Thursday, August 31, 2017

ബലരാമന്‍ നാലാം വട്ടവും രുക്മിയുമായി ചൂതുകളിക്കാനിരുന്നു. ഒന്നാംവട്ടം നൂറുനിഷ്‌കം (സ്വര്‍ണം) പണയത്തിലായിരുന്നു പന്തയമെങ്കില്‍ നാലാം വട്ടത്തെ കളിയില്‍ ലക്ഷം നിഷ്‌കമായിരുന്നു പന്തയം. ആ കളിയില്‍ ബലരാമന്‍ തന്നെ വിജയിച്ചു.
അക്ഷജ്ഞാനമില്ലെങ്കിലും അക്ഷയ ജ്ഞാനമുള്ളവനാണ് ബലരാമന്‍. ആ മഹാജ്ഞാനം സഹായിച്ചതിനാലാണ് ബലരാമന്‍ ജയിച്ചത്. എന്നാല്‍ കള്ളത്തരം ആയുധമാക്കിയ രുക്മി താനാണ് ജയിച്ചതെന്ന് അവകാശപ്പെട്ടു. കലിംഗാദികള്‍ രുക്മിയോടൊത്തുനിന്നു. ആയിരം നാവിന്റെ ശക്തിയുള്ളവനെങ്കിലും ബലരാമന്‍ ക്ഷമിച്ചു.
അഞ്ചാംവട്ടം വീണ്ടും കളിക്കാനിരുന്നു. ഇപ്രാവശ്യം പത്തുകോടി നിഷ്‌കമാണ് പന്തയത്തുക നിശ്ചയിച്ചത്. ബലരാമന്‍ നല്ലവാശിയിലായിരുന്നു. ഇനിയും കള്ളത്തരം അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം ആ നോട്ടത്തില്‍ പ്രകമായിരുന്നു.
അധോക്ഷജനായ ബലരാമന്‍ അഞ്ചാംവട്ടവും വിജയിച്ചു. എങ്കിലും രുക്മി ഉറക്കെവിളിച്ചുപറഞ്ഞു. ഈ മത്സരത്തിലും ഞാന്‍തന്നെ ജയിച്ചു. മറ്റൊരു മാരീചനെപ്പോലെ നുണ സത്യമാക്കാന്‍ ഉറക്കെ അലറി നാശത്തിന്റെ വിത്തു വിതച്ചു. സുഹൃത്തുക്കള്‍ രുക്മിക്കൊപ്പം നിലകൊണ്ടു.
അപ്പോള്‍ ആകാശവാണിയായി അശരീരിമുഴങ്ങി ”ബലേനൈവ ജിതോഗ്ലഹ” പന്തയം ജയിച്ചതു രാമനാണ്. എന്നാല്‍ ആ അശരീരിവാക്കിനേയും രുക്മി അംഗീകരിച്ചില്ലേ.
രുക്മിയുടെ കൂട്ടുകാര്‍ ബലരാമനെ പരിഹസിച്ചു.
”നൈവാക്ഷകോവിഭാ യൂയം
ഗോപാലാവനഗോചരാഃ
അക്ഷൈര്‍ദ്ദീവ്യന്തി രാജാനോ
ബാണൈശ്ച ന ഭവാദൃശാഃ”
ഗോക്കളെ മേച്ചുനടക്കുന്ന കാട്ടുയാത്രക്കാരായ നിങ്ങള്‍ അക്ഷവിദ്യ അറിയാവുന്നവരല്ല. നിങ്ങള്‍ക്കു ചൂതുകളിക്കാനറിയില്ല. അക്ഷവിദ്യയിലും അസ്ത്രവിദ്യയിലും രാജാക്കന്മാര്‍ക്കാണ് സാമര്‍ഥ്യം.
കലിംഗരാജാവിന്റെയും മറ്റും ഒത്താശയോടെ രുക്മ കാണിച്ച കള്ളത്തരം മാരീച വചനം പോലെ പഴയ ഓര്‍മ്മകളെ മനസ്സിലേക്കു കൂട്ടികൊണ്ടുവന്നു. ആദിശേഷന്റെ ലക്ഷ്മണാവതാരകാലത്താണ് രാമാസ്ത്രമേറ്റ മാരീചന്‍ ശ്രീരാമന്റെ സ്വരത്തില്‍ ഹാ, ലക്ഷ്മണാ, ഹാ, സീതേ എന്നൊക്കെ ഉറക്കെ വിലപിച്ചത്. ഇപ്പോള്‍ ഇത് ശിക്ഷകൊടുക്കാനുള്ള സമയമാണെന്നു നിശ്ചയിച്ച ബലരാമന്‍ ഉടന്‍ തന്റെ മുസലം (ഉലക്ക) എടുത്ത് പ്രയോഗിച്ച് രുക്മിയെ വധിച്ചു. ഇതുകണ്ട് കലിംഗരാജനും മറ്റും പേടിച്ചോടി.
ബലരാമന്‍ പുറകെചെന്ന് നേരത്തേ പരിഹസിച്ച കലിംഗരാജാവിനെ പിടികൂടി ഒറ്റയിടിക്ക് അവന്റെ പല്ലുകള്‍ മുഴുവന്‍ തറപറ്റിച്ചു. പേടിച്ചോടുന്നവനെ വധിക്കുന്നതു ശരിയല്ലാത്തതിനാല്‍ ഇങ്ങനെ അപമാനിച്ചുവിട്ടു. ബലരാമനെ പരിഹസിക്കാന്‍ കലിംഗന്റെ കൂടെയുണ്ടായിരുന്ന ദുഷ്ടന്മാരും ബലരാമന്റെ അടിയേറ്റ് വികലാംഗരായി ഓടിരക്ഷപ്പെട്ടു.
ഇതെല്ലാം കണ്ടിട്ടും ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ഒരാള്‍ അവിടിരിക്കുന്നുണ്ടായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍, രുക്മിണീ ബലയോ രാജന്‍, സ്‌നേഹഭംഗ ദയാദ്ഹരി” ഇടയ്ക്കുകേറി എന്തെങ്കിലും പറഞ്ഞ് വെറുതേ പ്രശ്‌നമുണ്ടാക്കേണ്ടല്ലോ. രുക്മിയെ കൊന്നതു ശരിയാണെന്നു പറഞ്ഞാല്‍ രുക്മിണി കോപിച്ചാലോ? രുക്മിയെ കൊല്ലേണ്ടിയിരുന്നില്ലാ എന്നു പറഞ്ഞാല്‍ ബലരാമനും കോപിച്ചേക്കും.
ചിലഘട്ടങ്ങളില്‍ മൗനം വളരെ വാചാലമാകും. ഇവിടെ രുക്മിവധ സന്ദര്‍ഭത്തില്‍ മൗനം പാലിച്ച ശ്രീകൃഷ്ണന്‍ മൗനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു.
അല്ലെങ്കിലും ഭഗവാന്‍ സാക്ഷീഭാവത്തില്‍നിന്ന് മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വീക്ഷിച്ചു കൊണ്ടുതന്നെ അതില്‍ ഇടപെടാതെ നിലകൊള്ളുന്നു. പ്രവര്‍ത്തനങ്ങളിലൊന്നും ഭഗവാന്‍ ഇടപെടുന്നില്ല. എന്നാല്‍ എല്ലാം സര്‍വാത്മനാ സമര്‍പ്പണ ഭാവത്തില്‍ അര്‍പ്പിച്ചവന്റെ കൂടെ നിന്ന് എല്ലാം ചെയ്യിക്കുകയും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news697691#ixzz4rNH71ReE

No comments: