Saturday, October 18, 2025

വിഷയങ്ങളില്‍ നിൽക്കാത്തതായ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌, നിയന്ത്രിക്കാന്‍ കഴിയാത്ത ഇന്ദ്രിയങ്ങള്‍ കൊണ്ട്‌, ഗ്രഹങ്ങളുടെ ആക്രമണത്താല്‍ നക്ഷത്രങ്ങളെന്ന പോലെ ലോകത്തെ തപിക്കുന്നതാണ്‌. സഹജമായി ജീവിതത്തെ വലയ്ക്കുന്ന പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ അധീനനായാല്‍ അവനില്‍ ശുക്ലപക്ഷത്തിലെ ചന്ദ്രനെ തമസ്സെന്ന പോലെ ആപത്തു വന്ന് കയറിക്കൂടും. സ്വന്തം മനസ്സിനെ കീഴടക്കാതെ അമാത്യന്മാരെ കീഴടക്കുവാന്‍ നോക്കിയിട്ട്‌ ഫലമുണ്ടാകയില്ല. അമാത്യന്മാരെ കീഴടക്കാതെ ശത്രുക്കളോടും യുദ്ധത്തിന് പോയാല്‍ എങ്ങനെ അവന്‍ തോറ്റ്‌ നശിച്ചു പോകാതിരിക്കും? സ്വന്തം മനസ്സിനെ തന്നെ ഒന്നാമത്തെ ശത്രുവായി കരുതണം. പിന്നെ അമാത്യന്മാരേയും ശത്രുവിനേയും കരുതുക. അങ്ങനെ കരുതി പ്രവര്‍ത്തിക്കുന്നവന് ഒരിക്കലും വിജയം സിദ്ധിക്കാതിരിക്കയില്ല. ഇന്ദ്രിയങ്ങളെ ജയിക്കുകയും, ആത്മാവിനെ കീഴടക്കുകയും ചെയ്തതിന് ശേഷം അപരാധികളെ ശിക്ഷിക്കുന്നതില്‍ ജാഗ്രതയുള്ളവനായി സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന ധീരന്‍ ഐശ്വര്യത്തിന് ആസ്പദനായി ഭവിക്കും.

No comments: