്‌. കാമക്രോധങ്ങളെ ജയിച്ച്‌ സല്‍പാത്രങ്ങളില്‍ ധനം സമര്‍പ്പിച്ച്‌ താരതമൃജ്ഞനും, ശ്രുതവാനും, ക്ഷിപ്രകാരിയുമായി വര്‍ത്തിക്കുന്ന രാജാവാണ്‌ സര്‍വ്വലോകത്തിനും പ്രമാണം. വിശ്വസ്തന്മാരെ രാജാവ്‌ ശരിയായി അറിയണം. ദോഷം കണ്ടാല്‍ ദണ്ഡം പ്രയോഗിക്കുവാന്‍ ലേശവും മടിച്ചു കൂടാ. അപരാധത്തെ അനുസരിച്ചു വേണം ദണ്ഡത്തേയും ക്ഷമയേയും ചെലുത്തുവാന്‍. അങ്ങനെയുള്ള രാജാവ്‌ ശ്രീമാനായി പ്രശോഭിക്കും. ഏറ്റവും ദുര്‍ബ്ബലനായവനില്‍ പോലും അവജ്ഞ ഇല്ലാതിരിക്കുകയും, ഛിദ്രം നോക്കി ശത്രുവിനെ കൂടിയും ബുദ്ധിപൂര്‍വ്വം സേവിക്കുകയും, ബലവാന്മാരോടു പൊരുതുവാന്‍ ഒരുങ്ങാതിരിക്കുകയും, കാലം നോക്കി വിക്രമം പ്രയോഗിക്കുകയും ചെയ്യുക. അവനാണ്‌ ധീരന്‍. ആപത്തുകളിലൊന്നും മനസ്സിളകാതെ എപ്പോഴും അപ്രമത്തനായി തന്റെ ഉദ്യമം തുടരുകയും ദുഃഖത്തെ അടക്കി കാര്യഭാരങ്ങളെല്ലാം സഹിക്കുകയും ചെയ്യുന്ന മഹാത്മാവിന് ശത്രുക്കളെ മുഴുവന്‍ വെല്ലുവാന്‍ കഴിയും. അനര്‍ത്ഥകമായി ഗൃഹത്തില്‍ നിന്നകന്ന്‌ പാര്‍ക്കാതെയും, പാപാത്മാക്കളോടു ചേരാത്തെയും, പരദാരങ്ങളെ പ്രാപിക്കാതെയും, ദംഭം, ചോരണം, മദ്യപാനം എന്നിവ കൂടാതെയും വര്‍ത്തിക്കുന്നവന്‍ എന്നും സുഖിയാണ്‌. വാശി കൊണ്ടു മാത്രം ധര്‍മ്മാധര്‍മ്മങ്ങളെ ആചരിക്കുകയോ, തന്നോടു ചോദിക്കാത്തവരോട്‌ തത്ത്വത്തെ ബലമായി പറഞ്ഞു കേള്‍പ്പിക്കുകയോ, മിത്രങ്ങളോട്‌ വിവാദത്തിന് ഒരുങ്ങുകയോ, തന്നെ പൂജിക്കാത്തവരോട്‌ കോപിക്കുകയോ ചെയ്യുന്നത്‌ മൂഢന്മാരുടെ ലക്ഷണമാണ്‌. അമൂഢന്മാര്‍ അതിന് ഒരുങ്ങുകയില്ല. അസൂയ കൂടാതെ എല്ലാവരിലും അനുകമ്പയോടു കൂടെ വര്‍ത്തിക്കുകയും, ദുര്‍ബ്ബലാവസ്ഥയില്‍ അന്യരോട്‌ എതിര്‍ക്കാതിരിക്കുകയും അതിരു കവിഞ്ഞ്‌ സംസാരിക്കാതിരിക്കുകയും, വാദപ്രതിവാദത്തില്‍ ക്ഷമ കാണിക്കുകയും ചെയ്യുന്നവന് എല്ലായിടത്തും പ്രശംസ ലഭിക്കുന്നതാണ്‌. ഉദ്ധതനായി അന്തസ്സു ചമഞ്ഞു നടക്കുകയും നിലമറന്ന്‌ കടുത്ത വാക്കു പറയുകയും ചെയ്യാത്തവനില്‍ ജനങ്ങള്‍ എപ്പോഴും പ്രിയത്തോടു കൂടി പെരുമാറും, അടങ്ങി പോയ വൈരം ഉയര്‍ത്തി വിടാതേയും ഗര്‍വ്വിച്ചു ചാടാതെയും, ദുര്‍ഗ്ഗതിയില്‍ പോലും അകാര്യത്തില്‍ പ്രവേശിക്കാതേയും ജീവിക്കുന്നവനെ ആരൃശീലനെന്നു വിളിക്കുന്നു സ്വന്തം സുഖത്തിലും അന്യന്റെ ദുഃഖത്തിലും ഒട്ടും ഹര്‍ഷിക്കാതിരിക്കയും, കൊടുത്തു കഴിഞ്ഞ ധനത്തെപ്പറ്റി പശ്ചാത്തപിക്കാ തിരിക്കുകയും ചെയ്യുക എന്നത്‌ ആര്യനായ പുരുഷന്റെ ലക്ഷണമാണ്‌. _ ദേശാചാരങ്ങളേയും, ഭാഷാഭേദങ്ങളേയും, ജാതിധര്‍മ്മങ്ങളേയും, ഉത്തമാധമ ധര്‍മ്മ വിവേകത്തോടു കൂടി വളര്‍ത്തുന്നവന്‍ എവിടെ ചെന്നാലും അങ്ങേയറ്റം മഹാജനങ്ങളുടെ ആധിപത്യത്തിന് അര്‍ഹനായി ഭവിക്കുന്നതാണ്‌. ദംഭം, മോഹം, മത്സരം, പാപകൃത്യം, രാജദ്വേഷം, പിശുനത്വം, ബഹുജനവൈരം, മദോന്മത്തന്മാരോടും ദുര്‍ജ്ജനങ്ങളോടും വാഗ്വാദം എന്നിവയെ വര്‍ജ്ജിക്കുന്ന പ്രാജ്ഞന്‍ പ്രധാനനായി പ്രശോഭിക്കുന്നതാണ്‌. ദമം, ശൗചം, ദൈവതാരാധനം, മംഗള കര്‍മ്മങ്ങള്‍, പ്രായശ്ചിത്തങ്ങള്‍, വിവിധ ലോകകാര്യങ്ങള്‍ എന്നിവയൊക്കെ ശരിയായി നടത്തുന്നവനെ ദേവന്മാര്‍ ഉയര്‍ത്തുന്നതാണ്‌. ഹീനന്മാരോടു ചേരാതെ, സഖ്യവും, വിവാഹവും, വ്യാപാരവും, വ്യവഹാരവുമൊക്കെ സമന്മാരോടു മാത്രം നടത്തിക്കൊണ്ട്‌ വിശിഷ്ട ഗുണാന്വിതന്മാരെ പുരസ്കരിച്ച്‌ വര്‍ത്തിക്കുന്നവന്റെ നടപടികളൊക്കെ നേര്‍വഴിക്കു മാത്രമേ ചെല്ലുകയുള്ളു. ആശ്രിതന്മാര്‍ക്ക്‌ പങ്കു വെച്ചു കൊടുത്തും, മിതമായി ഭക്ഷിക്കുകയും, നല്ലവണ്ണം പണിയെടുത്ത്‌ മിതമായി ഉറങ്ങുകയും, ശത്രുക്കള്‍ പോലും വന്നു യാചിക്കുക ആണെങ്കില്‍ നല്‍കുകയും ചെയ്യുന്ന ധീമാനെ അനര്‍ത്ഥങ്ങള്‍ ബാധിക്കുകയില്ല. വിരുദ്ധമായി വല്ല കര്‍മ്മവും ചെയ്യേണ്ടി വന്നാല്‍ തന്നെ ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കേണ്ടതു സൂക്ഷിക്കുകയും, നല്ലവണ്ണം പ്രവര്‍ത്തിക്കുകയും, ചെയ്താല്‍ അര്‍ത്ഥം നശിക്കുകയില്ല. എല്ലാവര്‍ക്കും ശമം നോക്കുന്നവനും, സത്യവാനും, ദാന്തനും, മാനിയും, ശുദ്ധശീലനുമായ പുരുഷന്‍ ജ്ഞാതിമദ്ധ്യത്തില്‍ വൃത്യസ്തനായി നല്ല രത്നം പോലെ ശോഭിക്കും. സ്വന്തം തെറ്റില്‍ സ്വയം ലജ്ജിക്കുന്ന സമാഹിതനായ മനസ്വി, സ്വതേജസ്സാല്‍ സൂര്യതുല്യം തേജസ്സു ചൊരിഞ്ഞ്‌ സര്‍വ്വലോകത്തിനും ഗുരുവായി ഭവിക്കും. ഹേ, രാജാവേ, ഞാന്‍ ഇത്രത്തോളം പറഞ്ഞതില്‍ നിന്ന്‌ ശ്രേയസ്സിനായി പുരുഷന്‍ അനുവര്‍ത്തിക്കേണ്ടത് എന്തെന്ന്‌ ഭവാന്‍ ഗ്രഹിച്ചുവല്ലോ. ശാപദഗ്ദ്ധനായ പാണ്ഡുവിന്റെ പുത്രന്മാരായി കാട്ടില്‍ വെച്ച്‌ പ്രസവിച്ചുണ്ടായവരായ ആ അഞ്ചു പേര്‍ ഇന്ദ്രതുല്യന്മാരാണ്‌. ആ ബാലന്മാരെ ഭവാനാണ്‌ പഠിപ്പിച്ച്‌ വളര്‍ത്തിയതെന്നും, അവര്‍ ഭവാന്റെ ആജ്ഞ പാലിച്ചു കൊണ്ടാണ്‌ വര്‍ത്തിക്കുന്നതെന്നും ഭവാന്‍ ചിന്തിക്കണം. ആ പാണ്ഡു പുത്രന്മാരുടേയും, ഭവാന്റെ പുത്രന്മാരുടേയും സ്ഥിതിഗതികള്‍ എങ്ങനെ ഇരിക്കുന്നുവെന്നു ഞാന്‍ പറഞ്ഞ ഹിതവാക്കുകളില്‍ നിന്ന്‌ ഭവാന് ചിന്തിച്ചറിയുവാന്‍ കഴിയുന്നതാണല്ലോ. പാണ്ഡവന്മാര്‍ക്കുള്ള രാജ്യം പാണ്ഡവന്മാര്‍ക്കു തന്നെ നല്കി ഭവാന്‍ പുത്രന്മാരോടു കൂടി മോദിച്ച്‌ വാഴുക! അങ്ങനെയായാല്‍ ദേവന്മാര്‍ക്കാകട്ടെ, മനുഷ്യര്‍ക്കാകട്ടെ, ഭവാന്‍ ഒരുആക്ഷേപ പാത്രമായി തീരുന്നതല്ല. 34. വിദുരഹിതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഉറക്കം വരാതെ ചിന്തയില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ആള്‍ക്ക്‌ എന്താണു വേണ്ടതെന്ന്‌ ധര്‍മ്മാര്‍ത്ഥ കുശലനായ ഭവാന്‍ പറയു! യുധിഷ്ഠിരന് പത്ഥ്യമായും കൗരവന്മാര്‍ക്ക്‌ ശ്രേയസ്കരമായും ഭവിക്കുന്നത്‌ ഭവാന്‍ ബുദ്ധിപൂര്‍വ്വം ഉപദേശിച്ചാലും. വരാന്‍ പോകുന്ന ദുഃഖകരമായ സംഭവങ്ങളില്‍ ശങ്കയോടെ പൂര്‍വ്വാപരാധങ്ങളെ ഓര്‍ത്ത്‌ ഞാന്‍ വ്യാകുലനായിരിക്കുന്നു. അപ്രകാരമിരിക്കുന്ന എന്നെ സര്‍വ്വജ്ഞനായ ഭവാന്‍ ധര്‍മ്മാത്മജന്റെ മനീഷിതമെല്ലാം ശരിയായി ഗ്രഹിപ്പിച്ച്‌ എനിക്കൊരു സമാശ്വാ സം നല്‍കിയാലും. വിദുരന്‍ പറഞ്ഞു: കാര്യങ്ങളില്‍ തോൽമ പറ്റരുതെന്ന്‌ വിചാരിക്കുന്നവനോട്‌ ശുഭവും, അശുഭവും, പ്രിയവും, അപ്രിയവും ചോദിക്കാതെ തന്നെ പറയാമെന്നാണ്‌ പ്രമാണം. അതുകൊണ്ട്‌ കൗരവര്‍ക്ക്‌ ഹിതമായതു ഞാന്‍ പറയാം. ശ്രേയസ്‌കരവും ധാര്‍മ്മികവുമായ വാക്കുകള്‍ ഭവാന്‍ കേട്ടാലും. അനീതിയായ മാര്‍ഗ്ഗങ്ങളില്‍ നടത്തിയ കപട കര്‍മ്മങ്ങളില്‍ നിന്ന്‌ സിദ്ധിയുണ്ടായാല്‍ തന്നെ അതില്‍ മനസ്സു ചെലുത്തരുത്‌. യോഗഹിതവും ഉപായ യുക്തവുമായ കര്‍മ്മത്തിന്‌ സിദ്ധി ഉണ്ടായില്ലെന്നു വന്നാലും അതില്‍ മനസ്സു വാടരുത്‌. ചതിയായി ചെയ്യുന്ന കര്‍മ്മം കാര്യസാദ്ധൃത്തിനായി ഭവിക്കുകയില്ല. കര്‍മ്മങ്ങളില്‍ വേഗം പാടില്ല. കര്‍മ്മങ്ങള്‍ മനസ്സു വെച്ച്‌ ചെയ്യണം. പെട്ടെന്നു കാര്യം നടത്തരുത്‌. പ്രയോജനം എന്തെന്നു നിശ്ചയിച്ച്‌ ഫലവത്തായ കര്‍മ്മങ്ങളില്‍ പുരുഷന്‍ ഏര്‍പ്പെടണം. കര്‍മ്മങ്ങളുടെ പ്രയോജനത്തേയും പരിപാകത്തേയും നോക്കാതെ ഉദ്യമങ്ങളില്‍ ഇറങ്ങരുത്‌. കോശത്തിലും, രാജൃത്തിലും, ജനപദത്തിലും, ദുര്‍ഗ്ഗത്തിലും, സൈന്യത്തിലും നിലകിട്ടണം എങ്കില്‍അവയുടെ വൃദ്ധിക്ഷയങ്ങളെ പറ്റി നല്ലവണ്ണം മനസ്സിലാക്കണം. മനസ്സിലാക്കാതെ ഏര്‍പ്പെടുന്നവന് നിലകിട്ടുകയില്ല. അങ്ങനെ കണ്ടറിഞ്ഞ ധര്‍മ്മജ്ഞനല്ലാതെ രാജ്യം നേടി ഏറെ നാള്‍ വാഴുകയില്ല. ഈ പറയപ്പെട്ട കാര്യങ്ങള്‍ നല്ല പോലെ മനസ്സിലാക്കിയവന്‍ തീര്‍ച്ചയായും രാജ്യം നേടും. ഏറെ നാള്‍ ഭരിക്കുകയും ചെയ്യും. രാജ്യം കയ്യിലായി എന്നു വിചാരിച്ച്‌ ഉചിതമല്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ അവിനയം ശ്രീയെ എന്ന പോലെ, സുന്ദരമായ രൂപത്തെ ജരയെന്ന പോലെ അതു നശിപ്പിക്കും. ചുണ്ടലില്‍ ഇര കണ്ട മത്സൃത്തെ പോലെ ലോഭമുള്ളവന്‍ കാര്യത്തിന്റെ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കാതെ ഗ്രസിക്കുവാന്‍ കൊതിക്കുന്നു. ആപത്തില്‍ പെടുകയും ചെയ്യുന്നു. വിഴുങ്ങിയാല്‍ ദഹിക്കുന്നതേ വിഴുങ്ങാവു! നന്മയെ പ്രതീക്ഷിക്കുന്ന ഏതൊരുത്തനും ഹിതമായി പരിണമിക്കുന്ന വസ്തു മാത്രമേ ഗ്രഹിക്കാവൂ. വൃക്ഷത്തിന്റെ പഴുക്കാത്ത ഫലം പറിച്ചെടുത്താല്‍ അതിന് ആസ്വാദന യോഗ്യമായ രസം ഉണ്ടാവുകയില്ല. അതിന്റെ വിത്ത്‌ മുളയ്ക്കുകയുമില്ല. യഥാകാലം പാകം വന്നു പഴുത്ത ഫലമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ അത്‌ ആസ്വദിക്കുവാന്‍ കൊള്ളാം. അവന് സുഖമായി അനുഭവിക്കാം. അതിന്റെ ബീജം മുളയ്ക്കുകയും അത്‌ വീണ്ടും വൃക്ഷമായി ഫലത്തെ നല്കുകയും ചെയ്യും. പൂക്കള്‍ക്കു കേടു സംഭവിക്കാതെ തേനീച്ച തേന്‍ സമ്പാദിക്കുന്ന മാതിരി മര്‍ത്ത്യരില്‍ നിന്ന്‌ രാജാവ്‌ അര്‍ത്ഥം നേടണം. അവരെ വേദനിപ്പിക്കാതെ നേടണം. പൂക്കള്‍ തോറും തിരയണം; അവയെ മൂലച്ഛേദം വരുത്തരുത്‌. പൂന്തോട്ടത്തില്‍ പുഷ്പങ്ങള്‍ തേടുന്ന മാലാകാരനെ പോലെയല്ലാതെ മൂലച്ഛേദം ചെയ്യുന്ന വിറകു വെട്ടുകാരനെ പോലെയാകരുത്‌. ഏതൊരു കര്‍മ്മത്തിന് ആരംഭിക്കുമ്പോഴും ഇങ്ങനെ ചെയ്യുന്നതു കൊണ്ട്‌ തനിക്കെന്തു സംഭവിക്കുമെന്നും ഇങ്ങനെ ചെയ്യാതിരുന്നാല്‍ എന്തു സംഭവിക്കുമെന്നും നല്ല പോലെ ചിന്തിച്ചതിന് ശേഷം വേണം അതില്‍ ഏര്‍പ്പെടുകയോ ഏര്‍പ്പെടാതിരിക്കുകയോ ചെയ്യുവാന്‍. പൗരുഷത്താല്‍ ആകാത്തതും അരുതാത്തതുമായ കര്‍മ്മങ്ങളില്‍ ചെന്നു ചാടുന്നത്‌ നിഷ് ഫലക്രിയനായി ഭവിക്കുവാന്‍ മാത്രമാണ്‌. പ്രസാദം കൊണ്ടും, ക്രോധം കൊണ്ടും യാതൊരു ഫലവുമില്ലാത്ത രാജാവിനെ ഭര്‍ത്താവായി ലോകര്‍, ഷണ്ഡനെ സ്ത്രീകള്‍ എന്ന പോലെ, ഇച്ഛിക്കുകയില്ല. അൽപോപായങ്ങളാല്‍ മഹാഫലങ്ങളോടു കൂടിയ അര്‍ത്ഥം നേടാമെന്നു കാണുമ്പോള്‍ മടിക്കാതെ ആ കാര്യത്തില്‍ പ്രവേശിക്കണം. കണ്ണു കൊണ്ട്‌ നുകരുന്ന പോലെ. കാര്യങ്ങള്‍ നേരെ കാണുന്നവന്‍ ഒന്നും ചെയ്യാതെ അടങ്ങിയിരുന്നാല്‍ തന്നെ ജനങ്ങള്‍ എല്ലാം അവനില്‍ ഇണങ്ങി നിൽക്കും. ചില വൃക്ഷങ്ങള്‍ നിറയെ പൂക്കും; എന്നാൽ അവ കായ്ക്കാറില്ല, കായ്‌കള്‍ നിറഞ്ഞ ചില വൃക്ഷങ്ങള്‍ ആര്‍ക്കും കയറുവാന്‍ പറ്റാത്തതായി നിൽക്കുന്നു. മറ്റു ചില വൃക്ഷങ്ങളിലെ കായ്കള്‍ പഴുക്കുകയില്ല. പക്വമായ പോലെ തോന്നിപ്പിച്ച്‌ ഒരിക്കലും കൊഴിഞ്ഞു വീഴാതെ അപക്വങ്ങളായി നിൽക്കുന്നു. ഗുണങ്ങളെല്ലാം തികഞ്ഞതിലേ ജനങ്ങള്‍ക്കു പ്രിയമുണ്ടാകൂ. കണ്ണ്‌, കരള്, വാക്ക്‌, കര്‍മ്മം എന്നീ നാലിനാലും ലോകത്തെ പ്രസാദിപ്പിക്കുന്നവനില്‍ ലോകവും പ്രസാദിക്കും. മാനുകളെ വേടനെന്ന പോലെ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ട് ഇരിക്കുന്നവന്‍ കടലോളം വിസ്തൃതമായ ഭൂമി മുഴുവന്‍ നേടിയാലും താഴെ വീഴുകയേയുള്ളൂ. പിതൃപൈതാമഹമായ രാജ്യത്തെ നേടിയിട്ട്‌ അപനയത്തില്‍ നിൽക്കുകയാണെങ്കില്‍ കാറ്റിനാല്‍ കാറെന്ന പോലെ അവന്‍ ഭ്രംശിച്ച്‌ അധഃപതിക്കും. പണ്ടുപണ്ടേ തുടങ്ങി സജ്ജനം നടന്നു വന്ന പോലെ രാജാവ്‌ ധര്‍മ്മം ആചരിക്കുക യാണെങ്കില്‍ വസുസമ്പൂര്‍ണ്ണമായ ഭൂമി ഐശ്വര്യ വര്‍ദ്ധിനിയായി വര്‍ദ്ധിച്ചു വരുന്നതു കാണാം. എന്നാൽ രാജാവു ധര്‍മ്മത്തെ ഉപേക്ഷിച്ച്‌ അധര്‍മ്മത്തിന് തുനിയുക യാണെങ്കില്‍ തീയിലിട്ട തോലു പോലെ ഭൂമി ചുക്കിച്ചുളിഞ്ഞു പോകും. രാജാവ്‌ ശത്രുരാജ്യ മര്‍ദ്ദനത്തിനായി എത്രത്തോളം യത്നിക്കുന്നുവോ അത്രത്തോളം തന്നെ സ്വരാജ്യ പരിപാലനത്തിലും പ്രയത്നം ചെയ്യണം. ധര്‍മ്മാനുസരണം രാജ്യം നേടുകയും ധര്‍മ്മാനുസരണം രക്ഷിക്കുകയും വേണം. ധര്‍മ്മത്താല്‍ ലഭിക്കുന്ന ശ്രീ ഒരിക്കലും നശിക്കുകയോ ക്ഷയിക്കുകയോ ഇല്ല. ഉന്മത്തന്മാരുടെ പ്രലാപത്തില്‍ നിന്നും ബാലന്മാരുടെ ആലാപത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കാം. അവ അകാര്യമായി കരുതരുത്‌. കല്ലില്‍ നിന്ന്‌ സ്വര്‍ണ്ണം എടുക്കുന്നതു പോലെ അവയിലും കാര്യങ്ങള്‍ അടങ്ങിയിരിക്കാം. പണ്ഡിതന്മാരുടെ വാക്കുകള്‍, പിതൃമാതൃ ഗുരു വാക്യങ്ങള്‍, അവരാല്‍ ഉപദേശിക്കപ്പെടുന്ന കാര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള കാര്യം, ശിലാഹരന്‍ (കല്ലരിച്ചെടുക്കുന്നവ൯) കല്ല് എടുക്കുന്നതു പോലെ അരിച്ചെടുക്കണം. ഗന്ധം കൊണ്ട്‌ പശുക്കള്‍ കാണുന്നു; വേദം കൊണ്ട്‌ വിപ്രന്മാര്‍ കാണുന്നു. ചാരന്മാരെ കൊണ്ട്‌ രാജാക്കന്മാര്‍ കാണുന്നു. സാധാരണ ജനങ്ങള്‍ കണ്ണു കൊണ്ടു കാണുന്നു. കറക്കുവാന്‍ സമ്മതിക്കാത്ത പശുവിനെ കറക്കുവാന്‍ വളരെ ക്ലേശപ്പെടേണ്ടി വരുന്നു. സുഖമായി കറക്കുവാന്‍ സമ്മതിക്കുന്ന പശുവിനെ ആരും ക്ലേശിപ്പിക്കുകയില്ല. തപിക്കാതെ വണങ്ങുന്ന ഒന്നിനെ ആരും തപിപ്പിക്കുകയില്ല. താനേ വളഞ്ഞ വടിയെ പിന്നെ ആരും വാട്ടി വളയ്ക്കേണ്ടതായി വരുന്നില്ലല്ലോ. ഈ ദൃഷ്ടാന്തം കൊണ്ട്‌ ധീരന്‍ ബലവാനെ വണങ്ങണം. ഇന്ദ്രനെ നമസ്കരിക്കുന്നതു പോലെയാണ്‌ ബലവാനെ വണങ്ങുന്നത്‌. മേഘത്തിന്‌ അധീനകളാണു പശുക്കള്‍! രാജാവിന് ബന്ധു മന്ത്രിയാണ്‌, സ്ത്രീക്ക്‌ ഭര്‍ത്താവും, ബ്രാഹ്മണന് വേദവും ബന്ധുവായി നിൽക്കുന്നു. ധര്‍മ്മം സതൃത്താല്‍ രക്ഷിക്കപ്പെടുന്നു. വിദ്യ അഭ്യാസത്താല്‍ കാത്തു രക്ഷിക്കപ്പെടുന്നു. നിതൃവും തുടയ്ക്കുന്നതു മൂലം അഴകും രക്ഷിക്കപ്പെടുന്നു. കുലം വൃത്തഗുണത്താല്‍ രക്ഷിക്കപ്പെടുന്നു. ധാനൃത്തിന് അളവും, അശ്വത്തിന് വ്യായാമവും പശുവിന് ശുശ്രൂഷയും, സ്ത്രീക്ക്‌ കുചേലതയുമാണു രക്ഷ. വൃത്തഹീനന്‍ കുലീനനായതു കൊണ്ട്‌ ശ്രേഷ്ഠനാകുന്നില്ല. അന്ത്യജനായാലും സദ് വൃത്തനായാല്‍ ശ്രേഷ്ഠനാണ്‌. അന്യനുള്ള വിത്തം, രൂപം, വീര്യം, കുലം, സുഖം, സൗഭാഗ്യം, സല്‍ക്കാരം മുതലായവ കണ്ട്‌ ഈര്‍ഷ്യ ഉണ്ടായാല്‍ അത്‌ അവന് സുഖസൗഭാഗ്യ മാനങ്ങളെ ഹനിക്കുന്ന വ്യാധിയാകുന്ന അന്തകനായി ഭവിക്കും. അകാര്യങ്ങള്‍ ചെയ്യുന്നതിലും, വേണ്ട കാര്യം ചെയ്യാതിരിക്കുന്നതിലും, അകാലത്തിലെ മന്ത്രഭേദത്തിലും ഭീതനായവന്‍ മാദനത്തെ (മദ്യസേവയെ) വര്‍ജ്ജിക്കണം. വിദ്യാമദം, ധനമദം, കുലമദം ഇവ മൂന്നും ഗര്‍വ്വിഷ്ഠന്മാരുടെ "മദ"മാണ്‌. ഇവ സത്തുക്കളില്‍ "ദമ"മാണ്‌. ദുര്‍ജ്ജനങ്ങളോട്‌ എപ്പോഴെങ്കിലും വല്ല കാര്യവും സജ്ജനങ്ങള്‍ അര്‍ത്ഥിച്ചു ചെന്നാല്‍ ആ കാര്യം ഒരിക്കലും വേണ്ടതു പോലെ ചെയ്തു കൊടുക്കുകയില്ല. എന്നു മാത്രമല്ല ദുര്‍ജ്ജനമെന്ന്‌ പ്രസിദ്ധരായ അവര്‍ തങ്ങള്‍ സജ്ജനമാണെന്നു തന്നെത്താന്‍ ഭാവിക്കുന്നതിന് സജ്ജനങ്ങളുടെ ആ അര്‍ത്ഥതയെ ഹേതുവാക്കി തീര്‍ക്കുകയും ചെയ്യും. സത്തുക്കളാണ്‌ ആത്മവാന് ആശ്രയം. സത്തുക്കള്‍ തന്നെയാണ്‌ സത്തുക്കള്‍ക്ക്‌ ഗതി. ദുര്‍ജ്ജനത്തിനും സത്തുക്കളേ ഗതിയായി ഭവിക്കുന്നുള്ളൂ. ദുഷ്ടന്‍ ഒരിക്കലും സജ്ജനത്തിന് ഗതിയായി ഭവിക്കുന്നില്ല. മോടിയില്‍ നല്ല വസ്ത്രം ധരിച്ചാല്‍ സഭയില്‍ കയറിയിരിക്കാന്‍ കഴിഞ്ഞേക്കാം. പശുവുള്ളവന് ഉപജീവനം ലഭിക്കാം. വാഹനമുള്ളവന് വഴിയെ ജയിക്കാം. ശീലവാനായ പുരുഷന് എവിടേയും വിജയമാണ്‌! പുരുഷന് ശീലമാണ്‌ പ്രധാനം. ശീലം നശിച്ചാല്‍ അവന് ധനം കൊണ്ടോ, ബന്ധുക്കളെ കൊണ്ടോ, ജീവനെ കൊണ്ടോ, യാതൊരു പ്രയോജനവുമില്ല. അവന്റെ ജീവന്‍ പാഴിലാണ്‌. ആഢ്യന്മാര്‍ക്കു മാംസവും, മദ്ധ്യമന്മാക്ക് ഗോരസവും, ദരിദ്രന്മാര്‍ക്ക്‌ തൈലവുമാണ്‌ ഉത്തമമായ ഭോജനം. ദരിദ്രന്മാര്‍ എപ്പോഴും വിശിഷ്ടവും ആസ്വാദ്യവുമായ ആഹാരമേ ഭുജിക്കുന്നുള്ളൂ. വിശപ്പാണല്ലോ ഭക്ഷണത്തിന് സ്വാദുണ്ടാക്കുന്നത്‌. അത്‌ ആഢ്യന്മാര്‍ക്ക്‌ അതിദുര്‍ല്ലഭമാണ്‌. ലോകത്തില്‍ പ്രായേണ ധനവാന്മാര്‍ ഭോജന പാടവം കുറഞ്ഞവരാണ്‌. ദരിദ്രന്മാര്‍ക്കാകട്ടെ വിറകു തിന്നാല്‍ പോലും ദഹിക്കും. ഉപജീവനത്തിന് മാര്‍ഗ്ഗം കാണാത്തതിലാണ്‌ നീചന്മാര്‍ക്കു ഭയം. മദ്ധ്യമന്മാര്‍ മരണത്തെ ഭയപ്പെടുന്നു. എന്നാൽ ഉത്തമന്മാരുടെ ഭയം ഭക്ഷണമില്ലായ്മയിലോ, മരണത്തിലോ അല്ല. അവര്‍ അവമാനത്തെയാണു ഭയപ്പെടുന്നത്‌. മദ്യപാനാദികളായ എല്ലാ മദത്തേക്കാളും മേലെയുള്ള മദം ഐശ്വര്യമദമാണ്‌. ഐശ്വര്യ ദുര്‍മ്മദോന്മത്തന്‍ വീഴ്ച പറ്റിയല്ലാതെ ഉണരുകയില്ല. വിഷയങ്ങളില്‍ നിൽക്കാത്തതായ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌, നിയന്ത്രിക്കാന്‍ കഴിയാത്ത ഇന്ദ്രിയങ്ങള്‍ കൊണ്ട്‌, ഗ്രഹങ്ങളുടെ ആക്രമണത്താല്‍ നക്ഷത്രങ്ങളെന്ന പോലെ ലോകത്തെ തപിക്കുന്നതാണ്‌. സഹജമായി ജീവിതത്തെ വലയ്ക്കുന്ന പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ അധീനനായാല്‍ അവനില്‍ ശുക്ലപക്ഷത്തിലെ ചന്ദ്രനെ തമസ്സെന്ന പോലെ ആപത്തു വന്ന് കയറിക്കൂടും. സ്വന്തം മനസ്സിനെ കീഴടക്കാതെ അമാത്യന്മാരെ കീഴടക്കുവാന്‍ നോക്കിയിട്ട്‌ ഫലമുണ്ടാകയില്ല. അമാത്യന്മാരെ കീഴടക്കാതെ ശത്രുക്കളോടും യുദ്ധത്തിന് പോയാല്‍ എങ്ങനെ അവന്‍ തോറ്റ്‌ നശിച്ചു പോകാതിരിക്കും? സ്വന്തം മനസ്സിനെ തന്നെ ഒന്നാമത്തെ ശത്രുവായി കരുതണം. പിന്നെ അമാത്യന്മാരേയും ശത്രുവിനേയും കരുതുക. അങ്ങനെ കരുതി പ്രവര്‍ത്തിക്കുന്നവന് ഒരിക്കലും വിജയം സിദ്ധിക്കാതിരിക്കയില്ല. ഇന്ദ്രിയങ്ങളെ ജയിക്കുകയും, ആത്മാവിനെ കീഴടക്കുകയും ചെയ്തതിന് ശേഷം അപരാധികളെ ശിക്ഷിക്കുന്നതില്‍ ജാഗ്രതയുള്ളവനായി സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന ധീരന്‍ ഐശ്വര്യത്തിന് ആസ്പദനായി ഭവിക്കും. പുരുഷന് അവന്റെ ശരീരം രഥമാകുന്നു. മനസ്സ്‌ സൂതനാകുന്നു. ഇന്ദ്രിയങ്ങള്‍ കുതിരകളാകുന്നു. ഇണങ്ങിയ കുതിരകളെ പൂട്ടിയ രഥം പോലെ ഇന്ദ്രിയങ്ങളെ കീഴടക്കിയവന്‍ സുഖമായി ജീവിതയാത്ര ചെയ്യും. ഇണങ്ങാത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്ന വിഡ്ഢിയായ സാരഥി മരണത്തിന് പാത്രമായേക്കാമെന്ന പോലെ ഇന്ദ്രിയങ്ങളെ അടക്കാത്തവന്‍ അപകടത്തില്‍ ചാടുന്നതാണ്‌. അജിതേന്ദ്രിയനായ മൂഢന്‍ അനർത്ഥത്തെ അര്‍ത്ഥമായി കാണുന്നു. അര്‍ത്ഥത്തെ അനര്‍ത്ഥമായും കാണുന്നു. അവന്‍ ദുഃഖത്തെ സാഖ്യമായും കാണുന്നു. ഇന്ദ്രിയങ്ങള്‍ക്ക്‌ അധീനനായി ധര്‍മ്മാര്‍ത്ഥങ്ങളെ പരിത്യജിക്കുന്നവന്‍ ശ്രീയേയും, ധനത്തേയും, പ്രാണനേയും, ദാരങ്ങളേയും ഉടനെ നശിപ്പിക്കും. അര്‍ത്ഥങ്ങളുടെ ഈശ്വരനായവന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ അനീശ്വരനാകുന്നു. അങ്ങനെ ഇന്ദ്രിയ ഐശ്വരൃമില്ലാത്തവന്‍ ഐശ്വര്യ ഭ്രഷ്ടനായി തീരുന്നു. ചിത്തം, ബുദ്ധി, ഇന്ദ്രിയങ്ങള്‍ ഇവയാല്‍ ആത്മാവിനെ ആത്മാവില്‍ നിര്‍ത്തണം. തനിക്കു ബന്ധു താന്‍ തന്നെയാണ്‌. തന്നെത്താന്‍ കീഴടക്കാത്തവന് താന്‍ തന്നെ ശത്രുവായി ഭവിക്കും. ആത്മാവിനാല്‍ ആത്മാവിനെ ജയിക്കുന്നവന് ആത്മാവ്‌ ബന്ധുവാകും. അടങ്ങിയാല്‍ അവന്‍ ബന്ധുവാകും; അടങ്ങാഞ്ഞാല്‍ അവന്‍ ശത്രുവാകും. ചെറിയ കണ്ണിയുള്ള വലയില്‍ പെട്ട വലിയ മത്സ്യം എങ്ങനെ വലയെ പൊളിക്കുന്നുവോ അതു പോലെ കാമക്രോധങ്ങള്‍ പ്രജ്ഞാനത്തെ അറുത്ത്‌ ശിഥിലമാക്കും. ധര്‍മ്മാര്‍ത്ഥങ്ങളെ നോക്കിയറിഞ്ഞ്‌ ഒരുക്കം കൂട്ടുന്നവന്‍, സംയമം ചെയ്യുന്നവന്‍, സുഖിക്കുന്നു. മനോമയമായി ഉള്ളിലുള്ള അഞ്ചു വൈരിയേയും ജയിക്കാത്തവന്‍ മറ്റു ശത്രുക്കളെ ജയിക്കുവാന്‍ മുതിര്‍ന്നാല്‍ ശത്രുവായിരിക്കും ജയിക്കുന്നവന്‍. യോഗ്യന്മാരായ രാജാക്കന്മാര്‍ പോലും ഇന്ദ്രിയങ്ങള്‍ക്ക്‌ ദാസന്മാരായി ഐശ്വര്യ വിലാസങ്ങള്‍ കൊണ്ടും സ്വകര്‍മ്മങ്ങള്‍ കൊണ്ടും ബദ്ധരായി രാജ്യഭ്രാന്തന്മാരായി കാണുന്നത്‌ കഷ്ടം തന്നെ! ദുഷ്ടന്മാരെ ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെയിടയില്‍ നില്‍ക്കുന്ന ശിഷ്ടന്മാര്‍ക്കും തുല്യമായ ദുഃഖം വന്നു കൂടും. ഉണക്കക്കൊള്ളിയുടെ ഇടയില്‍ കിടക്കുന്ന പച്ചവിറകും കത്തിപ്പോകുന്നു. അതു കൊണ്ട്‌ പാപാത്മാക്കളോട്‌ ഒരിക്കലും ചേര്‍ന്നു നിൽക്കരുത്‌. അഞ്ചു കാര്യത്തിനായി നിൽക്കുന്ന ആത്മശത്രുക്കളായ അഞ്ചു പേരേയും തെറ്റിദ്ധാരണ മൂലം വിജയിക്കുവാന്‍ ശ്രമിക്കാത്തവനെ ആപത്തു വന്ന് വിഴുങ്ങിക്കളയും. അനസൂയ, ആര്‍ജ്ജവം, ശൗചം, സംതൃപ്തി, പ്രിയഭാഷണം, ദമം, സത്യം, അചാപല്യം ഇവ എട്ടും ദുഷ്ടന്മാര്‍ക്കു കിട്ടാത്ത ഗുണങ്ങളാണ്‌. ഹേ ഭാരതാ, ആത്മജ്ഞാനം, അചാപല്യം, ധര്‍മ്മനിഷ്ഠ, തിതിക്ഷ, ദാനം, സൂക്ഷിച്ചുള്ള സംസാരം ഇവയൊന്നും നീചന്മാര്‍ക്ക്‌ ലഭിക്കുകയില്ല. രൂക്ഷമായ വാക്ക്‌, നിന്ദ ഇവ കൊണ്ട്‌ ബുധന്മാരെ ജളന്മാര്‍ ഹിംസിക്കും. അവ പറയുന്നവന്‍ അതിന്റെ പാപം ഏൽക്കുകയും ആ വാക്കു കേട്ടു സഹിക്കുന്നവന്‍ പാപമുക്തനാവുകയും ചെയ്യും. ദുഷ്ടന്മാര്‍ക്കു ബലം ഹിംസയാണ്‌; രാജാക്കന്മാര്‍ക്കു ബലം ദണ്ഡനമാണ്‌; സ്ത്രീകള്‍ക്കു ബലം ശുശ്രൂഷയാണ്‌; മുനിമാര്‍ക്കു ബലം ക്ഷമയാണ്‌. വാക്ക്‌ അടക്കുക എന്നത്‌ അസാദ്ധ്യമാണ്‌. രാജാവേ, സാരഗര്‍ഭമായും, ഭംഗിയായും സംസാരിക്കുവാനും വിഷമമാണ്‌. വാക്ക്‌ നന്നായി പറയുകയാണെങ്കില്‍ പല നന്മകളേയും ഉണ്ടാക്കുന്നു. ചീത്തയായി പറയുകയാണെങ്കില്‍ ആ വാക്ക്‌ പല അനര്‍ത്ഥങ്ങളും വരുത്തി കൂട്ടും. അമ്പു കൊണ്ട്‌ ഉണ്ടാകുന്ന വ്രണം ഉണങ്ങും. മഴു കൊണ്ടു വെട്ടി വീഴ്ത്തിയ കാട്‌ വീണ്ടും മുളച്ചു തഴയ്ക്കും. എന്നാൽ കേള്‍ക്ക വയ്യാത്ത വാക്ക്‌ പറഞ്ഞിട്ടുണ്ടാകുന്ന വാക് വ്രണം ഒരിക്കലും പൊറുക്കുകയില്ല. കര്‍ണ്ണിനാളീക നാരാചങ്ങള്‍ ദേഹത്തിലേറ്റാല്‍ പറിച്ചു നീക്കാം. എന്നാൽ കരളില്‍ ഏറ്റ വാക് ശരത്തെ പറിച്ചു നീക്കുവാന്‍ കഴിയുകയില്ല. വായില്‍ നിന്നു പറപ്പെടുന്ന വാക്കാകുന്ന ബാണം ഏറ്റവന്‍ രാവും പകലും വേദനിച്ച്‌ ദുഃഖിതനാകുന്നു. അത്‌ അന്യന്റെ മര്‍മ്മത്തിലല്ലാതെ ചെന്നു കൊള്ളുകയുമില്ല. അങ്ങനെയുള്ള വാക് ശരം അന്യനെ നോക്കി പണ്ഡിതന്മാര്‍ തൊടുത്തു വിടരുത്‌. ദേവന്മാര്‍ ഏതൊരുത്തനില്‍ പരാജയത്തെ ദര്‍ശിക്കുന്നുവോ അവന്റെ ബുദ്ധിക്ക്‌ അപകര്‍ഷം ബാധിച്ച്‌ അവന്‍ നീചകര്‍മ്മങ്ങളെ മാത്രം കാണുന്നു. ബുദ്ധിക്ക്‌ കലുഷത പറ്റി നാശകാലം അടുത്താല്‍ അനീതി നീതിയായി അവന്‍ എപ്പോഴുംഉള്ളില്‍ കരുതുന്നതായിരിക്കും. ഹേ രാജാവേ, ഭവാന്റെ പുത്രന്മാര്‍ക്കു ബുദ്ധി പിഴച്ചിരിക്കുന്നു. പാണ്ഡവന്മാരിലുള്ള വൈരം നിമിത്തം ഭവാന്‍ അവരെ നോക്കുന്നുമില്ല. ലക്ഷണ യുക്തനായ രാജാവ്‌ മൂന്നു ലോകത്തിനും അധിപനാകും. ഹേ ധൃതരാഷ്ട്രാ, നിന്റെ ശിഷ്യനാണ്‌, നീ പാലിക്കേണ്ടവനാണ്‌ യുധിഷ്ഠിരന്‍. നിന്റെ എല്ലാ പുത്രന്മാരിലും വെച്ച്‌ സല്‍ഗുണം കൊണ്ട്‌ ഭാഗ്യത്താല്‍ മുന്തി നിൽക്കുന്നവനാണ്‌. തേജസ്സും പ്രജ്ഞയും ചേര്‍ന്നവനാണ്‌, ധര്‍മ്മാര്‍ത്ഥങ്ങളുടെ കാതല്‍ കണ്ടവനാണ്‌. കൃപയാലും ആനൃശംസ്യത്താലും അവന്‍ ധര്‍മ്മിഷ്ഠന്മാരില്‍ വെച്ച്‌ ശ്രേഷ്ഠനാണ്‌. ഹേ പ്രഭോ, ഭവാന്‍ ഗുരുവാണല്ലോ എന്നു ചിന്തിച്ച്‌, ആ സല്‍ഗുണസമ്പന്നന്‍ എല്ലാ ക്ലേശങ്ങളേയും സഹിച്ചു വരികയാണ്‌. 35. വിദുരഹിതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, ബുദ്ധിമാനായ വിദുരാ! ധര്‍മ്മാര്‍ത്ഥപൂര്‍ണ്ണമായ വാക്കുകള്‍ ഭവാന്‍ വീണ്ടും പറഞ്ഞാലും. ഭവാന്‍ വിചിത്രമായി മനോഹരമായി, പറയുന്ന വാക്കുകള്‍ കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കണം എന്ന്‌ എനിക്ക് ആഗ്രഹമുണ്ടാകുന്നു; തൃപ്തി വരുന്നില്ല. വിദുരന്‍ തുടര്‍ന്നു; എല്ലാ തീര്‍ത്ഥത്തിലും സ്നാനം ചെയ്യുന്നത്‌ പുണ്യമാണ്‌. എല്ലാ ജീവികളിലും ആര്‍ജ്ജവമുണ്ടായാല്‍ അതും പുണ്യമാണ്‌. ഇവ രണ്ടും തുല്യമാണെന്ന് ഉണ്ടെങ്കിലും കനം കൂടി യ പുണ്യം ആര്‍ജ്ജവമാണ്‌. ആര്‍ജ്ജവം ഇല്ലാത്തവന് തീര്‍ത്ഥസ്നാനം കൊണ്ട്‌ പ്രയോജനമൊന്നും ലഭിക്കുകയില്ല. ഭവാന് പുത്രന്മാരില്‍ ആര്‍ജ്ജവമുണ്ടാകട്ടെ. അങ്ങനെ അവരില്‍ ആര്‍ജ്ജവം കാണിച്ചാല്‍ ഭവാന്‍ സല്‍ കീര്‍ത്തിമാനായി ഭവിക്കും. സല്‍കീര്‍ത്തി സമ്പാദിച്ചു മരിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും. പുണ്യമായ കീര്‍ത്തി ലോകത്തില്‍ നിൽക്കുന്നിടത്തോളം കാലം ഭവാനു സ്വര്‍ഗ്ഗലോകത്ത്‌ പൂജ്യമായ സ്ഥാനം ഉണ്ടായിരിക്കും. പുത്രസ്നേഹം മൂലം ആര്‍ജ്ജവം വിടരുത് എന്നുള്ളതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു വരാറുള്ള ഒരു കഥ ഞാന്‍ പറയാം. കേശിനിക്കു വേണ്ടി സുധന്വാവും വിരോചനനും തമ്മില്‍ നടന്ന ഒരു വിവാദമാണ്‌ കഥാവിഷയം. കേശിനി എന്ന അതി ലാവണ്യവതിയായ ഒരു കന്യക സ്വയം വരത്തിനായി വിശിഷ്ടനായ ഒരു പതിയെ കിട്ടണം എന്ന്‌ ആഗ്രഹിച്ചു നാള്‍ കഴിച്ചു. സുധന്വാവ്‌ എന്നു പോരായ ഒരു ബ്രാഹ്മണ യുവാവിനെയാണ്‌ അവള്‍ കാമിച്ചത്‌. എന്നാൽ പ്രഹ്ളാദന്റെ പുത്രനായ വിരോചനന്‍ എന്ന ദൈത്യന്‍ അവളെ കാംക്ഷിച്ച്‌ അവിടെ ചെന്നു. അപ്പോള്‍ ആ ദൈത്യനോടു കേശിനി പറഞ്ഞു. കേശിനി പറഞ്ഞു: ഹേ വിരോചനാ, ബ്രാഹ്മണരോ ദൈത്യന്മാരോ ആരാണ്‌ മുന്തി നിൽക്കുന്നവര്‍? സുധന്വാവ്‌ എന്നോടൊപ്പം മെത്ത കയറുമ്പോള്‍ യോഗൃത കൊണ്ട്‌ ഭവാന് അത്‌ തടയുവാന്‍ അര്‍ഹതയുണ്ടോ? വിരോചനന്‍ പറഞ്ഞു: ഞങ്ങള്‍ പ്രജാപതിയില്‍ നിന്നു ജനിച്ച ശ്രേഷ്ഠന്മാരാണ്‌. ഈ ലോകമെല്ലാം ഞങ്ങളുടേതാണ്‌. സത്തമന്മാരായ ഞങ്ങളുടെ മുമ്പില്‍ ഈ വാനരന്മാരെവിടെ? ബ്രാഹ്മണരെവിടെ? കേശിനി പറഞ്ഞു; എന്നാൽ സുധന്വാവ്‌ വരുന്നത്‌ നമുക്കു കാത്തിരിക്കാം. ആ ബ്രാഹ്മണന്‍ നാളെ ഇവിടെ എത്തും. നിങ്ങളെ രണ്ടു പേരേയും ഒന്നിച്ച്‌ ഞാന്‍ കാണട്ടെ! വിരോചനന്‍ പറഞ്ഞു: ഹേ ഭദ്രേ, ഭീരു, എന്നാൽ അങ്ങനെ തന്നെയാവട്ടെ. നീ പറഞ്ഞ വിധത്തില്‍ ഞാന്‍ ചെയ്യാം. സുധന്വാവിനോടു കൂടി എന്നെ നാളെ പ്രഭാതത്തില്‍ ഭവതിക്കു കാണാം. വിദുരന്‍ പറഞ്ഞു; രാത്രി കഴിഞ്ഞു. പിറ്റേദിവസം ആദിത്യന്‍ ഉദിച്ചുയര്‍ന്നു. വിരോചനന്‍ കേശിനിയോടു കൂടി ഇരിക്കുന്ന സ്ഥലത്ത്‌ സുധന്വാവ്‌ ചെന്നെത്തി. പ്രഹ്ളാദ പുത്രനായ വിരോചനനേയും കേശിനിയേയം അവന്‍ ദര്‍ശിച്ചു. ബ്രാഹ്മണന്‍ എത്തിയ ഉടനെ കേശിനി എതിരേറ്റ്‌ ആസനം നല്കി. പാദ്യാര്‍ഘ്യങ്ങള്‍ നല്കി. സുധനന്വാവ്‌ പറഞ്ഞു; ഹേ, പ്രഹ്ളാദ പുത്രാ! നാം തമ്മിലുള്ള സൗഹൃദത്തെ, ചിന്തിച്ച്‌ ഭവാന്റെ ഈ സ്വര്‍ണ്ണപീഠം ഞാന്‍ ഒന്നു തൊടുക മാത്രം ചെയ്യാം. ഭവാനോടൊപ്പം ഒരേയൊരു ആസനത്തില്‍ എനിക്ക്‌ ഇരിക്കുവാന്‍ പാടില്ല. വിരോചനന്‍ പറഞ്ഞു: യോഗ്യനായ ഭവാന് പലകയോ പുല്‍പ്പായയോ തരാം. ഹേ, സുധന്വാവേ, ഭവാന് എന്റെ ഒപ്പം ഇരിക്കുവാന്‍ യോഗ്യതയില്ല. അച്ഛന്‍ മക്കളോടൊപ്പം ഇരിക്കും. വിപ്രന്മാരും, ഭൂസുരേന്ദ്രന്മാരും ചേര്‍ന്നിരിക്കും. എന്നാൽ വൃദ്ധന്മാരായ വൈശ്യന്മാരും ശൂദ്രന്മാരും കൂടിക്കലര്‍ന്ന്‌ ഇരിക്കാറില്ല. നിന്റെ അച്ഛന്‍ ഞാന്‍ ഇരിക്കുമ്പോള്‍ താഴെ നിന്നു ഭജിക്കും. ഞാന്‍ ബാലനായിരുന്ന കാലത്ത്‌ കണ്ടിട്ടുള്ളതാണ്‌. ഭവാനും അത്‌ അറിവുള്ളതല്ലേ? വിരോചനന്‍ പറഞ്ഞു; എന്നാൽ നാം പണയം വെച്ചു തീരുമാനിക്കാം. ദൈത്യന്മാരുടെ സ്വര്‍ണ്ണവും, പശുക്കളും, കുതിരകളും പണയം വെച്ച്‌ ആര്‍ക്കാണു ശ്രേഷ്ഠത്വമെന്നു തീരുമാനിക്കാം. വിദ്വാന്മാരോടു ചോദിക്കാം. സുധന്വാവ്‌ പറഞ്ഞു: സ്വര്‍ണ്ണം, പശു, അശ്വം ഇതൊക്കെ അവിടെ നിൽക്കട്ടെ. നാം തമ്മില്‍ പ്രാണന്‍ തന്നെ പണയം വെച്ച്‌ അറിവുള്ളവരോടു ചോദിക്കാം. വിരോചനന്‍ പറഞ്ഞു: പ്രാണന്‍ പണയമായി വെച്ച്‌ ആരുടെ അടുത്തേക്കാണ്‌ പോകേണ്ടത്‌? ദേവന്മാരുടേയോ മനുഷ്യരുടേയോ മുമ്പിലേക്കു ഞാന്‍ ഒരിക്കലും പോകുന്നതല്ല. അക്കാര്യം തീര്‍ച്ചയാണ്‌ സുധനന്വാവ്‌ പറഞ്ഞു: നാം നിന്റെ അച്ഛന്റെ അടുത്തേക്കു തന്നെ പോവുക. പ്രാണന്‍ പണയം വെച്ചിട്ടാണ്‌ വാദിക്കുന്നതെന്ന്‌ അദ്ദേഹത്തോടു പറയുകയും ചെയ്യാം. പുത്രന് വേണ്ടി ആയാലും പ്രഹ്ളാദന്‍ അസത്യം പറയുകയില്ല. വിദുരന്‍ പറഞ്ഞു: ഇപ്രകാരം പ്രാണന്‍ പണയം വെച്ച്‌ വാശിയോടു കൂടി വിരോചനനും സുധന്വാവും പ്രഹ്ളാദന്റെ സമീപത്തു ചെന്നു. പ്രഹ്ളാദന്‍ പറഞ്ഞു; ഒരുമിച്ചു സഞ്ചരിക്കാറില്ലാത്ത ഇവര്‍ തമ്മില്‍ സ്പര്‍ദ്ധിച്ച സര്‍പ്പങ്ങള്‍ പോലെ ഒരേ വഴിക്കു വരുന്നത്‌ എന്തു കാരണത്താലാണാവോ? എടോ വിരോചനാ, മുമ്പെങ്ങും ചേര്‍ന്നു നടന്നിട്ടില്ലാത്ത നിങ്ങള്‍ ഇപ്പോള്‍ സഹകാരികളായി തീര്‍ന്നത്‌ എങ്ങനെ? നീയും സുധന്വാവും തമ്മില്‍ സഖ്യമുണ്ടോ വിരോചനാ? വിരോചനന്‍ പറഞ്ഞു: എനിക്ക്‌ സുധന്വാവുമായി സഖ്യമില്ല. ഞങ്ങള്‍ ജീവന്‍ പന്തയം വെച്ച്‌ വാദിച്ചിരിക്കുകയാണ്‌. ഭവാനോടു ഞാന്‍ തത്വം ചോദിക്കുന്നു. പൊളി പറയരുത്‌. പ്രഹ്ളാദന്‍ പറഞ്ഞു; സുധനന്വാവിനായി ജലവും മധുപര്‍ക്കവും കൊണ്ടു വരട്ടെ! മധുപര്‍ക്കത്തിന് തടിച്ചു കൊഴുത്ത വെള്ളപ്പശു തയ്യാറുണ്ട്‌. ബ്രാഹ്മണേന്ദ്രാ. ഭവാന്‍ പൂജ്യനാണല്ലോ! സുധന്വാവ്‌ പറഞ്ഞു: എനിക്കു വഴിക്കു വെച്ചു തന്നെ വെള്ളവും മധുപര്‍ക്കവും കിട്ടിയിരിക്കുന്നു. ഹേ പ്രഹ്ളാദാ, ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഭവാന്‍ സത്യമായി മറുപടി പറയണം. ബ്രാഹ്മണരോ അതോ ഈ വിരോചന ദൈത്യനോ ആരാണ്‌കൂടുതല്‍ യോഗ്യരായവർ എന്നു പറഞ്ഞാലും പ്രഹ്ളാദന്‍ പറഞ്ഞു; ഒരാള്‍ എന്റെ പുത്രനാണ്‌. ഹേ, ബ്രാഹ്മണാ! ഭവാനാകട്ടെ, നേരെവന്ന് കയറിയ അതിഥിയാണ്‌. നിങ്ങള്‍ തമ്മില്‍ വാദിച്ച്‌ ചോദിച്ചാല്‍ ഞാന്‍ എന്തു പറയും? സുധന്വാവ്‌ പറഞ്ഞു: പശുക്കളേയോ ഇഷ്ടധനത്തേയോ ഭവാന്‍ പുത്രനായി നല്കിക്കൊള്ളുക. രണ്ടുപേര്‍ തമ്മില്‍ വാദിക്കുമ്പോള്‍ പുത്രനെന്നോ അതിഥിയെന്നോ നോക്കാതെ ധീമാനായ ഭവാന്‍ സത്യം പറയണം. പ്രഹ്ളാദന്‍ പറഞ്ഞു; സത്യമോ അസത്യമോ ഒന്നും പറയാതെ ഇരുന്നാല്‍ എന്താണ്‌ ഉണ്ടാവുക സുധന്വാവേ, ദുഷ്ടവാദി ചോദിക്കാം എവിടെയാണ്‌ അവന്‍ നിൽക്കുകയെന്ന്‌. സുധന്വാവ് പറഞ്ഞു ദുര്‍വ്യാഖ്യാതാവിന്, തെറ്റിപ്പറയുന്നവന്, എന്തുണ്ടാകുമെന്ന്‌ പറയാം. സപത്നി വന്നു കയ്യേറിയ സ്ത്രീക്കും, ചൂതാടി തോറ്റു പോയവനും, ഭാര്യാര്‍ത്തനും ഉണ്ടാകുന്ന ദുഃഖകരമായ രാത്രി അവനുണ്ടാകും. യുദ്ധത്തില്‍ പരാജിതനായി, വിശപ്പു സഹിക്കാതെ ഓടി പോയവന്‍ നഗരത്തിന് പുറത്ത്‌ തടഞ്ഞു നിൽക്കുമ്പോള്‍ വീണ്ടും ശത്രുക്കളെ കണ്ടു മുട്ടിയാല്‍ ഉണ്ടാകുന്ന ദുഃഖം എത്ര കനപ്പെട്ടതാണോ, അത്ര കടുത്ത ദുഃഖം കള്ളസ്സാക്ഷി പറഞ്ഞവന് ലഭിക്കും. ആടിന് വേണ്ടി നുണ പറഞ്ഞവന് അഞ്ചു പേരെ കൊന്ന പാപം ഉണ്ടാകും. പശുവിന് വേണ്ടി നുണ പറഞ്ഞവന് പത്തു പേരെ കൊന്ന പാപം ലഭിക്കും. കുതിരയ്ക്കു വേണ്ടി നുണ പറഞ്ഞവന് നൂറു പേരെ വധിച്ചവനുള്ള പാപം ബാധിക്കും. പുരുഷനു വേണ്ടി നുണ പറഞ്ഞാല്‍ ആയിരം പേരെ കൊന്ന പാപമാണു ലഭിക്കുക. സ്വര്‍ണ്ണത്തിന് നുണ പറയുന്നവന്, ജനിച്ചവരേയും ജനിക്കുവാന്‍ പോകുന്നവരേയും ഒക്കെ കൊന്ന ഫലമാണ്‌ ഉണ്ടാവുക. ഭൂമിക്കു വേണ്ടിയാണ്‌ നുണ പറയുന്നതെങ്കില്‍ അവന് സര്‍വ്വക്ഷയമാണു ഫലം. ഭുമിതുല്യയാണ്‌ എനിക്ക്‌ കേശിനി. ഭവാന്‍ ഇക്കാര്യത്തില്‍ അസത്യം പറയരുത്‌. പ്രഹ്ളാദന്‍ പറഞ്ഞു എടോ വിരോചനാ, സുധന്വാവിന്റെ പിതാവായ അംഗിരസ്സ്‌ എന്നേക്കാള്‍ ശ്രേഷ്ഠനാണ്‌. നിന്നേക്കാള്‍ ശ്രേഷ്ഠനാണ്‌ സുധന്വാവ്‌. നിന്റെ മാതാവിനേക്കാള്‍ സുധന്വാവിന്റെ മാതാവിന് ശ്രേഷ്ഠത്വം കൂടും. അതു കൊണ്ട്‌ നീ സുധന്വാവിനാല്‍ ജിതനായിരിക്കുന്നു. ഇപ്പോള്‍ നിന്റെ ജീവന്റെ ഈശ്വരന്‍ സുധന്വാവാണ്‌. ഹേ സുധന്വാവേ, ഭവാന് എന്നില്‍ കരുണ ഉണ്ടാകണം. അങ്ങ്‌ ഇപ്പോള്‍ എനിക്ക്‌ വിരോചനനെ വിട്ടു തരുമെന്ന്‌ ഞാന്‍ ആശിക്കുന്നു. സുധന്വാവ്‌ പറഞ്ഞു: ഹേ പ്രഹ്ളാദ, ഭവാന്‍ കാമത്താല്‍ അനൃതം പറഞ്ഞില്ല. സത്യത്തെ തന്നെ പറഞ്ഞതു കൊണ്ട്‌ ഞാന്‍ ഭവാനില്‍ പ്രസാദിക്കുന്നു. ദുര്‍ല്ലഭനായ. ഭവാന്റെ പുത്രനെ ഞാന്‍ വിട്ടു തരുന്നു. എന്നാൽ, ഹേ പ്രഹ്ളാദാ, ഞാന്‍ വിട്ടു തരുന്ന ഭവാന്റെ പുത്രന്‍ കേശിനിയുടെ മുമ്പില്‍ വന്ന് എന്റെ കാല്‍ കഴുകിത്തരണം. വിദുരന്‍ പറഞ്ഞു: ഹേ ധൃതരാഷ്ട്ര രാജാവേ, ഈ കഥ ഭവാന്‍ ഗ്രഹിക്കുക. ഭൂമിക്കു വേണ്ടി അനൃതം പറയുന്നത്‌ ഘോരമായ പാപമാണ്‌ എന്നു ധരിക്കുക. ആ പാപത്തിന് ഭവാന്‍ പാത്രമാകരുത്‌. പുത്രന് വേണ്ടി സത്യം പറയാഞ്ഞാല്‍ പുത്രാമാതൃന്മാരോടു കൂടി ഭവാന്‍ നശിക്കും. പശുപാലന്മാരെ പോലെ വടി കയ്യിലെടുത്ത്‌ പിന്നില്‍ നിന്ന്‌ ദേവന്മാര്‍ നമ്മെ രക്ഷിക്കാറില്ല. രക്ഷിക്കേണ്ടവന് ബുദ്ധി നല്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. എത്രത്തോളം പുരുഷന് നന്മയില്‍ മനസ്സു ചെല്ലുന്നുവോ, അത്രത്തോളം അവന് നിസ്സംശയമായും അര്‍ത്ഥസിദ്ധി ഉണ്ടാകും. മായാവിയായി അസത്യത്തില്‍ പ്രവര്‍ത്തിക്കുന്നവനെ ദുഃഖത്തില്‍ നിന്ന്‌ വേദങ്ങളൊന്നും രക്ഷിക്കുന്നില്ല. ചിറകു മുളച്ചു കഴിഞ്ഞാല്‍ പക്ഷികള്‍ കൂടിനെയെന്ന പോലെ, വിനാശകാലം അടുക്കുമ്പോള്‍ അവനെ വേദങ്ങളൊക്കെ വിട്ട്‌ അകന്നു പോകുന്നു. മദ്യപാനം, കലഹം, ബഹുജമായ വൈരം, ജായാവരന്മാരുടെ വിരഹം, ജഞാതിവൈരം, രാജദ്വേഷം, സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വാഗ്വാദം എന്നിവ പാടില്ലാത്തതാണ്‌; ആ ദുര്‍മ്മാര്‍ഗ്ഗത്തിലുള്ള സഞ്ചാരം വര്‍ജ്ജിക്കേണ്ടതാണ്‌. സാമുദ്രികാലക്ഷണം പറയുന്നവന്‍, കള്ളന്‍, വട്ടാരന്‍, ശകുന ശാസ്ത്രക്കാരന്‍, ചികിത്സകന്‍, തന്നില്‍ ദ്വേഷമുള്ളവന്‍, തന്റെ മിത്രം, നര്‍ത്തകീ ദാസന്‍ ഈ ഏഴുപേര്‍ സാക്ഷി പറയുവാന്‍ കൊള്ളുന്നവരല്ല. അവരെ അക്കാര്യത്തില്‍ നിയോഗിക്കരുത്‌. അഗ്നിഹോത്രം കഴിക്കുക, മൗനവ്രതമെടുക്കുക, തപോവൃത്തിയെടുക്കുക, യജ്ഞം ചെയ്യുക ഇവ നന്നായി ചെയ്താല്‍ മാനം വര്‍ദ്ധിപ്പിക്കും. മുറ വിട്ടിട്ട് മാനത്തിനായി അവ ചെയ്താല്‍ ഭയം വളര്‍ത്തുന്നതുമാണ്‌. വീടിന് തീവെക്കുന്നവന്‍, വിഷം കൊടുക്കുന്നവന്‍, മിത്രദ്രോഹി, പരദാരങ്ങളെ പ്രാപിക്കുന്നവന്‍, ഭ്രൂണഹന്താവ്‌, ഗുരുപത്നിയെ പ്രാപിക്കുന്നവന്‍, മദൃപിക്കുന്ന ബ്രാഹ്മണന്‍, നാസ്തികന്‍, വേദനിന്ദകന്‍, രക്ഷിക്കുവാന്‍ പറയുമ്പോള്‍ കൊല്ലുന്നവന്‍, അതിക്രൂരന്‍ ഇവര്‍ ബ്രഹ്മഘ്നന്മാര്‍ക്കു തുല്യരാണ്‌. തീയിനാല്‍ സ്വര്‍ണ്ണത്തേയും, ശീലത്താല്‍ ധര്‍മ്മവാനേയും, വ്യവഹാരത്താല്‍ സജ്ജനത്തേയും വേര്‍ തിരിച്ചറിയാം. ഭയത്തില്‍ ശൂദ്രനേയും, ബുദ്ധിമുട്ടുകളില്‍ ധീരനേയും, ദുര്‍ഭിക്ഷാദി വിപത്തില്‍ ശത്രുമിത്രങ്ങളേയും വേര്‍തിരിച്ചു കാണുവാന്‍ കഴിയും. സൗന്ദര്യത്തെ ജരയും, ധൈര്യത്തെ ആശയും, പ്രാണനെ മൃത്യുവും, ധര്‍മ്മചര്യയെ അസൂയയും, ശ്രീയെ ക്രോധവും, ഹ്രീയെ കാമവും, ശീലത്തെ അനാരൃ സേവയും ഹരിക്കുന്നു. ഗര്‍വ്വം സർവ്വത്തേയും ഹരിക്കുന്നു. ശ്രീ മംഗളത്താല്‍ ഉണ്ടാവുകയും പ്രാഗല്ഭ്യം കൊണ്ട്‌ വളരുകയും സാമര്‍ത്ഥ്യം കൊണ്ട്‌ വേരൂന്നുകയും കാലത്താല്‍ ഉറയ്ക്കുകയും ചെയ്യുന്നു. പുരുഷനെ പ്രശോഭിപ്പിക്കുന്നത്‌ എട്ടു ഗുണങ്ങളാണ്‌. പ്രജ്ഞ, കുലം, ദമം, പഠിപ്പ്‌, പരാക്രമം, മിതമായ വാക്ക്‌, കൃതജ്ഞത്വം, ശക്തി പോലെയുള്ള ദാനം എന്നിവയാണ്‌. ഈ വലിയ ഗുണങ്ങള്‍ക്ക്‌ സഹായമായി ഒരേ ഒരു ഗുണം തെളിഞ്ഞു നിൽക്കുന്നു. രാജാവ്‌ പ്രജകളെ എങ്ങനെ പൂജിക്കുന്നുവോ, അങ്ങനെ എല്ലാ ഗുണങ്ങളും പ്രകാശിക്കുന്നു. ഈ എട്ടു ഗുണങ്ങളാണ്‌ സ്വര്‍ഗ്ത്തിലേക്കുള്ള വഴികാട്ടികള്‍. ആദ്യം പറഞ്ഞ നാലെണ്ണം സത്തുക്കളോടു ചേര്‍ന്നു നിൽക്കുന്നു. പിന്നെ പറഞ്ഞ നാലെണ്ണം സത്തുക്കള്‍ സദാ ഭജിക്കുകയും ചെയ്യുന്നു. യജ്ഞം, ദാനം, അദ്ധ്യയനം, തപസ്സ്‌ ഇവ നാലും സത്തുക്കളോടു ചേര്‍ന്നു നിൽക്കുന്നു. ദമം, സത്യം, ആര്‍ജ്ജവം, ആനൃശംസ്യം ഈ നാലിനേയും സത്തുക്കള്‍ ഭജിക്കുന്നു. യജ്ഞം, അദ്ധ്യയനം, ദാനം, തപസ്സ്‌, സത്യം, ക്ഷമ, ദയ, അലോഭം ഇവയെട്ടും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗങ്ങളാണ്‌. ഇവയില്‍ ആദ്യത്തെ നാലെണ്ണം ചിലര്‍ ദംഭത്തിനായും ചെയ്യും. ഒടുക്കത്തെ നാലെണ്ണം മഹാത്മാക്കളിലേ കാണുകയുള്ളൂ. വൃദ്ധന്മാരില്ലാത്ത സഭ സഭയാവുകയില്ല; ധര്‍മ്മജ്ഞന്മാരല്ലാത്ത വൃദ്ധന്മാര്‍ വൃദ്ധന്മാരുമല്ല. സത്യം കൂടാതെയുള്ളതു ധര്‍മ്മമാവുകയില്ല; വ്യാജം ചേര്‍ന്നതൊനും സത്യമാവുകയുമില്ല. സത്യം, രൂപം, ശ്രുതം, വിദ്യ, കുലം, ശീലം, ബലം, ധനം, ശൗര്യം, വിചിത്ര വാക്ക്‌ ഇവ പത്തും സ്വര്‍ഗ്ഗയോനികൾ ആകുന്നു. പുണ്യം ചെയ്യുന്ന പുണൃകീര്‍ത്തിക്ക്‌ എന്നും പുണ്യം ലഭിക്കും. അതു കൊണ്ടു സംശിതവ്രതനായ പുരുഷന്‍ പാപം ഒരിക്കലും ചെയ്യരുത്‌. പാപം വീണ്ടും വീണ്ടും നടത്തിയാല്‍ പ്രജ്ഞാക്ഷയം വന്നു ചേരും. പ്രജ്ഞ കെട്ടു പോയാല്‍ പിന്നെ പുരുഷന്‍ പാപം ഒന്നു മാത്രമേ ചെയ്യുകയുള്ളൂ. പുണ്യം വീണ്ടും വീണ്ടും ചെയ്താല്‍ അതു പ്രജ്ഞയെ വര്‍ദ്ധിപ്പിക്കും. പ്രജ്ഞ വളര്‍ന്നാല്‍ പിന്നെ പുരുഷന്‍ പുണ്യം മാത്രമേ ചെയ്യുകയുള്ളു. അതു കൊണ്ട്‌ പുരുഷന്‍ സമാധിയോടെ പുണ്യം തന്നെ ചെയ്യണം. അസൂയക്കാരനും, വാക്കു കൊണ്ടു മര്‍മ്മം പിളര്‍ക്കുന്നവനും, ക്രൂരനും, വൈരകൃത്തായ ശഠനും, പാപം ചെയ്ത്‌ വലിയ സങ്കടത്തില്‍ ചെന്നു ചാടും. ഈര്‍ഷ്യ വിട്ടവനും, കൃതപ്രജ്ഞനും, നിത്യവും നന്മ ചെയ്യുന്നവനും, മഹാകഷ്ടത്തില്‍ ചെന്നു പതിക്കുകയില്ല. അവന്‍ എല്ലായിടത്തും വിളങ്ങും. പ്രാജ്ഞന്മാരില്‍ നിന്ന്‌ പ്രജ്ഞയെ നേടുന്നവനാണ്‌ പണ്ഡിതന്‍; പ്രാജ്ഞന്‍ ധര്‍മ്മാര്‍ത്ഥങ്ങളെ പ്രാപിച്ചു സുഖമായി വാഴുവാന്‍ ശക്തനാണ്‌. രാത്രിയില്‍ സുഖമായി കഴിയുവാന്‍ പകല്‍ പ്രയത്നിക്കണം. മഴക്കാലത്ത്‌ സുഖമായി ഇരിക്കണം എങ്കില്‍ അതിന് മുമ്പത്തെ എട്ടു മാസം കൊണ്ട്‌ ധനം സമ്പാദിക്കണം. യൗവനത്തില്‍ പ്രവര്‍ത്തിച്ചാലേ വാര്‍ദ്ധകൃത്തില്‍ സുഖിക്കുവാന്‍ കഴിയൂ. അതു പോലെ പരലോകത്തു സുഖിക്കണം എന്നാഗ്രഹിക്കുന്നവന്‍ ഇഹലോകത്ത്‌ വേണ്ട കര്‍മ്മം ചെയ്യണം. വേവിച്ച അന്നത്തിനും, യൗവനം കടന്ന ഭാര്യക്കും, യുദ്ധത്തില്‍ ജയിച്ച ശൂരനും, കര കടന്ന തപസ്വിക്കുമാണ്‌ പ്രശംസ ലഭിക്കുന്നത്‌. തന്നിലുള്ള ഛിദ്രം (ദോഷം) അധര്‍മ്മലബ്ധമായ ധനം കൊണ്ടു മൂടിവെക്കുവാന്‍ എത്ര ശ്രമിച്ചാലും അതു മൂടുകയില്ല. ഒരിടത്തു മൂടിയാല്‍ മറ്റൊരിടത്തു തുറക്കും. ആത്മവാന്മാര്‍ക്ക്‌ ശാസ്താവ്‌ ഗുരുവാണ്‌. ദുഷ്ടന്മാര്‍ക്കു ശാസ്താവ്‌ രാജാവാണ്‌. ഗൂഢപാപന്മാര്‍ക്ക്‌ ശാസ്താവ്‌ സാക്ഷാല്‍ വൈവസ്വതനായ യമന്‍ മാത്രമാകുന്നു. ഋഷികളുടേയും, നദികളുടേയും, മഹാത്മാക്കളുടെ കുലത്തിന്റേയും, സ്ത്രീകളുടെ ദുശ്ചരിതത്തിന്റേയും, ഉത്ഭവസ്ഥാനം കാണുവാന്‍ വയ്യാ. അറിയത്തക്കതല്ല. ദ്വിജപൂജാഭിരതന്‍, ദാനശീലന്‍, ജഞാതികളില്‍ ആര്‍ജ്ജവമുള്ളവന്‍, ഈ ഗുണങ്ങളോടു കൂടിയ ക്ഷത്രിയന്‍ സൗശീല്യത്തോടെ വളരെ നാള്‍ ഭൂമി രക്ഷിക്കും. ശൂരന്‍, കൃതവിദ്യന്‍, മഹാജനോപാസകന്‍ എന്നീ മൂന്നു പേര്‍ ഭൂമിയെ സുവര്‍ണ്ണ പുഷ്പങ്ങള്‍ നിറഞ്ഞതായി ദര്‍ശിക്കുന്നു. ബുദ്ധിപ്രധാനമായ കര്‍മ്മങ്ങളാണ്‌ ശ്രേഷ്ഠങ്ങള്‍, ബാഹുസാദ്ധ്യമായ കര്‍മ്മങ്ങള്‍ മദ്ധ്യമങ്ങളാണ്‌, ചതിയും നുണയും കൊണ്ടു നേടുന്ന കര്‍മ്മങ്ങള്‍ നീചങ്ങളും ഭാരങ്ങളുമായി ഭവിക്കുന്നു. രാജാവേ, ധര്‍മ്മതത്ത്വങ്ങള്‍ ഭവാന്‍ ചിന്തിച്ചു നോക്കൂ! ദുര്യോധനന്‍, ശകുനി, ദുശ്ശാസനന്‍, കര്‍ണ്ണന്‍ എന്നിവര്‍ക്ക്‌ ഐശ്വര്യമൊക്കെ ഏല്പിച്ചിട്ട്‌ ഭവാന്‍ ഭൂതിക്കു വേണ്ടി ഇച്ഛിക്കുകയാണോ? ആ ആഗ്രഹം വെറുതെയാണ്‌. സർവ്വഗുണങ്ങളും തികഞ്ഞവരാണ്‌ പാണ്ഡവന്മാര്‍. ഭവാനെ അച്ഛനെ പോലെയാണ്‌ അവര്‍ കാണുന്നത്‌. ഭവാന്‍ അവരെ പുത്രന്മാരെ പോലെ ദര്‍ശിച്ചാലും! സ്നേഹിച്ചാലും! 36. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: ഈ പറഞ്ഞതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു കേട്ട ഒരു കഥ ഞാന്‍ പറയാം. ആത്രേയനും, സാദ്ധ്യന്മാരും തമ്മില്‍ നടന്ന സംഭാഷണമാണ്‌ വിഷയം. ഹംസത്തിന്റെ രൂപത്തില്‍ പ്രാജ്ഞനും, സംശിതവ്രതനുമായ ആത്രേയ മഹര്‍ഷി നടക്കുമ്പോള്‍ സാദ്ധ്യര്‍ ചോദിച്ചു. സാദ്ധ്യര്‍ പറഞ്ഞു; ഹേ മഹര്‍ഷേ, ഞങ്ങള്‍ സാദ്ധ്യര്‍ എന്നറിയപ്പെടുന്ന ദേവന്മാരാണ്‌. ഞങ്ങള്‍ക്ക്‌ ഭവാനെ മനസ്സിലാക്കുവാന്‍ ശക്തി പോരാ. ധീരനായ ഭവാന്‍ ശ്രുതത്താല്‍ ബുദ്ധിമാനാണെന്ന്‌ ധരിക്കുന്നു. ഭവാന്‍ ഉല്‍കൃഷ്ടമായ കവി വാക്യങ്ങള്‍ പറഞ്ഞാലും. ഹംസം പറഞ്ഞു; ഞാന്‍ പറയുന്ന എന്റെ ഈ കാര്യങ്ങള്‍ നിശ്ചയമായ കാര്യങ്ങളാണ്‌. നിങ്ങള്‍ കേള്‍ക്കുവിന്‍. സര്‍വ്വ ഇന്ദ്രിയങ്ങളേയും അടക്കി, ദുഃഖത്തില്‍ മനസ്സിളകാതെ, പ്രിയാപ്രിയങ്ങളെ ഒരു പോലെ കരുതി, സതൃധര്‍മ്മങ്ങളെ അനുവര്‍ത്തിച്ച്‌ അന്തഃകരണത്തെ ആത്മാവില്‍ ലയിപ്പിക്കുന്നതാണ്‌ വിദ്വാന്റെ ലക്ഷണം. ആരേയും ശകാരിക്കുകയോ, അവമാനിക്കുകയോ ചെയ്യരുത്‌. മിത്രങ്ങളെ ദ്രോഹിക്കുകയും, നീചന്മാരെ സേവിക്കുകയുമരുത്‌. ശകാരിച്ചാല്‍ പകരം ശകാരിക്കരുത്‌. ക്ഷമിക്കയാണു സുകൃതം. ശകാരിച്ചവന് ദുഃഖമുണ്ടാകും. ക്ഷമിച്ചവന് പുണ്യം മുഴുവന്‍ ലഭിക്കുകയും ചെയ്യും. ഉഗ്രമായ അധിക്ഷേപ വാക്കുകള്‍ മര്‍മ്മങ്ങളേയും, അസ്ഥിയേയും കരളിനേയും, പ്രാണനേയും ദഹിപ്പിച്ചു കളയും. ധര്‍മ്മം കാംക്ഷിക്കുന്നവരാരും മുഷിപ്പിക്കുന്ന ക്രൂരവാക്കുകള്‍ പറയരുത്‌. രൂക്ഷവും പരുഷവുമായ കൂര്‍ത്ത മുള്ളു വാക്കു കൊണ്ട്‌ മനുഷ്യനെ തുളയ്ക്കുന്നവന്‍ ഏറ്റവും അശ്രീകരനും, മുഖത്തു യമനെ കുടി വെച്ചു നടക്കുന്നവനുമാണ്‌. സൂതീക്ഷ്ണങ്ങളും, സൂര്യാഗ്നി ദീപ്തങ്ങളുമായ വാക് ശരങ്ങളെ കൊണ്ട്‌ അന്യന്‍ ശക്തിയായി തുളച്ചാല്‍, മനസ്സു തുളഞ്ഞു ചുട്ടെരിഞ്ഞാല്‍ പോലും അവന്‍ തനിക്ക്‌ സുകൃതമാണു ചെയ്തതെന്നേ പ്രാജ്ഞന്‍ കരുതാവൂ! സജ്ജനത്തേയോ, ദുര്‍ജ്ജനത്തേയോ, ആരെ നിങ്ങള്‍ സേവിക്കുന്നുവോ അവന്റെ പാട്ടില്‍ നിങ്ങള്‍ പെട്ടു പോകും. തപസ്വിയേയോ, തസ്‌കരനേയോ, ആരെ സേവിക്കുന്നുവോ ആ സേവ്യന്റെ ഭാവം വസ്ത്രത്തില്‍ ചായമെന്ന പോലെ നിങ്ങളില്‍ പകരുന്നതുമാണ്‌. അതിരു കടന്നു പറയുകയോ, പറയിപ്പിക്കുകയോ, അടി കൊണ്ടാലും തിരിച്ചടിക്കുകയോ, അടിപ്പിക്കുകയോ, നശിപ്പിച്ചവനെ നശിപ്പിക്കുവാന്‍ നോക്കുകയോ ചെയ്യാതിരിക്കണം. അങ്ങനെ ഉള്ളവന്റെ ആഗമനം ദേവന്മാര്‍ കാത്തുകൊണ്ടാണ് ഇരിക്കുന്നത്‌. ഒന്നാമത്തെ കാര്യം, വല്ലതും പറയുന്നതിനേക്കാള്‍ ഭേദം ഒന്നും മിണ്ടാതിരിക്കുന്നതാണ്‌. രണ്ടാമത്തേത്‌, പറയുന്നതു സത്യമായിരുന്നാലേ ശ്രേഷ്ഠവാക്കാകയുള്ളൂ. മൂന്നാമത്തെ കാര്യം, ആ വാക്ക്‌ പ്രിയം കൂടിയാല്‍ അധികം നന്നായി. നാലാമത്‌, അത്‌ ധര്‍മ്മാനുസൃതം കൂടിയായാല്‍ ഏറ്റവും നന്നായി. ഏതു തരക്കാരോട്‌ സഹവസിക്കുന്നുവോ, ഏതു തരക്കാരെ ആശ്രയിക്കുന്നുവോ, ഏതു തരക്കാരാകണം എന്ന്‌ ഇച്ഛിക്കുന്നുവോ, ആ പുരുഷന്‍ ആ മട്ടിലായി മാറുന്നു. ഏതേതില്‍ നിന്ന്‌ ഒഴിയുന്നുവോ, അതാതില്‍ നിന്ന്‌ അവന്‍ മുക്തനാകുന്നു. സർവ്വത്തില്‍ നിന്നും നിവര്‍ത്തിച്ചാല്‍ അവന് ദുഃഖമേ ഉണ്ടാവുകയില്ല. തോൽക്കുകയോ, തോല്പിക്കുകയോ, എതിര്‍ക്കുകയോ, തടുക്കുകയോ ചെയ്യാതെ നിന്ദയേയും പ്രശംസയേയും ഒരു പോലെ കരുതുന്നവനാരോ, അവന്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. മൃദുവും, ദാന്തനും, സതൃവാദിയുമായി എല്ലാവരുടേയും മംഗളത്തെ ഉച്ഛിച്ചും അശുഭത്തില്‍ നിന്ന്‌ മനുഷ്യനെ പിന്‍തിരിപ്പിച്ചും വാഴുന്നവനാണ്‌ ഉത്തമനായ പുരുഷന്‍. ആരേയും നിരര്‍ത്ഥകമായി സാന്ത്വനം ചെയ്യാതെ പ്രതിജ്ഞയെ നടത്തി, എന്നാൽ അന്യന്റെ പഴുതു നോക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ മദ്ധ്യമ പുരുഷനാണ്‌. അടിയേറ്റാലും, മുറിവേറ്റാലും, ഒഴിയാതെയും, ആരോടും ഇണങ്ങാതെയും, ക്രോധത്താല്‍ ദുശ്ശാസനനായി കൃതഘ്നനായി, ലോകാപവാദത്താല്‍ ദുഷിതനായി, ദുരാത്മാവായി ഇരിക്കുന്നവന്‍ അധമ സ്വഭാവനാണ്‌. അവന് സ്വന്തം ആത്മാവില്‍ തന്നെ വിശ്വാ സം ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവര്‍ നന്മ പറഞ്ഞു തന്നാല്‍ ആത്മശങ്ക മൂലം കേള്‍ക്കുകയില്ല. ഇഷ്ടന്മാരെ ധിക്കരിക്കുകയും ചെയ്യും. ഈ തരക്കാരന്‍ അധമ പുരുഷനാണ്‌. ഉത്തമന്മാരെ സേവിക്കണം. കാലം നോക്കി മദ്ധ്യമരേയും സേവിക്കാം, അധമന്മാരെ ഒരിക്കലും സേവിക്കരുത്‌. സ്വന്തം ഐശ്വരൃത്തില്‍ ആഗ്രഹമുള്ളവര്‍ ചെയ്യേണ്ട കാര്യമാണിത്‌. മനസ്സ്‌ ദുര്‍ജ്ജന ബലത്തോടു. ചേര്‍ന്നാല്‍ പ്രജ്ഞ കൊണ്ടോ, പൗരുഷം കൊണ്ടോ ശരിയായ പ്രശംസ നേടുവാന്‍ കഴിയുകയില്ല. അവന് മഹാകുല വൃത്തത്തെ പ്രാപിക്കുവാനും കഴിയുകയില്ല. ചീത്ത കാര്യത്തില്‍ മനസ്സു വെച്ച്‌ അദ്ധ്വാനപൂര്‍വ്വം ഉത്സാഹിച്ചാലും അവന്‍ ചേര്‍ന്ന മാന്യകുല പ്രശസ്തിയും സല്‍കീര്‍ത്തിയും മഹത്ത്വവും നേടുകയില്ല. ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, വിദുരാ! ബഹുശ്രുതന്മാരും, ധര്‍മ്മ നിത്യന്മാരുമായ ദേവന്മാര്‍ കൂടി മഹാകുലങ്ങളെ ആഗ്രഹിക്കുന്നു. ആ മഹാകുലങ്ങള്‍ എങ്ങനെ ഉള്ളവയാണെന്ന്‌ എനിക്കു കേട്ടാല്‍ കൊള്ളാം.. വിദുരന്‍ പറഞ്ഞു; തപം, ദമം, ശ്രുതി, വിത്തം, മഖങ്ങള്‍, പാവനമായ വിവാഹം, സദാ അന്നദാനം എന്നീ ഏഴു ഗുണങ്ങളാല്‍ സാധുവൃത്തം തികഞ്ഞ്‌ മഹാകുലങ്ങള്‍ വര്‍ത്തിക്കുന്നു. മൂലത്തേയും വൃത്തത്തേയും ചലിപ്പിക്കാതെ, ഹൃദയ പ്രസാദത്തോടെ ധര്‍മ്മം ആചരിച്ചും, അസത്യത്തെ തൃജിച്ചും, വിശിഷ്ട കീര്‍ത്തിയെ ഇച്ഛിച്ചും കൊണ്ടാണ്‌ മഹാകുലങ്ങള്‍ വര്‍ത്തിക്കുന്നത്‌. യജിക്കാതിരിക്കുക, കുത്സിത വിഹാഹം നടത്തുക, വേദത്തെ തള്ളുക, ധര്‍മ്മത്തെ അതിക്രമിക്കുക എന്നിവയാല്‍ സല്‍കുലങ്ങള്‍ ദുഷ്ക്കുലങ്ങളായി മാറുന്നു. ബ്രഹ്മസ്വം ഹരിക്കുക, ബ്രാഹ്മണരെ അതിക്രമിക്കുക എന്നീ ദോഷങ്ങള്‍ ചെയ്താല്‍ കുലങ്ങൾ ദുഷിച്ചു പോകും. ബ്രാഹ്മണ പരിഭവത്താലും, അപവാദത്താലും സൂക്ഷിക്കുവാന്‍ ഏല്പിച്ചത്‌ അപഹരിക്കയാലും കുലങ്ങൾ ദുഷിച്ചു പോകും. പശുക്കളും, ദാസന്മാരും, ധനവും ഉണ്ടായാലും വൃത്തം പിഴച്ചു പോയാല്‍ കുലം കുലമല്ലാതാകും. വൃത്തി തെറ്റാതിരുന്നാല്‍ ധനമില്ലെങ്കിലും കുലം അന്യൂനമായി നിലനിൽക്കുകയും സല്‍കീര്‍ത്തിയെ പ്രാപിക്കുകയും ചെയ്യും. അതു കൊണ്ട്‌ യത്നത്തോടു കൂടി കുലത്തെ സംരക്ഷിക്കണം. ധനം കിട്ടുകയും പോവുകയും ചെയ്യും. അതു കുലത്തിന് അടിസ്ഥാനമല്ല. വിത്തം ക്ഷീണിച്ചവന്‍ ക്ഷീണനാവുകയില്ല. ദുർവൃത്തി കൊണ്ട്‌ ഹതനായവന്‍ ഹതന്‍ തന്നെയാണ്‌. പശുക്കള്‍, ആടുകള്‍, വലിയ കൃഷി എന്നിവ ധാരാളമുണ്ടായതു കൊണ്ട്‌ കുലം വളര്‍ന്നതായി ഗണിച്ചു കൂടാ. വൃത്തി തെറ്റി നടക്കാതിരുന്നാല്‍ മാത്രമേ കുലം വളരുകയുള്ളൂ. നമ്മുടെ കുലത്തില്‍ രാജാവാകട്ടെ, അമാതൃനാകട്ടെ, വൈരകൃത്തുക്കളായി പരസ്വാപഹാരികളായി, മിത്രദ്രോഹികളായി ആരും ഉണ്ടാകരുത്‌. കാപട്യവാന്‍ , അസത്യവാദി, പിതൃദേവതാതിഥികളെ ഊട്ടുന്നതിനു മുമ്പേ ഉണ്ണുന്നവന്‍ ഇങ്ങനെ ഉള്ളവരും ഉണ്ടാകരുത്‌. ബ്രാഹ്മണരെ ഹനിക്കുന്നവരോ, ബ്രാഹ്മണരെ ദ്വേഷിക്കുന്നവരോ, കൃഷിപ്പണി ചെയ്യുന്നവരോ ആരെങ്കിലും നമ്മുടെ കുലത്തിൽ ഉണ്ടെങ്കില്‍ അവര്‍ നമ്മുടെ സഭയില്‍ കയറരുത്‌. പുണ്യധര്‍മ്മികളായ കര്‍മ്മികള്‍ക്ക്‌ എപ്പോഴെങ്കിലും എന്തിനെങ്കിലും വല്ല കുറവുമുണ്ടോ? പരമമായ ശ്രദ്ധയോടെ അതിഥികളെ സല്‍കരിക്കുവാനായി തൃണങ്ങളും, ഭൂമിയും, ജലവും, നാലാമതായി സത്യവാക്കും സജ്ജന ഗൃഹങ്ങളില്‍ ഇല്ലാതെ വരികയില്ല. കോപത്താല്‍ പേടിപ്പിക്കുകയോ, ശങ്കയോടെ ഉപചരിക്കുകയോ ചെയ്യുന്നത്‌ മിത്രത്തിന് പറ്റിയതല്ല. പിതാവിനെ പോലെ ആശ്വസിപ്പിക്കുന്നവനാണ്‌ മിത്രം. അന്യരൊക്കെ കൂട്ടുകാര്‍ മാത്രമാണ്‌. യാതൊരു ബന്ധവുമില്ലെങ്കിലും മര്‍ത്ത്യന്‍ മിത്രഭാവത്തില്‍ വര്‍ത്തിക്കുന്നതായാല്‍ അവന്‍ തന്നെ ബന്ധുവും, മിത്രവും, ഗതിയും ആശ്രയവുമായി ഭവിക്കും. മനസ്സ്‌ ഒന്നിലും ഉറയ്ക്കാതെ ചലിച്ചു കൊണ്ടിരിക്കുകയും, വൃദ്ധന്മാരെ സേവിക്കാതിരിക്കുകയും ചെയ്യുന്നവന് മിത്രലാഭം ഉണ്ടാവുകയില്ല. ചഞ്ചലചിത്തനും, അനാത്മാവും, ഇന്ദ്രിയ വശഗനും ആയവനില്‍ വറ്റിയ പൊയ്കയില്‍ ഹംസങ്ങളെന്ന പോലെ അര്‍ത്ഥങ്ങള്‍ പ്രവേശിക്കുകയില്ല. ചഞ്ചലമായ മേഘം പോലെ പെട്ടെന്ന്‌ അകാരണമായി പ്രസാദിക്കുകയും ചെയ്യുന്നത്‌ ദുര്‍ജ്ജനത്തിന്റെ സ്വഭാവമാണ്‌. മിത്രങ്ങളെ സല്‍കരിക്കാതിരിക്കുകയും, കൃതാര്‍ത്ഥത നേടാതിരിക്കുകയും ചെയ്ത കൃതഘ്നന്മാര്‍ മരിച്ചാല്‍ അവരെ പച്ചമാംസം തിന്നുന്ന കഴുകന്മാരും കുറുക്കന്മാരും കൂടി തിന്നുകയില്ല. ധനമുണ്ടായാലും ഇല്ലെങ്കിലും മിത്രങ്ങളെ എന്നും സല്‍ക്കരിക്കേണ്ടതാണ്‌. അവസരങ്ങള്‍ പാഴാക്കുന്നവന് മിത്രപ്രീണനത്തിന്റെ ഭംഗി അറിയുകയില്ല. മിത്രങ്ങളെ പിണക്കിയാല്‍ എപ്പോഴും ദുഃഖിക്കേണ്ടി വരും. സന്താപം മൂലം സൗന്ദര്യം നശിക്കും. സന്താപം മൂലം ബലം ക്ഷയിക്കും. സന്താപം മൂലം ജ്ഞാനം നശിക്കും. സന്താപം മൂലം വ്യാധിയുണ്ടാവുകയും ചെയ്യും. ശോകം വളര്‍ന്നാല്‍ ഇഷ്ടങ്ങള്‍ സാധിക്കാതെ വരും. ശത്രുക്കള്‍ക്കു സന്തോഷിക്കുവാന്‍ അത്‌ ഹേതുവാകുകയും ചെയ്യും. അതു കൊണ്ട്‌ മിത്രദ്രോഹം മൂലമുള്ള ശോകത്തില്‍ ഭവാന്‍ പെട്ടു പോകരുത്‌. മനുഷ്യന്‍ വീണ്ടും വീണ്ടും ജനിക്കുകയും, മരിക്കുകയും ചെയ്യും. മനുഷ്യന്‍ വിണ്ടും വീണ്ടും അഭിവൃദ്ധിപ്പെടുകയും ക്ഷയിക്കുകയും ചെയ്യും. മനുഷ്യന്‍ വീണ്ടും വീണ്ടും യാചിക്കുകയും, യാചന ചെവിക്കൊള്ളുകയും ചെയ്യും. വീണ്ടും വീണ്ടും ദുഃഖിക്കുകയും, ദുഃഖിപ്പിക്കുകയും ചെയ്യും. ഈ സംസാരത്തിൽ ഇത്‌ തുടര്‍ന്നു കൊണ്ടിരിക്കും. സുഖദുഃഖങ്ങള്‍, ലാഭാലാഭങ്ങള്‍, ഭാവാഭാവങ്ങള്‍, ജീവിത മരണങ്ങള്‍ എന്നിവയെല്ലാം മാറിമാറി വന്നു കൊണ്ടിരിക്കും. ധീരന്മാര്‍ ഇവയില്‍ സന്തോഷിക്കുകയോ, ദുഃഖിക്കുകയോ ചെയ്യുകയില്ല. എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങള്‍ ആറുണ്ട്‌ മനുഷ്യന്. അവയില്‍ ഏതേത്‌, എവിടെയെവിടെ പ്രവേശിക്കുന്നുവോ, അതാതു മാര്‍ഗ്ഗങ്ങളില്‍ ഓട്ടക്കുടത്തില്‍ വെള്ളമെന്ന പോലെ ബുദ്ധി ഒഴുകിപ്പോകുന്നു. ധൃതരാഷ്ട്രന്‍ പറഞ്ഞു: ഞാന്‍ ചെയ്ത മിഥ്യയായ കര്‍മ്മങ്ങള്‍ മന്ദന്മാരായ എന്റെ മക്കള്‍ക്ക്‌ യുദ്ധത്തില്‍ നാശം വരുത്തി അവസാനിപ്പിക്കും. അക്കാര്യം ഓര്‍ക്കുമ്പോള്‍ ദുഃഖം എന്നെ വിടുന്നില്ല. എന്നും ദുഃഖിപ്പിക്കുവാന്‍ വേണ്ട കാരണങ്ങളാണല്ലോ ചെയ്തതൊക്കെ. എന്റെ മനസ്സ്‌ എപ്പോഴും ഭയത്താല്‍ ഉഴലുകയാണ്‌. ഹേ, വിദുരാ! ഇനി അഭയസ്ഥാനം, അനുദ്വേഗസ്ഥാനം ഏതാണെന്നു പറഞ്ഞു തരൂ! വിദുരന്‍ പറഞ്ഞു: വിദ്യാ തപസ്സുകള്‍ കൂടാതെയോ ഇന്ദ്രയനിഗ്രഹം കൂടാതെയോ ഭവാന് ശാന്തി ലഭിക്കുന്നതല്ല. ബുദ്ധിയാല്‍ ഭയം ഒഴിഞ്ഞു പോകും. തപസ്സു കൊണ്ടു മഹത്വത്തെ അറിയുകയും ചെയ്യും. ഗുരുശുശ്രൂഷ കൊണ്ടു ജ്ഞാനവും, യോഗത്താല്‍ ശാന്തിയും ലഭിക്കും. ദാനപുണ്യമോ, വേദപുണ്യമോ കൂടാതെ തന്നെ രാഗദ്വേഷങ്ങളെ വെടിഞ്ഞു കൊണ്ട്‌ മുമുക്ഷുക്കളായി സഞ്ചരിക്കുന്നവരുണ്ട്‌. നല്ല പോലെയുള്ള വേദാദ്ധ്യയനം നല്ല കാര്യത്തിന് സമരം, പുണ്യമായ സൽക്കര്‍മ്മം, നല്ല തപസ്സ്‌ ഇവ ചെയ്താല്‍ അവസാനം സുഖം സിദ്ധിക്കുന്നതാണ്‌. നന്നായി വിരിച്ച മൃദുലമായ കിടക്കയില്‍ കിടന്നാലും, ഭേദദൃഷ്ടി ഉണ്ടായാല്‍ അവന് ഉറക്കം കിട്ടുകയില്ല. അവന്‍ സ്ത്രീകളില്‍ രമിക്കുകയോ, സൂതമാഗധ സ്തുതികളില്‍ രസിക്കുകയോ ചെയ്യുകയില്ല. ജഞാതികളില്‍ ഭേദദൃഷ്ടി ഉള്ളവന്‍ ധര്‍മ്മം ചരിക്കുകയോ, സുഖം നേടുകയോ, ഗൗരവം പ്രാപിക്കുകയോ, ശമം കൊള്ളുകയോ ഇല്ലെന്നുള്ളത്‌ തീര്‍ച്ചയാണ്‌. ഭേദബുദ്ധി ഉള്ളവന് പര്‍ത്ഥ്യവാക്കു പറഞ്ഞാല്‍ രസിക്കയില്ല. യോഗക്ഷേമം അവരില്‍ ചേരുന്നതുമല്ല. ഭേദബുദ്ധി ബാധിച്ചവന് സര്‍വ്വനാശമല്ലാതെ വേറെ ഗതിയൊന്നും ഞാന്‍ കാണുന്നില്ല. ഗോക്കളില്‍ നിന്നു സമ്പത്തു ലഭിക്കും. ബ്രാഹ്മണരില്‍ നിന്ന്‌ തപസ്സു ലഭിക്കും. സ്ത്രീകള്‍ക്കു ചാപല്യം സംഭാവ്യമാണ്‌. ജ്ഞാതികളില്‍ ഭയവും സംഭവ്യമാണ്‌. കനം കുറഞ്ഞ നൂലുകള്‍ കൂട്ടിപ്പിരിച്ചാല്‍ ബലപ്പെടുന്നു. ആ നൂലു കൊണ്ടു കാര്യമായ പല വേലകളും ചെയ്യുവാന്‍ കഴിയുന്നു. അടുപ്പിലെ കൊള്ളികള്‍ വേര്‍തിരിച്ചിട്ടാല്‍ പുകയും. കൂട്ടിച്ചേര്‍ന്നാല്‍ ജ്വലിക്കും. ഹേ, ധൃതരാഷ്ട്രാ! അതു പോലെയാണ്‌ ജ്ഞാതികളുടെ കഥയും. വിപ്രന്മാരോടും, സ്ത്രീകളോടും, ജഞാതികളോടും, ഗോക്കളോടും ശൗര്യം പ്രയോഗിക്കുന്നവന്‍ ഞെട്ടറ്റു പഴം പോലെ താഴെ വീണു പോകും. ബലമേറിയതും, നല്ല പോലെ ഉറച്ചു നിൽക്കുന്നതുമായ മഹാവൃക്ഷം ഒറ്റയ്ക്കാണു നിൽക്കുന്നതെങ്കില്‍ അതിനെ അതിന്റെ ശാഖകളോടു കൂടി മര്‍ദ്ദിച്ചു വിടുവാന്‍ കാറ്റിന് കഴിയും. ഉറച്ച്‌ കൂട്ടമായി നിൽക്കുന്ന വൃക്ഷങ്ങളെ വീഴ്ത്തുവാന്‍ അവയുടെ സംഘടനാബലം മൂലം കൊടുങ്കാറ്റിന് പോലും സാധിക്കുകയില്ല. ഇപ്രകാരം ഒറ്റയ്ക്കു നിൽക്കുന്ന മാന്യന്‍ എത്ര ഗുണം തികഞ്ഞവനായാലും അവനെ വീഴ്ത്താമെന്ന്‌ ശത്രുക്കള്‍ക്കു തോന്നും. അന്യോന്യം ആശ്രയിച്ച്‌ കൈകോര്‍ത്തു നിന്നാല്‍ പൊയ്കയില്‍ പൊന്‍താമര പോലെ ബന്ധുജനങ്ങള്‍ വര്‍ദ്ധിക്കും. ബ്രാഹ്മണരും, ഗോക്കളും, ദായാദികളും, ശിശുക്കളും, നാരിമാരും അവദ്ധൃരാണ്‌. ചോറു നല്കുന്നവരെയും, ശരണം പ്രാപിച്ചവരെയും വധിക്കുവാന്‍ പാടില്ല. ജഞാതി രക്ഷണം കൊണ്ടേ മര്‍ത്തൃന് അരോഗത ഉണ്ടാകുകയുള്ളു. അരോഗത പോലെ മര്‍ത്തൃന് അനുഗ്രഹമായി മറ്റെന്തു ഗുണമുണ്ട്‌? രോഗികള്‍ മൃത തുല്യരാണ്‌! ഭവാന് അരോഗതയാല്‍, അനാതുരത്വത്താല്‍, മംഗളം ഭവിക്കട്ടെ! രോഗപീഡിതന് യാതൊരു ഫലത്തിലും ആഗ്രഹമുണ്ടാകുന്നില്ല. വിഷയങ്ങളില്‍ ഇഷ്ടാനിഷ്ടവിവേകം ഉണ്ടാകുന്നില്ല. അവന് എപ്പോഴും ദുഃഖമാണ്‌. സൗഖ്യത്തേയോ, ധനഭോഗങ്ങളേയോ അവന്‍ അറിയുകയില്ല. രാജാവേ, ഭവാന്‍ ദുഃഖാതുരനായി നാള്‍ കഴിച്ചിട്ട്‌ എന്താണു കാര്യം ? ചൂതില്‍ പാഞ്ചാലി പണയപ്പെട്ടതായി കണ്ടപ്പോള്‍, ചൂതില്‍ നിന്ന്‌ ദുര്യോധനനെ പിന്മാറ്റണം എന്ന്‌ ഞാന്‍ പറഞ്ഞില്ലേ? ദ്യൂതപ്രിയം പണ്ഡിതന്മാര്‍ക്ക്‌ വര്‍ജ്ജ്യമാണെന്നും ഞാന്‍ പറഞ്ഞില്ലേ? ഞാന്‍ ആവലാതിപ്പെട്ട്‌ അന്നു പറഞ്ഞത്‌ ഭവാന്‍ കേള്‍ക്കുക ഉണ്ടായോ? മൃദുശീലനോട്‌ ഇടയുന്നതു ബലമല്ലെന്നും ഞാന്‍ പറഞ്ഞില്ലേ? സൂക്ഷ്മമായ ധര്‍മ്മത്തെ മുന്‍നിര്‍ത്തി അന്നു തന്നെ അവകാശിയുടെ മുതല്‍ ഭാഗം നടത്തിയിരുന്നു എങ്കില്‍ ഭവാന് ഇന്ന്‌ ഇപ്രകാരം വെമ്പല്‍ കൊള്ളേണ്ടതായ ആവശ്യം ഉണ്ടാകുമായിരുന്നോ? ക്രൂരനോടു ചേരുന്ന സമ്പത്ത്‌ ഏറ്റവും നാശകരമാണ്‌. അത്‌ മൃദുവിനോടു ചേര്‍ന്നാല്‍ പുത്രപൗത്രന്മാര്‍ വഴിക്കു ദീര്‍ഘകാലം നിൽക്കുന്നതാണ്‌. ഭവാന്‍ ഇനിയെങ്കിലും നല്ലതു ചെയ്യുക. ധാര്‍ത്തരാഷ്ട്രന്മാര്‍ കൗന്തേയരെ രക്ഷിക്കട്ടെ! കൗന്തേയര്‍ ധാര്‍ത്തരാഷ്ട്രന്മാരേയും രക്ഷിക്കട്ടെ! അങ്ങനെ പരസ്പര ക്ഷമയോടെ വാഴുമാറാകണം. പാണ്ഡവയാരുടെ ശത്രുമിത്രങ്ങള്‍ ധാര്‍ത്തരാഷ്ട്രന്മാരുടേയും, ധാര്‍ത്തരാഷ്ട്രന്മാരുടെ ശത്രുമിത്രങ്ങള്‍ പാണ്ഡവന്മാരുടേയും ആകണം. അങ്ങനെ കൗരവന്മാരെല്ലാം ഒന്നായി, ഒരേ മനസ്സായി ഇണങ്ങി, സമൃദ്ധരായി, സുഖമായി ജീവിക്കട്ടെ! ഭവാനാണല്ലോ കൗരവന്മാരുടെ അഗ്രസ്ഥാനത്തു നില്‍ക്കുന്നവന്‍. ഭവാന്റെ കീഴിലാണല്ലോ എല്ലാ കൗരവന്മാരും. കാട്ടില്‍ പോയവരായ ആ ബാലന്മാരെ, കൗന്തേയന്മാരെ, ഭവാന്റെ കീർത്തിക്കു രക്ഷ നല്കുന്ന വിധം രക്ഷിക്കുക. കുരുക്കളെ പാണ്ഡവന്മാരോടു കൂട്ടിയിണക്കുക. ശത്രുക്കള്‍ ഭവാന്റെ അന്തരം നോക്കാതിരിക്കട്ടെ. ഭവാന്‍ കുരുക്കളെയെല്ലാം പാര്‍ത്ഥരോട്‌ ഒന്നിച്ചു ചേര്‍ക്കുക. അവരെല്ലാം സത്യത്തെ അതിക്രമിക്കാതെ നിൽക്കുന്നവരാണ്‌. രാജേന്ദ്ര, ഭവാന്‍ ദുര്യോധനനെ വേണ്ട പോലെ നിയന്ത്രിച്ച്‌ നിലയ്ക്കു നിര്‍ത്തുക! 37. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: ഹേ. അംബികാത്മജനായ ധൃതരാഷ്ട്ര രാജാവേ, ലോകത്തില്‍ പതിനേഴുതരം മൂര്‍ഖന്മാരുണ്ടെന്ന്‌ സ്വായംഭുവ മനു പറഞ്ഞിട്ടുണ്ട്‌. അവര്‍ സ്വയം മുഷ്ടി ചുരുട്ടി ആകാശത്തെ ഇടിച്ചു പൊടിക്കുമത്രെ! കുലയ്ക്കുവാന്‍ വയ്യാത്ത ഏതു ദൈത്യചാപവും കുലയ്ക്കുന്നവർ ആണത്രെ! കിട്ടാന്‍ വിഷമമുള്ള സൂര്യരശ്മികളുടെ കട പറിച്ചെടുക്കുമത്രെ! അങ്ങനെ അഹങ്കരിക്കുന്ന ആ പതിനേഴു മൂര്‍ഖന്മാര്‍ ആരൊക്കെയാണെന്നും എങ്ങനെയുള്ളവർ ആണെന്നും പറയാം. ശിഷ്യനല്ലാത്തവനെ ( ശാസിക്കാന്‍ അര്‍ഹതയില്ലാത്തവനെ ) ശാസിക്കുന്നവന്‍, അല്പലാഭം കൊണ്ട്‌ സന്തോഷിക്കുന്നവന്‍, ശത്രുക്കളെ ഭജിക്കുന്നവന്‍, സ്ത്രീകളുടെ രക്ഷയിലിരുന്നു സുഖിക്കുന്നവന്‍, യാചിക്കുവാന്‍ പാടില്ലാത്തത്‌ യാചിക്കുന്നവന്‍, മേനി പറയുന്നവന്‍, നല്ല കുലത്തില്‍ ജനിച്ചിട്ടും അകാരൃം ചെയ്യുന്നവന്‍, അബലനായിരുന്നിട്ടും ബലവാന്മാരോട്‌ നിത്യം വൈരം ഭാവിക്കുന്നവന്‍, ശ്രദ്ധയില്ലാത്തവനോട്‌ ഭാഷണം ചെയ്യുന്നവന്‍, അകാമ്യമായതിനെ കാമിക്കുന്നവന്‍, പുത്രന്റെ ഭാര്യയോടു കൂടി വിനോദിക്കുന്ന ശ്വശുരന്‍, വധൂഗൃഹത്തില്‍ അഭയം പ്രാപിച്ച്‌ മാനത്തെ കാമിക്കുന്നവന്‍, പരന്റെ ഭാര്യയില്‍ ബീജാവാപം ചെയ്യുന്നവന്‍, സ്ത്രീകളെ അപമാനിക്കുന്നവന്‍, മുമ്പു കിട്ടിയത്‌ ഓര്‍മ്മയില്ലെന്നു പറയുന്നവന്‍, യാചിച്ചവന് വല്ലതും കൊടുത്തതിന് ശേഷം അതിനെപ്പറ്റി തന്നെത്താന്‍ പുകഴ്ത്തുന്നവന്‍, ദുര്‍ജ്ജനത്തെ സജ്ജനവേഷം കെട്ടിക്കുന്നവന്‍ എന്നീ പതിനേഴു പേരും പാശബദ്ധന്മാരായി നരകത്തില്‍ പതിക്കും. തന്നോട്‌ അന്യന്‍ എങ്ങനെ വര്‍ത്തിക്കുന്നുവോ താന്‍ അവനോടു അപ്രകാരം തന്നെ വര്‍ത്തിക്കണം. മായാപരനോട്‌ മായ കൊണ്ട്‌ തന്നെ ഇടപെടണം. സാധുവൃത്തനോട്‌ സാധുത്വത്താല്‍ തന്നെ ഇടപെടണം. ജര സൗന്ദര്യത്തെ അറുത്തു കളയുന്നു. ആശ ധൈര്യത്തേയും, മൃത്യു പ്രാണനേയും, ഈര്‍ഷ്യ ധര്‍മ്മത്തേയും, കാമം ലജ്ജയേയും, അനാര്യസേവ ശീലത്തേയും, ക്രോധം ശ്രീയേയും, ഗര്‍വ്വ്‌ സർവ്വത്തിനേയും അറുത്തു നശിപ്പിച്ചു കളയുന്നു. ധൃതരാഷ്ട്ര പറഞ്ഞു: ശ്രുതികളില്‍ മനുഷ്യന്‍ ശതായുസ്സാണെന്ന്‌ പറയുന്നു. എന്നാൽ നുറു തികയുന്നതിന് മുമ്പ്‌ മനുഷ്യന്റെ ജീവിതം അവസാനിക്കു ന്നതായിട്ടാണ്‌ കണ്ടു വരുന്നത്‌. അതിനെന്താണ്‌ കാരണം? വിദുരന്‍ പറഞ്ഞു: ഹേ ധൃതരാഷ്ട്രാ, അതിനുള്ള കാരണം ഞാന്‍ പറയാം. അതിമാനം, അതിവാദം, അത്യാശ, ക്രോധം, ഉദര പരായണം, മിത്രദ്രോഹം എന്നീ ആറും ആയുസ്സിനെ തീക്ഷ്ണമായ ശരങ്ങളാല്‍ എന്ന പോലെ അറുത്തു മുറിക്കുന്നു. മനുഷ്യനെ കൊല്ലുന്നത്‌ മൃത്യുവല്ല; മുന്‍പറഞ്ഞ ദോഷങ്ങളാണ്‌. തന്റെ ഇഷ്ടന്റെ ഭാര്യയെ പ്രാപിക്കുന്നവന്‍, ഗുരുവിന്റെ ഭാര്യയെ പ്രാപിക്കുന്നവന്‍, വൃഷലീപതിയോ, മദൃപനോ ആയ ബ്രാഹ്മണന്‍, വൃത്തി തെറ്റിച്ച്‌ കല്പന കൊടുത്ത്‌ വിപ്രനെ ദാസനാക്കി വെക്കുന്നവന്‍, ശരണാഗതരേയോ ബ്രാഹ്മണരേയോ കൊല്ലുന്നവന്‍, ഇങ്ങനെ ഉള്ളവരോട്‌ ആരെങ്കിലും ചേര്‍ന്നാല്‍ അവന്‍ ഉടനെ പ്രായശ്ചിത്തം ചെയ്യണം എന്നാണ്‌ ശ്രുതി അനുശാസിക്കുന്നത്‌. മിതഭാഷിയും, നീതിജ്ഞനും, ദാതാവും, ദാനശേഷാന്ന ഭോക്താവും, അഹിംസകനും, കൃതജ്ഞനും, മൃദുശീലനും, സത്യവാദിയുമായി അനര്‍ത്ഥ കൃത്യങ്ങളിലൊന്നും ഏര്‍പ്പെടാത്തവനായ വിദ്വാന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കും. എപ്പോഴും പ്രിയം പറയുന്ന വിദ്വാന്മാര്‍ ലോകത്തില്‍ ധാരാമുണ്ട്‌. അപ്രിയമായ സത്യം പറയുന്നവര്‍ വളരെ ദുര്‍ല്ലഭമായേ ഉള്ളു. സ്വാമിയുടെ പ്രിയാപ്രിയങ്ങള്‍ നോക്കാതെ ധര്‍മ്മത്തെ മാത്രം ആശ്രയിച്ച്‌ പത്ഥ്യം പറയുന്നവനാണ്‌ രാജാവിന്റെ ശരിയായ സഹായവാന്‍. കുലത്തിനു വേണ്ടി ഒരു പുരുഷനെ ഉപേക്ഷിക്കാം. ഗ്രാമക്ഷേമത്തിന് വേണ്ടി ഒരു കുലത്തെ ഉപേക്ഷിക്കാം. നാടിന്റെ ഒട്ടാകെയുള്ള ക്ഷേമത്തിന് വേണ്ടി ഒരു ഗ്രാമത്തെ ഉപേക്ഷിക്കാം. ആത്മാവിന് വേണ്ടി ഭൂമിയേയും ഉപേക്ഷിക്കാം! ആപത്തില്‍ നിന്നു രക്ഷനേടുവാന്‍ ധനം കരുതിവെക്കണം. ധനം കൊണ്ട്‌ ഭാര്യയെ സംരക്ഷിക്കണം. ഭാരൃയാലും ധനത്താലും എന്നും ആത്മാവിനേയും പരിരക്ഷിക്കണം. ധനം നേടേണ്ടത്‌ ദ്യൂതകര്‍മ്മം കൊണ്ടല്ല. പൂര്‍വ്വകാലങ്ങളില്‍ തന്നെ കണ്ടിട്ടുള്ളതാണ്‌ ദ്യൂതം വൈരത്തിനു കാരണമാണെന്ന്‌. അതുകൊണ്ട്‌ നേരമ്പോക്കിനായിട്ടു കൂടി ദ്യൂതം ബുദ്ധിമാന്മാര്‍ സ്വീകരിക്കുകയില്ല. ചൂതുകാലത്ത്‌ ഞാന്‍ ഭവാനോട്‌ പറഞ്ഞു, ഈ ദ്യൂതം ആപത്തുകള്‍ വരുത്തി വെക്കുമെന്ന്‌. ആതുരന് പത്ഥൃ ഔഷധം പോലെ എന്റെ വാക്ക്‌ അന്നു ഭവാനു രുചിച്ചില്ല. വിചിത്രമായ പീലികളോടു കൂടിയ മയിലുകള്‍ പോലെ ശോഭിക്കുന്ന പാണ്ഡവന്മാരെ ധാര്‍ത്തരാഷ്ട്ര കാക്കകള്‍ തോല്പിക്കുകയോ? അതിന് അവര്‍ക്കു കഴിയുകയില്ല. സിംഹങ്ങളെ കൊന്നു കളഞ്ഞിട്ട്‌ കുറുക്കന്മാരെ പോറ്റാനാണോ ഭവാന്റെ പുറപ്പാട്‌? ഈ സംരംഭത്തിന്റെ പരിണാമത്തില്‍ ഭവാന്‍ ദുഃഖിക്കാതിരിക്കയില്ല. കുറുള്ളവനും ഹിതം ചെയ്യുന്നവനുമായ ഭൃതൃനില്‍ ഒരിക്കലും കോപിക്കാത്ത സ്വാമിയെ ആ ഭൃത്യന്മാര്‍ വിശ്വസിക്കുകയും ആപത്തില്‍ ഉപേക്ഷിക്കാതെ കൂടെ നിൽക്കുകയും ചെയ്യും. ഭൃത്യന്മാരുടെ വൃത്തി മുടക്കി അന്യമായ രാജ്യധനങ്ങള്‍ ആശിക്കരുത്‌. ഇടഞ്ഞു നിന്നു ചതിച്ച്‌ സുഖഭോഗങ്ങള്‍ കെടുത്തിയാല്‍ ആ രാജാവിനെ സ്നേഹവാന്മാരായ അമാത്യന്മാര്‍ പോലും പരിത്യജിക്കും. ആദ്യമായി സാദ്ധ്യാസാദ്ധ്യങ്ങളായ കാര്യങ്ങളില്‍ നിശ്ചയം ചെയ്തുറപ്പിച്ച്‌ പ്രവേശിക്കണം. ഭൃത്യന്മാരുടെ ജീവിതത്തേയും ആയവ്യയാദികളേയും നിര്‍ണ്ണയിക്കണം. അനുരൂപന്മാരായ സഹായികളെ നേടണം. ഏതു ദുഷ്കരമായ കര്‍മ്മങ്ങള്‍ പോലും സഹായം കൊണ്ടു സാധിക്കുന്നതാണ്‌. സ്വാമിയുടെ ഹൃദയം അറിഞ്ഞ്‌ മടികൂടാതെ എല്ലാ കാര്യങ്ങളും ശക്തിക്കനുസരിച്ചു നിര്‍വഹിക്കുകയും, സ്നേഹത്തോടെ ഹിതവാക്കുകള്‍ പറയുകയും ചെയ്യുന്ന ആരൃശീലനെ സ്വന്തം ആത്മാവിനെ പോലെ അനുഗ്രഹിക്കേണ്ടതാണ്‌. അനുശാസിച്ച വാകൃത്തെ അനാദരിക്കുക, നിയോഗത്തിന് വിപരീതമായി നടക്കുക, താന്‍ അഭിജ്ഞനാണെന്ന്‌ അഭിമാനിക്കുക, പ്രതികൂലമായി വാദിക്കുക ഇങ്ങനെയുള്ള ഭൃത്യനെ ഒരു നിമിഷം പോലും നിര്‍ത്താതെ പിരിച്ചു വിടണം. അഹങ്കാരമില്ലാത്തവനും, കാര്യം നടത്തുവാന്‍ സമര്‍ത്ഥനും, വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നവനും, ദയാശീലനും, എല്ലാവര്‍ക്കും ഇഷ്ടം തോന്നിക്കുന്ന സ്വഭാവമുള്ളവനും, അന്യര്‍ക്ക്‌ ഭേദിപ്പിക്കുവാന്‍ സാധിക്കാത്തവനും, രോഗമില്ലാത്തവനും, ഔദാര്യം പറയുന്നവനും - ഇങ്ങനെ എട്ടു ഗുണ വിശേഷങ്ങൾ ഉള്ളവൻ ആയിരിക്കണം ദൂതന്‍. സമയം തെറ്റിയ നേരത്ത്‌ അന്യന്റെ ഗൃഹത്തില്‍ വിശ്വസിച്ച്‌ ചെല്ലരുത്‌. നാലും കൂടിയ പെരുവഴിയില്‍ രാത്രി കാലത്ത്‌ ഒറ്റയ്ക്കു നില്ക്കരുത്‌. രാജമാന്യന്മാര്‍ കാമിക്കുന്ന സ്ത്രീയെ ആഗ്രഹിക്കരുത്‌. കുത്സിതന്മാരുമായി ചേരരുത്‌. പലരോടും മന്ത്രിക്കരുത്‌. തന്റെ രഹസ്യം പുറത്തു പറയുകയും ചെയ്യരുത്‌. നിന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ആരോടും തുറന്നു പറയരുത്‌. ആ വക സന്ദര്‍ഭത്തില്‍ കാരണംകാണിച്ച്‌ വ്യാജമായി മറ്റു വല്ലതും പറയണം. ദയാലുവായ രാജാവ്‌, കുലട, രാജഭൃതൃന്‍, സഹോദരന്‍, പുത്രന്‍, കുട്ടിയുള്ളവളായ വിധവ, പട്ടാളക്കാരന്‍, സ്വത്തു നഷ്ടപ്പെട്ടവന്‍, അധികാരം കൈവിട്ടവന്‍ എന്നിവരുമായി കൂട്ടുവ്യാപാരത്തിന് ഒരുങ്ങരുത്‌. പുരുഷനെ ശോഭിപ്പിക്കുന്ന ഗുണങ്ങള്‍ എട്ടാണ്‌: പ്രജ്ഞ, കുലം, നല്ല ജ്ഞാനം, ദമം, പരാക്രമം, മിതമായ വാക്ക്‌, ശക്തിക്കൊത്ത ദാനം, ചെയ്തതിനുള്ള കൂറ്‌ എന്നിവയാണ് ആ ഗുണങ്ങള്‍. മുന്‍പറഞ്ഞ എല്ലാ ഗുണങ്ങളേയും ഒരേ ഒരു ഗുണം കൂടുതല്‍ പ്രശോഭിപ്പിക്കും. അവന്‍ രാജാവിനാല്‍ പ്രശംസിക്കപ്പെടുകയും കൂടിയായാല്‍ അവനിലുള്ള എല്ലാ ഗുണങ്ങള്‍ക്കും തേജസ്സു വര്‍ദ്ധിക്കും. നിത്യവും കുളിക്കുന്നവനില്‍ പത്തു ഗുണങ്ങള്‍ തെളിയും. ബലം, രൂപം, സ്വരവര്‍ണ്ണാദിശുദ്ധി, സ്പര്‍ശം, ഗന്ധം, ശുദ്ധത, ലക്ഷ്മി, ലാവണ്യം, നല്ല നാരിമാര്‍ എന്നിവയാണ്‌ ആ പത്തു ഗുണങ്ങള്‍. മിതമായി ഭക്ഷിക്കുന്നവന് ആറു ഗുണങ്ങള്‍ ഉണ്ടാകും. ആരോഗ്യം, ആയുസ്സ്‌, കരുത്ത്‌, സഖ്യം, നല്ല സന്താനലാഭം, പെരുവയറന്‍ എന്ന ആക്ഷേപമില്ലായ്മ ഇവയൊക്കെയാണ്‌ ആ ആറു ഗുണങ്ങള്‍. വീട്ടില്‍ താമസിപ്പിക്കുവാന്‍ പറ്റാത്തവര്‍ ആരെന്നു പറയാം. പണിയെടുക്കുന്നതില്‍ ശീലമില്ലാത്തവന്‍, ബഹുഭോജി, ലോകര്‍ വെറുക്കുന്നവന്‍, ചതിയന്‍, ക്രൂരന്‍, ദേശകാലജ്ഞാനം ഇല്ലാത്തവന്‍, ആഭാസവേഷന്‍ എന്നിവരാണിവര്‍. താഴെപ്പറയുന്നവരോട്‌ യാതൊന്നും അഭ്യര്‍ത്ഥിക്കരുത്‌. ലുബ്ധന്‍, ശകാരിച്ചു കൊണ്ടിരിക്കുന്നവന്‍, മഹാമൂര്‍ഖന്‍, കാടന്‍, ധൂര്‍ത്തന്‍, മാന്യന്മാരെ മാനിക്കാത്തവന്‍, അലിവില്ലാത്തവന്‍, തന്റെ ശത്രു, ദുഃഖാര്‍ത്തന്‍, കൃതഘ്നന്‍ - ഈ കൂട്ടരോട്‌ ഏതു വിഷമാവസ്ഥയിലും ഒന്നും അഭ്യര്‍ത്ഥിക്കരുത്‌. അധികാരസ്ഥാനത്തു വെക്കാന്‍ പറ്റാത്തവര്‍ ആരെന്നു പറയാം: പണി നിശ്ചയിച്ചാല്‍ പിറുപിറുത്ത്‌ ചെയ്യുന്നവന്‍, പിഴച്ചു നടക്കുന്നവന്‍, എപ്പോഴും നുണ പറയുന്നവന്‍, ഭക്തി ഉറയ്ക്കാത്തവന്‍, സ്നേഹമില്ലാത്തവന്‍, വലിയ ദുരഭിമാനി - ഈ കൂട്ടരെ ഒന്നിലും പ്രവേശിപ്പിക്കരുത്‌. ദ്രവ്യം കൊണ്ടു സഹായവും സഹായം കൊണ്ടു ദ്രവ്യവും ഉണ്ടാകും. അവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അവ രണ്ടും ചേരാതെ രണ്ടും ലഭിക്കുന്നതല്ല. ഒരു ഗൃഹസ്ഥന്‍ പുത്രന്മാരെ ജനിപ്പിച്ച്‌ ആത്മീയമായ കടങ്ങള്‍ തീര്‍ക്കുകയും, അവര്‍ക്കു വേണ്ടുന്ന വൃത്തി നല്കുകയും, പെണ്‍മക്കളെ കെട്ടിച്ചു കൊടുത്ത്‌ സ്ഥാനത്താക്കുകയും ചെയ്തു കഴിഞ്ഞാല്‍ അവന്‍ പിന്നെ വനത്തില്‍ പോയി പാര്‍ത്ത്‌ മുനിവൃത്തിയെ അവലംബിക്കണം. എല്ലാവര്‍ക്കും തനിക്കും ഹിതവും, സുഖവുമായ വിധം കര്‍മ്മങ്ങള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ ചെയ്യണം. അതാണ്‌ സര്‍വ്വാര്‍ത്ഥ സിദ്ധിക്കു കാരണമായി ഭവിക്കുക. വൃത്തിനാശ ഭയം ഇല്ലാത്തവര്‍ ആരൊക്കെയെന്നു പറയാം: പ്രഭാവം, ബുദ്ധി, തേജസ്സ്‌, സത്വം, ഉത്സാഹം, പ്രയത്നം ഇവയെല്ലാം തികഞ്ഞവന് വൃത്തി നാശത്തില്‍ ഭയമുണ്ടാകയില്ല. ഹേ രാജാവേ, ഭവാ൯ ചിന്തിക്കുക. ഈ ഗുണങ്ങള്‍ ആരിലാണ്‌ ഉള്ളതെന്നു ചിന്തിക്കുക! പാര്‍ത്ഥന്മാരോട്‌ യുദ്ധത്തിന് ഒരുങ്ങുന്നത്‌ ദോഷം ചെയ്യും. പുത്രന്മാരുമായി വൈരം, എന്നും ഭയവും യശോനാശവും വരുത്തിക്കൂട്ടും. ശത്രുക്കള്‍ക്കു ചിരിക്കുന്നതിന് വഴിയും വെക്കും. ഭീഷ്മന്റേയും, ഭവാന്റേയും, ദ്രോണന്റേയും യുധിഷ്ഠിരന്റേയും കോപം ആകാശത്ത്‌ ഉദിച്ച്‌ വിലങ്ങടിച്ചു നിൽക്കുന്ന ധൂമകേതുക്കള്‍ പോലെയാണ്‌. ഈ നാല് ധൂമകേതുക്കളും കൂടി ഈ ലോകം മുഴുവന്‍ മുടിച്ചു വിടും. ഭവാന്റെ നൂറു പുത്രന്മാരും, കര്‍ണ്ണനും, പഞ്ചപാണ്ഡവന്മാരും ചേര്‍ന്ന്‌ ആഴി ചുഴുന്ന ഈ ഊഴിയൊക്കെയും സംരക്ഷിച്ച്‌ ഭരിച്ചു കൊള്ളട്ടെ! നൂറ്റുപേര്‍ വനമാണ്‌. പാണ്ഡവന്മാര്‍ വ്യാഘ്രങ്ങളാണ്‌. വ്യാഘ്രങ്ങളുള്ള കാട് വെട്ടി മുറിക്കരുത്‌. കാടു വെട്ടി വ്യാഘ്രങ്ങളെ ഓടിക്കരുത്‌. വ്യാഘ്രങ്ങളില്ലെങ്കില്‍ കാടില്ല. കാടില്ലെങ്കില്‍ വ്യാഘ്രങ്ങളുമില്ല. വ്യാഘ്രങ്ങള്‍ കാടിനെ രക്ഷിക്കും. കാട്‌ വ്യാഘ്രങ്ങളേയും രക്ഷിക്കും. ബോധമില്ലാത്ത കൂട്ടര്‍ അന്യന്റെ ഗുണത്തെപ്പറ്റി ചിന്തിക്കയില്ല. പാപികളുടെ മനസ്സ്‌ ഇരുളടഞ്ഞതാണ്‌. അതു കൊണ്ടാണ്‌ പരഗുണം കാണുന്നത്‌. വലുതായ അര്‍ത്ഥം ഇച്ഛിക്കുന്നവര്‍ ആദ്യമായി ധര്‍മ്മം അനുസരിക്കണം. ധര്‍മ്മം കൂടാതെയുള്ള അര്‍ത്ഥം അനുഭവിക്കയില്ല. സ്വര്‍ഗ്ഗം കൂടാതെ അമൃത്‌ എങ്ങനെ പാനം ചെയ്യുവാന്‍ ഒക്കും? ധര്‍മ്മം കൂടാതെ അര്‍ത്ഥം എങ്ങനെ അനുഭവിക്കുവാന്‍ ഒക്കും? പാപത്തില്‍ നിന്നു പിന്‍വാങ്ങി ചിത്തം പുണ്യത്തില്‍ നിറുത്തിയവന്‍ പ്രകൃതിയേയും വികൃതിയേയും നല്ല പോലെ ഗ്രഹിച്ച പണ്ഡിതനാകുന്നു. ധര്‍മ്മത്തേയും അര്‍ത്ഥത്തേയും കാമത്തേയും യഥാകാലം സേവിക്കുന്നവന് ധര്‍മ്മാര്‍ത്ഥ കാമയോഗത്തെ ഇഹത്തിലും പരത്തിലും നേടാം. ഉയര്‍ന്നു വരുന്ന ക്രോധഹര്‍ഷങ്ങളുടെ ശക്തി അടക്കി നിര്‍ത്തുവാന്‍ കഴിവുള്ളവന്‍ ആപത്തുകളില്‍ ഉഴലുകയില്ലെന്നു മാത്രമല്ല, "ശ്രീ"ക്ക്‌ പാത്രമാവുകയും ചെയ്യും. പുരുഷന്മാര്‍ക്ക്‌ അഞ്ചു വിധം ബലങ്ങളുള്ളതില്‍ ബാഹുബലം ഏറ്റവും താണതാണെന്നാണ്‌. എന്റെ അഭിപ്രായം. അമാത്യലാഭം രണ്ടാമത്തെ ബലമാണ്‌. മുന്നാമത്തെ ബലം വിത്തലാഭമാണെന്ന്‌ മനീഷികള്‍ പറയുന്നു. പിതൃപൈതാമഹമായ ആഭിജാത്യ ബലം നാലാമത്തേതാണ്‌. ഈ എല്ലാ ബലങ്ങളേയും താങ്ങി നിൽക്കുന്നതായി ഒരു ബലമുണ്ട്‌; അതാണ്‌ പ്രജ്ഞാബലം. അതു കൊണ്ട്‌ ഏറ്റവും ശ്രേഷ്ഠമായ ബലം, ശരിയായ ഒന്നാമത്തെ ബലം പ്രജ്ഞാബലമാണ്‌. ഭയങ്കരവും ഉഗ്രവുമായ അപകാരം ചെയ്യുവാന്‍ കരുത്തുള്ളവനായ ഒരുത്തനില്‍ വൈരമുണ്ടാക്കി വെച്ചതിന് ശേഷം ഞാന്‍ ദൂരത്താണ്‌ എന്നു വിചാരിച്ച്‌ ആശ്വാസം കൊള്ളരുത്‌; അത്‌ വിഡ്ഡിത്തമാണ്‌. പെണ്ണിലും, രാജാവിലും, പാമ്പിലും, ശത്രുവിലും, സുഖത്തിലും, ആയുസ്സിലും, ബുദ്ധിമാന്‍ വിശ്വാസം കൊള്ളുകയില്ല. പ്രജഞാശരം തറച്ച ജീവിക്ക്‌ പിന്നെ ചികിത്സകളില്ലാ, മരുന്നുമില്ല. ഹോമവും, മന്തവ്രും, മംഗള ക്രിയകളും, സിദ്ധരസങ്ങളും, വേദമന്ത്രങ്ങളും ഒന്നുമവനില്‍ ഫലിക്കുവാന്‍ പോകുന്നില്ല. സര്‍പ്പം, അഗ്നി, സിംഹം, കുലപുത്രന്‍ ഇവര്‍ ഹേ, ഭരതര്‍ഷഭാ! മനുഷ്യന് നിന്ദ്യരല്ല. ഇവര്‍ തേജസ്വികളാണ്‌. മഹാതേജസ്സായ അഗ്നി മരത്തില്‍ ഗുഢമായി സ്ഥിതി ചെയ്യുന്നുണ്ട്‌. അന്യന്‍ ഒന്ന്‌ എരിയിക്കയേ വേണ്ടു. അതില്ലെങ്കില്‍ ഏതു വിറകും കത്തുകയില്ല. മരം കടഞ്ഞാല്‍ അഗ്നിയുണ്ടാകും. ആ അഗ്നിയാല്‍ മരവും, കാടുമൊക്കെ കത്തി അമരുകയും ചെയ്യും. അപ്രകാരം കുലീന ജാതന്മാര്‍ അഗ്നി തേജസ്വികളാണ്‌. വിറകില്‍ അഗ്നിയെന്ന പോലെ യാതൊരു രൂപവും പുറത്തു കാണിക്കാതെ അവര്‍ അടങ്ങിയിരിക്കും. ഹേ രാജാവേ, സപുത്രനായ ഭവാന്‍ ലതയാണ്‌. പാണ്ഡവന്മാര്‍ മരങ്ങളാണ്‌. മരത്തില്‍ ചുറ്റാതെയുണ്ടോ വള്ളിക്കൂട്ടത്തിന് പടരാന്‍ കഴിയുന്നു? ഹേ അംബികേയാ, നിന്റെ പുത്രന്മാര്‍ കാടുകളാണ്‌. ആ കാട്ടിലെ സിംഹങ്ങളാണ്‌ പാര്‍ത്ഥന്മാരെന്ന്‌ ചിന്തിക്കൂ! സിംഹങ്ങളില്ലെങ്കില്‍ കാടു നശിക്കും. കാടില്ലെങ്കില്‍ സിംഹങ്ങള്‍ക്കും നാശമാണ്‌. 38. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: ഹേ, രാജാവേ, വൃദ്ധന്‍ അടുത്തു വരുമ്പോള്‍ യുവാവിന്റെ പ്രാണന്‍ ഉയര്‍ന്നു പൊങ്ങിപ്പോകുന്നു. എതിരേല്ക്കല്‍ അഭിവാദ്യം ചെയ്യല്‍ എന്നിവ കൊണ്ട്‌ അത്‌ തിരിച്ചെത്തുന്നു. അതു കൊണ്ട്‌ വൃദ്ധജനങ്ങളെ വന്ദിച്ച്‌ ഉപചരിക്കണം. ആഗതനായ സജ്ജനത്തിന് പീഠം നല്‍കുകയും, കാലുകള്‍ വെള്ളം കൊണ്ടു കഴുകിക്കുകയും, കുശലം ചോദിക്കുകയും, സ്വസ്ഥിതിയെ അറിയിക്കുകയും ചെയ്തതിന് ശേഷം തന്റെ മുമ്പില്‍ അവന് അന്നം സല്‍ക്കരിക്കുകയും ചെയ്യേണ്ടതാണ്‌. ധീരന്മാര്‍ അങ്ങനെയാണ്‌ പെരുമാറുക. ആരുടെ ഗൃഹത്തില്‍ ലോഭം, ഭയം, ലുബ്ധ്‌ ഇവയാല്‍ ജലവും മധുപര്‍ക്കവും, ഗോക്കളും, മന്ത്രജ്ഞന്മാര്‍ പ്രതിഗ്രഹിക്കുന്നില്ലെങ്കില്‍ (അതിന് അവസരം നല്‍കുന്നില്ലെങ്കില്‍) ആ ഗൃഹസ്ഥന്റെ ജീവിതം വൃര്‍ത്ഥം തന്നെ! ചികിത്സകന്‍, ശല്യങ്ങള്‍ ചെയ്യുന്നവന്‍, ബ്രഹ്മചര്യം നശിപ്പിച്ചവന്‍, കള്ളന്‍, ക്രൂരന്‍, മദ്യപന്‍, ഭ്രൂണഹന്താവ്‌, പട്ടാളക്കാരന്‍, വേദം വില്‍ക്കുന്നവന്‍ എന്നിവര്‍ പ്രിയാതിഥികളായി ഗൃഹത്തില്‍ വന്നാലും അവര്‍ അവന് പച്ചവെള്ളം പോലും കൊടുക്കരുത്‌. ഉപ്പ്‌, ചോറ്‌, പാല്‍, നെയ്യ്‌, തൈലം, തയിര്‍, തേന്‍, എള്ള്‌, മാംസം, ഫലം, മൂലം, ശര്‍ക്കര, ചീര, രക്തവസ്ത്രം, സുഗന്ധദ്രവ്യം ഇവയൊന്നും വീട്ടില്‍ വിലയ്ക്കു വിൽക്കുവാന്‍ പാടില്ല. ഗൃഹസ്ഥന്‍ വിൽക്കരുതാത്തവയാണ്‌ ഇവ. മണ്ണും പൊനും ഒന്നു പോലെ കരുതി, രോഷവും ശോകവും വെടിഞ്ഞ്‌, സ്നേഹ വൈരങ്ങളോടു കൂടാതെ നിന്ദാപ്രശംസികളിലും പ്രിയാപ്രിയങ്ങളിലും സമത്വത്തോടെ, ഒന്നിലും ആസക്തി കൂടാതെ ഉദാസീനനായി വര്‍ത്തിക്കുന്നവനാണ്‌ ഭിക്ഷുകന്‍. കാട്ടിലെ വരിനെല്ല്‌, ചീരയില, ഓടല്‍ക്കായ എന്നിവയാല്‍ വിശപ്പടക്കി നിയതാത്മാവായി അഗ്നികാര്യങ്ങള്‍ നിര്‍വ്വഹിച്ച്‌, അതിഥികളില്‍ അപ്രമത്തനായി, പാന്ഥരില്‍ ശ്രദ്ധയോടു കൂടി കാട്ടില്‍ പാര്‍ത്ത്‌ ഭാരങ്ങളെ വഹിക്കുന്ന പുണ്യവാനാണ്‌ താപസന്‍. ബുദ്ധിമാന്മാര്‍ക്ക്‌ ഉപദ്രവം ചെയ്ത്‌, താന്‍ ദൂരസ്ഥനാണെന്നു കരുതി, ആശ്വസിക്കരുത്‌. ധീമാന്റെ കൈ നീണ്ടതാണ്‌. അവന്‍ അതു കൊണ്ട്‌ ഹിംസിക്കും. അവിശ്വസ്തനെ വിശ്വസിക്കരുത്‌. വിശ്വസ്തനില്‍ അതിവിശ്വാസവും പാടില്ല. വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ഭയം ഉന്മൂലനാശം ചെയ്യും. ഈര്‍ഷ്യകൂടാതെ, പ്രിയം വദനായി, വേണ്ടവര്‍ക്കു പങ്കിട്ടു നല്കി, സ്വഭാര്യയെ പുറത്തേയയ്ക്കാതെ രക്ഷിച്ചു വാഴുന്നവന്‍ ഭംഗി പറയുന്ന പെണ്ണുങ്ങളുടെ വലയില്‍ കുടുങ്ങരുത്‌. പുണ്യകളും, മഹാഭാഗകളും, ഗൃഹദീപങ്ങളുമായ കുലസ്ത്രീകള്‍ പൂജനീയകളാണ്‌. ആ ഗൃഹലക്ഷ്മികളായ കുടുംബിനികളെ സവിശേഷം രക്ഷിക്കേണ്ടതാണ്‌. അച്ഛന് അന്തഃപുരവും, അമ്മയ്ക്ക്‌, അടുക്കളയും നല്കി തന്നെയെന്ന പോലെ ഗോക്കളേയും ഭക്ഷണാദികളാല്‍ സംരക്ഷിച്ചു ഗൃഹസ്ഥന്‍ താന്‍ തന്നെ കൃഷി ചെയ്യുവാന്‍ പോകണം. കച്ചവടം ഭ്യതൃന്മാരെ കൊണ്ടും ബ്രാഹ്മണപൂജ പുത്രന്മാരെ കൊണ്ടും ചെയ്യിക്കണം. തന്റെ മന്ത്രം (കാര്യാലോചന) ബാഹ്യമായും, ആഭ്യന്തരമായും വെളിപ്പെടുത്താതെ എല്ലായിടത്തും ദൃഷ്ടി പതിച്ചു വാഴുന്ന നൃപന്‍ ചിരകാലം ഐശ്വര്യം അനുഭവിക്കും? ചെയ്യുവാന്‍ പോകുന്നത്‌ ആരോടും പറയരുത്‌. ചെയ്തു കഴിഞ്ഞതേ അന്യര്‍ കാണാവൂ. ധര്‍മ്മാര്‍ത്ഥ കാമങ്ങളില്‍ മന്ത്രം ഒരിക്കലും പുറത്തു പോകരുത്‌. കുന്നിന്റെ മുകളില്‍ ചെന്നിരുന്നോ, മാളിക മുകളില്‍ കയറിയിരുന്നോ, പുല്‍മറവില്ലാത്ത വിജനമായ കാട്ടില്‍ ചെന്നിരുന്നോ മന്ത്രവിചാരം. ചെയ്യണം. സുഹൃത്ത് അല്ലാത്തവനേയോ, സുഹൃത്തായിരുന്നാലും അപണ്ഡിതനായവനേയോ, പണ്ഡിതനായാലും ധൈര്യമില്ലാത്തവനേയോ മന്ത്രം അറിയിക്കരുത്‌. അര്‍ത്ഥാശയും, മന്ത്രരക്ഷയും, മന്ത്രിയിലായതു കൊണ്ട്‌ നല്ല പോലെ പരീക്ഷണം കഴിഞ്ഞിട്ടേ നൃപന്‍ മന്ത്രിസ്ഥാനത്തില്‍ ആളെ നിയോഗിക്കാവൂ. ധര്‍മ്മാര്‍ത്ഥകാമങ്ങളില്‍ സദാസമയവും സഭാനടപടികള്‍ നോക്കിക്കൊണ്ടിരിക്കണം. മോഹത്താല്‍ നിന്ദ്യകര്‍മ്മം ചെയ്തു പോയാല്‍ അതിന്റെ വിപരീത പ്രവര്‍ത്തനത്താല്‍ ആ കര്‍ത്താവ്‌ ജീവിതത്തില്‍ നിന്നു തന്നെ ഭ്രംശിക്കുവാന്‍ ഇടവരും. പ്രശസ്തമായ കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌ ഏറ്റവും നല്ലതാണ്‌. അവ ചെയ്യാതിരുന്നാല്‍ തീച്ചര്‍യായും പശ്ചാത്താപത്തിന് ഇടവരും. ചാത്തം ഉണ്ണുവാൻ ഓത്തില്ലാത്ത ബ്രാഹ്മണന്‍ യോഗ്യനാവുകയില്ല. അതു പോലെ തന്നെ ഷാഡ് ഗുണ്യം (ഐശ്വര്യം, വീര്യം, വൈരാഗ്യം, വിജ്ഞാനം, ശ്രീ, യശസ്സ്‌ ഇവ ആറും) അറിയാത്തവന്‍ മന്ത്രം കേള്‍ക്കുവാന്‍, കാര്യാലോചന ചെയ്യുവാന്‍, അനര്‍ഹനാണ്‌. സ്ഥാനങ്ങളുടെ വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിച്ചും സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം എന്നീ ഷാഡ് ഗുണ്യജ്ഞാനം സമ്പാദിച്ചും, ശീലക്കേടു തീര്‍ന്നവന് ഭൂമി അധീനമാകും. ക്രോധമുണ്ടായാലും ഹര്‍ഷമുണ്ടായാലും അതു പാഴിലാകരുത്‌. എല്ലാ കൃത്യങ്ങളേയും താന്‍ തന്നെ നോക്കിക്കൊണ്ടിരിക്കണം. ഭണ്ഡാരത്തിന്റെ കാര്യം താന്‍ തന്നെ നോക്കണം. അങ്ങനെ വാഴുന്ന രാജാവിന് ഭൂമി എപ്പോഴും ധനം നല്കിക്കൊണ്ടിരിക്കും. രാജാവ്‌ എന്ന ബഹുമാന്യത കൊണ്ടും, രാജചിഹ്നമായ വെണ്‍കൊറ്റക്കുട മുതലായ ചിഹ്നങ്ങള്‍ കൊണ്ടും, രാജാവ് പ്രസാദിച്ചു വാഴണം. ധനമെല്ലാം ഭടന്മാര്‍ക്കും മറ്റുമായി നല്കണം. തനിക്കു വേണ്ടി താന്‍ ഒറ്റയ്ക്ക്‌ എല്ലാം ഏറ്റ്‌ നേടരുത്‌. ബ്രാഹ്മണനേ ശരിക്കും ബ്രാഹ്മണനെ അറിയൂ. ഭര്‍ത്താവിനെ ഭാര്യയും, അമാത്യനെ രാജാവും; രാജാവിനെ രാജാവുമാണ്‌ അറിയുക. ശത്രുവിന്റെ കയ്യില്‍ കുടുങ്ങി വദ്ധൃതയെ പ്രാപിച്ചാല്‍ മോചനത്തിന് വേണ്ടി ആ ശത്രുവിനെ താണുവണങ്ങി സേവിക്കണം. ബലം കയ്യിലാകുമ്പോള്‍ അവനെ വധിക്കാതെ വിടരുത്‌. അവനെ വെറുതെ വിട്ടയച്ചാല്‍ അടുത്ത് തന്നെ അവനില്‍ നിന്ന്‌ മഹാഭയം നേരിട്ടേക്കും. ദൈവതങ്ങളിലും, രാജാക്കളിലും, ദ്വിജന്മാരിലും, വൃദ്ധന്മാരിലും, ബാലന്മാരിലും, ആതുരന്മാരിലും, ക്രേധമുണ്ടായാല്‍ അത്‌ മനസ്സു കൊണ്ട്‌ അടക്കണം. മൂഢന്മാരെ സേവിച്ച്‌ നിരര്‍ത്ഥമായ കലഹം ബുദ്ധിമാന്മാര്‍ ഉണ്ടാക്കരുത്‌. എന്നാൽ പാരില്‍ പ്രസാദമുണ്ടാവുകയും, അനര്‍ത്ഥം ഒഴിയുകയും ചെയ്യും. പ്രസാദവും ക്രോധവും നിഷ്ഫലമായ രാജാവിനെ ലോകര്‍ ഭര്‍ത്താവായി കാംക്ഷിക്കുകയില്ല. ഷണ്ഡനെ സ്ത്രീകള്‍ ഭര്‍ത്താവായി കാംക്ഷിക്കുകയില്ലല്ലോ? ബുദ്ധിമാനു ധനം ഉണ്ടാകുന്നില്ല, മൂഢാത്മാവിന് ദാരിദ്ര്യവുമില്ല! ഈ ലോകഗതിയുടെ രഹസ്യം പ്രാജ്ഞനല്ലാതെ മറ്റ്‌ ആര്‌ അറിയുന്നു? വിദ്യാവൃദ്ധന്‍, വയോവൃദ്ധന്‍, ജഞാനവൃദ്ധന്‍, ധനവ്യദ്ധന്‍, കുലവൃദ്ധന്‍ എന്നീ വൃദ്ധന്മാരെ മൂഢന്മാര്‍ എപ്പോഴും അവമാനിക്കും; നിന്ദിച്ച്‌ സംസാരിക്കും. ദുര്‍ന്നടപ്പുകാരനായ മൂഢനേയും, അസൂയകനേയും, അധാര്‍മ്മികനേയും വാക് ദുഷ്ടനേയും, ക്രോധനനേയും ഉടനെ അനര്‍ത്ഥത്തില്‍ പെട്ടു കാണാം. അതിന് യാതൊരു തര്‍ക്കവുമില്ല. വഞ്ചനകൂടാതെ ദാനം, പറഞ്ഞ വാക്കിനുള്ള സമയനിഷ്ഠ, യഥോചിതമായ സദ്ഭാഷണം ഇവ ഏതു മനുഷ്യനേയും അധീനത്തിലാക്കും. ചതിയില്ലാത്തവനും, ദക്ഷനും, കൃതജ്ഞനും, ഋജുവും, ബുദ്ധിമാനുമായ രാജാവിന്റെ ഭണ്ഡാരം ശൂന്യമായാലും പരിവാരങ്ങള്‍ പിരിയുകയില്ല. ശമം, ധൃതി, ദമം, ശൗചം, കാരുണ്യം, മൃദുവാക്ക്‌, മിത്രങ്ങളെ ദ്രോഹിക്കാതിരിക്കുക ഈ ഏഴുകൂട്ടം കാര്യം ലക്ഷ്മിയെ ഉദ്ദീപിപ്പിക്കുന്നതാണ്‌. വിത്തത്തെ ആര്‍ക്കും യഥാശക്തി പങ്കിടാത്തവനും, ദുഷ്ടബുദ്ധിയും, കൃതഘ്നനും, ലജ്ജയില്ലാത്തവനുമായ രാജാവ്‌ നാട്ടില്‍ ഉപേക്ഷിക്കപ്പെടേണ്ടവനാണ്‌. പാമ്പുള്ള വീട്ടില്‍ ആരെങ്കിലും രാത്രിയില്‍ പോലും ഉറങ്ങുവാന്‍ വിചാരിക്കുമോ? എന്നാൽ ദുഷ്ടനായാലും അവനെ കൊണ്ട്‌ യോഗക്ഷേമത്തിന് ഹാനിപറ്റുമെന്ന്‌ കണ്ടാല്‍ അവനെ ദൈവതങ്ങളെ പോലെ എപ്പോഴും പ്രസാദിപ്പിക്കുകയും വേണം. സ്ത്രീകള്‍ക്കും, പ്രമത്തന്മാരായ പതിതന്മാര്‍ക്കും, അനാര്യന്മാര്‍ക്കും നല്കിയ ധനം തിരികെ കിട്ടുമെന്ന്‌ ആശിക്കേണ്ടാ. കിട്ടുകയില്ല. സ്ത്രീയുടേയോ, ധൂര്‍ത്തന്റേയോ, ബാലന്റേയോ കല്പനയ്ക്ക്‌ കീഴ്പെട്ട്‌ ജീവിക്കുന്നതായാല്‍ അവന്റെ കാര്യമൊക്കെ നദിയില്‍ കല്‍ത്തോണിയെന്ന പോലെ മുങ്ങിപ്പോകും. യാതൊരു സംശയവുമില്ല. ആധിക്യത്തെ വിട്ട്‌ കാര്യത്തിന്റെ പ്രയോജനത്തെ പ്രധാനമായി കരുതുന്നവനാണ്‌ പണ്ഡിതന്‍. ആധികൃമുണ്ടായാല്‍ കാര്യങ്ങള്‍ തട്ടിമുട്ടി കലമ്പുന്നതാണ്‌. ധൂര്‍ത്തന്മാരുടേയും, ചാരന്മാരുടേയും, കുലടകളുടേയും സ്തുതി കേട്ടു കൊണ്ട്‌ അതില്‍ തന്നെ രസിച്ചു ജീവിക്കുന്നവന്‍ വാസ്തവത്തില്‍ ജീവിക്കുന്നവനല്ല. രാജാവേ, ഭവാന്‍ എന്റെ ഹിതവാക്കുകള്‍ ഗ്രഹിച്ച്‌ നേര്‍വഴിക്കു ചെന്നാലും. ഓജസ്സേറിയ വില്ലാളി വീരന്മാരായ പാര്‍ത്ഥന്മാരെ ഉപേക്ഷിച്ച്‌, ഭാരതത്തിന്റെ മഹത്തായ ഐശ്വര്യത്തെ ദുര്യോധനനായി ഭവാന്‍ നല്കി. ഐശ്വര്യ മദത്താല്‍ മൂഢനായ ബലി ലോക ത്രയത്തില്‍ നിന്നു വീണു പോയത്‌ ഭവാന്‍ കേട്ടിട്ടില്ല? അതു പോലെ ദുര്യോധനന്‍ ഈ ഐശ്വര്യമൊക്കെ വിട്ട്‌ ഉടനെ അധഃപതിക്കുന്നത്‌ ഭവാനു കാണേണ്ടി വരും! 39. വിദുരഹിതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു; ഹേ, വിദുരാ, ഭവാഭവങ്ങള്‍ക്ക്‌, വരും വരായ്കകള്‍ക്ക്‌, ഒന്നും മനുഷ്യനല്ലല്ലോ കര്‍ത്താവ്‌. നൂല്‍കോര്‍ത്തു പിടിച്ച പെണ്‍മരപ്പാവ പോലെയാണ്‌ പുരുഷന്റെ സ്ഥിതി. ഞാനും ആ ധാതാവിന്റെ, വിധിയുടെ, അധീനത്തിലല്ലേ? വേറെ എന്താണ്, എനിക്ക്‌ വഴിയെന്നു പറയൂ! വിദുരന്‍ പറഞ്ഞു; ഹേ, ഭാരതാ! കാലത്തിന് പറ്റാത്ത വചനം ബൃഹസ്പതി തന്നെ പറഞ്ഞാലും അതില്‍ ബുദ്ധിമോശവും, തന്നിമിത്തം അവമാനവുമാണു വന്നു കൂടുക. ദാനം കൊണ്ടും പ്രിയവാക്കു കൊണ്ടുമാണ്‌ അന്യന്റെ പ്രിയനാവുക. മന്ത്രബലത്താലും മൂലബലത്താലും പ്രിയം ചെയ്യുന്നവനും അന്യന് പ്രിയനായി വരുന്നു. ദ്വേഷിക്കുന്നവന്‍ സാധുവോ, മേധാവിയോ, പണ്ഡിതനോ അല്ല. പ്രിയം ചെയ്യുന്നവനില്‍ പ്രിയകാര്യങ്ങളും വിദ്വേഷമുള്ളവനില്‍ പാപകാര്യങ്ങളും ചേരും. ദുര്യോധനനെ പ്രസവിച്ച അന്നു തന്നെ ആ കുട്ടിയെ പരിതൃജിക്കേണം എന്നു ഞാന്‍ പറയുക ഉണ്ടായില്ലേ? അവനെ കളഞ്ഞാല്‍ നൂറു മക്കള്‍ക്ക്‌ വൃദ്ധിയാണ്‌. അവനെ തൃജിക്കാഞ്ഞാല്‍ ആ ഒരു പുത്രനെ കൊണ്ട്‌ ഭവാന്റെ നൂറു മക്കള്‍ക്കും നാശം തന്നെ! ക്ഷയാവഹമായ വൃദ്ധിയെ വൃദ്ധിയായി ഗണിക്കരുത്‌. വൃദ്ധിയെ ഉണ്ടാക്കുന്ന ക്ഷയത്തെ അനാദരിക്കാന്‍ വയ്യാ. രാജാവേ, വൃദ്ധിയെ ഉണ്ടാക്കുന്ന ക്ഷയം ക്ഷയമല്ല. ബഹുനാശകമായ ലാഭമോ ക്ഷയമായി തന്നെ കണക്കാക്കുകയും വേണം. രാജാവേ, എന്ത്‌ ധാരാളമുണ്ടായാല്‍ നാശമുണ്ടാകുമോ അതാണ്‌ ക്ഷയമായിട്ടുള്ളത്‌. ലോകത്തില്‍ ചിലര്‍ ഗുണസമൃദ്ധന്മാരും ചിലര്‍ ധനസമൃദ്ധന്മാരുമായി വരാം. ഗുണഹീനരാണ് ധനവൃദ്ധരെങ്കില്‍ അവരെ ഉപേക്ഷിക്കുക തന്നെ വേണം. ധൃതരാഷ്ട്രന്‍ പറഞ്ഞു: ഭാവിയില്‍ ശ്രേയസ്സുണ്ടാകുവാന്‍ പ്രാജ്ഞന്മാര്‍ സമ്മതിക്കുന്ന വാക്കുകളാണ്‌ ഭവാന്‍ പറയുന്നത്‌. എന്നാൽ പുത്രനെ ഉപേക്ഷിക്കുവാന്‍ എനിക്ക്‌ വയ്യ! എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയം ഉണ്ടാകട്ടെ! അല്ലാതെ ഞാനെന്തു ചെയ്യും! വിദുരന്‍ പറഞ്ഞു: വലിയ ഗുണവാനും വിനയവാനും ആയ മഹാശയന്‍ ജീവികള്‍ക്ക്‌ ലഘുവായ ദോഷം പോലും ചെയ്യുന്ന പ്രവൃത്തിയെ പൊറുക്കുകയില്ല. പരാപവാദം പരത്തുകയും, പരന്മാര്‍ക്കു ദുഃഖം ഉണ്ടാക്കുകയും, പരന്മാര്‍ക്ക്‌ വിരോധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവനെ കാണുവാന്‍ കൂടി പാടില്ല. അത്തരക്കാരുമായി സഹവസിച്ചാല്‍ മഹത്തായ ഭയമാണ് ഉണ്ടാവുക. അവരുമായി കൊള്ളക്കൊടുക്കയും പാടില്ല. അവര്‍ക്കു പണം നല്കിയാല്‍ അതു ദോഷം ചെയ്യും. അവരോടു പണം വാങ്ങിയാല്‍ അതിലേറെ ദോഷമാണ്‌. മഹാഭയം ചെയ്യും. ശഠന്മാരും കാമികളും നിര്‍ലജ്ജന്മാരും ഭേദന ശീലന്മാരുമായ കുപ്രസിദ്ധ പാപികളോട് ഒരിക്കലും മിണ്ടാന്‍ കൂടി പാടില്ല. ഇപ്രകാരം ദോഷമുള്ളവരെ വര്‍ജ്ജിക്കണം. നീചനില്‍ സ്നേഹമുണ്ടായാല്‍ സുഖവും, പ്രീതിയും, ഫലനിവ്യത്തിയും നശിക്കും. ഫലസിദ്ധിയും സംസര്‍ഗ്ഗം കൊണ്ടുള്ള സുഖവും കെട്ടു പോകും. അപവാദം പറഞ്ഞു പരത്തുവാന്‍ തുനിയുകയും നശിപ്പിക്കുവാന്‍ നോക്കുകയും ചെയ്യും. അല്പമായ തെറ്റു പോലും അത്തരക്കാര്‍ പൊറുക്കുകയില്ല. അതില്‍ കലമ്പല്‍ കൂട്ടി ക്കൊണ്ടിരിക്കും. മനസ്സിന് അടക്കമില്ലാത്ത ക്രൂരന്മാരും നീചന്മാരുമായുള്ള സംസര്‍ഗ്ഗം ദോഷമാണെന്നു മനസ്സിലാക്കി വിദ്വാന്മാര്‍ അവരെ ദൂരെ തൃജിക്കണം. ദരിദ്രനും, ദീനനും, രോഗിയുമായ ജ്ഞാതികളെ എപ്പോഴും സഹായിച്ച്‌ അനുഗ്രഹിക്കണം. അങ്ങനെ ചെയ്യുന്നവന്‍ പുത്രധന സമൃദ്ധിയോടെ ശ്രേയസ്സു നേടും. ആത്മശുഭത്തെ ഇച്ഛിക്കുന്നവര്‍ ജ്ഞാതിവൃദ്ധിക്കായി ശ്രമിക്കേണ്ടതാണ്‌. അതില്‍ നിന്നാണ്‌ കുലം വൃദ്ധിപ്പെടുക. ജ്ഞാതി സല്‍ക്കാരം കൊണ്ടേ ശ്രേയസ്സ് ഉണ്ടാകുകയുള്ളൂ. ഗുണഹീനന്മാരായ ജ്ഞാതികള്‍ പോലും സംരക്ഷരാണ്‌. അങ്ങനെയിരിക്കെ ഗുണവാന്മാരും ഭവാന്റെ പ്രസാദത്തെ കാംക്ഷിക്കുന്നവരുമായ പാണ്ഡവന്മാരില്‍ ഭവാന്‍ എന്താണ്‌ പ്രസാദിക്കാത്തത്‌? അവര്‍ക്കു ജീവിക്കുവാന്‍ വേണ്ടി ചില ഗ്രാമങ്ങള്‍ നല്കുക! എന്നാൽ ലോകത്തില്‍ ഭവാന്റെ കീര്‍ത്തി പരക്കും. വൃദ്ധനായ ഭവാന്‍ പുത്രന്മാരെ ശാസിക്കണം. ഞാന്‍ ഭവാനോട്‌ ഹിതം പറയണം; ഭവാന്റെ ഹിതകാംക്ഷിയല്ലേ ഞാന്‍! നന്മ നിനയ്ക്കുന്നവന്‍ ദായാദികളെ ഉപേക്ഷിക്കരുത്‌. ഭവാന്‍ ദായാദികളുമായി സുഖിക്കുക! ഊണും, സല്ലാപവും തമ്മില്‍ ചേര്‍ന്നുള്ള രസങ്ങളുമായി നിങ്ങള്‍ ജീവിക്കണം. അല്ലാതെ ജഞാതികളുമായി വിരോധത്തോടെ ഇരിക്കരുത്‌. കരകയറ്റുന്നവരും മുക്കി വിടുന്നവരുമുണ്ട് ജ്ഞാതികളില്‍; സുവൃത്തന്മാര്‍ കരകയറ്റുകയും ദുർവ്വത്തന്മാര്‍ മുക്കിക്കളയുകയും ചെയ്യും. പഭവാന്‍ സുവൃത്തനായ ബന്ധുവാകണം. ഭവാന്‍ അവരോട്‌ ചേര്‍ന്നു നിന്നാല്‍ ശത്രുക്കള്‍ക്ക്‌ അധൃഷ്യനായി ഭവിക്കും. ജഞാതികളില്‍ ഇണങ്ങി നിന്നാല്‍ ഭവാന്‍ ശ്രീമാനായി ഭവിക്കും. പിണങ്ങി നിന്നാല്‍ ജ്ഞാതികള്‍ ദുഃഖിക്കുകയും വിഷം പുരട്ടിയ വ്യാധബാണങ്ങള്‍ ഏറ്റ മാനിനെ പോലെ കുഴങ്ങുകയും ചെയ്യും. ഭവാന് പശ്ചാത്താപത്തിന് ഇടവരും. ഭവാന്റെ പുത്രന്മാരോ പാണ്ഡുവിന്റെ പുത്രന്മാരോ ഹതരായി എന്നു കേട്ടാല്‍ ഭവാനുണ്ടാകുന്ന അനുഭവം എന്താണ്‌? ഒന്നു ചിന്തിച്ചു നോക്കുക! കാട്ടില്‍ കേറിയാല്‍ പിന്നെ ദഹിക്കലാണ്‌. മരിച്ചുവോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ്‌ എന്തിന് ചിതയില്‍ കയറ്റുന്നു? അങ്ങനെ ചെയ്തു പരിതപിക്കുന്നതിനേക്കാള്‍ നല്ലത്‌ അതിന് ഒരുങ്ങാതിരിക്കുകയല്ലേ? ഭവാന് രക്ഷയ്ക്ക്‌ ഇനിയും വഴിയുണ്ട്‌. അനീതി ചെയ്യാത്ത ഒരാള്‍ ശുക്രന്‍ മാത്രമാണ്‌. മറ്റുള്ളവരൊക്കെ അനീതി ചെയ്തിട്ടുള്ളവരാണ്‌. മേലാല്‍ വേണ്ടതിനെ പറ്റിയുള്ള ചിന്ത ബുദ്ധിമാന്മാരിലേ ഉണ്ടാകൂ. ദുര്യോധനന്‍ പണ്ട്‌ പാണ്ഡവന്മാരില്‍ പാതകം ചെയ്തിട്ടുണ്ടെങ്കിലും കുലവൃദ്ധനായ ഭവാന്‍ അതൊക്കെ നേരെ ആക്കേണ്ടതാണ്‌. സ്ഥാനത്തില്‍ അവരെ വാഴിക്കുക! ലോകത്തില്‍ പാപഹീനനായി മനീഷികള്‍ക്കു പൂജ്യനായി ഭവാന്‍ ഭവിച്ചാലും! ധീരന്മാര്‍ പറയുന്ന നല്ല വാക്കുകള്‍ ഫലത്തില്‍ കണ്ടറിഞ്ഞ്‌ കാര്യങ്ങളില്‍ ഉദ്യമിക്കുന്നവന്‍ വളരെക്കാലം കീര്‍ത്തിമാനായി പരിലസിക്കും. മഹാകുശലന്മാര്‍ ഉപദേശിച്ച തത്വങ്ങള്‍ പോലും വഴി പോലെ ചെയ്തില്ലെങ്കില്‍ നന്നായി എന്നു വരികയില്ല. ഗ്രാഹൃങ്ങളെ ഗ്രഹിക്കാഞ്ഞാലും ഗ്രഹിച്ചാല്‍ അവ അനുഷ്ഠിക്കാഞ്ഞാലും വിദ്വാന്‍ പാപമാണ്‌ ഫലം. കര്‍മ്മം ചെയ്തില്ലെങ്കില്‍ പാപം വായ്ക്കും. മുമ്പെ ചെയ്ത കുറ്റത്തെ ആലോചിക്കാതെ പിന്‍തുടര്‍ന്നാല്‍ ആ ദുരാശയന്‍ വിഷമവും അഗാധവുമായ ചളിക്കുണ്ടില്‍ പതിക്കുന്നതാണ്‌. മദം, നിദ്ര, ഗ്രഹിക്കായ്ക, തന്നില്‍ ഉണ്ടാകുന്ന വികാരം, ദുഷ്ടമന്ത്രിമാരിലുള്ള വിശ്വാസം, മൂഢന്മാരായ ദൂതന്മാരുടെ പ്രയോഗങ്ങള്‍ ഈ ആറ്‌ മാര്‍ഗ്ഗങ്ങളേയും നല്ല പോലെ മനസ്സിലാക്കി, മനസ്സില്‍ മറച്ചു വെച്ച്‌ ത്രിവര്‍ഗ്ഗത്തെ നടത്തുന്ന രാജാവ്‌ ശത്രുക്കളെ ജയിക്കുന്നതാണ്‌. വേദജ്ഞാനമോ വൃദ്ധസേവയോ കൂടാതെ ധര്‍മ്മാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുവാന്‍ ബൃഹസ്പതി തുല്യന്മാര്‍ക്കു പോലും കഴിയുകയില്ല. സമുദ്രത്തില്‍ വീണു മുങ്ങി പോയതു നഷ്ടപ്പെട്ടതു തന്നെ. ഗുരുമുഖത്തില്‍ നിന്നു കേള്‍ക്കാന്‍ കഴിയാതെ പോയതും നഷ്ടപ്പെട്ടതു തന്നെ! മൂഢന്മാരുടെ ചെവിയില്‍ ഉപദേശിക്കുന്ന ശാസ്ത്രവും നഷ്ടം തന്നെ! കെട്ട അഗ്നിക്ക്‌ മീതെ ഹോമിക്കുന്ന ഹവ്യവും നഷ്ടം തന്നെ! ആത്മാവ്‌ കെട്ടവനില്‍ വേദോപദേശം കൊണ്ട്‌ എന്തു കാര്യം ? ഒരുവന്‍ മൈത്രിയെ കൈക്കൊള്ളണം എങ്കില്‍, യുക്തി കൊണ്ട്‌ ചിന്തിക്കുകയും, ബുദ്ധി കൊണ്ട്‌ നിശ്ചയിക്കുകയും, മറ്റുള്ളവരില്‍ നിന്ന്‌ ചോദിച്ചറിയുകയും, താന്‍ തന്നെ കാണുകയും, പ്രാജ്ഞരില്‍ നിന്ന്‌ വിണ്ടും അറിയുകയും വേണം. അങ്ങനെ ശരിയായി പരീക്ഷിച്ചിട്ടേ ബന്ധുക്കളെ തിരഞ്ഞെടുക്കാവൂ. അകീര്‍ത്തിയെ വിനയം നശിപ്പിക്കും, അനര്‍ത്ഥത്തെ വീര്യം നശിപ്പിക്കും, ക്രോധത്തെ ക്ഷമ നശപ്പിക്കും, ആചാരം അശുഭത്തേയും നശിപ്പിക്കും. ഒരു കുലത്തെ പരീക്ഷിച്ചറിയേണ്ടത്‌ പരിജനം, ജന്മഭൂമി, ഗൃഹം, തൊഴില്‍, ഭക്ഷണം, ഉടുപ്പ്‌ ഇവയൊക്കെ നോക്കിയിട്ടാണ്‌, കുലത്തിന്റെ മഹിമ ഇവയില്‍ നിന്നു ഗ്രഹിക്കാം. അടുത്തു വന്ന കാമത്തിന് ഒരിക്കലും എതിര്‍വാക്കു പറയരുത്‌. ദേഹം കൈവിട്ട ത്യാഗിക്കു പോലും അതു രസിക്കുന്നതല്ല. പിന്നെയുണ്ടോ കാമനിരതന്‍ അടങ്ങുന്നു! സന്ദര്‍ഭം നോക്കി സംസാരിക്കാത്തവന്‍ അപകടത്തില്‍ പെടും. പാലിക്കേണ്ടവര്‍ ആരൊക്കെയാണെന്നു പറയാം. ബുദ്ധിമാന്‍, വിദ്വാന്‍ , സജ്ജനദര്‍ശനന്‍, ധര്‍മ്മിഷ്ഠന്‍, ഇഷ്ടം ചെയ്യുന്നവന്‍, പ്രിയം പറയുന്നവന്‍ ഇങ്ങനെയുള്ള സുഹൃത്തിനെ എപ്പോഴും രക്ഷിക്കേണ്ടതാണ്‌. മര്യാദ തെറ്റിക്കാതെ നടക്കുന്ന ഒരുവന്‍ ദുഷ്കുലത്തില്‍ ജനിച്ചവനായാലും അവനെ കുലീനനായി തന്നെ കണക്കാക്കണം. മൃദുവും ഹ്രീമാനും ധാര്‍മ്മികനുമായവന്‍ നൂറു കുലീനന്മാരേക്കാള്‍ ശ്രേഷ്ഠതരനാണ്‌. ചിത്തവും കര്‍മ്മവും ബുദ്ധിയും ആനന്ദവും തമ്മിലുള്ള മ്രൈത്രി ഒരിക്കലും ക്ഷയിക്കുകയില്ല. അകൃതാത്മാവും ദുര്‍ബുദ്ധിയുമായി, പുല്ലു മൂടിക്കിടക്കുന്ന കിണറു പോലെയുള്ള ഖലനോട്‌ ബുദ്ധിമാന്‍ ഇടപെടരുത്‌. അത്‌ ആപത്തു വരുത്തി വെക്കും. ഗര്‍വ്വിഷ്ഠന്മാര്‍, മൂര്‍ഖന്മാര്‍, രൗദ്രന്മാര്‍, സാഹസികന്മാര്‍, ധര്‍മ്മഹീനന്മാര്‍ എന്നിവരോട്‌ വിദ്വാന് മൈത്രി പാടില്ല. കൃതജ്ഞനും, ധാര്‍മ്മികനും, സത്യവാദിയും, അക്ഷുദ്രനും, ദൃഢഭക്തിയുള്ളവനും, നിൽക്കേണ്ടിടത്തു നിൽക്കുന്നവനും, ജിതേന്ദ്രിയനും, നില നിന്ന സ്നേഹമുള്ളവനും ആണ്‌ ശരിയായ മിത്രം. വിഷയങ്ങളില്‍ നിന്ന്‌ വിട്ടു പിരിയുക എന്നത്‌ മൃത്യുവില്‍ നിന്ന്‌ വിട്ടു പിരിയുന്നതിനേക്കാള്‍ പ്രയാസമായ കാര്യമാണ്‌. എല്ലാം തൃജിക്കുക എന്നത്‌ ദേവന്മാരെ പോലും വിഷമത്തിലാക്കും. എല്ലാ ഭൂതങ്ങളിലും മൃദുത്വവും, അനസൂയയും, ക്ഷമയും, ധൃതിയും മിത്രസല്‍ക്കാരവും ഉള്ളവന്‍ ദീര്‍ഘായുഷ്മാനാകും. നീതിയാൽ നേടിയ ധനം അന്യായത്താല്‍ നഷ്ടമായാല്‍ അത്‌ സുനയത്താല്‍ വീണ്ടെടുക്കുന്നതിന് ദൃഢമായി മനസ്സു ചെലുത്തുന്നത്‌ സല്‍പുരുഷന്മാരുടെ വ്രതമാണ്‌. വരുവാന്‍ പോകുന്നതില്‍ മറുകൈ കണ്ടവനും വര്‍ത്തമാന സ്ഥിതി അറിഞ്ഞു ചെയ്യുന്നവനും കഴിഞ്ഞു പോയ കാര്യങ്ങളില്‍ അനുഭവജ്ഞാനം ഉള്ളവനുമായ പുരുഷന് അര്‍ത്ഥനാശങ്ങൾ ഒന്നും വരികയില്ല. മനസ്സ്‌, കര്‍മ്മം, വാക്ക്‌ എന്നിവയാല്‍ നിത്യം എന്തിനെ സേവിക്കുന്നുവോ, അത്‌ അവനെ വേണ്ട വഴിക്കു കൊണ്ടു പോകുന്നതാണ്‌, അതു കൊണ്ട്‌ എപ്പോഴുംശുഭത്തെ സേവിക്കുക. മംഗള സ്പര്‍ശനം സദാ സജ്ജനദര്‍ശനം, മംഗളയോഗം, പഠിപ്പ്‌, ഉദ്യമം, ആര്‍ജ്ജവം സജ്ജനങ്ങളുടെസമ്മേളനം എന്നിവ ഐശ്വര്യത്തെ ഉണ്ടാക്കുന്നതാണ്‌. വെറുപ്പില്ലായ്മയാണ്‌, ശ്രീയുടെ മൂലം. നിര്‍വ്വേദം കൊള്ളാതെ (വെറുക്കാതെ) ഇരിക്കുന്നവന്‍ മഹത്തായ ലാഭവും ശുഭമായ കാര്യവും നേടി സുഖമായി ജീവിക്കും. പ്രഭുത്വമുള്ളവര്‍ ക്ഷമിക്കുക എന്നതില്‍പ്പരം പര്‍ത്ഥ്യമായും ഐശ്വര്യകരമായും മറ്റൊനും തന്നെ ലോകത്തിലില്ല. അശക്തന്‍, എപ്പോഴും ക്ഷമിക്കട്ടെ! ധര്‍മ്മമോര്‍ത്ത്‌ ശക്തനും സദാ ക്ഷമിക്കണം. അര്‍ത്ഥത്തിലും അനര്‍ത്ഥത്തിലും തുല്യ ഭാവനയുള്ളവനും ക്ഷമ തന്നെയാണ്‌ ഹിതം. ധര്‍മ്മാര്‍ത്ഥഹീനമല്ലാത്ത ഏതു സുഖത്തേയും യഥാകാമം ഉപസേവിക്കാം. അതില്‍ മൂഢസ്വഭാവം കൈക്കൊള്ളരുത്‌. ദുഃഖാര്‍ത്തന്മാര്‍, പ്രമത്തന്മാര്‍,. നാസ്തികന്മാര്‍, അലസന്മാര്‍, അദാന്തന്മാര്‍, ഉത്സാഹമില്ലാത്തവര്‍ എന്നിവരില്‍ ശ്രീ ഉണ്ടാവുകയില്ല. ആര്‍ജ്ജവമുള്ള മനുഷ്യന്‍ ആര്‍ജ്ജവം കൊണ്ട്‌ ഒതുങ്ങി വാഴുമ്പോള്‍ അവനെ അശക്തനെന്നു പറഞ്ഞ്‌ കുബുദ്ധികള്‍ ഹസിക്കുന്നു. ആഢ്യത്വത്തില്‍ അതിരു കടന്നവന്‍, അതിദാതാവ്‌, അതിശൂരന്‍, അതിവ്രതന്‍, അതിപ്രജ്ഞാഭിമാനി ഇത്തരം അതിരുകടന്ന് അഭിമാനിക്കുന്ന കൂട്ടരില്‍ ശ്രീ ഭയപ്പെട്ട്‌ അടുക്കുന്നതല്ല. ഈ അതിഗുണവാന്മാരെ പോലെ തന്നെയാണ്‌ അതിഗുണഹീനന്മാരും. അതിഗുണങ്ങളെ ശ്രീ കാമിക്കുന്നതല്ല. ഗുണഹീനതയോട്‌ ശ്രീ ഇണങ്ങുകയുമില്ല. ഇത്തരക്കാരെ കണ്ടാല്‍ ശ്രീ ഒരിടത്തു നിൽക്കാതെ വിരണ്ട പശുവിനെ പോലെ പേടിച്ച്‌ അന്ധയായി ഓടിക്കളയുന്നു. അഗ്നിഹോത്രഫലം വേദത്തില്‍ നിന്നും, ശീലവൃത്ത ഫലം വിദ്യയില്‍ നിന്നും, രതിപുത്രഫലം നാരിയില്‍ നിന്നും, ദത്തഭുക്തഫലം ധനത്തില്‍ നിന്നും നേടുന്നു. അധര്‍മ്മത്താല്‍ നേടിയ അര്‍ത്ഥം കൊണ്ട്‌ പരലോക സാധകമായ യജഞദാനങ്ങള്‍ ചെയ്യുന്നവന്‍ അതിന്റെ ഫലം നേടുന്നതല്ല. കാന്താരത്തിലോ വനദുര്‍ഗ്ഗത്തിലോ, കഷ്ടമായ ആപത്തുകള്‍, സംഭ്രമം എന്നിവയിലോ, ശസ്ത്ര പ്രഹാരാദികളിലോ ധീരന്‍ ഭയപ്പെടുകയില്ല. ഉത്സാഹം, സംയമം, ദാക്ഷ്യം, അപ്രമാദം, ധൃതി, സ്മൃതി, വഴി പോലെ നോക്കി കാര്യങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയാണ്‌ ഐശ്വരൃത്തിന്റെ മൂലം. താപസന്മാര്‍ക്ക്‌ ബലം തപസ്സാണ്‌. ബ്രാഹ്മണര്‍ക്ക്‌ ബലം വേദമാണ്‌. ദുര്‍ജ്ജനത്തിന് ഹിംസയാണ്‌ ബലം. ഗുണവാന്മാര്‍ക്ക്‌ ബലം ക്ഷമയാണ്‌. വ്രതം മുടങ്ങാതിരിക്കുവാന്‍ എട്ടെണ്ണമുണ്ട്‌. കായ, കിഴങ്ങ്‌, വെള്ളം, പാല്‍, ഹവിസ്സ്‌, ബ്രാഹ്മണസേവ, ഗുരുവചനം, ഔഷധം എന്നിവയാണ്‌ അവ. തനിക്ക്‌ അപ്രിയമായത്‌ എന്തോ അവയൊന്നും മറ്റൊരുത്തനില്‍ ചെയ്യരുത്‌. അടക്കം കൊണ്ട്‌ ധര്‍മ്മമുണ്ടാകുന്നു. കാമം കൊണ്ട്‌ അധര്‍മ്മമുണ്ടാകുന്നു. ക്രോധവാനെ അക്രോധം കൊണ്ടും, അസാധുവിനെ സാധുത്വം കൊണ്ടും, ലുബ്ധനെ ദാനം കൊണ്ടും, അസത്യവാനെ സത്യം കൊണ്ടും ജയിക്കണം. സ്ത്രീ, വിടന്‍, മടിയന്‍, ഭീരു, ക്രൂരന്‍, നാസ്തികന്‍, പൗരുഷത്തില്‍ ഗര്‍വ്വിക്കുന്നവന്‍, കൃതഘ്നന്‍, കള്ളന്‍ ഈ പറഞ്ഞവരെ ഒരിക്കലും വിശ്വസിച്ചു പോകരുത്‌. നിത്യവും വണങ്ങി വൃദ്ധരെ സേവിക്കുന്നവര്‍ക്ക്‌ കീര്‍ത്തി, യശസ്സ്‌, ആയുസ്സ്‌, ശക്തി എന്നീ നാലും വളരുന്നതാണ്‌. വളരെ കഷ്ടപ്പെട്ട്‌ സമ്പാദിച്ച ധനം, ധര്‍മ്മം തെറ്റിച്ച്‌ സമ്പാദിച്ച ധനം, ശത്രുവിനെ നമസ്‌കരിച്ച്‌ കിട്ടുന്ന ധനം, ഈ പറഞ്ഞ ധനങ്ങളില്‍ ഒരിക്കലും കൊതി വെക്കരുത്‌. വിദ്യയില്ലാത്ത പുരഷന്‍ ശോച്യനാണ്‌. സന്താന ലാഭത്തിന് പറ്റാത്ത ഭാര്യയുമായുള്ള മൈഥുനം ശോച്യമാണ്‌. ഭക്ഷണം ലഭിക്കാത്ത നാട്ടിലെ പ്രജകള്‍ ശോച്യരാണ്‌. രാജാവില്ലാത്ത രാജ്യവും ശോച്യമാണ്‌. ദേഹികള്‍ക്ക്‌ ജര വഴിയാണ്‌, മലകള്‍ക്ക്‌ ജര ജലമാണ്‌. സ്ത്രീകള്‍ക്ക്‌ സംഭോഗമില്ലായ്മയാണ്‌ ജര. മനസ്സിന് ജര വാക് ശല്യമാണ്‌. വേദങ്ങള്‍ക്ക്‌ അനഭ്യാസമാണ്‌ മലം, ബ്രാഹ്മണര്‍ക്ക്‌ അവ്രതമാണ്‌ മലം, ഊഴിക്ക്‌ ബാല്‍ഹീകരാണ്‌ മലം, പുരുഷന്ന്‌ അന്യതമാണ്‌ മലം, സാധ്വിക്കു കൗതൂഹമാണ്‌ മലം, സ്ത്രീക്ക്‌ പ്രവാസമാണ്‌ മലം, സ്വര്‍ണ്ണത്തിന് വെള്ളിയാണ്‌ മലം, വെള്ളിക്കു പിച്ചളയാണ്‌ മലം, പിച്ചളയ്ക്ക്‌ ഈയമാണ്‌ മലം, ഈയത്തിന് കറയാണ്‌ മലം. നിദ്രയെ ഉറങ്ങി ജയിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. കാമ സംഭോഗം കൊണ്ട്‌ സ്ത്രീയെ ജയിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. വിറകു കൊണ്ട്‌ അഗ്നിയെ ജയിക്കുവാന്‍ സാദ്ധ്യമല്ല. കുടി കൊണ്ട്‌ മദ്യത്തെ ജയിക്കുവാന്‍ സാദ്ധ്യമല്ല. ദാനത്താല്‍ മിത്രത്തെ ജയിച്ചവനും, യുദ്ധത്താല്‍ ശത്രുവിനെ ജയിച്ചവനും, അന്നപാനങ്ങളാല്‍ ദാരങ്ങളെ ജയിച്ചവനും, ജന്മസാഫല്യത്തെ പ്രാപിച്ചവരാണ്‌. ഹേ, ധൃതരാഷ്ട്ര, കൊറ്റിനില്ലാതെ ലോകത്തില്‍ ആരും കഷ്ടപ്പെടേണ്ടി വരുമെന്ന്‌ ഭയപ്പെടേണ്ട. ആയിരം വയസ്സുള്ളവരും നൂറു വയസ്സുള്ളവരും ഇന്നും ജീവിച്ചിരിപ്പുണ്ട്‌. അതുകൊണ്ട്‌ ഭവാന്‍ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക. ലോകത്തിലുള്ള നെല്ല്‌, യവം, സ്വര്‍ണ്ണം, സ്ത്രീകള്‍, പശുക്കള്‍ ഇതെല്ലാം ഒരാള്‍ക്കു ലഭിച്ചാല്‍പ്പോലും അയാള്‍ക്ക്‌ മതിയാകയില്ല. ഈ യാഥാര്‍ത്ഥ്യം നല്ല പോലെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും അവയില്‍ ഭ്രമിക്കുമോ? ഹേ, ധൃതരാഷ്ട്രാ! ഞാന്‍ വീണ്ടും പറയുന്നു: ഭവാന്‍ മക്കളിൽ എല്ലാവരിലും സമഭാവനയോടെ പെരുമാറുക. പാണ്ഡവന്മാരിലും പുത്രന്മാരിലും ഭവാന്‍ തുല്യമായ നില പുലര്‍ത്തുക.

No comments: