Sunday, October 19, 2025

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. ഭാരതീയവിജ്ഞാനശാഖകളുടെ മൂലം വേദമാണെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്. വേദത്തിന്‍റെ അവസാനഭാഗത്ത് അനുശാസിക്കപ്പെടുന്ന ജ്ഞാനകാണ്ഡമാണ് ഉപനിഷത്തുകള്‍. അതിനാല്‍ അവയെ വേദാന്തം എന്ന് പറയുന്നു . ശ്രുതിയെന്നും ഉപനിഷത്തുകൾ അറിയപ്പെടുന്നു. വേദം എന്നതിന് അറിവെന്നും അര്‍ത്ഥമുണ്ട്. അങ്ങനെ വരുമ്പോള്‍ അറിവിന്‍റെ അന്തം എന്നും വേദാന്തത്തിനു അര്‍ത്ഥം പറയാം. അതായത് യാതൊന്നിനെ അറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായൊന്നുമില്ലയോ അതാണ്‌ വേദാന്തം. അറിവിന്‍റെ അന്തം അദ്വൈതബ്രഹ്മസാക്ഷാത്കാരമാകുന്നു. അന്തം എന്ന ശബ്ദത്തിന് നിർണ്ണയം എന്നും അർത്ഥമുണ്ട്. യാതൊരു തത്ത്വത്തെയാണോ പരമസത്യമായി വേദങ്ങൾ നിർണ്ണയിച്ചിരിക്കുന്നത് അതിനെ വെളിവാക്കിത്തരുന്നതാണ് ഉപനിഷത്തുകൾ. ഗുരുശിഷ്യസംവാദരൂപത്തിലും ദൃഷ്ടാന്തങ്ങൾ വഴിയും ഉപനിഷത്തുകൾ ഗഹനമായ പരമാത്മതത്ത്വത്തെ സത്യാന്വേഷികൾക്ക് വെളിപ്പെടുത്തുന്നു. ശ്രുതിവാക്യങ്ങള്‍ വഴി ശ്രവണം ചെയ്ത് അവയെ യുക്തിപൂര്‍വ്വം മനനം ചെയ്ത് അങ്ങനെ ഉറയ്ക്കുന്ന അര്‍ത്ഥത്തില്‍ മനസ്സുറപ്പിച്ച് ധ്യാനിച്ച് സ്വരൂപനിര്‍ണ്ണയം വരുത്തുമ്പോള്‍ അറിവിന്‍റെ അന്തത്തിലെത്തും. "ദൃശ്യാദൃശ്യാത്മകമായിത്തോന്നുന്ന ഈ പ്രപഞ്ചം സത്യമല്ല; നിത്യവും പൂർണ്ണവും ഏകരസവുമായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യം തന്നെ അജ്ഞാനത്താൽ ജീവന് പ്രപഞ്ചമായി പ്രതിഭാസിക്കുക മാത്രമാണ്. ആത്മജ്ഞാനം സിദ്ധിക്കുമ്പോൾ എല്ലാ ബന്ധങ്ങളും നശിച്ച് ജീവൻ മുക്തനാകുന്നു. ഇതാണ് ഉപനിഷത്തുകളുടെ എല്ലാം സാരം." അനേകം വേദശാഖകൾക്ക് അനുസൃതമായി അത്രയുംതന്നെ ഉപനിഷത്തുകൾ ഉണ്ടെങ്കിലും 108 ഉപനിഷത്തുകൾക്കാണ് ആചാര്യന്മാർ പ്രാധാന്യം കൊടുത്തിരിക്കുന്നത് . (കൂടുതൽ വിശദമായി നമുക്ക് പിന്നീട് പഠിക്കാം) . ഭാരതീയ തത്ത്വചിന്തകരില്‍ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌. മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരില്‍ ഏറ്റവും പ്രമുഖനായ് വിദേശീയന്‍. ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു. “ ഇഷ്ടാപൂർതം മന്യമാനാ വരിഷ്ഠം നാന്യത് ശ്രേയാ വേദയന്തേ പ്രമൂഢാ: നാകസ്യ പൃഷ്ഠേ തേ സുകൃതേ /നു ഭൂത്വാ ഇമം ലോകം ഹീനതരം വാ വിശന്തി (മുണ്ഡകോപനിഷത്ത് 1-2-10) ‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും. ‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്. “ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കര്‍ മ്മബന്ധങ്ങള്‍ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയര്‍ ത്ഥത്തില്‍ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുകള്‍ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിയ്ക്കുന്നു. ചില ഉപനിഷത്തുക്കൾ ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നതെന്നതിനാൽ,പോൾ ഡോസനേപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായത്തിൽ “ഗുരുവിന്റെ അരികിലിരുന്ന്(ഉപ) ബ്രഹ്മ വിദ്യ അറിയുന്നതിനെ ഉപനിഷദ് എന്നു പറയുന്നു “. പക്ഷേ എല്ലാ ഉപനിഷത്തുകളും ഗുരു ശിഷ്യ സംവാദ രൂപത്തിലല്ല രചിച്ചിരിയ്ക്കുന്നത്. ബൃഹദാരണ്യകാദി ഉപനിഷത്തുകൾ ഗുരു ശിഷ്യ സംവാദങ്ങളല്ല ചരിത്രകാരന്മാരുടേ അഭിപ്രായത്തിൽ ഏറ്റവും പുരാതനമായ ഉപനിഷത്തുകൾ ബൃഹദാരണ്യക ഉപനിഷത്തും , ഛാന്ദോഗ്യ ഉപനിഷത്തുമാണ്. ക്രി.പി. എട്ടാം നൂറ്റാണ്ടിലാണ് ഇതെഴുതിയിരിയ്ക്കുന്നതെന്നാണ് അഭിപ്രായം. ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ് “ ഏകൈകസ്യാസ്തു ശാഖായഃ ഏകൈകോപനിഷന്മതാ ” ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 108 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം “ ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി: ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ ” എന്നത് ആദ്യത്തെ പത്തെണ്ണം കാണിക്കുന്നു. ഈ 180 ഉപനിഷത്തുക്കളിൽ പത്തെണ്ണത്തിനെയാണ് ശങ്കരാചാര്യർ ഭാഷ്യം രചിയ്ക്കാൻ തിരഞ്ഞെടുത്തെന്നുള്ളതിനാൽ ഈ പത്ത് ഉപനിഷത്തുക്കളെ ഏറ്റവും മുഖ്യമായി കണക്കാക്കപ്പെടുന്നു. വ്യാസ ഭഗവാൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്. പുരുഷന്മാരും വനിതകളും ഉപനിഷദ് എഴുതിയിട്ടുണ്ട് .. ഇത്തരത്തിലുള്ള ഒരു വനിതാ ആയിരുന്നു ഗാർഗി. തന്റെ പാണ്ഡിത്യത്തിനു പേരുകേട്ട അവർ രാജസഭകളിൽ നടന്നിരുന്ന വാഗ്വാദങ്ങളിൽ പങ്കെടുത്തു.. സാധാരണജനങ്ങൾ ഇത്തരം വാഗ്വാദങ്ങളിൽ വളരെ വിരളമായേ പങ്കെടുത്തിരുന്നുള്ളൂ. അതിനൊരപവാദമാണ്‌ സത്യകാമ ജബാല. ഒരു അടിമസ്ത്രീയായിരുന്ന ജബാലയുടെ പുത്രനായിരുന്നു സത്യകാമ. പ്രപഞ്ചസത്യത്തെക്കുറിച്ച് പഠിക്കുന്നതിന്‌ അതിയായ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്ന സത്യകാമനെ ഗൗതമൻ എന്ന ഒരു ബ്രാഹ്മണൻ ശിഷ്യനായി സ്വീകരിച്ചു. തുടർന്ന് സത്യകാമൻ അക്കാലത്തെ വിശ്രുതനായ ചിന്തകനായി മാറി. 1657-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോഹ് 50 ഉപനിഷത്തുകളെ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. സിർ-ഉൽ-അസ് റാർ (മഹാരഹസ്യം) എന്ന തലക്കെട്ടിലുള്ള ഈ തർജ്ജമയോടെയാണ്‌ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവ് ഭാരതത്തിനു പുറത്തേക്കെത്തിയത്. നൂറ്റമ്പതോളം വർഷങ്ങൾക്കു ശേഷം ആങ്ക്വറ്റിൽ ദു പെറോൻ എന്ന ഫ്രഞ്ചുപാതിരി പേർഷ്യനിൽ നിന്ന് ഇതിനെ ലത്തിനീലേക്ക് പരിഭാഷപ്പെടുത്തി. ഔപ്നഖാത് എന്നാണ്‌ ഈ ലത്തീൻ തർജ്ജമക്ക് നൽകിയ പേര്‌. പിന്നീട് അത് യുറോപ്പിലെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -ഋഗ്വേദം, സാമവേദം, ശുക്ല യജുർവേദം, കൃഷ്ണ യജുർവേദം, അഥർവവേദം. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു. ഉപനിഷത്തുകളുടെ വ്യാഖ്യാനത്തിൽ ഉണ്ടായ മതഭേദങ്ങളെ പരിഹരിക്കാനാണ് വ്യാസഭഗവാൻ ബ്രഹ്മസൂത്രം രചിച്ചത് . എന്നാൽ അവയ്ക്കും പിന്നീട് മതാന്തരങ്ങളുണ്ടായി. ഈ പരിതഃസ്ഥിതിയിലാണ് ശ്രീമദ് ശങ്കരാചാര്യസ്വാമികൾ ഉപനിഷത്തുകൾക്കും ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യങ്ങളെഴുതി അദ്വൈതബ്രഹ്മവിചാര സമ്പ്രദായത്തെ ഭാരതമൊട്ടുക്കും പ്രചരിപ്പിച്ചത്. ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും അദ്വൈതദർശനത്തിൽ പ്രാധാന്യമുണ്ട്. ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ശിഷ്യപ്രശിഷ്യരും ഈ സമ്പ്രദായത്തെ പോഷിപ്പിച്ചു. ഉപനിഷത്തുകളിൽ ശ്രീ ശങ്കരാചാര്യസ്വാമികൾ ഭാഷ്യം രചിച്ച പത്ത് ഉപനിഷത്തുകൾ ആണ് മുഖ്യം. താഴെപ്പറയുന്നവയാണ് ദശോപനിഷത്തുകൾ 1.ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർവേദം) 2.കേനോപനിഷത്ത് (സാമവേദം) 3.കഠോപനിഷത്ത് (കൃഷ്ണ യജുർവേദം) 4.പ്രശ്നോപനിഷത്ത് (അഥർവവേദം) 5.മുണ്ഡകോപനിഷത്ത് (അഥർവ വേദം) 6.മാണ്ഡൂക്യോപനിഷത്ത്(അഥർവ വേദം) 7.തൈത്തിരീയോപനിഷത്ത് (കൃഷ്ണ യജുർവേദം) 8.ഐതരേയോപനിഷത്ത് (ഋഗ്വേദം) 9.ഛാന്ദോഗ്യോപനിഷത്ത് (സാമവേദം) 10.ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുർവേദം കടപ്പാട്

No comments: