BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, October 17, 2025
ഈ ദ്ര്‌ശ്യപ്രപഞ്ചം മുഴുവനും, ജാഗ്രത്തായി പ്രകാശിച്ച്‍ ദ്ര്‌ഷ്ടമാകുന്ന ജഗത്‍ മുഴുവനും, ഏകവും അദ്വയവുമായ ആ പരമപുരുഷന്റെ ഒരു പാദം മാത്രമാണ്. ഒരു പാദം എന്ന്‍ പറഞ്ഞാല്‍ നടക്കാനുപയോഗിയ്ക്കുന്ന കാല് എന്ന അര്‍ഥമല്ല. ഒന്നിന്റെ നാലിലൊന്ന്‍ എന്ന്‍ അര്‍ഥം. ആദ്യത്തെ പാദം അടുത്ത പാദത്തില്‍ ലയിയ്ക്കുന്നതുകൊണ്ട്‍ പാദം. ഒരു പാദം മാത്രമാണ്, കാല്‍ ഭാഗം മാത്രമാണ്, കാലംശം മാത്രമാണ്. ഉപനിഷത്തില്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്‍ :-
ജാഗിരതസ്ഥാനോ ബഹിഷ്‍പ്രജ്ഞ,
സപ്താങ്‍ഗ ഏകോന വിംശതി മുഖ:
സ്ഥൂലഭുക് വൈശ്വാനര പ്രഥമപാദ:
മാണ്ഡൂക്യ ഉപനിഷത്‍ മന്ത്രം 3.
ആ പരമപുരുഷന്റെ, ആ പരബ്രഹ്മത്തിന്റെ നാല് പാദങ്ങളില്‍ ഒന്നുമാത്രമാണ് ഇക്കാണുന ജാഗ്രത്‍. ജഗത്തിലെ സകലതിനേയും, ആ പുരുഷന്‍, തന്റെ പ്രജ്ഞയെ ബാഹ്യമാക്കിക്കൊണ്ട്‍, അനുഭവിയ്ക്കുന്നു. അത്‍ ഏഴ്‍ അങ്‍ഗങ്ങളോട് കൂടിയതും പത്തൊമ്പത്‍ മുഖ(വായ)ത്തോടുകൂടിയതുമാണ്. ബ്രഹ്മത്തിന്റെ ആ പ്രഥമപാദത്തെ വൈശ്വാനരന്‍ എന്ന്‍ പേരിട്ട്‍ വിളിയ്ക്കുന്നു.
ജാഗ്രത്‍ ജഗത്തിലെ വിഷയങ്ങളെ അനുഭവിയ്ക്കണമെങ്കില്‍, പ്രജ്ഞ ബാഹ്യമായിരുന്നാല്‍ മാത്രമേ സാധ്യമാകൂ. എന്റെ പ്രജ്ഞ ബാഹ്യമാകാതിരുന്നാല്‍ ബാഹ്യപ്രപഞ്ചം ഇല്ല. പ്രകര്‍ഷേണ അറിയുന്ന അവസ്ഥ ബാഹ്യമായിരിയ്ക്കുമ്പോള്‍, പ്രജ്ഞയെ ബാഹ്യമാക്കുമ്പോള്‍ മാത്രമേ വിഷയാനുഭവം സാധ്യമാകു. അന്ത:പ്രജ്ഞന് വിഷയങ്ങള്‍ അനുഭവിയ്ക്കാന്‍ പറ്റില്ല. വിഷയ വിരക്തി ഉണ്ടാകുമ്പോഴാണ് പ്രജ്ഞ അന്ത:സ്ഥമാകുന്നത്‍. വ്യഷ്ടിയില്‍ ഇതിനെ വൈശ്വാനരന്‍ എന്നും സമഷ്ടിയില്‍ പ്രാജ്ഞന്‍ എന്നും പറയുന്നു.
ദ്ര്‌ശ്യ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സകലതും പരമേശ്വരന്റെതന്നെ സ്ഥൂലമായ രൂപമാണ്. എല്ലാം പരമേശ്വരന്‍ തന്നെ എന്ന്‍ ശ്രുത്യര്‍ഥം. അതുകൊണ്ട്‍ കാണപ്പെടുന്ന ഒന്നിനേയും നിന്ദിയ്ക്കരുത്‍. എന്തിനെയെങ്കിലും നിന്ദിയ്ക്കുന്നുവെങ്കില്‍ അത്‍ ഈശ്വര നിന്ദതന്നെ, അത്‍ എന്നെത്തന്നെ നിന്ദിയ്ക്കലാണ്. ഒരാള്‍ മറ്റൊരാളെ പോടാ പട്ടീ എന്ന്‍ വിളിയ്ക്കുന്നുവെങ്കില്‍ വിളിയ്ക്കുന്നവന്റെ രൂപം മറ്റേവനില്‍ കാണ്ടതുകൊണ്ടാണ് ആ വിളി വരുന്നത്. ആരെയാണോ വിളിയ്ക്കുന്നത്‍ അവനില്‍ വിളിയ്ക്കുന്നവന്റെ സ്വരൂപം വിളിയ്ക്കുന്നവന്‍ കാണുന്നു. ജഗത്തില്‍ കാണപ്പെടുന്ന എല്ലാറ്റിലും ഈശ്വരന്‍ ഉണ്ട്‍എന്നല്ല അറിയേണ്ടത്‍ മറിച്ച്‍ ജഗത്തിലെ സകലതും ഈശ്വരന്‍തന്നെയാണ് എന്നാണ് അറിയേണ്ടത്. ഈശാവാസ്യമിദം സര്‍വ്വം എന്ന ശ്രുതിവാക്യം ആ തലത്തിലേ അര്‍ഥവത്താകൂ. എല്ലാ വസ്തുവിലും ഈശ്വരന്‍ ഇരിയ്ക്കുന്നു എന്നു പറയുമ്പോള്‍ വസ്തുവില്‍ എവിടേയോ ഒരു മൂലയ്ക്ക്‍ ഈശ്വരന്‍ ഇരിയ്ക്കുന്നു എന്ന്‍ ധരിയ്ക്കാനിടയാവും, അപ്പോള്‍ മറ്റ്‍ ഭാഗങ്ങളില്‍ ഈശ്വര അഭാവം ഉള്ളതായി ഭാസിയ്ക്കും. അത് ഈശ്വര നിഷേധത്തിനുതന്നെ കാരണഭൂതമാകും. ബാഹ്യമായി ദ്ര്‌ഷ്ടമാകുന്നവ എല്ലാം വിഷയങ്ങളാണ്. ആ വിഷയങ്ങളെ പ്രകര്‍ഷേണ അറിയുന്ന പ്രക്രിയ, അതുതന്നെയാണ് ആ വിഷയങ്ങളെ അനുഭവിക്കല്‍. വിഷയാനുഭവമാണ് വിഷയ അറിവ്. അനുഭവിയ്ക്കാതെ അറിവില്ല. വിഷയജ്ഞാനം വിഷയാനുഭവത്തില്‍നിന്നേ സംജാതമാകൂ. അനുഭവത്തിന്റെ അഭാവത്തില്‍ കിട്ടുന്നതൊന്നും അറിവല്ല, വെറും സൂചനകള്‍ മാത്രം. സൂചനകളെല്ലാം അഹങ്കാരവര്‍ദ്ധകങ്ങള്‍ മാത്രം. അനുഭവിയ്ക്കുന്നതാരാണോ അതാണ് പരമേശ്വരന്റെ ജാഗ്രത്‍ സ്വരൂപം. അതിനെ വൈശ്വാനരന്‍ എന്ന്‍ പറയുന്നു.
ഇതുതന്നെ ഗീതയിലും ഭഗവാന്‍ പറയുന്നു.
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിത, പ്രാണാപാന സമായുക്താം പചാമ്യന്നം ചതുര്‍വിധം.
എല്ലാ പ്രാണികളുടേയും, എല്ലാ ജീവജാലങ്ങളുടേയും, ജീവനുള്ളതും ജീവനില്ലാത്തതുമായവയുടെയൊക്കെ ദേഹത്തെ ആശ്രയമാക്കിക്കൊണ്ട്‍ അവ ഭുജിയ്ക്കുന്നതിനെ, വൈശ്വാനര രൂപത്തില്‍ ഇരുന്നുകൊണ്ട്‍ ഞാന്‍ തന്നെയാണ് അനുഭവിയ്ക്കുന്നത്‍.
പ്രാണിനാം എന്ന ശബ്ദത്തിന് പ്രാണിയ്ക്കുന്നതും പ്രാണിയ്ക്കാത്തതും എന്ന വ്യാപക അര്‍ഥമാണ് ; പ്രാണന്‍ ഉള്ളതും ഇല്ലാത്തതുമായത്‍ മുഴുവനും എന്നുതന്നെ എടുക്കണം, കാരണം പരമേശ്വരന് തന്റെതന്നെ രചനയായതുകൊണ്ട്‍ കല്ലിലും മണ്ണിലും മരത്തിലും ജലത്തിലും ജീവികളിലും ഭേദഭാവന ഉണ്ടാവില്ലല്ലൊ.
ഈ ശ്ലോകം വളരെ വ്യാപകമായിട്ടാണ് ഗീതയില്‍ പ്രയോഗിച്ചിട്ടുള്ളത്. അത്‍ അങ്ങിനെയല്ലെങ്കില്‍ മണ്ണിലും വിണ്ണിലും ഒന്നും ഈശ്വരനില്ല എന്ന വ്യാഖ്യാനത്തിന് ആക്കംകൂട്ടും.
പരമേശ്വരന്‍ വന്ദനീയമായതുകൊണ്ട്‍, ആ പരമേശ്വനാല്‍ രചിയ്ക്കപ്പെട്ടിട്ടുള്ള നാമരൂപാത്മകമായി ഏതെല്ലാമുണ്ടോ അതെല്ലാം വന്ദനീയംതന്നെ. അങ്ങിനെ വരുമ്പോള്‍ കല്ലുകൊണ്ടോ ദാരുകൊണ്ടോ ലോഹംകൊണ്ടോ മറ്റെന്തെങ്കിലും പദാര്‍ഥത്തെക്കൊണ്ടോ ഉണ്ടാക്കിയ സാകാരരൂപം എന്തുതന്നെ പേരിട്ട്‍; ഭജിയ്ക്കുകയോ കീര്‍ത്തിയ്ക്കുകയോ ആരാധിയ്ക്കുകയോ പൂജിയ്ക്കുകയോ ഒക്കെ ചെയ്താലും, അതെല്ലാം സാധുതന്നെയാണ്. ജാഗ്രദധിഷ്ഠിതമായി ചെയ്യുന്ന ഈ കര്‍മ്മങ്ങളിലൂടെ മുന്നേറുമ്പോള്‍ മാനവന്‍ നിരാകാരമായ പരമേശ്വരന്റെ രണ്ടാമത്തെ പാദത്തെ അറിയാന്‍ തുടങ്ങുന്നു. ആദ്യപാദം രണ്ടാമത്തെ പാദത്തില്‍ വിലീനമാകുന്നു.
ആ ബ്രഹ്മത്തിന് ഏഴ്‍ അങ്‍ഗങ്ങളുണ്ടെന്ന്‍ പറയുന്നു. ജ്ഞാനേന്ദ്രിയം കര്‍മേന്ദ്രിയം പ്രാണന്‍ മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം, ഇതെല്ലാമാണ് ഏഴ്‍ അങ്‍ഗങ്ങള്‍. ഈ ഏഴ്‍ അങ്‍ഗങള്‍ക്കുംകൂടി ആഹരിയ്ക്കാനായി പത്തൊമ്പത്‍ മുഖ (വായ) ങ്ങളുണ്ട്‍. അഞ്ച്‍ ജ്ഞാനേന്ദ്രിയം അഞ്ച്‍ കര്‍മേന്ദ്രിയം അഞ്ച്‍ പ്രാണന്‍ മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം, ഇങ്ങനെ ഏകോനവിംശതിമുഖ - പത്തൊമ്പത്‍ മുഖങ്ങളുണ്ട്‍. മുഖം(വായ) എന്ന്‍ പറയുമ്പോള്‍ വിഷയങ്ങളെ അറിയാനും അനുഭവിയ്ക്കാനുമുള്ള സ്വീകരണി എന്ന്‍ അര്‍ഥം. അറിയല്‍ തന്നെയാണ് അനുഭവിയ്ക്കല്‍.
ആ വൈശ്വാനരനല്ലാതെ ഇവിടെ മറ്റൊന്നും തന്നെ ഇല്ല എന്ന്‍ ഗീതയിലും കാണാം -
യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജ്ജുന
ന തദസ്തി വിനാ യത്‍സ്യാന്മയാ ഭൂതം ചരാചരം ഭ്.ഗീ.10.39
ഭൂതങ്ങള്‍ക്കെല്ലാം ആദികാരണമായിട്ടുള്ളത്‍ ഞാനാണ്. ഞാനില്ലാതെ ജംഗമമോ സ്ഥാവരമോ ആയ ഒരു കാര്യവും ഇവിടേയും എവിടേയും ഇല്ല. സമഷ്ഠിയില്‍ മാത്രമല്ല ഇത്‍ കാണേണ്ടത്. വ്യഷ്ടിയിലും ഇതുതന്നെ സിദ്ധാന്തം. എന്നിലെ അഹം ഉണരുമ്പോള്‍ മാത്രമേ ദ്രവ്യങ്ങളും കാണുകയുള്ളു. ഞാനില്ലാതെ ഒരു സ്ഥാവരവും ഇല്ല ജംഗമവും ഇല്ല.
ബ്രഹ്മാണ്ഡകോടികള്‍ മുഴുവനുംകൂടി ആ വിശ്വനരന്റെ ഒരു കാലംശം മാത്രമാണെന്ന്‍ ഗീതയിലും കാണാം -
വിഷ്ടഭ്യാഹമിദം ക്ര്‌ത്സ്‍ന മേകാംശേന സ്ഥിതോ ജഗത്
ബ്രഹ്മാണ്ഡകോടികള്‍ കളിയാടുന്ന ഈ ലോകം മുഴുവന്‍ നിലനിര്‍ത്തിപോരുന്നത്‍ എന്റെ ഏകാംശം, നാലില്‍ ഒരംശം, മാത്രമാണ്.
ഇവിടെ ഏകാംശേന എന്ന സംജ്ഞയെ ശ്രുത്യധിഷ്ഠിതമായി, വേദാന്തപരമായി കാണണം. ഇതും നാലില്‍ഒരു ഭാഗം എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്‍. ഗീതയും ഒരു വേദാന്തഗ്രന്ഥം തന്നെയാണെന്ന്‍ പണ്ഡിതമതം.
ജാഗ്രത്തായിരിയ്ക്കുന്ന ഈ ജഗത്‍ പരമാത്മാവിന്റെ ബാഹ്യമഹിമയാണെന്നുകൂടി ഈ മന്ത്രത്തിന് അര്‍ഥമുണ്ട്‍. അതിനെ അറിയുന്നത്‍ പത്തൊമ്പത്‍ മുഖത്തിലൂടെ. അത്‍ വെറും അറിയലല്ല. പ്രകര്‍ഷേണയുള്ള അറിവാണ്. പരമാത്മാവിന്റെ ബാഹ്യമഹിമയെ ജീവാത്മാവിന് അറിയാന്‍ സാധ്യമല്ല എന്ന്‍ വ്യംഗ്യാര്‍ഥം.
ജീവാത്മാവിന്റെ മഹിമ എന്താണ്. ഒരു ആയിരമോ രണ്ടായിരമോ ഏക്കര്‍ സ്ഥലവും കുറെ കെട്ടിടങ്ങളും അതുപോലുള്ള മറ്റു പലതും. ഇതില്‍ ഒതുങ്ങുന്നതാണത്‍. എന്നാല്‍ എന്റെ മഹിമയ്ക്ക്‍ അടിസ്ഥാനമായിട്ടുള്ള സകല ദ്രവ്യങ്ങളും അതിലിരിയ്ക്കുന്ന ഞാനും അടക്കം, ആ പരമേശ്വരന്റെതന്നെ ബാഹ്യമായ മഹിമയാണ്. ഈ ലോകത്തിലുള്ളതിനെ മുഴുവനും അറിയാന്‍തന്നെ ജീവാത്മാവിന് സാധ്യമല്ല. അനന്തമായി സ്ഥിതിചെയ്യുന്ന ഈ ജാഗ്രത്‍ ജഗത്തിനെ അറിയാന്‍ ജീവാത്മാവിന് കഴിവില്ല എന്ന്‍ ശ്രുതി. നാമരൂപാത്മകമായി ഈ ജാഗ്രത്‍ ജഗത്തിലവതരിച്ച പൂര്‍ണ്ണബ്രഹ്മസ്വരൂപനായ ശ്രീക്ര്‌ഷ്ണനെ അറിയുന്നതില്‍ ബ്രഹ്മാവിനുപോലും അമളി പറ്റിയിട്ടുണ്ട്‍. ആ പരമേശ്വരനെ വ്യഷ്ഠിയില്‍ വൈശ്വാനരന്‍ എന്ന്‍ പറയും. ആ വൈശ്വാനരന്‍ സ്ഥൂലമായ വിഷയങ്ങളെ ഭുജിയ്ക്കുന്നു. അന്നം സ്ഥൂലമാണ്. എന്നാല്‍ ശബ്ദം സ്ഥൂലമല്ലല്ലൊ എന്നിരുന്നാലും ജ്ഞാനേന്ദ്രിയങ്ങള്‍ ഭുജിയ്ക്കുന്നു എന്ന്‍ പറയുന്നത്‍ എങ്ങിനെ ശരിയാകും. ഏതൊരു ദ്രവ്യവും സ്ഥൂലമാണെന്നത്‍ ശരിതന്നെ. ശബ്ദസ്പര്‍ശരൂപരസഗന്ധാദി അഞ്ച്‍ വിഷയങ്ങളും സ്ഥൂലം തന്നെയാണ്. അന്നത്തെ അപേക്ഷിച്ച്‍ ഇത്‍ അഞ്ചും ദ്ര്‌ശ്യമാത്രയില്‍ സൂക്ഷ്മമാണെന്ന്‍ പറയും. എന്നാല്‍ ഈ അഞ്ചും വേറെ വേറെ നില്‍ക്കുമ്പോള്‍ സ്ഥൂലം തന്നെയാണ്. സൂക്ഷ്മതയും സ്ഥൂലതയും ആപേക്ഷികം മാത്രമാണ്. ഇന്ദ്രിയങ്ങളെല്ലാം പരിമിതിയുള്ളതാണ്. പരിമിതിയുള്ളതെല്ലാം സ്ഥൂലത്തിന്റെ പരിധിയില്‍ പെടുന്നു. അപരിമേയമായ വൈശ്വാനരനെ പൂര്‍ണമായി അറിയാന്‍ പരിമേയമായ പത്തൊമ്പത്‍ മുഖങ്ങള്‍ക്കും സാധ്യമല്ല.
ഭാരതീയ ദാര്‍ശനിക പഠനങ്ങളില്‍ വൈശ്വാനര ദര്‍ശനത്തിന് അതിമഹത്തായ സ്ഥാനം ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചിട്ടുണ്ട്. സര്‍വ്വ പ്രാണികളും വിഷയങ്ങളെ, അന്നത്തെ, അന്വേഷിയ്ക്കുന്നത്‍ ആ പ്രാണിയുടെ ഉള്ളില്‍ വിരാജിയ്ക്കുന്ന വൈശ്വാനരന്റെ ആഗ്രഹവും ആവശ്യവും പൂര്‍ത്തീകരിക്കാനും അതിനെ പ്രീതിപ്പെടുത്താനുമാണ്. പൂക്കള്‍ വിടരുമ്പോള്‍ അതിലെ തേന്‍ കുടിയ്ക്കാന്‍ വണ്ടുകള്‍ ഓടിയെത്തുന്നത്‍ ആ വണ്ടിന്റെ കര്‍മസൈദ്ധാന്തികത കൊണ്ടല്ല മറിച്ച്‍ അതിനുള്ളിലെ വൈശ്വാനരന്‍ അതിനെ അവിടേയ്ക്ക്‍ വലിച്ചിഴച്ച്‍ കൊണ്ടുവരികയാണ്. പൂക്കളിലെ തേന്‍ കുടിയ്ക്കുമ്പോള്‍ വണ്ടല്ല ത്ര്‌പ്തിയടയുന്നത്‍, ആ വണ്ടിലിരിയ്ക്കുന്ന വൈശ്വാനരന്‍ ത്ര്‌പ്തനാവുകയാണ്. എല്ലാത്തിന്റേയും ഋദയാന്തര്‍ഭാഗത്തിരിയ്ക്കുന്ന വൈശ്വാനരന്‍ അതി സൂക്ഷ്‍മവും അത്യന്തപ്രകാശകവുമാണ്.
ക്ര്‌ഷ്ണ യജ്ജുര്‍വേദാന്തര്‍ഗതമായ തൈത്തരീയ ആരണ്യകത്തില്‍ ഈ വൈശ്വാനര അഗ്നിയെ വളരെ ഭംഗിയായി സരളമായി വരച്ചു കാണിയ്ക്കുന്നുണ്ട്‍ -൦
സന്തതം സിരാഭിസ്തു ലംബത്യാ കോശ സന്നിഭം,
തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം.
താമരമൊട്ടിനു തുല്യമായ ഋദയം ചുറ്റും നാഡികളാല്‍ ചുറ്റപ്പെട്ട്‍ തൂങ്ങിക്കിടക്കുന്നു. അതിന്റെ മധ്യത്തില്‍ സൂക്ഷ്മമായ ഒരു ദ്വാരമുണ്ട്‍, അതിലാണ് എല്ലാം നില നില്‍ക്കുന്നത്‍, തസ്മിന്‍ സര്‍വ്വം പ്രതിഷ്ഠിതം, അതിലാണ് സര്‍വ്വം പ്രതിഷ്ഠിതമായിരിക്കുന്നത്‍.
തസ്യമധ്യേ മഹാനഗ്നിര്‍ വിശ്വാര്‍ച്ചിര്‍ വിശ്വതോ മുഖ: സോഽഗ്രഭുഗ് വിഭജന്‍ തിഷ്ഠന്നാഹാരമജര കവി:
അതിന്റെ മധ്യത്തില്‍, ഋദയമധ്യത്തില്‍, മഹത്തായ അഗ്നി, എല്ലായിടത്തേയ്ക്കും ജ്വാലകളോട്‍ കൂടിയ അഗ്നി,
എല്ലാ ഭാഗങ്ങളിലേയ്ക്കും മുഖ (വായ) ങ്ങളോടു കൂടിയ അഗ്നി, അത്‍ (കിട്ടിയതിനെ) ആദ്യം ഭക്ഷിയ്ക്കുന്നതും, ആഹാരത്തെ വിഭജിയ്ക്കുന്നതും ആയി സ്ഥിതിചെയ്യുന്നു.
തിര്യഗൂര്‍ദ്ധ്വമധ്: ശായീ രശ്മയസ്തസ്യ സന്തത:,
സന്താപയതി സ്വം ദേഹമാപാദ തലമസ്തകം
തസ്യമധ്യേ വഹ്നിശിഖാ അണീയോര്‍ദ്ധ്വാ വ്യവസ്ഥിതാ
നീലതോയദ മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരാ
നീവാര ശുകവര്‍ത്തന്വീ പീതാ ഭാസ്വത്യണൂപമാ
ആഹാരത്തെ ദഹിപ്പിച്ച്‍ ദേഹത്തില്‍ മുഴുവന്‍ വ്യാപിപ്പിയ്ക്കുന്നതും ഒരിയ്ക്കലും ജീര്‍ണ്ണമാകാത്തതും സര്‍വ്വദര്‍ശിയുമായി സ്ഥിതിചെയ്യുന്ന അഗ്നി തന്റെ ദേഹത്തെ അടിമുതല്‍ മുടിവരെ ചൂടുള്ളതാക്കി തീര്‍ക്കുന്നു. ആ അഗ്നിയുടെ, തലങ്ങും വിലങ്ങും, മേലോട്ടും കീഴോട്ടും പരന്നിരിയ്ക്കുന്ന രശ്മികള്‍ എല്ലായിടത്തും വ്യാപിച്ചിരിയ്ക്കുന്നു. ആ അഗ്നിയുടെ മധ്യത്തില്‍ അത്യന്തസൂക്ഷ്മമായിട്ടുള്ളതും കാര്‍മേഘത്തിന്റെ മധ്യത്തിലുള്ള മിന്നല്‍പോലെ ശോഭിയ്ക്കുന്നതും വരിനെല്ലിന്റെ അറ്റം പോലെ ക്ര്‌ശമായിട്ടുള്ളതും മഞ്ഞനിറത്തിലുള്ളതും സൂക്ഷ്മവസ്തുക്കള്‍ക്ക്‍ ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതിചെയ്യുന്നു.
ഈ ജാഗ്രത്‍ജഗത്തിലെ ഈശ്വര രചനയായ മനുഷ്യനില്‍ ആ പരമേശ്വരന്റെ വൈശ്വാനര രൂപമാണ്, അല്ലെങ്കില്‍, പ്രകടീരൂപമാണ് ഉള്ളത്‍. മനുഷ്യാത്മാവിന്റെ ഋദയഗുഹരത്തില്‍ അത്യന്തം ശോഭിയ്ക്കുന്നതും തരുണാരുണ വര്‍ണ്ണത്തോടുകൂടിയതും വരിനെല്ലിന്റെ അറ്റം പോലെ ക്ര്‌ശമായിട്ടുള്ളതുമായ വിശ്വനരന്‍. അഗ്നിയുടെ മധ്യത്തിലുള്ള ഒരു ശിഖ എന്ന്‍ ഇവിടെ പ്രത്യേകം പറഞ്ഞിരിയ്ക്കുന്നു, തസ്യ മധ്യേ വഹ്നിശിഖ എന്ന്‍. ഇതുതന്നെ ശ്വേതാശ്വതര ഉപനിഷത്തില്‍
വാലാഗ്രശതഭാഗസ്യ ശതധാ കല്പിതസ്യ ച, ഭാഗോ ജീവ: സ വിജ്ഞേയ: സ ചാനന്ത്യായ കല്‍പതേ
എന്ന്‍ പറഞ്ഞിരിയ്ക്കുന്നത്‍. ഒരു രോമത്തിന്റെ അറ്റത്തെ ലക്ഷമായി ഭാഗിച്ചാല്‍ എത്രസൂക്ഷ്മമായിരിയ്ക്കുമോ അത്രയും സൂക്ഷ്‍മമാണെന്ന്‍ അര്‍ഥം. ഇതുതന്നെയാണ് മുകളില്‍ പറഞ്ഞിട്ടുള്ള, സൂക്ഷ്‍മ വസ്തുക്കള്‍ക്ക്‍ ഉപമയായിട്ടുള്ള അഗ്നിശിഖ എന്ന്‍ വിശേഷിപ്പിച്ചിട്ടുള്ളത്‍. അത്രയും സൂക്ഷ്മമായതുകൊണ്ട്‍ ഇതിനെ ഗ്രഹിയ്ക്കുക എന്നത്‍ ബുദ്ധികൊണ്ട്‍ സാധ്യമല്ല. ബ്രഹ്മത്തിന്റെ കാലംശമാകുന്ന ഇക്കാണുന്ന ജഗത്തിനെത്തന്നെ ഗ്രഹിയ്ക്കാന്‍ ജീവാത്മക്കള്‍ക്ക്‍ കഴിയുകയില്ല, കഴിയുന്നില്ല, പിന്നെ എങ്ങിനെയാണ് ആ ബ്രഹ്മത്തിന്റെ ബാക്കിയുള്ള മുക്കാലംശത്തെ അറിയുക. മനുഷ്യന് ദ്ര്‌ഷ്ടമായ ബ്രഹ്മത്തിന്റെ ഈ കാലംശത്തെ അറിയുന്നത് ബ്രഹ്മവിദ്യതന്നെ എന്ന്‍ ധരിക്കണം. ജാഗ്രത്താകുന്ന പ്രാപഞ്ചിക വസ്തുക്കളെ ശരിക്കും അറിഞ്ഞുകഴിഞ്ഞാല്‍ ഈശ്വരന്റെ ബാക്കിയുള്ള മുക്കാലംശത്തെ അറിയാന്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതായി വരില്ല. കടലിലെ ഒരു തുള്ളി ജലത്തെ അറിഞ്ഞാല്‍ മുഴുവന്‍ ജലത്തേയും അറിയാമല്ലൊ.
അടുക്കളയില്‍ അടച്ചുവെച്ചിരിയ്ക്കുന്ന പാത്രത്തിലെ ശര്‍ക്കരയില്‍ എവിടുന്നോ ഉറുമ്പ്‍ ഓടി എത്തുന്നത്‍ ആ ഉറുമ്പിന്റെ കര്‍മനൈപുണ്യം കൊണ്ടല്ല, അതിന്റെ ഋദയാന്തര്‍ഗുഹയിലിരിയ്ക്കുന്ന വിഷയങ്ങളെ ഭുജിയ്ക്കുന്ന വൈശ്വാനര പ്രേരിതമായിട്ടാണ്. എത്രയോ ദൂരത്ത്‍ തനിയ്ക്കുള്ള വിഷയം ഇരിയ്ക്കുന്നു എന്ന്‍ പ്രാണികള്‍ അറിയുന്നത്‍ ആ വൈശ്വാനരന്‍ ബഹിഷ്‍പ്രജ്ഞനായതുകൊണ്ടാണ്. ശബ്ദസ്പര്‍ശരൂപരസഗന്ധാദി അഞ്ച്‍ വിഷയങ്ങളും എവിടെയാണോ ഉപലബ്ധമാകുന്നത്‍ എന്ന്‍ പ്രകര്‍ഷേണ അറിയുന്ന ശക്തിവിശേഷമാണ് വൈശ്വാനരന്‍. ആധുനിക മാനവന്‍ ഒഴികെ, മറ്റെല്ലാ പ്രാണികള്‍ക്കും താന്താങ്ങളുടെ അന്നം എവിടെയാണ് ഉള്ളതെന്ന്‍ അറിയാം. ഒരു സ്കൂളിലോ കോളേജിലോ യൂണിവേഴ്‍സിറ്റിയിലോ ഒന്നും പോയിട്ടല്ല അതൊക്കെ പഠിച്ചത്‍. മനുഷ്യനും ആ അറിവ്‍ ഉണ്ടായിരുന്നു. വിഷയസുഖത്തെ തേടി തെണ്ടിയതുകൊണ്ട്‍ അവന്‍ തെണ്ടിയായി. ഉണ്ടായിരുന്ന അറിവിനെ എല്ലാം മുച്ചൂടും മുടിച്ചു. എന്റെ കയ്യില്‍നിന്ന്‍ ഒരു വറ്റ്‍, അന്നത്തിന്റെ ഒരു നേരിയ അംശം, താഴെ വീണു, അത് ഇനി എനിയ്ക്ക്‍ ഭോഗിയ്ക്കാന്‍ പറ്റില്ല്യാ എന്ന്‍ ഞാന്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍, ആ നിമിഷം, ആ അന്നത്തിന്റെ അത്താവ്‍ (അത്താവ്‍ = അദിയ്ക്കുന്നവന്‍) അത്‍, എവിടെയാണോ ഉള്ളത്‍, അവിടെനിന്നും യാത്ര പുറപ്പെട്ടുകഴിഞ്ഞു, എന്നതാണ് വൈശ്വാനരദര്‍ശനത്തിന്റെ സത്ത.
ഓരോ തലമുറ കഴിയുന്തോറും മനുഷ്യന്‍ അറിവില്ലായ്മയിലേയ്ക്ക്‍ നീങ്ങുന്നു. എനിയ്ക്കുള്ള അറിവിനേക്കള്‍ എന്റെ അച്ഛന് അറിവുണ്ടായിരുന്നു. എന്റെ അച്ഛച്ഛന്റെ അറിവ്‍ എന്റെ അച്ഛന് ഇല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്‍ മുമ്പ്‍ ഉണ്ടായതെന്ന്‍ വിശ്വസിക്കപ്പെടുന്ന വേദവാണികളെ ഇന്നത്തെ ജനങ്ങള്‍ക്ക്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്ന പരമാര്‍ത്ഥത്തെ എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലൊ. അതിന്റെ അര്‍ത്ഥം അന്നത്തെ ജനപഥം എത്രകണ്ട്‍ ബ്രഹ്മലീനരായിരുന്നു എന്നാണ് ചിന്തിയ്ക്കേണ്ടത്‍.
ആരോഗ്യശാസ്ത്രത്തിലും അവയവങ്ങളില്‍ മുഖ്യമായിട്ടുള്ളത്‍ ഋദയം തന്നെ. ആ ഋദയത്തില്‍ത്തന്നെയാണ് സകലരോഗശമനകാരിയായ, സര്‍വ്വശക്തമാനായ ധന്വന്തരീ വാസം. പഞ്ചഭൂത സംഭൂതമായ എല്ലാ ഔഷധങ്ങളും ആദ്യം ധന്വന്തരിതന്നെ ഭുജിയ്ക്കുന്നു.
ഭക്തിഭാവേന ആത്മവിചാരം ചെയ്താലും ദിവിസൂര്യസഹസ്രസ്യമായ പരമേശ്വര ചൈതന്യം ഋദയഗുഹരത്തില്‍ മിന്നിത്തിളങ്ങുന്നു എന്ന്‍ എല്ലാവരും പാടിയിട്ടുണ്ട്‍. താന്ത്രികമായി ചിന്തിച്ചാലും ഋദയത്തില്‍നിന്ന് നൂറ്‍ നാഢികളും അവയ്ക്ക്‍ ഓരോന്നിനും നൂറ്റൊന്നുവീതം ശാഖാനാഡികളും ഓരോ ശാഖാനാഡിയ്ക്കും എഴുപത്തിരണ്ടായിരംവീതം പ്രതിശാഖാനാഡികളും കൊണ്ട്‍ ഊടുംപാവും പോലെ നില്‍ക്കുന്നതാണ് ശരീരമെന്ന്‍ കാണാം. തന്ത്രത്തിലെ അങ്‍ഗന്യാസ കരന്യാസങ്ങള്‍ മുഴുവനും ഋദയഭാഗത്തെ സ്പര്‍ശിച്ചുകൊണ്ടാണല്ലൊ വിഭാവനം ചെയ്തിട്ടുള്ളത്.
വിശന്നു വലയുന്ന ഒരു ജീവിയ്ക്ക്‍, ഒരു മനുഷ്യന്, അഗ്നികൊണ്ട്‍ തപിയ്ക്കുന്ന അവന്റെ ജഠരാഗ്നിയെ ശാന്തമാക്കാന്‍ അന്നം വിളമ്പിക്കൊടുത്ത്‍, അവന്‍ അത്‍ കഴിയ്ക്കുന്നത്‍ കാണുന്നത്ര സന്തോഷം കൊട്ടുക്കുന്നവന് അവന്‍ സ്വയം കഴിയ്ക്കുമ്പോള്‍ കിട്ടുന്നില്ല. ഒരു പട്ടി മലം തിന്നുന്ന സന്തോഷത്തോടെ മനുഷ്യന് ആഹാരം കഴിയ്ക്കാന്‍ സാധ്യമല്ല. ഒരു പന്നി ഇണചേരുന്ന സന്തോഷത്തോടെ മനുഷ്യന്‍ ഇണചേരാന്‍ സാധ്യമല്ല. ആകാശത്ത്‍ നിന്ന്‍ പതിയ്ക്കുന്ന മഅത്തുള്ളികള്‍ ഒരു വേഴാമ്പല്‍ തന്നിലേയ്ക്ക്‍ ആവാഹിയ്ക്കുന്നത്ര ദാഹത്തോടെ മനുഷ്യന് പറ്റില്ല. ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളില്‍ അത്യന്തം മഹിമയോടെ ഓതിയിട്ടുള്ള ഒരു സംജ്ഞയാണ് വൈശ്വാനര സങ്കല്‍പം.
അത്സ്യന്നം പശ്യസി പ്രിയം, അത്യന്നം പശ്യസി പ്രിയം,
ഭവത്യസ്യ ബ്രഹ്മവര്‍ച്ചസം കുയേ
ഏതമേവാമാത്മാനം വൈശ്വാനര മുപാസതേ - ഛാന്ദോഗ്യം
ഈ വൈശ്വാനരനാകുന്ന ആത്മാവിനെ ആര് ഉപാസിയ്ക്കുന്നുവോ അവന്‍ അന്നം ഭക്ഷിയ്ക്കും, പ്രിയത്തോടെ ഭക്ഷിയ്ക്കും. സംഹിതകള്‍ കര്‍മ്മകാണ്ഡപ്രചോദിതങ്ങളായതുകൊണ്ട്‍ യാജ്ഞികരെ കര്‍മകാണ്ഡികളെന്ന്‍ പറയും. യജ്ഞകര്‍മ്മം സമസ്ത ലോകത്തിനും വേണ്ടിയാണ്. യജ്ഞത്തിനുള്ള സംഭാരങ്ങള്‍ ശേഖരിയ്ക്കുകയും യാഗാഗ്നിയ്ക്ക്‍ സമര്‍പ്പിയ്ക്കുകയും ചെയ്യുകയാണ് അതിന്റെ രീതി. യജ്ഞകുണ്ഡത്തിലേയ്ക്കര്‍പ്പിയ്ക്കുന്ന ഹവിസ്സ്‍ വൈശ്വാനര ദര്‍ശനം ഉള്‍ക്കൊള്ളാതെ ചെയ്യുകയാണെങ്കില്‍ ആ അര്‍പ്പണത്തെ വൈശ്വാനരനാകുന്ന ഈശ്വരന്‍ ഉള്‍ക്കൊള്ളില്ല എന്ന്‍ ഛാന്ദോഗ്യ ഉപനിഷത്ത്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഉച്ചത്തിലോതുന്നുണ്ട്‍. യജ്ഞത്തിനായി ഒരുക്കി വെച്ചിട്ടുള്ള നെയ്യ് ശര്‍ക്കര മധു നാളികേരം തുടങ്ങിയ സംഭാരങ്ങള്‍ അതിലേയ്ക്ക്‍ ഓടിയണയുന്ന ഉറുമ്പ്‍ പാറ്റ തുടങ്ങിയ വൈശ്വാനരസ്വരൂപങ്ങളായ പ്രാണികള്‍ക്ക്‍ കൊടുക്കാതെ അഗ്നികുണ്ഡത്തില്‍ ഹോമിയ്ക്കുന്നത്‍ -
സ യ ഇദമവിദ്വാനഗ്നിഹോത്രം ജുഹോതി
യഥാഽങ്‍ഗാരാനപോഹ്യ ഭസ്‍മനി
ജ്ജുഹുയാത്‍ താദ്ര്‌ക് തത്‍ സ്യാദ് - ഛാന്ദോഗ്യം
ആരാണോ ഈ വൈശ്വാനര ദര്‍ശനം അറിയാതെ അഗ്നിഹോത്രത്തെ ഹോമിയ്ക്കുന്നത്‍ അവന്റെ അഗ്നിഹോത്രം കനലുകള്‍ നീക്കിയിട്ട് ചാമ്പലില്‍ ഒഴുക്കിക്കളയുന്നുവോ, അതിനു തുല്യമാണ്.
അഗ്നിഹോത്രത്തിന് ഹോമകര്‍മ്മം എന്ന്‍ മാത്രം അര്‍ഥമെടുക്കുന്നത് വിഡ്ഡിത്തമാവും. ദ്രവ്യങ്ങള്‍കൊണ്ടുള്ള എല്ലാ ഹോമങ്ങളും എല്ലാ പൂജകളും അര്‍ച്ചനകളും നൈവേദ്യാദി സമര്‍പ്പണങ്ങളും അഗ്നിഹോത്രത്തിന്റെ വ്യാപകാര്‍ഥത്തില്‍ എടുക്കണം. എണ്ണയും നെയ്യും കത്തിച്ച്‍ കളയലും നാളികേരവും അവിലും നിവേദ്യവും പായസവും അടയും വടയും എല്ലാം ഇതിന്റെ പട്ടികയില്‍ വരും. വൈശ്വാനര പ്രേരണയാല്‍ വിശക്കുന്ന വയറുകൊണ്ട്‍ അമ്മയുടെ കാല്‍ക്കലേയ്ക്ക്‍ ഓടിയെത്തുന്ന കുട്ടികളെ തട്ടിമാറ്റി അതൊക്കെ ഹോമപൂജാദികള്‍ക്കായി നീക്കി വെയ്ക്കുന്നത്‍ വെറും വിഡംബനം, വേഷംകെട്ടല്‍ മാത്രമാണെന്ന്‍ വേദംതന്നെ ഓതുന്നു.
യാഗാദികള്‍ ചെയ്യണ്ട എന്നല്ല ഇതിനര്‍ത്ഥം. ജഗദീശ്വരന്റെ വൈശ്വാനരപ്രതീകമാകുന്ന ഈ ജഗത്തിലെ ജീവികള്‍ക്ക്‍ അന്നം കൊടുക്കാതെ ചെയ്യുന്ന സകല കര്‍മ്മങ്ങളും വിഡംബനങ്ങളാണെന്ന്‍ താല്പര്യം. യജ്ഞത്തിനായി കൊണ്ടുവന്നിട്ടുള്ള നെയ്യ് ശര്‍ക്കര ഇത്യാദികളില്‍, അത്‍ വെച്ചിരിയ്ക്കുന്നിടത്തേയ്ക്ക്‍ ഉറുമ്പുകള്‍ ഓടി എത്തുന്നുവെങ്കില്‍, ആ ദ്രവ്യത്തിന്റെ അത്താവ്‍ ആ ഉറുമ്പാണെന്ന്‍ അറിഞ്ഞ്‍, ആ ഓടി എത്തുന്നത്‍ ആ വൈശ്വാനരപ്രേരിതമാണെന്ന്‍ അറിഞ്ഞ്‍, അതിനുള്ള ഭാഗം കൊടുത്തുകൊണ്ട്‍ യജിയ്ക്കുന്നതില്‍ മാത്രമേ പ്രക്ര്‌തി ത്ര്‌പ്തയാവൂ, ഈശ്വരന്‍ ത്ര്‌പ്തനാകൂ, എന്നര്‍ത്ഥം. ഈശാവാസ്യമിദം സര്‍വ്വം തേന ത്യക്തേന ഭുഞ്ജിത: എന്ന്‍ യജ്ജുര്‍വേദം ഘോഷിക്കുന്നതിലെ ത്യക്തേന ഭുഞ്ജിത, ത്യജിച്ചുകൊണ്ട്‍ ഭുജിക്കുക എന്ന സംജ്ഞയും ഇതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം.
ശ്രീ നോച്ചുർജി
Subscribe to:
Post Comments (Atom)
No comments:
Post a Comment