Saturday, October 18, 2025

പുരുഷന് അവന്റെ ശരീരം രഥമാകുന്നു. മനസ്സ്‌ സൂതനാകുന്നു. ഇന്ദ്രിയങ്ങള്‍ കുതിരകളാകുന്നു. ഇണങ്ങിയ കുതിരകളെ പൂട്ടിയ രഥം പോലെ ഇന്ദ്രിയങ്ങളെ കീഴടക്കിയവന്‍ സുഖമായി ജീവിതയാത്ര ചെയ്യും. ഇണങ്ങാത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്ന വിഡ്ഢിയായ സാരഥി മരണത്തിന് പാത്രമായേക്കാമെന്ന പോലെ ഇന്ദ്രിയങ്ങളെ അടക്കാത്തവന്‍ അപകടത്തില്‍ ചാടുന്നതാണ്‌. അജിതേന്ദ്രിയനായ മൂഢന്‍ അനർത്ഥത്തെ അര്‍ത്ഥമായി കാണുന്നു. അര്‍ത്ഥത്തെ അനര്‍ത്ഥമായും കാണുന്നു. അവന്‍ ദുഃഖത്തെ സാഖ്യമായും കാണുന്നു. ഇന്ദ്രിയങ്ങള്‍ക്ക്‌ അധീനനായി ധര്‍മ്മാര്‍ത്ഥങ്ങളെ പരിത്യജിക്കുന്നവന്‍ ശ്രീയേയും, ധനത്തേയും, പ്രാണനേയും, ദാരങ്ങളേയും ഉടനെ നശിപ്പിക്കും. അര്‍ത്ഥങ്ങളുടെ ഈശ്വരനായവന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ അനീശ്വരനാകുന്നു. അങ്ങനെ ഇന്ദ്രിയ ഐശ്വരൃമില്ലാത്തവന്‍ ഐശ്വര്യ ഭ്രഷ്ടനായി തീരുന്നു. ചിത്തം, ബുദ്ധി, ഇന്ദ്രിയങ്ങള്‍ ഇവയാല്‍ ആത്മാവിനെ ആത്മാവില്‍ നിര്‍ത്തണം. തനിക്കു ബന്ധു താന്‍ തന്നെയാണ്‌. തന്നെത്താന്‍ കീഴടക്കാത്തവന് താന്‍ തന്നെ ശത്രുവായി ഭവിക്കും. ആത്മാവിനാല്‍ ആത്മാവിനെ ജയിക്കുന്നവന് ആത്മാവ്‌ ബന്ധുവാകും. അടങ്ങിയാല്‍ അവന്‍ ബന്ധുവാകും; അടങ്ങാഞ്ഞാല്‍ അവന്‍ ശത്രുവാകും. ചെറിയ കണ്ണിയുള്ള വലയില്‍ പെട്ട വലിയ മത്സ്യം എങ്ങനെ വലയെ പൊളിക്കുന്നുവോ അതു പോലെ കാമക്രോധങ്ങള്‍ പ്രജ്ഞാനത്തെ അറുത്ത്‌ ശിഥിലമാക്കും. ധര്‍മ്മാര്‍ത്ഥങ്ങളെ നോക്കിയറിഞ്ഞ്‌ ഒരുക്കം കൂട്ടുന്നവന്‍, സംയമം ചെയ്യുന്നവന്‍, സുഖിക്കുന്നു. മനോമയമായി ഉള്ളിലുള്ള അഞ്ചു വൈരിയേയും ജയിക്കാത്തവന്‍ മറ്റു ശത്രുക്കളെ ജയിക്കുവാന്‍ മുതിര്‍ന്നാല്‍ ശത്രുവായിരിക്കും ജയിക്കുന്നവന്‍

No comments: