Saturday, October 04, 2025

സൗന്ദര്യലഹരിയും നാരായണീയവും ശങ്കരഭഗവത്പാദർ ആണ് സൗന്ദര്യ ലഹരി എന്ന സ്ത്രോത്രം എഴുതിയത് എന്ന കാര്യം പ്രസിദ്ധമാണല്ലോ. അതിമനോഹരവും അർത്ഥ സംപുഷ്ടവുമായ ആ സ്ത്രോത്രത്താൽ അന്നും ഇന്നും ധാരാളം ഭക്തന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്നു. മേൽപ്പത്തൂരിന്റെ ജനനത്തിന് മുമ്പ് ഉണ്ടായ ഒരു കഥയാണിത്. ഒരു ദേവീ ഭക്തൻ ഗുരുവായൂരിലെ ഇടത്തരികത്തു കാവിലെ ഭഗവതിയുടെ മുമ്പിൽ എന്നും രാവിലെ ഈ സൌന്ദര്യലഹരീ സ്ത്രോത്രം വളരെ സ്ഫുടമായും മനോഹരമായും ചൊല്ലാറുണ്ടായിരുന്നു. മലർനിവേദ്യം കഴിഞ്ഞ് ഭഗവാൻ നാലമ്പലത്തിന്റെ പുറത്തു കടന്ന് ആ പരിസരമൊക്കെ ചുറ്റി നടക്കുക പതിവാണ്. ഭഗവതിയുടെ അവിടെ എത്തിയാൽ ഈ ഭക്തന്റെ സൌന്ദര്യ ലഹരി ചൊല്ലിയുള്ള ദേവീഭജന കേട്ടാൽ അതു കഴിയുന്നതുവരെ ഭഗവാൻ അവിടെ നില്ക്കും. സ്വന്തം സഹോദരിയുടെ മാഹാത്മ്യവും സൌന്ദര്യവും വർണ്ണിയ്ക്കുന്നത് കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക? കുഞ്ഞിക്കൃഷ്ണനല്ലേ, കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി. ഭഗവാൻ ദേവിയോട് ചോദിച്ചു: " സഹോദരീ, ഈ സ്തോത്രം എത്ര മനോഹരമായിരിക്കുന്നു! ഇതാരാണ് രചിച്ചത്? ആ മഹാനുഭാവനോട് എന്നെപ്പറ്റിയും ഒരു സ്തോത്രം എഴുതാൻ പറയുമോ?" ഭഗവതി പറഞ്ഞു. "പ്രിയ സോദര, ശ്രീ ശങ്കരഭഗവത്പാദരാണ് ഈ സ്തോത്രം രചിച്ചത്. ശങ്കരാചാര്യർ സ്വാമികൾ സമാധിയായി കുറെ നാളായി." ഭഗവാൻ ചിന്തയിൽ ആണ്ടപ്പോൾ പതിനെട്ടു പുരാണങ്ങളും പഞ്ചമ വേദമായ മഹാഭാരതവും രചിച്ച വ്യാസഭഗവാൻ ഭഗവാന്റെ മുന്നിൽ പ്രത്യക്ഷമായി പറഞ്ഞു. "കൃഷ്ണ, ഖേദം വേണ്ട. ഞാൻ ഭാരതപ്പുഴയുടെ തീരത്തൊരു നമ്പൂതിരി കുടുംബത്തിൽ ജനിക്കാം. അങ്ങയെ പ്രകീർത്തിച്ച് 'നാരായണീയം' എന്ന ഭാഗവത സംഗ്രഹം എഴുതാം." അങ്ങനെ ഏതാണ്ട് നാനൂറ്റി അമ്പത് കൊല്ലങ്ങൾക്കു മുമ്പ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി. ഇന്ന് ആ സ്തോത്രം ഭക്തന്മാർ ഗുരുവായൂരും ലോകമെമ്പാടും പല പല സ്ഥലങ്ങളിലും ചൊല്ലിക്കൊണ്ടേ യിരിക്കുന്നു. എല്ലായിടത്തും ഗുരുവായുരപ്പൻ സന്നിഹിതനായി, അത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നു. നമുക്കും മനസ്സിൽ നാരായണീയം ചൊല്ലാം. ഗുരുവായുപ്പൻ നമ്മുടെ ഹൃദയ ത്തിൽ പുഞ്ചിരി തൂകി ശ്രദ്ധിച്ചിരിക്കും. ഭഗവാൻ ഇപ്പോൾ സൌന്ദര്യലഹരി കേൾക്കാൻ വിശേഷ ദിവസങ്ങളിൽ മാത്രമേ കാവിൽ പോകാറുള്ളുവത്രെ. നാരായണീയത്തിൽ "നാരായണി " യുടെ കഥയുമുണ്ടല്ലോ. ഭഗവതി സൌന്ദര്യ ലഹരി കേട്ടതിനു ശേഷം നാരായണീയം കേൾക്കാൻ ഭഗവാന്റെ അടുത്തേയ്ക്ക് വരികയാണത്രെ പതിവ്. ഹരേ കൃഷ്ണ

No comments: