Tuesday, August 29, 2017

വൈകുന്നേരം ആറിനും ഏഴിനും ഇടയിലുള്ള സമയമാണ് ത്രിസന്ധ്യാനേരം. ഈ വേള ആഹാരത്തിനോ മറ്റു കാര്യങ്ങള്‍ക്കോ വിനിയോഗിക്കാതെ സന്ധ്യാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. ‘സം’ എന്നാല്‍ സമ്യക്കായ, ശരിയായ എന്നും ‘ധ്യാ’ എന്നാല്‍ ധ്യാനം എന്നുമാണ് അര്‍ത്ഥമെന്നതുകൊണ്ട് ശരിയായ ധ്യാനത്തിന് സന്ധ്യാ എന്നുപറയാം.
കുളിച്ച് വൃത്തിയായി (ദേഹശുദ്ധി വരുത്തിയതിനുശേഷം) എല്ലാവരും സ്വഗൃഹങ്ങളില്‍ പ്രവേശിക്കുക. വീടും ചുറ്റുപാടുകളും തൂത്തുവാരി ശുദ്ധമാക്കിയിരിക്കണം. ഗൃഹത്തിലെ ഗൃഹനാഥ ഭയഭക്തി ബഹുമാനങ്ങളോടെ മന്ത്രം ചൊല്ലി സന്ധ്യാദീപം കൊളുത്തണം. അതോടൊപ്പം ഈ മന്ത്രവും ഉരുവിടണം.
ശുഭം കരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ആരോഗ്യം, ധനം, ശത്രുദോഷമില്ലായ്മ തുടങ്ങിയവയെല്ലാം ശുഭകരമാക്കിത്തീര്‍ക്കാന്‍ ദീപജ്യോതിയെ നമസ്‌കരിക്കുന്നു.
ഗായത്രീ മന്ത്രം
മന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഗായത്രീ മന്ത്രം. ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ആദ്യം ഉണ്ടായ വേദമന്ത്രം ‘ഓം’ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആ ഓങ്കാരത്തില്‍ ആരംഭിക്കുന്ന ഈ മന്ത്രം സാര്‍വ്വലൗകികമായ ഒരു പ്രാര്‍ത്ഥനയാണ്. കാലദേശ അവസ്ഥാ ഉപാധികളെ ലംഘിക്കാതെ നിര്‍മ്മല മനസ്സോടെ ശാന്തചിത്തരായ ഏവര്‍ക്കും ഇതു ജപിക്കുവാനുള്ള അവകാശമുണ്ട്.
ജഗത്‌സൃഷ്ടിയുടെ പ്രകടരൂപവും ജ്യോതിസ്സുമായ സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ് ഗായത്രി. ഗാനം ചെയ്താല്‍ ത്രാണനം ഉറപ്പായ മന്ത്രം. ഗായത്രിയിലെ ഇരുപത്തിനാല് അക്ഷരങ്ങളെ ക്രമത്തില്‍ ഓരോന്നിനെയും ഒരായിരം ശ്ലോകങ്ങളായി ആദികവി വികസിപ്പിച്ചതാണ് രാമായണമെന്ന് പറയപ്പെടുന്നു.
പ്രഭാതത്തില്‍ ജപിക്കുമ്പോള്‍ അതുവരെ ചെയ്ത പാപങ്ങളും പ്രദോഷത്തിലാവുമ്പോള്‍ രാവിലെ മുതല്‍ ആ സമയം വരെയുള്ള പാപങ്ങളും പൊറുക്കപ്പെടുമെന്നു വിശ്വസിക്കുന്നു.
”ഓം ഭൂര്‍ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീ മഹി
ധിയോ യോ നഃ പ്രചോദയാത്”
ഭൂമിയിലും അന്തരീക്ഷത്തിലും സ്വര്‍ഗ്ഗത്തിലും നിറഞ്ഞിരിക്കുന്ന സവിതാവാകുന്ന ദേവന്റെ ഭര്‍ഗ്ഗ തേജസ്സിനെ ധ്യേയരൂപേണ ഉപാസിക്കുന്നുവെന്നും അത് ഞങ്ങളുടെ പാപത്തെ അകറ്റി ബുദ്ധിയെ ഉണര്‍ത്തട്ടെ എന്നു സാരം.
നിലവിളക്ക്
എന്നും നിലനില്‍ക്കുന്ന വിളക്ക്, നിലത്തുവക്കുന്ന വിളക്ക്, നിലയങ്ങളിലെ വിളക്ക്, നിലയുള്ള വിളക്ക് എന്നിങ്ങനെ പല അര്‍ത്ഥങ്ങളും നിലവിളക്കിനുണ്ട്. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും മറ്റു പുണ്യ സ്ഥലങ്ങളിലും നിലവിളക്ക് കത്തിച്ചുവക്കാറുണ്ട്.
സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണിത്. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റി അവനവന്റെ ഉള്ളിലേക്കുപോലും വെളിച്ചമേകുന്നതാണ് നിലവിളക്കെന്ന് ഭാരതീയ സംസ്‌കാരം ഘോഷിക്കുന്നുണ്ട്.
നിലവിളക്ക്ഓടുകൊണ്ടുണ്ടാക്കിയതായിരിക്കണം. മനുഷ്യശരീരത്തിനാവശ്യമായ പഞ്ചലോഹങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം മുതലായവ നിത്യജീവിതത്തില്‍നിന്ന് ലഭ്യമാവേണ്ടതുണ്ട്. കാരണം ഇവ പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുന്നവയാണ്. ഓട്ടുവിളക്കിലൂടെ ഇവയുടെ വലിയൊരംശം നികന്ന് കിട്ടുന്നു. നിലവിളക്ക് നിത്യേന വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി വക്കേണ്ടതാണ്.
ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിജ്ഞാന ദേവതയായ സരസ്വതീദേവിയുമാണ് നിലവിളക്കിനെ പ്രതിനിനിധാനം ചെയ്യുന്നത്. സരസ്വതീദേവിയുടെ പ്രതീകമായ പ്രഭാതദീപം പരലോകസുഖത്തെയും മഹാലക്ഷ്മിയുടെ പ്രതീകമായ സായംസന്ധ്യാ ദീപം ഇഹലോകസുഖത്തെയും പ്രദാനം ചെയ്യുന്നു.
എണ്ണ
നിലവിളക്കില്‍ എള്ളെണ്ണ ഒഴിച്ചാണ് കത്തിക്കേണ്ടത്. ശനിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന എള്ള് ഇരുമ്പുദായകവുമാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ലോഹം ഇരുമ്പാണല്ലോ? അതുകൊണ്ടാവാം ഭക്ഷ്യാവശ്യങ്ങള്‍ക്കും തേച്ചുകുളിക്കാനും എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്.
നിലവിളക്കിന്റെ ലോഹമിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പുഗുണവും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും രോഗബീജാണുക്കളെ നശിപ്പിക്കയും ചെയ്യും. പകല്‍ സമയത്ത് സൂര്യന്റെ ചൂടിനാല്‍ അന്തരീക്ഷമാലിന്യങ്ങളും അണുക്കളും എല്ലാം മേല്‍പ്പോട്ട് പോവുകയും സൂര്യതാപമസ്തമിക്കുന്ന സമയം സായംസന്ധ്യകളില്‍ ഇവ വീണ്ടും പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു.
സന്ധ്യാസമയത്തെ ദീപത്തിന് ഇവയെല്ലാം നശിപ്പിക്കുവാന്‍ പ്രത്യേക കഴിവുണ്ട്. വിഷാണുക്കള്‍ നമ്മുടെ പചന-ചംക്രമണ-നാഡീവ്യൂങ്ങളെയും മനസ്സിനെയും ബാധിക്കാതിരിക്കാനാണ് ശുദ്ധമായ ശരീരത്തോടെ ഏകാഗ്രമായി സന്ധ്യാനാമം ജപിക്കുവാന്‍ നിഷ്‌കര്‍ഷിക്കുന്നത്.
പ്രഭാതത്തിലെ ദീപമാവട്ടെ ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ പരിശുദ്ധിയില്‍ പ്രത്യേക ഉണര്‍വ്വും പ്രദാനംചെയ്യുന്നു. വിജ്ഞാനദേവതയായ സരസ്വതീ ദേവി പ്രഭാതദീപത്തില്‍ കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്തെ വായന ഏറെ ഗുണകരമാണ്. മനസ്സ് അപ്പോള്‍ വെള്ളക്കടലാസ് പോലെ നിര്‍മലമായിരിക്കും.
(ഡോ. നിലമ്പൂര്‍ കെ.ആര്‍.സിയുടെ ഹിന്ദുവിന്റെ ഒരു ദിവസം എന്ന പുസ്തകത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news696741#ixzz4rBmmbzMo

No comments: