BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, October 12, 2025
ഗായത്രി.
ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന വൈദികമന്ത്രമാണ് ഗായത്രീമന്ത്രം.
ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം.
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ് വിശ്വാസം.
സവിതാവിനോടുള്ള പ്രാർത്ഥനയാണ് ഈ മന്ത്രം. സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും മനസ്സിനേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം.
സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു.
ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
പദാനുപദ വിവരണം
ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂഃ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ സൂര്യന്റെ
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി എന്ന് അന്വയം
മാഹാത്മ്യം
വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ് ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്.
ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.
മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.
ഭാവാർത്ഥം
സർവവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.
ശബ്ദാർത്ഥവിവരണം
പ്രണവം
ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.
ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർ വ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:-
സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണമാസ്തിതോ യോഗധാരണാംഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം
വ്യാഹൃതികൾ
ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.
ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.
സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.
മന്ത്രം
തത് - അത് / ആ
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.
വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.
ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്
ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.
ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.
ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.
ജപം
ഗായത്രി ചൊല്ലാനുള്ള അഭ്യാസം ബ്രാഹ്മണർക്ക് നിർബന്ധിതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും ഗായത്രി ജപിക്കണം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം.
മന്ത്രാധികാരി
ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായ ഗായത്രീമന്ത്രം സാർവലൗകികമായ ഒരു പ്രാർഥനയാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകർക്ക് വേദത്രയം അദ്ധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.
മന്ത്രഫലം
നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.
( തന്ത്രി പുതുമന തെക്കേടം പറഞ്ഞ് തന്ന് പി എസ് എൻ എഴുതി എടുത്തത് വെട്ടുതിരുത്തില്ല )
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Subscribe to:
Post Comments (Atom)
No comments:
Post a Comment